വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കളിപ്പാട്ടങ്ങൾ അന്നും ഇന്നും

കളിപ്പാട്ടങ്ങൾ അന്നും ഇന്നും

കളിപ്പാ​ട്ടങ്ങൾ അന്നും ഇന്നും

ചരടുകൾ ചുറ്റി​ച്ചു​റ്റി ഉണ്ടാക്കി​യെ​ടുത്ത പന്ത്‌ പൊങ്ങി​ച്ചാ​ടു​ന്നതു നോക്കി രസിക്കു​ക​യാണ്‌ കൊച്ചുഫിലിപ്പും * കൂട്ടു​കാ​രും. പിന്നെ അതു​കൊണ്ട്‌ ഉശിരൻ കളി തുടങ്ങി, വലിയ ഫുട്‌ബോൾ കളിക്കാ​രാ​ണെ​ന്നാണ്‌ അവരുടെ ഭാവം. മൈക്കി​നെ നോക്കൂ, ഇത്തിരി​പ്പോന്ന കാർ തന്റെ കയ്യിലി​രി​ക്കുന്ന റിമോട്ട്‌ കൺ​ട്രോ​ളി​ന്റെ ആജ്ഞ അനുസ​രി​ച്ചു നീങ്ങു​ന്നത്‌ എങ്ങനെ​യെന്നു ചിന്തിച്ചു വിസ്‌മയം കൊള്ളു​ക​യാണ്‌ അവൻ. എത്ര അനായാ​സ​മാണ്‌ അവൻ കാറിനെ മുന്നോ​ട്ടും പിന്നോ​ട്ടും ഓടി​ക്കു​ന്നത്‌. വീടിന്റെ സ്വകാ​ര്യ​ത​യിൽ ആൻ​ഡ്രേ​യാ​യും കൊച്ചു​കൂ​ട്ടു​കാ​രി​ക​ളും പാവക്കു​ട്ടി​കളെ ഉടുപ്പും ഷൂസു​മൊ​ക്കെ ഇടുവിച്ച്‌ ഒരുക്കു​ക​യാണ്‌, വലുതാ​കു​മ്പോൾ എങ്ങനെ​യൊ​ക്കെ ഒരുങ്ങണം എന്നതി​നെ​ക്കു​റി​ച്ചാണ്‌ അവരുടെ സംസാരം.

ഈ കുട്ടി​ക​ളു​ടെ​യെ​ല്ലാം പക്കൽ ഉള്ളതെ​ന്താണ്‌? കളിപ്പാ​ട്ടങ്ങൾ. മണിക്കൂ​റു​ക​ളോ​ളം അവർക്ക്‌ അതുപ​യോ​ഗിച്ച്‌ കളിക്കാൻ പറ്റും. ചില കളിപ്പാ​ട്ടങ്ങൾ ചില കുട്ടി​കൾക്ക്‌ ശൈശവം മുതലുള്ള വിട്ടു​പി​രി​യാത്ത കളി​ത്തോ​ഴ​രാണ്‌. കരടി​ക്കു​ട്ടി​യെ​പ്പോ​ലുള്ള പ്രിയ​ങ്ക​ര​മായ പാവകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. അവ ചില​പ്പോൾ കുടുംബ ആൽബത്തിൽപ്പോ​ലും കയറി​ക്കൂ​ടു​ന്നു. കളിപ്പാ​ട്ട​ങ്ങൾക്കു പിന്നിലെ കഥയെ​ന്താണ്‌? എന്തു​കൊ​ണ്ടാണ്‌ കുട്ടി​കൾക്ക്‌ അവ ഏറെ പ്രിയ​ങ്ക​ര​മാ​യി​രി​ക്കു​ന്നത്‌?

കളിപ്പാ​ട്ട​ങ്ങ​ളു​ടെ ഉത്ഭവം

“കളിക്കാ​നാ​യി ഉപയോ​ഗി​ക്കുന്ന സാധന​ത്തെ​യാ​ണു പലപ്പോ​ഴും കളിപ്പാ​ട്ടം എന്നു വിളി​ക്കു​ന്നത്‌. കളിപ്പാ​ട്ടങ്ങൾ, കളികൾ എന്നിവ അതിവി​ദൂര ഭൂതകാ​ല​ത്തു​നിന്ന്‌, നാനാ​തരം സംസ്‌കാ​ര​ങ്ങ​ളിൽനിന്ന്‌ വന്നിരി​ക്കു​ന്ന​വ​യാണ്‌. ഏറ്റവും ലളിത​മാ​യ​വ​മു​തൽ അതിസ​ങ്കീർണ​മാ​യ​വ​വരെ അവയുടെ കൂട്ടത്തി​ലുണ്ട്‌. ചില കുട്ടികൾ വെറു​മൊ​രു വടി​യെ​ടുത്ത്‌ ‘ഹോബി​ഹോ​ഴ്‌സ്‌’ (ഒരു വടിയും അറ്റത്തു കുതി​ര​ത്ത​ല​യു​മുള്ള, ഇന്നത്തെ മരക്കു​തി​ര​യു​ടെ പ്രാചീന രൂപം) ആണെന്നു സങ്കൽപ്പിച്ച്‌ കളിക്കും. എന്നാൽ മറ്റു ചില കളിപ്പാ​ട്ടങ്ങൾ അതിനൂ​ത​ന​വും സങ്കീർണ​വു​മാണ്‌,” ഒരു വിജ്ഞാ​ന​കോ​ശം പറയുന്നു. അതു​കൊണ്ട്‌ വിനോ​ദ​ത്തി​നും കളിക്കു​മാ​യി ഉപയോ​ഗി​ക്കാ​വുന്ന എന്തു സാധന​ത്തെ​യും കളിപ്പാ​ട്ട​മെന്നു വിളി​ക്കാം. വിനോ​ദ​ത്തോ​ടുള്ള താത്‌പ​ര്യം മനുഷ്യ​നിൽ അന്തർലീ​ന​മാണ്‌. അതിനാൽ കളിപ്പാ​ട്ട​ങ്ങൾക്ക്‌ ഏതാണ്ട്‌ മനുഷ്യ​ച​രി​ത്ര​ത്തോ​ളം പഴക്കമു​ണ്ടെന്നു കരുതു​ന്ന​തിൽ തെറ്റില്ല.

