വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ബ്രസീലിൽ 10-നും 13-നും ഇടയ്‌ക്കു പ്രായമുള്ള ഏതാണ്ട്‌ 17 ശതമാനം സ്‌കൂൾക്കുട്ടികളും അതിരുവിട്ട വികൃതികളിൽ ഏർപ്പെടുകയോ അതിന്‌ ഇരകളായിത്തീരുകയോ ചെയ്യുന്നു.—ഓ എസ്റ്റോഡോ ഡി സാവോ പൗലൂ, ബ്രസീൽ.

12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിത രക്തസമ്മർദം, അമിത കൊളസ്‌ട്രോൾ, വൃക്കയിലെ കല്ലുകൾ, കരൾ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ കണ്ടുവരുന്നു. അലസമായ ജീവിതരീതിയും ജങ്ക്‌-ഫുഡും അമിതവണ്ണവും ഒക്കെയാണ്‌ അതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്‌.—എബിസി, സ്‌പെയ്‌ൻ.

ഐക്യനാടുകളിലെ ഒരു ഇടത്തരം കുടുംബത്തിന്‌, 2008-ൽ ജനിച്ച ഒരു കുട്ടിയെ 18 വയസ്സുവരെ വളർത്തുന്നതിന്‌ ഏകദേശം 2,21,190 ഡോളർ (പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2,91,570 ഡോളർ) വേണ്ടിവരുമെന്ന്‌ ഗവണ്മെന്റിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.—യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ അഗ്രിക്കൾച്ചർ, യു.എസ്‌.എ.

കളിക്കാൻ മറന്നുപോയ മാതാപിതാക്കൾ

ബ്രിട്ടനിലെ അഞ്ചിലൊന്ന്‌ മാതാപിതാക്കളും “തങ്ങളുടെ കുട്ടികളോടൊപ്പം കളിക്കേണ്ടത്‌ എങ്ങനെയെന്ന്‌ മറന്നുപോയിരിക്കുന്നു” എന്ന്‌ അടുത്തകാലത്തെ ഒരു സർവേ കാണിക്കുന്നു. കുട്ടികളോടൊപ്പം കളിക്കുന്നത്‌ രസമുള്ള ഒരു ഏർപ്പാടല്ലെന്നാണ്‌ മൂന്നിലൊന്ന്‌ മാതാപിതാക്കളുടെ അഭിപ്രായം. സമയമില്ലാത്തതാണ്‌ മറ്റുചിലരുടെ പ്രശ്‌നം. വേറെ ചിലർക്കാണെങ്കിൽ, എന്തു കളിക്കണമെന്ന്‌ അറിയില്ല. ഈ കണ്ടെത്തലിനെക്കുറിച്ച്‌ സൈക്കോളജിസ്റ്റായ പ്രൊഫസർ റ്റാനിയ ബൈറൺ പറയുന്നത്‌ ഇങ്ങനെ: “കുട്ടികളോടൊപ്പമുള്ള കളികൾ വിജയപ്രദമാക്കുന്നത്‌ പ്രധാനമായും നാലു ഘടകങ്ങളാണ്‌: അവ അറിവ്‌ നൽകുന്നതാകണം, പ്രചോദനം പകരുന്നതാകണം, ഏകോപന പ്രാപ്‌തി മെച്ചപ്പെടുത്തണം, ആശയവിനിമയം സാധ്യമാക്കണം.” കുട്ടികളോടൊപ്പം കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാനാണ്‌ മൂന്നിലൊന്ന്‌ മാതാപിതാക്കൾക്കും താത്‌പര്യം. പക്ഷേ ഭൂരിഭാഗം കുട്ടികളും അത്‌ തനിച്ച്‌ കളിക്കാനാണ്‌ പ്രിയപ്പെടുന്നത്‌. 5-നും 15-നും ഇടയ്‌ക്ക്‌ പ്രായമുള്ള കുട്ടികളിൽ മിക്കവരും പുറത്തുള്ള കളികളും ചെസ്സുപോലുള്ള കളികളുമാണ്‌ മാതാപിതാക്കളോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നത്‌.

കുഞ്ഞിനെ ഉറക്കാൻ ഇ-കഥകൾ

കുഞ്ഞിനെ ഉറക്കാനായി കഥകൾ പറഞ്ഞുകൊടുക്കാൻ സമയമില്ലാത്ത അച്ഛന്മാരെ സഹായിക്കാൻ ഇന്റർനെറ്റ്‌ രംഗത്തെത്തിയിരിക്കുന്നു. “ഹൈടെക്‌ സോഫ്‌റ്റ്‌വെയർ, കഥകൾ വായിക്കുന്ന അച്ഛന്റെ ശബ്ദം റെക്കോർഡു ചെയ്‌ത്‌ സംഗീതവും സൗണ്ട്‌ ഇഫക്‌റ്റുകളും കോർത്തിണക്കി ഇ-മെയിലായി കുട്ടിക്ക്‌ അയച്ചുകൊടുക്കും,” സിഡ്‌നിയിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്‌തു പഠിക്കുന്നവർക്ക്‌, ഇത്‌ എത്രത്തോളം ഫലകരമാണ്‌ എന്ന കാര്യത്തിൽ സംശയമുണ്ട്‌. “കഥകൾ വായിച്ചുകൊടുക്കുമ്പോൾ മാതാപിതാക്കൾക്കും കുഞ്ഞിനും ഇടയിൽ ഒരു ആത്മബന്ധം ഉടലെടുക്കുന്നു,” ഓസ്‌ട്രേലിയയിലെ ന്യൂകാസ്‌ൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. റിച്ചാർഡ്‌ ഫ്‌ളെച്ചർ അഭിപ്രായപ്പെടുന്നു. കുട്ടികളുമായി അടുത്ത്‌ ഇടപഴകുന്നതും അവരെ വാരിപ്പുണരുന്നതും അവരോടൊത്ത്‌ ചിരിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്‌. കുഞ്ഞിന്റെ അടുത്തിരുന്ന്‌ കഥകൾ വായിച്ചുകൊടുക്കുന്നിടത്തോളംവരില്ല ഈ ഇ-മെയിലുകൾ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. (g11-E 10)