വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു കുറിപ്പ്‌

എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു കുറിപ്പ്‌

ജീവിത കഥ

എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു കുറിപ്പ്‌

ഇറേന ഹോച്ച്‌സ്റ്റെൻബാച്ച്‌ പറഞ്ഞപ്രകാരം

അതു സംഭവിച്ചത്‌ 1972-ലെ ഒരു ചൊവ്വാഴ്‌ച വൈകുന്നേരമായിരുന്നു. നെതർലൻഡ്‌സിലെ ബ്രബാന്റ്‌ പ്രവിശ്യയിലുള്ള ഒരു നഗരമായ ഇന്റ്‌ഹോവനിലെ ഒരു മതയോഗത്തിൽ സംബന്ധിക്കാൻ 16 വയസ്സുണ്ടായിരുന്ന ഞാൻ മാതാപിതാക്കളോടൊപ്പം പോയതായിരുന്നു. അവിടെ ആയിരിക്കെ ആകപ്പാടെ ഒരു അസ്വസ്ഥത തോന്നിയ ഞാൻ, മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ എന്ന്‌ ആശിച്ചുപോയി. അപ്പോഴാണ്‌ രണ്ടു യുവതികൾ എന്റെ കൈയിൽ ഒരു കുറിപ്പ്‌ തന്നത്‌. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പ്രിയപ്പെട്ട ഇറേന, ഞങ്ങൾ നിന്നെ സഹായിക്കാൻ അതിയായി ആഗ്രഹിക്കുന്നു.” ആ കുറിപ്പ്‌ എന്റെ ജീവിതത്തെ എത്രത്തോളം മാറ്റിമറിക്കുമെന്ന്‌ ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല. എന്നാൽ തുടർന്ന്‌ എന്തു സംഭവിച്ചു എന്നു വിവരിക്കുന്നതിനു മുമ്പ്‌ എന്റെ പശ്ചാത്തലത്തെ കുറിച്ചു ചില കാര്യങ്ങൾ പറയാം.

ഇന്തൊനീഷ്യയിലെ ബലീറ്റങ്‌ ദ്വീപിലാണ്‌ ഞാൻ ജനിച്ചത്‌. ആ ഉഷ്‌ണമേഖലാ ദ്വീപിലെ ചില ശബ്ദങ്ങൾ​—⁠കാറ്റത്ത്‌ ആടിയുലയുന്ന പനയോലകളുടെ മർമരം, സമീപത്തുകൂടെ ഒഴുകുന്ന നദിയുടെ മൃദുസ്വരം, ഞങ്ങളുടെ വീടിന്റെ പരിസരത്ത്‌ കളിക്കുന്ന കുട്ടികളുടെ ചിരി, വീട്ടിൽ നിറഞ്ഞുനിൽക്കുന്ന സംഗീതം​—⁠എനിക്ക്‌ ഇപ്പോഴും ഓർമയുണ്ട്‌. എനിക്ക്‌ നാലു വയസ്സുള്ളപ്പോൾ, 1960-ൽ, ഞങ്ങളുടെ കുടുംബം ഇന്തൊനീഷ്യയിൽനിന്ന്‌ നെതർലൻഡ്‌സിലേക്കു താമസം മാറ്റി. ആ ദൂരമത്രയും കപ്പലിലായിരുന്നു ഞങ്ങളുടെ യാത്ര. ആ സമയത്ത്‌ എന്റെ കൂടെയുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട കളിപ്പാട്ടമായ, ചെണ്ടകളുമായി നിൽക്കുന്ന ഒരു കൊച്ചു കോമാളിപ്പാവയുടെ ശബ്ദമാണ്‌ ഞാൻ പ്രത്യേകിച്ച്‌ ഓർക്കുന്നത്‌. ഏഴാം വയസ്സിൽ ഒരു രോഗബാധയെ തുടർന്ന്‌ എന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. അതിനുശേഷം ചുറ്റുപാടുമുള്ള യാതൊരു ശബ്ദവും എനിക്കു കേൾക്കാൻ കഴിഞ്ഞിട്ടില്ല. ശബ്ദങ്ങൾ ഓർമകളിൽ മാത്രമായി.

