വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അമ്മയുടെ ജ്ഞാനോപദേശം

ഒരു അമ്മയുടെ ജ്ഞാനോപദേശം

ഒരു അമ്മയുടെ ജ്ഞാനോപദേശം

“മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.”—സദൃശവാക്യങ്ങൾ 1:8.

നമ്മുടെ മാതാപിതാക്കൾക്ക്‌ പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും ബുദ്ധിയുപദേശത്തിന്റെയും ഒരു വിലയേറിയ ഉറവ്‌ ആയിരിക്കാൻ കഴിയും. സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകം യുവരാജാവായ ലെമൂവേലിന്‌ അവന്റെ അമ്മയിൽനിന്നു ലഭിച്ച ഒരു ‘ഗൗരവമേറിയ തിരുത്തൽ സന്ദേശത്തെ’ കുറിച്ചു പറയുന്നു. സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിലാണ്‌ ആ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആ അമ്മയുടെ ജ്ഞാനോപദേശത്തിൽ നിന്നു നമുക്കും പ്രയോജനം നേടാവുന്നതാണ്‌.—സദൃശവാക്യങ്ങൾ 31:1, NW.

ഒരു രാജാവിനു പറ്റിയ ബുദ്ധിയുപദേശം

നമ്മുടെ താത്‌പര്യം ഉണർത്തുന്ന കുറെ ചോദ്യങ്ങളോടെയാണ്‌ ലെമൂവേലിന്റെ അമ്മ തന്റെ വാക്കുകൾ ആരംഭിക്കുന്നത്‌: “മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു?” അവൾ തന്റെ അഭ്യർഥന മൂന്നു തവണ ആവർത്തിച്ചത്‌, തന്റെ വാക്കുകൾക്കു മകൻ ശ്രദ്ധ കൊടുക്കണമെന്നുള്ള അവളുടെ ഉത്‌കടമായ ആഗ്രഹം പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 31:2) മകന്റെ ആത്മീയ ക്ഷേമത്തിൽ അവൾക്കുണ്ടായിരുന്ന താത്‌പര്യം ഇന്നത്തെ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ ഒരു നല്ല മാതൃകയാണ്‌.

മകന്റെ ക്ഷേമത്തോടുള്ള ബന്ധത്തിൽ, പൊതുവെ പറയാറുള്ളതു പോലെ ‘മദ്യവും മദിരാക്ഷിയുമായി’ ജീവിക്കുന്നതിനെക്കാൾ അഥവാ കുടിച്ചുകൂത്താടി അധാർമിക ജീവിതം നയിക്കുന്നതിനെക്കാൾ ഒരു അമ്മയെ ഉത്‌കണ്‌ഠപ്പെടുത്തുന്നതായി എന്താണുള്ളത്‌? ലെമൂവേലിന്റെ അമ്മ നേരിട്ട്‌ വിഷയത്തിലേക്കു വരുന്നു: “സ്‌ത്രീകൾക്കു നിന്റെ ബലത്തെ . . . കൊടുക്കരുതു.” കുത്തഴിഞ്ഞ നടത്ത ‘രാജാക്കന്മാരെ നശിപ്പിക്കുന്ന’ ഒന്നായി അവൾ എടുത്തുകാട്ടുന്നു.—സദൃശവാക്യങ്ങൾ 31:3.

അമിത മദ്യപാനവും അവഗണിക്കാവതല്ല. “വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു” എന്ന്‌ അവൾ മുന്നറിയിപ്പു നൽകുന്നു. ഒരു രാജാവ്‌ സദാ ഉന്മത്തനാണെങ്കിൽ അദ്ദേഹത്തിന്‌ എങ്ങനെ സുബോധത്തോടും സമചിത്തതയോടും കൂടെ ന്യായപാലനം നടത്താനും ‘നിയമം മറന്നുപോകുന്നതും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളയുന്നതും’ ഒഴിവാക്കാനും കഴിയും?—സദൃശവാക്യങ്ങൾ 31:4-7.

