വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്കു ബോധക്കേട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ട്‌?

എനിക്കു ബോധക്കേട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ട്‌?

എനിക്കു ബോധക്കേട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ട്‌?

ഡോക്ടർ എന്റെ കണ്ണിലെ മർദം പരിശോധിക്കാൻ പോകുകയായിരുന്നു. ഒരു ഉപകരണം കണ്ണിൽ തൊടുവിച്ചു വേണമായിരുന്നു അതു ചെയ്യാൻ. സംഭവിക്കാൻ പോകുന്നത്‌ എന്താണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു, എല്ലായ്‌പോഴും അതാണു സംഭവിക്കുന്നതും. ഒരു നഴ്‌സ്‌ സൂചികൊണ്ട്‌ രക്തം കുത്തിയെടുക്കുന്ന സന്ദർഭത്തിലും സ്ഥിതി വ്യത്യസ്‌തമല്ലായിരുന്നു. ചിലപ്പോഴൊക്കെ മുറിവുകളെപ്പറ്റി വെറുതെയൊന്നു സംസാരിച്ചാൽ മതി അതു സംഭവിച്ചിരിക്കും—ഞാൻ ബോധംകെട്ടുപോകും.

മൂന്ന്‌ ശതമാനത്തോളം പേർക്ക്‌ മേൽപ്രസ്‌താവിച്ച സാഹചര്യങ്ങളിലാണു മിക്കപ്പോഴും ബോധക്കേട്‌ ഉണ്ടാകുന്നതെന്നാണ്‌ ഒരു ബ്രിട്ടീഷ്‌ റിപ്പോർട്ടു സൂചിപ്പിക്കുന്നത്‌. നിങ്ങൾക്കും ഈ പ്രശ്‌നം ഉണ്ടെങ്കിൽ ബോധക്കേട്‌ ഉണ്ടാകാതിരിക്കാൻ നിങ്ങൾ വിഫലശ്രമം ചെയ്‌തിട്ടുണ്ടാകുമെന്നതിനു സംശയമില്ല. മറ്റുള്ളവരുടെ മുമ്പിൽവെച്ചു ബോധംകെട്ട്‌ വീഴാതിരിക്കാൻ നിങ്ങൾ ബാത്ത്‌റൂമിലേക്കോ മറ്റോ പോയിട്ടുണ്ടാകാം. പക്ഷേ അതു ബുദ്ധിയല്ല, പോകുന്ന വഴിക്ക്‌ പെട്ടെന്നു ബോധംകെട്ടുവീണ്‌ നിങ്ങൾക്കു പരിക്കേറ്റാലോ? ഈ പ്രശ്‌നത്താൽ പൊറുതിമുട്ടിയ ഞാൻ അതിന്റെ കാരണം അറിയാൻ തീരുമാനിച്ചു.

സഹായമനസ്‌കനായ ഒരു ഡോക്ടറുമായി സംസാരിക്കുകയും ഏതാനും പുസ്‌തകങ്ങൾ പരിശോധിക്കുകയും ചെയ്‌ത എനിക്ക്‌ ‘വാസോവാഗൽ റിയാക്ഷൻ’ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നതെന്നു മനസ്സിലായി. * ശാരീരിക നിലയ്‌ക്കു മാറ്റം വരുമ്പോൾ, അതായത്‌ ഇരുന്നിട്ട്‌ എഴുന്നേൽക്കുന്നതുപോലെയുള്ള സന്ദർഭങ്ങളിൽ രക്തപര്യയനത്തെ നിയന്ത്രിക്കുന്ന സംവിധാനം ശരിയായി പ്രവർത്തിക്കാത്തതാണ്‌ ഇതിനു കാരണമെന്നു കരുതപ്പെടുന്നു.