ബധിരയായി വളർന്നുവരുന്നു

മാതാപിതാക്കളുടെ സ്‌നേഹപൂർവകമായ പരിപാലനം ഉണ്ടായിരുന്നതിനാൽ ബധിരതയുടെ ഭവിഷ്യത്തുകൾ എനിക്ക്‌ ആദ്യമൊന്നും പൂർണമായി മനസ്സിലായിരുന്നില്ല. കുട്ടിയായിരുന്ന എനിക്ക്‌ എന്റെ വലിയ ശ്രവണസഹായി പോലും ഒരുതരം കളിപ്പാട്ടമായാണു തോന്നിയത്‌. അതു വെച്ചിട്ടും, എനിക്കു വലിയ പ്രയോജനമൊന്നും ഇല്ലായിരുന്നു. അയൽപക്കത്തെ കുട്ടികൾ എന്നോട്‌ ആശയവിനിമയം നടത്താൻ ദീർഘമായ വാചകങ്ങൾ നടപ്പാതയിൽ ചോക്കുകൊണ്ട്‌ എഴുതുമായിരുന്നു, സ്വന്തം ശബ്ദം കേൾക്കാൻ കഴിയുമായിരുന്നില്ലെങ്കിലും ഞാൻ അവയ്‌ക്കു മറുപടി പറഞ്ഞിരുന്നു.

കുറേക്കൂടി വളർന്നപ്പോൾ, ഞാൻ മറ്റാളുകളിൽനിന്നു വ്യത്യസ്‌തയാണെന്ന്‌ എനിക്കു മനസ്സിലായി. കൂടാതെ, ബധിര ആയതിനാൽ ചിലർ എന്നെ കളിയാക്കുന്നതായും മറ്റുചിലർ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടാതിരിക്കുന്നതായും ഞാൻ ശ്രദ്ധിച്ചു. ഒറ്റപ്പെടലും ഏകാന്തതയും എനിക്ക്‌ അനുഭവപ്പെട്ടു തുടങ്ങി. ബധിര ആയിരിക്കുക എന്നാൽ എന്താണെന്ന്‌ ഞാൻ മനസ്സിലാക്കിത്തുടങ്ങി. മാത്രമല്ല, വളർന്നുവരുന്തോറും കേൾവിശക്തിയുള്ള ആളുകളുടെ ലോകത്തോടുള്ള എന്റെ ഭയവും വർധിച്ചു.

എന്നെ ബധിരർക്കുവേണ്ടിയുള്ള ഒരു പ്രത്യേക സ്‌കൂളിൽ ചേർക്കാനായി മുഴുകുടുംബവും ലിംബർഗ്‌ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽനിന്നും ഇന്റ്‌ഹോവൻ നഗരത്തിലേക്കു താമസം മാറ്റി. അവിടെ എന്റെ പിതാവ്‌ ഒരു ജോലി അന്വേഷിച്ചു, എന്റെ അനുജനെയും ചേച്ചിമാരെയും പുതിയ സ്‌കൂളിൽ ചേർത്തു. എനിക്കുവേണ്ടി അവർ വരുത്തിയ എല്ലാ പൊരുത്തപ്പെടുത്തലുകൾക്കും ഞാൻ നന്ദിയും വിലമതിപ്പുമുള്ളവളാണ്‌. എന്റെ ശബ്ദവ്യാപ്‌തി ക്രമീകരിക്കാനും വാക്കുകൾ കൂടുതൽ സ്‌പഷ്ടമായി ഉച്ചരിക്കാനും സ്‌കൂളിൽനിന്നു ഞാൻ പഠിച്ചു. അധ്യാപകർ ആംഗ്യഭാഷ ഉപയോഗിച്ചിരുന്നില്ലെങ്കിലും, അത്‌ എങ്ങനെ ചെയ്യാമെന്ന്‌ സഹപാഠികൾ എന്നെ പഠിപ്പിച്ചു.