നേരെ മറിച്ച്‌, അത്തരം തിന്മകളിൽനിന്ന്‌ ഒഴിഞ്ഞിരുന്നാൽ രാജാവിനു ‘നീതിയോടെ ന്യായം വിധിക്കാനും എളിയവനും ദരിദ്രനും ന്യായപാലനം ചെയ്‌തുകൊടുക്കാനും’ സാധിക്കും.—സദൃശവാക്യങ്ങൾ 31:8, 9.

ഇന്നത്തെ ക്രിസ്‌തീയ യുവജനങ്ങൾ ‘രാജാക്കന്മാര’ല്ലെങ്കിലും, ലെമൂവേലിന്റെ അമ്മയുടെ ബുദ്ധിയുപദേശം ഇന്നും അന്നത്തെ പോലെതന്നെ, ഒരുപക്ഷേ അന്നത്തെക്കാൾ കൂടുതൽ, കാലോചിതമാണ്‌. അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, ലൈംഗിക അധാർമികത എന്നിവ ഇന്ന്‌ യുവജനങ്ങളുടെ ഇടയിൽ വളരെ വ്യാപകമാണ്‌. ആയതിനാൽ, മാതാപിതാക്കൾ ‘ഗൗരവമേറിയ സന്ദേശങ്ങൾ’ നൽകുമ്പോൾ ക്രിസ്‌തീയ യുവജനങ്ങൾ അതിനു ശ്രദ്ധ കൊടുക്കേണ്ടതു മർമപ്രധാനമാണ്‌.

സാമർഥ്യമുള്ള ഒരു ഭാര്യ

പ്രായപൂർത്തി എത്താറായ പുത്രന്മാരുടെ വിവാഹ പ്രതീക്ഷകളെ കുറിച്ച്‌ അമ്മമാർ ന്യായമായും ചിന്തയുള്ളവരാണ്‌. ലെമൂവേലിന്റെ അമ്മ അടുത്തതായി ആദർശവതിയായ ഒരു ഭാര്യയുടെ ഗുണങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു. ഈ സുപ്രധാന സംഗതി സംബന്ധിച്ച്‌ ഒരു സ്‌ത്രീയുടെ വീക്ഷണം അറിയുന്നതിൽനിന്ന്‌ ഒരു യുവാവ്‌ തീർച്ചയായും പ്രയോജനം അനുഭവിക്കും.

10-ാം വാക്യം “സാമർത്ഥ്യമുള്ള ഭാര്യയെ” ദുർലഭവും വിലയേറിയതുമായ മുത്തുകളോട്‌ ഉപമിക്കുന്നു. ബൈബിൾ കാലങ്ങളിൽ ഗണ്യമായ ശ്രമത്തിലൂടെയേ അത്തരം മുത്തുകൾ ലഭിക്കുമായിരുന്നുള്ളൂ. സമാനമായി, സാമർഥ്യമുള്ള ഒരു ഭാര്യയെ കണ്ടെത്താൻ ശ്രമം ആവശ്യമാണ്‌. വിവാഹത്തിലേക്ക്‌ എടുത്തുചാടുന്നതിനു പകരം ഒരു യുവാവ്‌ സമയം ചെലവഴിച്ച്‌ ഇണയെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതു നന്നായിരിക്കും. അങ്ങനെയാകുമ്പോൾ, അന്വേഷിച്ചു കണ്ടെത്തിയ അവളെ അയാൾ അതിയായി വിലമതിക്കാനിടയുണ്ട്‌.

സമർഥയായ ഒരു ഭാര്യയെ കുറിച്ചു ലെമൂവേലിനോട്‌ ഇങ്ങനെ പറയപ്പെട്ടു: “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.” (11-ാം വാക്യം) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സർവ കാര്യത്തിലും ഭാര്യ തന്റെ അനുവാദം വാങ്ങിയിരിക്കണം എന്ന്‌ അയാൾ നിർബന്ധം പിടിക്കുകയില്ല. എന്നാൽ വിലപിടിപ്പുള്ള വസ്‌തുക്കൾ വാങ്ങുന്നതോ കുട്ടികളെ വളർത്തുന്നതോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ വിവാഹ പങ്കാളികൾ തീർച്ചയായും കൂടിയാലോചിക്കേണ്ടതാണ്‌. ഇത്തരം കാര്യങ്ങളിൽ ആശയവിനിമയം നടത്തുന്നത്‌ അവരുടെ ബന്ധത്തെ സുദൃഢമാക്കുന്നു.

