വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു”

“ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു”

“ഭക്ഷണവേള ഞങ്ങളെ അന്യോ​ന്യം അടുപ്പി​ക്കു​ന്നു”

നിങ്ങളു​ടെ വീട്ടിൽ കുറഞ്ഞത്‌ ഒരു നേര​മെ​ങ്കി​ലും എല്ലാവ​രും ഒരുമി​ച്ചി​രു​ന്നു ഭക്ഷണം കഴിക്കാ​റു​ണ്ടോ? സങ്കടക​ര​മെന്നു പറയട്ടെ, തിരക്കു​പി​ടിച്ച ഈ ലോക​ത്തിൽ ഓരോ​രു​ത്ത​രും അവരവർക്കു സൗകര്യ​മുള്ള സമയത്തു ഭക്ഷണം കഴിച്ചി​ട്ടു പോകുന്ന രീതി​യാ​ണു പല കുടും​ബ​ങ്ങ​ളി​ലു​മു​ള്ളത്‌. എന്നാൽ കുടും​ബാം​ഗങ്ങൾ ഒത്തൊ​രു​മി​ച്ചു ഭക്ഷണം കഴിക്കു​മ്പോൾ വിശപ്പ്‌ ശമിക്കു​ന്ന​തി​ലും അധിക​മായ നേട്ടങ്ങ​ളുണ്ട്‌—ഊഷ്‌മ​ള​മായ സംഭാ​ഷ​ണ​ത്തി​നും കുടും​ബ​ത്തി​ന്റെ ഐക്യം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​മുള്ള അവസരം കൂടി​യാണ്‌ അത്‌.

അൾഗിർഡാസ്‌-റിമാ ദമ്പതികൾ മൂന്നു പെൺമ​ക്ക​ളോ​ടൊ​പ്പം ഉത്തര യൂറോ​പ്യൻ രാജ്യ​മായ ലിത്വാ​നി​യ​യി​ലാ​ണു താമസി​ക്കു​ന്നത്‌. അൾഗിർഡാസ്‌ ഇങ്ങനെ പറയുന്നു: “ഞാൻ ജോലി​ക്കും മക്കൾ സ്‌കൂ​ളി​ലും പോകു​ന്നു​ണ്ടെ​ങ്കി​ലും ഒരുമിച്ച്‌ അത്താഴം കഴിക്കാൻ തക്കവണ്ണം ഞങ്ങൾ പട്ടിക ക്രമീ​ക​രി​ക്കു​ന്നു. ഭക്ഷണം കഴിക്കു​മ്പോൾ, അന്നേ ദിവസം നടന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നും ഞങ്ങളുടെ പ്രശ്‌ന​ങ്ങ​ളും വികാ​ര​ങ്ങ​ളും ഉദ്ദേശ്യ​ങ്ങ​ളും ഇഷ്ടാനി​ഷ്ട​ങ്ങ​ളും പരസ്‌പരം തുറന്നു പറയാ​നും ഞങ്ങൾക്കു കഴിയു​ന്നു. ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാ​നും ആ സന്ദർഭം ഞങ്ങൾ ഉപയോ​ഗി​ക്കു​ന്നു. നിസ്സം​ശ​യ​മാ​യും, ഭക്ഷണവേള ഞങ്ങളെ അന്യോ​ന്യം അടുപ്പി​ക്കു​ന്നു.”

റിമാ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “മക്കളോ​ടൊ​പ്പം ഭക്ഷണം പാകം​ചെ​യ്യു​ന്ന​തും ഉള്ളുതു​റന്നു സംസാ​രി​ക്കാൻ ഞങ്ങൾക്ക്‌ അവസരം നൽകുന്നു. അടുക്ക​ള​യി​ലെ ജോലി​കൾ കൂട്ടായി ചെയ്യു​ന്നത്‌ അവർക്കു വലിയ ഇഷ്ടമാണ്‌, അതോ​ടൊ​പ്പം മൂവരും പാചക​ത്തി​ലും മറ്റും വൈദ​ഗ്‌ധ്യം നേടു​ക​യും ചെയ്യുന്നു. അങ്ങനെ, ജോലി ഞങ്ങൾക്കു സന്തോഷം കൈവ​രു​ത്തുന്ന ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു.”

ഒരുമി​ച്ചു ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്തു​ന്ന​തി​നാൽ അൾഗിർഡാ​സും റിമാ​യും മക്കളും അനേകം പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കു​ന്നു. നിങ്ങൾക്ക്‌ ഇപ്പോൾ അങ്ങനെ​യൊ​രു രീതി​യി​ല്ലെ​ങ്കിൽ ദിവസ​വും കുറഞ്ഞത്‌ ഒരു നേര​മെ​ങ്കി​ലും കുടും​ബാം​ഗങ്ങൾ ഒത്തൊ​രു​മി​ച്ചു ഭക്ഷണം കഴിക്കാൻ ക്രമീ​ക​രണം ചെയ്യരു​തോ? നിങ്ങൾ ഒറ്റയ്‌ക്കുള്ള പിതാ​വോ മാതാ​വോ ആണെങ്കി​ലും അങ്ങനെ ചെയ്യാൻ ശ്രമി​ക്കുക. അതിലൂ​ടെ ലഭിക്കുന്ന പ്രതി​ഫലം നിങ്ങൾ ചെയ്യുന്ന ഏതു ത്യാഗ​ത്തെ​യും കടത്തി​വെ​ട്ടു​ന്ന​താ​യി​രി​ക്കും.