എന്റേതു മാത്രമായ ലോകത്തിലെ ജീവിതം

ഞാൻ വളർന്നുവരവേ, എന്നോട്‌ ആശയവിനിമയം നടത്താൻ മാതാപിതാക്കൾ കഠിനമായി പ്രയത്‌നിച്ചു. എങ്കിലും പല കാര്യങ്ങളും എനിക്കു ഗ്രഹിക്കാനായില്ല. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളോടൊത്തു മാതാപിതാക്കൾ ബൈബിൾ പഠിക്കുന്നുണ്ടെന്ന്‌ എനിക്കു മനസ്സിലായിരുന്നില്ല. എന്നാൽ നിരവധി ആളുകൾ കസേരയിൽ ഇരിക്കുന്ന ഒരു സ്ഥലത്തേക്കു വീട്ടിലുള്ള എല്ലാവരും പോയത്‌ ഞാൻ ഓർക്കുന്നുണ്ട്‌. അവിടെ എല്ലാവരും മുന്നോട്ട്‌ നോക്കിയിരുന്നിരുന്നു, ചിലപ്പോൾ കൈയടിച്ചിരുന്നു, ഇടയ്‌ക്കിടയ്‌ക്ക്‌ എഴുന്നേറ്റു നിൽക്കുമായിരുന്നു. പക്ഷേ ഈ ആളുകൾ എന്തിനാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്‌ എനിക്കു മനസ്സിലായില്ല. അത്‌ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനായിരുന്നു എന്ന്‌ പിന്നീടാണ്‌ എനിക്കു മനസ്സിലായത്‌. ഇന്റ്‌ഹോവൻ നഗരത്തിലെ ഒരു ചെറിയ ഹാളിലും മാതാപിതാക്കൾ എന്നെ കൊണ്ടുപോകുമായിരുന്നു. എനിക്ക്‌ അവിടം ഇഷ്ടമായി. കാരണം, എല്ലാവരും ദയയുള്ളവരായിരുന്നു, എന്റെ കുടുംബാംഗങ്ങൾ സന്തുഷ്ടരായി കാണപ്പെട്ടു. പക്ഷേ ഞങ്ങൾ എല്ലായ്‌പോഴും അവിടെ പോകുന്നതിന്റെ കാരണം എനിക്ക്‌ അറിയില്ലായിരുന്നു. എന്നാൽ ആ ചെറിയ ഹാൾ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ ആയിരുന്നെന്ന്‌ ഇപ്പോൾ എനിക്ക്‌ അറിയാം.

ദുഖഃകരമെന്നു പറയട്ടെ, ഈ യോഗങ്ങളിൽ എനിക്കുവേണ്ടി പരിപാടികൾ പരിഭാഷപ്പെടുത്താൻ ആരുമുണ്ടായിരുന്നില്ല. എങ്കിലും അവിടെ ഉണ്ടായിരുന്നവർ എന്നെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നെന്നും പക്ഷേ എന്റെ ബധിരതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നെന്നും ഞാൻ പിൽക്കാലത്തു തിരിച്ചറിഞ്ഞു. യോഗങ്ങളിലായിരിക്കെ ഒറ്റപ്പെട്ടതുപോലെ തോന്നിയ ഞാൻ ‘ഈ സമയത്ത്‌ സ്‌കൂളിൽ ആയിരുന്നെങ്കിൽ’ എന്ന്‌ ആശിച്ചുപോയ പല സന്ദർഭങ്ങൾ ഉണ്ടായിയിട്ടുണ്ട്‌. എന്നാൽ ഒരവസരത്തിൽ ഈ കാര്യം ഞാൻ ചിന്തിച്ചുകൊണ്ടിരിക്കെ, രണ്ടു യുവതികൾ ഒരു പേപ്പറിൽ എന്തോ കുത്തിക്കുറിച്ച്‌ എന്റെ കൈയിൽ തന്നു. അതായിരുന്നു തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച കുറിപ്പ്‌. ഒറ്റപ്പെടലിന്റെ ലോകത്തുനിന്ന്‌ എന്നെ മോചിപ്പിക്കാനിരുന്ന അമൂല്യമായ ഒരു സൗഹൃദത്തിന്റെ തുടക്കമാണ്‌ അതെന്ന്‌ ഞാൻ അറിഞ്ഞതേയില്ല.