സാമർഥ്യമുള്ള ഭാര്യക്കു തീർച്ചയായും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടാകും. 13 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ, പ്രായഭേദമന്യേ എല്ലാ ഭാര്യമാർക്കും തങ്ങളുടെ കുടുംബത്തിന്റെ പ്രയോജനത്തിനായി ബാധകമാക്കാൻ കഴിയുന്ന ബുദ്ധിയുപദേശങ്ങളും തത്ത്വങ്ങളും പട്ടികപ്പെടുത്തിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, വസ്‌ത്രത്തിന്റെയും അലങ്കാര വസ്‌തുക്കളുടെയും വില വർധിക്കുന്നതനുസരിച്ച്‌, തന്റെ കുടുംബാംഗങ്ങൾക്കു മാന്യമായ വസ്‌ത്രം വേണ്ടത്ര ഉണ്ടായിരിക്കേണ്ടതിന്‌ സാമർഥ്യമുള്ള ഒരു ഭാര്യ കൈകൊണ്ട്‌ നന്നായി ജോലി ചെയ്യുകയും പണം ധൂർത്തടിക്കാതിരിക്കുകയും ചെയ്യുന്നു. (13, 19, 21, 22 വാക്യങ്ങൾ) കുടുംബത്തിന്റെ ഭക്ഷണ ചെലവ്‌ കുറയ്‌ക്കാനായി അവൾ സാധിക്കുന്ന പച്ചക്കറികൾ നട്ടുവളർത്തുകയും കടയിൽനിന്നു സാധനങ്ങൾ ശ്രദ്ധാപൂർവം വാങ്ങുകയും ചെയ്യുന്നു.—14, 16 വാക്യങ്ങൾ.

തീർച്ചയായും, അവൾ “വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.” അവൾ കഠിനാധ്വാനം ചെയ്യുകയും കുടുംബ കാര്യങ്ങൾ സമർഥമായി നോക്കിനടത്തുകയും ചെയ്യുന്നു. (27-ാം വാക്യം) “അവൾ ബലംകൊണ്ടു അര മുറുക്കുന്നു.” കായികാധ്വാനം ചെയ്യാനുള്ള അവളുടെ തയ്യാറെടുപ്പിനെ അത്‌ അർഥമാക്കുന്നു. (17-ാം വാക്യം) സൂര്യൻ ഉദിക്കുന്നതിനു മുമ്പേ എഴുന്നേറ്റ്‌ തന്റെ ജോലികൾ തുടങ്ങുന്ന അവൾ രാത്രി വൈകും വരെ തിരക്കോടെ ജോലിചെയ്യുന്നു. അത്‌, അവളുടെ വിളക്ക്‌ സദാ കത്തിക്കൊണ്ടിരിക്കുന്നതുപോലെ ആണ്‌.—15, 18 വാക്യങ്ങൾ.

സർവോപരി, സാമർഥ്യമുള്ള ഭാര്യ ഒരു ആത്മീയ വ്യക്തിയാണ്‌. അവൾ ദൈവത്തെ ഭയപ്പെടുകയും അവനെ ആഴമായ ഭക്ത്യാദരവോടെ ആരാധിക്കുകയും ചെയ്യുന്നു. (30-ാം വാക്യം) അതുതന്നെ ചെയ്യുന്നതിന്‌ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കാൻ അവൾ തന്റെ ഭർത്താവിനെ സഹായിക്കുന്നു. 26-ാം വാക്യം പറയുന്നു: “അവൾ ജ്ഞാനത്തോടെ” തന്റെ കുട്ടികളെ പ്രബോധിപ്പിക്കുന്നു, “ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.”