രക്തം കാണുകയോ കണ്ണു പരിശോധിപ്പിക്കുകയോ ചെയ്‌തേക്കാവുന്ന ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ അനൈച്ഛിക നാഡീവ്യൂഹം അസാധാരണമായി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്‌, നിങ്ങൾ കിടക്കുകയാണെന്നിരിക്കട്ടെ; അപ്പോൾ നാഡീവ്യൂഹം നിങ്ങൾ ഇരിക്കുകയോ നിൽക്കുകയോ ചെയ്‌താലെന്നപോലെ പ്രവർത്തിക്കുന്നു. ആദ്യം, ഭയം മൂലം നിങ്ങളുടെ ഹൃദയമിടിപ്പ്‌ വർധിക്കുന്നു. പിന്നെ നാഡിമിടിപ്പ്‌ പെട്ടെന്നു കുറയുന്നു; കാലുകളിലേക്കുള്ള ധമനികളും വികസിക്കുന്നു. അങ്ങനെവരുമ്പോൾ, കാലുകളിലേക്കുള്ള രക്തപ്രവാഹം കൂടുതലും തലയിലേക്ക്‌ കുറവും ആയിരിക്കും. തത്‌ഫലമായി തലച്ചോറിന്‌ ആവശ്യത്തിന്‌ ഓക്‌സിജൻ കിട്ടാതെ വരുകയും നിങ്ങൾക്കു ബോധക്കേട്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതു സംഭവിക്കാതിരിക്കാൻ എന്തു ചെയ്യാനാകും?

പരിശോധനയ്‌ക്കായി രക്തമെടുക്കുമ്പോൾ നിങ്ങൾക്കു മറ്റ്‌ എവിടേക്കെങ്കിലും നോക്കാനോ ആ സമയത്തു കിടക്കാനോ സാധിക്കും. മേൽപ്പറഞ്ഞതുപോലെ ‘വാസോവാഗൽ റിയാക്ഷൻ’ തുടങ്ങാറായാൽ നിങ്ങൾക്കു മിക്കപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. അതിനാൽ മുൻകരുതൽ എടുക്കാനുള്ള സമയം നിങ്ങൾക്കു ലഭിക്കും. താഴെ കിടന്നിട്ട്‌ ഭിത്തിയിലോ കസേരയിലോ കാൽ ഉയർത്തിവെക്കാനാണ്‌ പല ഡോക്ടർമാരും നിർദേശിക്കാറുള്ളത്‌. അങ്ങനെ ചെയ്യുന്നതിലൂടെ, രക്തം കാലുകളിൽ വന്നുനിറയുന്നതു തടയാനാകും. മാത്രമല്ല ബോധം നഷ്ടപ്പെടുന്നതിനു മുമ്പുതന്നെ സാഹചര്യം നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞേക്കും. ഒരുപക്ഷേ ഏതാനും മിനിട്ടുകൾക്കുള്ളിൽ നിങ്ങൾ ഏറെക്കുറെ പൂർവസ്ഥിതി പ്രാപിക്കും.

ഈ വിവരങ്ങൾ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. നിങ്ങളും ഇതു പ്രയോജനപ്പെടുത്തുന്നപക്ഷം ‘വാസോവാഗൽ റിയാക്ഷന്റെ’ ലക്ഷണങ്ങൾ തിരിച്ചറിയാനും അങ്ങനെ ബോധക്ഷയമുണ്ടാകുന്നത്‌ ഒഴിവാക്കാനും സാധിച്ചേക്കും.—സംഭാവന ചെയ്യപ്പെട്ടത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 4 വാഗസ്‌ നെർവ്‌ എന്നു വിളിക്കപ്പെടുന്ന ദൈർഘ്യമേറിയ നാഡിക്ക്‌ രക്തവാഹിനികളുടെ മേലുള്ള പ്രവർത്തനത്തെയാണ്‌ “വാസോവാഗൽ” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വാഗസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർഥം “അലഞ്ഞു നടക്കുന്ന” എന്നാണ്‌.

[28-ാം പേജിലെ ആകർഷക വാക്യം]

പരിശോധനകൾക്കും മറ്റും വിധേയമാകുമ്പോൾ കിടക്കുന്നതായിരിക്കും നല്ലത്‌