അമൂല്യമായ ഒരു സൗഹൃദം വളർത്തിയെടുക്കുന്നു

ആ കുറിപ്പു നൽകിയ കോലെറ്റ്‌, ഹേർമിന്ന എന്നിവർ തങ്ങളുടെ ഇരുപതുകളുടെ ആരംഭത്തിലായിരുന്നു. ഞാൻ പൊയ്‌ക്കൊണ്ടിരുന്ന യഹോവയുടെ സാക്ഷികളുടെ സഭയിൽ സാധാരണ പയനിർമാർ അഥവാ മുഴുസമയ ശുശ്രൂഷകരായി എത്തിയതാണ്‌ അവരെന്ന്‌ ഞാൻ പിന്നീടു മനസ്സിലാക്കി. കോലെറ്റിനും ഹേർമിന്നയ്‌ക്കും ആംഗ്യഭാഷ അറിയില്ലായിരുന്നെങ്കിലും, അവർ എന്നോടു സംസാരിക്കുമ്പോൾ അവരുടെ ചുണ്ട്‌ അനങ്ങുന്നത്‌ നോക്കി എന്താണു പറയുന്നതെന്ന്‌ ഞാൻ മനസ്സിലാക്കിയിരുന്നു. ഈ രീതിയിൽ ഞങ്ങൾക്ക്‌ ഒരുവിധം നന്നായി ആശയവിനിമയം നടത്താൻ കഴിഞ്ഞു.

എനിക്കു ബൈബിൾ അധ്യയനം എടുക്കുന്ന കാര്യത്തെ കുറിച്ചു കോലെറ്റും ഹേർമിന്നയും ചോദിച്ചപ്പോൾ എന്റെ മാതാപിതാക്കൾക്കു വളരെ സന്തോഷമായി. എന്നാൽ അവർ അതു മാത്രമല്ല ചെയ്‌തത്‌. രാജ്യഹാളിലെ യോഗപരിപാടികൾ എനിക്കുവേണ്ടി പരിഭാഷപ്പെടുത്താൻ അവർ കഠിനമായി ശ്രമിച്ചു. സഭയിലെ മറ്റുള്ളവരുമായി സഹവസിക്കാനും അവർ എന്നെ സഹായിച്ചു. പ്രസംഗവേലയിൽ ഉപയോഗിക്കാനുള്ള ബൈബിൾ അവതരണങ്ങൾ അവർ എന്നെ പഠിപ്പിക്കുമായിരുന്നു. കൂടാതെ, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ വിദ്യാർഥി പ്രസംഗങ്ങൾ തയ്യാറാകാനും അവർ എന്നെ സഹായിച്ചിരുന്നു. എന്തിനധികം, കേൾവിശക്തിയുള്ള ഒരു സദസ്സിനു മുമ്പാകെ പ്രസംഗങ്ങൾ നടത്താൻ പോലും എനിക്കു ധൈര്യം ലഭിച്ചു!

കൂടാതെ കോലെറ്റും ഹേർമിന്നയും എനിക്ക്‌ അവരെ ആശ്രയിക്കാൻ കഴിയുമെന്ന തോന്നൽ ഉളവാകും വിധം പെരുമാറി. അവർ ക്ഷമയുള്ളവരും എന്നെ ശ്രദ്ധിക്കുന്നവരും ആയിരുന്നു. എന്റെ പിശകുകളെ കുറിച്ചു പറഞ്ഞ്‌ ഞങ്ങൾ മിക്കപ്പോഴും ചിരിക്കുമായിരുന്നെങ്കിലും, അവർ ഒരിക്കലും എന്നെ കളിയാക്കുകയോ ഞാൻ അവരോടൊപ്പം ഉണ്ടായിരിക്കുന്നത്‌ നാണക്കേടായി വിചാരിക്കുകയോ ചെയ്‌തില്ല. അവർ എന്റെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ഞാനും അവരെപ്പോലെയുള്ള ഒരു വ്യക്തിയാണെന്ന പരിഗണനയോടെ എന്നോടു പെരുമാറുകയും ചെയ്‌തിരുന്നു. സഹായമനസ്‌കരായ ഈ യുവതികൾ മനോഹരമായ ഒരു സമ്മാനം എനിക്കു നൽകി​—⁠അവരുടെ സ്‌നേഹവും സൗഹൃദവും.