സാമർഥ്യമുള്ള ഒരു ഭർത്താവ്‌

സാമർഥ്യമുള്ള ഒരു ഭാര്യയെ ആകർഷിക്കുന്നതിന്‌ ലെമൂവേൽ സാമർഥ്യമുള്ള ഒരു ഭർത്താവിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടിരിക്കുന്ന അനേകം കാര്യങ്ങൾ ലെമൂവേലിന്റെ അമ്മ അവനെ ഓർമിപ്പിക്കുന്നു.

സാമർഥ്യമുള്ള ഒരു ഭർത്താവ്‌ “ദേശത്തിലെ മൂപ്പന്മാ”രിൽനിന്ന്‌ നല്ലൊരു പേരു സമ്പാദിക്കും. (സദൃശവാക്യങ്ങൾ 31:23) അയാൾ സമർഥനും സത്യസന്ധനും വിശ്വാസയോഗ്യനും ദൈവഭയമുള്ളവനും ആയിരിക്കുമെന്ന്‌ അത്‌ അർഥമാക്കുന്നു. (പുറപ്പാടു 18:21; ആവർത്തനപുസ്‌തകം 16:18-20) ആ വിധത്തിൽ അവൻ, നഗരത്തിലെ കാര്യങ്ങൾ നടത്താനായി പ്രമുഖരായ ആളുകൾ ഒത്തുകൂടുന്ന “പട്ടണവാതില്‌ക്കൽ പ്രസിദ്ധനാ”യിരിക്കും. ദൈവഭയമുള്ള ഒരുവൻ എന്ന നിലയിൽ “പ്രസിദ്ധനാ”യിരിക്കുന്നതിന്‌ അവൻ ന്യായയുക്തൻ ആയിരിക്കുകയും “ദേശത്തിലെ”—ഒരുപക്ഷേ ഒരു ജില്ലയെയോ മേഖലയെയോ ആയിരിക്കാം അർഥമാക്കുന്നത്‌—മൂപ്പന്മാരുമായി യോജിപ്പിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്‌.

നിസ്സംശയമായും വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ ലെമൂവേലിന്റെ അമ്മ, ഭാവി വധുവിനെ വിലമതിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ അവനെ ഓർമിപ്പിക്കുന്നു. ഭൂമിയിൽ അവന്‌ ഏറ്റവും പ്രിയപ്പെട്ടവൾ ഭാര്യ ആയിരിക്കണമായിരുന്നു. തന്മൂലം, സകലരുടെയും മുമ്പാകെ പിൻവരുന്ന പ്രകാരം സമ്മതിച്ചു പറയുമ്പോഴത്തെ അവന്റെ സ്വരത്തിലെ ആഴമായ വികാരം ഒന്നു ചിന്തിച്ചുനോക്കൂ: “അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്‌ഠയായിരിക്കുന്നു.”—സദൃശവാക്യങ്ങൾ 31:29.

ലെമൂവേൽ തന്റെ അമ്മയുടെ ജ്ഞാനോപദേശത്തെ വിലമതിച്ചെന്നു വ്യക്തമാണ്‌. ദൃഷ്ടാന്തത്തിന്‌, 1-ാം വാക്യത്തിൽ അവൻ അമ്മയുടെ വാക്കുകളെ സ്വന്തം വാക്കുകളായി പരാമർശിക്കുന്നതു നാം കാണുന്നു. അതുകൊണ്ട്‌, അവൻ അവളുടെ ‘തിരുത്തലിനു’ ശ്രദ്ധ കൊടുക്കുകയും അവളുടെ ഉപദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്‌തു. അതിലെ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട്‌ നമുക്കും ആ “ഗൗരവമേറിയ സന്ദേശ”ത്തിൽ നിന്നു പ്രയോജനം നേടാം.

[31-ാം പേജിലെ ചിത്രങ്ങൾ]

സാമർഥ്യമുള്ള ഒരു ഭാര്യ “വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല”