വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്ടശക്തികൾ പ്രവർത്തനത്തിലോ?

ദുഷ്ടശക്തികൾ പ്രവർത്തനത്തിലോ?

ദുഷ്ടശക്തികൾ പ്രവർത്തനത്തിലോ?

“ലോകത്തിനു തലചുറ്റുകയാണ്‌, പ്രകൃത്യതീത ശക്തികൾ പുറത്തേക്കുള്ള എല്ലാ അടിയന്തിര കവാടങ്ങളും ശ്രദ്ധാപൂർവം അടച്ചിരിക്കുന്നതായി തോന്നുന്നു.”​—⁠ജേർണലിസ്റ്റായ ഷാൻ-ക്ലോഡ്‌ സൂലേറി.

‘ഒരു വ്യക്തിയുടെ നിസ്സഹായതാ ബോധം, അപ്രതിരോധ്യമായ ഒരു ദുഷ്ടശക്തി പ്രവർത്തിക്കുന്നു എന്ന തോന്നൽ അയാളിൽ ഉളവാക്കുന്നു.’​—⁠ചരിത്രകാരനായ ജോസഫ്‌ ബാർട്ടൻ.

രണ്ടായിരത്തൊന്ന്‌ സെപ്‌റ്റംബർ 11-ലെ തീവ്രവാദി ആക്രമണങ്ങളുടെ ഭീകരത പലരെയും ഇരുത്തി ചിന്തിപ്പിച്ചു. ഇംഗ്ലണ്ടിലെ ഫിനാൻഷ്യൽ ടൈംസിൽ മൈക്കിൾ പ്രൗസ്‌ ഇങ്ങനെ എഴുതി: “ഒരു ജന്തുവിനും ഇത്ര കിരാതമായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയില്ല, പ്രവർത്തിക്കുകയുമില്ല.” ആക്രമണത്തിനു പിന്നിലെ ആസൂത്രണത്തിന്റെ കാര്യം “പരിചിന്തിക്കുന്നതുപോലെതന്നെ പ്രധാനമാണ്‌ അത്തരമൊരു ആക്രമണം അഴിച്ചുവിടുന്നതിനിടയാക്കിയ വിദ്വേഷത്തിന്റെ ആഴത്തെ കുറിച്ചു പരിചിന്തിക്കുന്നതും” എന്ന്‌ ന്യൂയോർക്ക്‌ ടൈംസിലെ ഒരു മുഖപ്രസംഗം അഭിപ്രായപ്പെടുകയുണ്ടായി. “യുദ്ധത്തിന്റെ പതിവുകളെ കടത്തിവെട്ടുന്ന, അതിർവരമ്പുകളില്ലാത്ത, ഒരു തരത്തിലുള്ള ഒത്തുതീർപ്പുകൾക്കും വഴങ്ങാത്ത തരത്തിലുള്ള വിദ്വേഷമാണ്‌ അത്‌.”

വ്യത്യസ്‌ത വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ആളുകൾ ഏതോ ദുഷ്ട ശക്തി പ്രവർത്തിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചു ഗൗരവമായി ചിന്തിക്കാൻ പ്രേരിതരായി. ബോസ്‌നിയയിലെ വംശീയ വിദ്വേഷത്തിന്റെ ഘോര ഫലങ്ങൾക്കു സാക്ഷ്യം വഹിച്ച സാരയെവോയിലെ ഒരു ബിസിനസ്സുകാരൻ ഇങ്ങനെ പറഞ്ഞു: “ബോസ്‌നിയൻ യുദ്ധം ഒരു വർഷം പിന്നിട്ടിരിക്കുന്ന ഈ സമയത്ത്‌, സാത്താൻ ചരടു വലിക്കുന്നുണ്ട്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. ഭ്രാന്താണ്‌ ഇത്‌, തനി ഭ്രാന്ത്‌.”

പിശാചിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ചരിത്രകാരനായ ഷാൻ ഡെല്യൂമോയുടെ മറുപടി ഇതായിരുന്നു: “ഞാൻ പിറന്നുവീണ നാൾ മുതൽ സംഭവിച്ചിട്ടുള്ളതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ കാണുമ്പോൾ ഒരു ദുഷ്ടശക്തിയുടെ സ്വാധീനം എനിക്ക്‌ എങ്ങനെയാണു നിഷേധിക്കാനാകുക? നാലു കോടിയിലേറെ ആളുകളെ ബലിയാടുകളാക്കിയ രണ്ടാം ലോകമഹായുദ്ധം, ഓഷ്‌വിറ്റ്‌സ്‌ പോലുള്ള മരണപാളയങ്ങൾ, കമ്പോഡിയയിലെ വംശഹത്യ, ചൗഷെസ്‌കൂവിന്റെ രക്തപങ്കിലമായ മർദകഭരണം, ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ള ദണ്ഡന ഭരണസമ്പ്രദായം എന്നിങ്ങനെ ഭീകര കാര്യങ്ങളുടെ പട്ടിക അന്തമില്ലാതെ നീളുകയാണ്‌. . . . അതുകൊണ്ട്‌ അത്തരം പ്രവൃത്തികളെ ‘പൈശാചികം’ എന്നു വിളിക്കുന്നതിൽ തെറ്റില്ലെന്നു ഞാൻ കരുതുന്നു. ഇതിന്റെയെല്ലാം സൂത്രധാരനായ പിശാച്‌ കൊമ്പുകളും പിളർന്ന കുളമ്പുകളും ഉള്ള ഒന്നല്ല. മറിച്ച്‌ ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടശക്തിയുടെ പ്രതീകമാണ്‌.”

ഷാൻ ഡെല്യൂമോയെപ്പോലെ പലയാളുകളും മാനവ സമുദായത്തിൽ​—⁠കുടുംബം മുതൽ അന്തർദേശീയ തലം വരെ​—⁠ഇന്ന്‌ അരങ്ങേറുന്ന ബീഭത്സ കാര്യങ്ങളെ “പൈശാചികം” എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ എന്താണ്‌ അതിന്റെ അർഥം? അത്തരം ഘോരകൃത്യങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്‌ അമൂർത്തമായ (abstract) ദുഷ്ട ശക്തികളാണോ? അതോ മനുഷ്യസഹജമായ തിന്മയെ കടത്തിവെട്ടുന്ന അങ്ങേയറ്റം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്‌ വ്യക്തിഭാവമുള്ള ദുഷ്ട ശക്തികൾ ആണോ? തിന്മയുടെ രാജാവായ പിശാചായ സാത്താന്റെ മേൽനോട്ടത്തിൻ കീഴിലാണോ അത്തരം ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നത്‌?

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

കുട്ടികൾ: U.S. Coast Guard photo