ഏറ്റവും പ്രധാനമായി, ആശ്രയിക്കാൻ കഴിയുന്ന ഒരു സുഹൃത്ത്‌ എന്ന നിലയിൽ ഞാൻ നമ്മുടെ ദൈവമായ യഹോവയെ അറിയേണ്ടതുണ്ടെന്നു കോലെറ്റും ഹേർമിന്നയും എന്നെ പഠിപ്പിച്ചു. ഞാൻ രാജ്യഹാളിൽ ഇരിക്കുന്നത്‌ യഹോവ കാണുന്നുണ്ടെന്നും ബധിരയായ ഒരു വ്യക്തിയുടെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും അവൻ മനസ്സിലാക്കുന്നുണ്ടെന്നും അവർ എനിക്കു വിശദീകരിച്ചുതന്നു. യഹോവയോട്‌ ഞങ്ങൾക്കു മൂന്നു പേർക്കുമുണ്ടായിരുന്ന സ്‌നേഹം ഞങ്ങളെ സുഹൃത്തുക്കളായി കൂട്ടിവരുത്തിയതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്‌! യഹോവയ്‌ക്ക്‌ എന്നോടുള്ള കരുതൽ എന്റെ ഹൃദയത്തെ സ്‌പർശിച്ചു. അവനോടുള്ള സ്‌നേഹം നിമിത്തം 1975 ജൂലൈ മാസത്തിൽ എന്റെ സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ ഞാൻ സ്‌നാപനമേറ്റു.

ഒരു വിശിഷ്ട സുഹൃത്തിനോടൊപ്പം പോകുന്നു

പിന്നീടുള്ള വർഷങ്ങളിൽ എന്റെ പരിചയക്കാരായ ക്രിസ്‌തീയ സഹോദരീ സഹോദരന്മാരുടെ എണ്ണം വർധിച്ചുവന്നു. ഒരു സഹോദരൻ എന്റെ വളരെ വിശേഷപ്പെട്ട ഒരു സുഹൃത്തായിത്തീർന്നു, 1980-ൽ ഞങ്ങൾ വിവാഹിതരായി. അതിനുശേഷം വളരെ പെട്ടെന്നു ഞാൻ പയനിയറായി സേവിക്കാൻ തുടങ്ങി. തുടർന്ന്‌ 1994-ൽ എന്നെയും ഭർത്താവ്‌ ഹാരിയെയും ഡച്ച്‌ ആംഗ്യഭാഷാ വയലിലേക്ക്‌ പ്രത്യേക പയനിയർമാരായി നിയമിച്ചു. തുടർന്നുവന്ന വർഷം വെല്ലുവിളി നിറഞ്ഞ ഒരു നിയമനത്തെ ഞാൻ അഭിമുഖീകരിച്ചു: കേൾവിശക്തിയുള്ള എന്റെ ഭർത്താവ്‌ പകര സർക്കിട്ട്‌ മേൽവിചാരകനായി വിവിധ സഭകൾ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടെ പോകുക എന്നത്‌.

പിൻവരുന്ന വിധമാണ്‌ ഞാൻ അതു കൈകാര്യം ചെയ്യുന്നത്‌. ഞങ്ങൾ ആദ്യമായി ഒരു സഭ സന്ദർശിക്കുന്ന ഉടനെ ഞാൻ കഴിയുന്നത്ര സഹോദരങ്ങളുടെ അടുക്കൽ ചെന്ന്‌ എന്നെത്തന്നെ പരിചയപ്പെടുത്തും. ഞാൻ ബധിര ആണെന്നും എന്നെ നോക്കിക്കൊണ്ട്‌ സാവധാനം എന്തെങ്കിലും സംസാരിക്കാനും ഞാൻ അവരോടു പറയും. ചെല്ലുന്ന ഉടൻതന്നെ സഭായോഗങ്ങളിൽ ഉത്തരം പറയാൻ ഞാൻ ശ്രമിക്കും. ആ വാരത്തിലെ യോഗപരിപാടികളുടെ സമയത്തും വയൽസേവനത്തിലും എന്റെ പരിഭാഷകനായി പ്രവർത്തിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്ന്‌ അന്വേഷിക്കുകയും ചെയ്യും.

ഈ സമീപനം വളരെ ഫലകരമാണ്‌. അതുകൊണ്ട്‌ ചിലപ്പോഴൊക്കെ എനിക്കു കേൾവിശക്തി ഇല്ലെന്ന കാര്യം സഹോദരങ്ങൾ മറന്നുപോകുന്നു. ഇത്‌ രസകരമായ ചില സംഭവങ്ങളിലേക്കു നയിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, കാറിൽവരുന്ന സഹോദരങ്ങൾ എന്നെ വഴിയിൽവെച്ചു കാണുമ്പോൾ അഭിവാദനം ചെയ്യാനായി ഹോൺ മുഴക്കാറുണ്ട്‌, എന്നാൽ ഞാൻ എങ്ങനെ പ്രതികരിക്കാനാണ്‌? ചിലപ്പോൾ എന്റെ പരിമിതികൾ ഞാനും മറന്നുപോകാറുണ്ട്‌, എന്തെങ്കിലും സ്വകാര്യം ഞാൻ ഭർത്താവിന്റെ കാതിൽ മന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം പെട്ടെന്നു നാണംകൊണ്ടു ചുവക്കുന്നതു കാണാം. അപ്പോഴാണ്‌ എന്റെ “മന്ത്രിക്കൽ” വളരെ ഉച്ചത്തിലായിരുന്നു എന്നു മനസ്സിലാകുന്നത്‌.

ചിലപ്പോഴൊക്കെ തീരെ പ്രതീക്ഷിക്കാത്ത വിധത്തിൽ കുട്ടികൾ എന്നെ സഹായിക്കാറുണ്ട്‌. ഞങ്ങൾ ആദ്യമായി സന്ദർശിച്ച ഒരു സഭയിൽ, രാജ്യഹാളിലെ ചിലർ എന്നോടു സംസാരിക്കാൻ അൽപ്പം വിമുഖത കാട്ടുന്നതായി ഒമ്പതു വയസ്സുള്ള ഒരു ആൺകുട്ടി നിരീക്ഷിക്കുകയുണ്ടായി. അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യാൻ അവൻ തീരുമാനിച്ചു. അവൻ എന്റെ അടുത്തുവന്ന്‌ എന്റെ കൈയ്‌ക്കു പിടിച്ച്‌ രാജ്യഹാളിന്റെ മധ്യത്തിലേക്കു കൊണ്ടുചെന്നിട്ട്‌ “ഞാൻ ഇറേന സഹോദരിയെ നിങ്ങൾക്കു പരിചയപ്പെടുത്താം​—⁠സഹോദരി ബധിരയാണ്‌!” എന്ന്‌ വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. തത്‌ഫലമായി സന്നിഹിതരായിരുന്നവർ എന്റെ അടുത്തുവന്നു സ്വയം പരിചയപ്പെടുത്തി.

സർക്കിട്ട്‌ വേലയിൽ ഭർത്താവിനോടൊപ്പം പോകവേ എന്റെ സുഹൃദ്വലയം വളർന്നുകൊണ്ടിരിക്കുകയാണ്‌. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചിരുന്ന പണ്ടത്തെ ആ നാളുകളിൽനിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ എന്റെ ജീവിതം! കോലെറ്റും ഹേർമിന്നും എനിക്ക്‌ ആ കുറിപ്പു തന്ന സായാഹ്നം മുതൽ സൗഹൃദത്തിന്റെ ശക്തി ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു, എനിക്കു വളരെ വിശേഷപ്പെട്ടവരായിത്തീർന്നവരെ കണ്ടെത്താനും എനിക്കു സാധിച്ചിരിക്കുന്നു. എല്ലാറ്റിനും ഉപരിയായി, എല്ലാവരെക്കാളും വിലപ്പെട്ട സുഹൃത്തായ യഹോവയെ ഞാൻ അറിയാൻ ഇടയായിരിക്കുന്നു. (റോമർ 8:38, 39) ആ ചെറിയ കുറിപ്പ്‌ എന്റെ ജീവിതത്തിൽ എത്ര വലിയ മാറ്റമാണു വരുത്തിയിരിക്കുന്നത്‌!

[24 -ാം പേജിലെ ചിത്രം]

എന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെ ശബ്ദം എനിക്ക്‌ ഓർമയുണ്ട്‌

[25 -ാം പേജിലെ ചിത്രങ്ങൾ]

ശുശ്രൂഷയിലും എന്റെ ഭർത്താവ്‌ ഹാരിയോടൊപ്പവും