ഉദാഹ​ര​ണ​ത്തിന്‌, പാവക​ളോ കുറഞ്ഞത്‌ അവയുടെ ഭാഗങ്ങ​ളോ പുരാതന ബാബി​ലോ​ണിയ, ഈജി​പ്‌ത്‌ തുടങ്ങിയ സ്ഥലങ്ങളിൽനി​ന്നു കണ്ടെടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. പാവക​ളാ​യി​രി​ക്കണം കളിപ്പാ​ട്ട​ങ്ങ​ളിൽ ഏറ്റവും പഴക്കമു​ള്ളവ. മറ്റൊരു പ്രാചീന കളിപ്പാ​ട്ട​മാ​ണു പന്ത്‌. പന്ത്‌ ആദ്യമാ​യി ഉപയോ​ഗ​ത്തിൽ വന്നത്‌ എപ്പോ​ഴാ​ണെന്ന്‌ അറിയാൻ നിർവാ​ഹ​മി​ല്ലെ​ങ്കി​ലും കൽപ്പന്ത്‌ ഉരുട്ടി​ക്കൊ​ള്ളി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ശിലാ​നിർമിത സ്റ്റംപുകൾ പുരാതന ഈജി​പ്‌തി​ലെ ഒരു കുട്ടി​യു​ടെ ശവകു​ടീ​ര​ത്തിൽനി​ന്നു കണ്ടെടു​ത്തി​ട്ടുണ്ട്‌.

കല്ലു​കൊ​ണ്ടു നിർമിച്ച യോ-യോ എന്നു​പേ​രുള്ള ഒരു കളിപ്പാ​ട്ടം മൂവാ​യി​ര​ത്തി​ലേറെ വർഷം​മുമ്പ്‌ ഗ്രീസിൽ ഉണ്ടായി​രു​ന്നു. അത്‌ പുരാതന ചൈന​യിൽ ഉപയോ​ഗി​ച്ചി​രു​ന്നി​രി​ക്കാം എന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. കളിപ്പാ​വ​ക​ളും ചേർത്തു​വെച്ചു കളിക്കു​ന്ന​തി​നാ​യി ആനക്കൊ​മ്പു​കൊ​ണ്ടു​ണ്ടാ​ക്കിയ ജ്യാമി​തീയ രൂപങ്ങ​ളും റോമാ​ക്കാ​രു​ടെ കുട്ടി​ക​ളു​ടെ കളി​ക്കോ​പ്പു​ക​ളാ​യി​രു​ന്നു. ഗ്രീസി​ലും റോമി​ലു​മു​ണ്ടാ​യി​രുന്ന ബാലന്മാർക്ക്‌ കൊച്ചു​ക​ളി​വ​ണ്ടി​ക​ളും ഉണ്ടായി​രു​ന്നു. കളിവ​ണ്ടി​കൾ കാലങ്ങ​ളാ​യി കുട്ടി​ക​ളു​ടെ പ്രിയ​ങ്ക​ര​മായ കളി​ക്കോ​പ്പു​ക​ളാ​ണെന്ന്‌ ഇതു കാണി​ക്കു​ന്നു. കളിമ​ണ്ണു​കൊ​ണ്ടു​ണ്ടാ​ക്കിയ ചക്രം​പി​ടി​പ്പിച്ച ഒരു മൃഗരൂ​പം ഒരു മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌, ഇത്‌ പ്രാചീന മെക്‌സി​ക്കൻ സംസ്‌കാ​ര​ത്തിൽനി​ന്നുള്ള ഒരു കളി​ക്കോപ്പ്‌ ആയിരി​ക്കാം. ഈ സംസ്‌കാ​ര​വു​മാ​യി ബന്ധപ്പെട്ട്‌ മറ്റു ചക്രങ്ങൾ ഒന്നും കണ്ടെടു​ത്തി​ട്ടില്ല എന്നതു രസാവ​ഹ​മാണ്‌. മധ്യകാ​ല​ഘ​ട്ട​ങ്ങ​ളിൽ ജന്തുക്ക​ളു​ടെ ചില ആന്തരാ​വ​യ​വങ്ങൾ വീർപ്പിച്ച്‌ വൃത്താ​കൃ​തി​യി​ലോ ദീർഘ​വൃ​ത്താ​കൃ​തി​യി​ലോ ഉള്ള പന്തുകൾ ഉണ്ടാക്കി​യി​രു​ന്നു, ഇന്നത്തെ ഫുട്‌ബോൾ പോലെ ഇവ തൊഴി​ച്ചോ മറ്റോ ഒരു നിശ്ചിത ലക്ഷ്യത്തി​ലെ​ത്തി​ച്ചി​രു​ന്നു.

പിന്നീട്‌, 18-ാം നൂറ്റാ​ണ്ടിൽ ഇംഗ്ലണ്ടിൽ വിദ്യാ​ഭ്യാ​സ ഉദ്ദേശ്യ​ങ്ങൾക്കാ​യി ജിഗ്‌സോ​പ​സി​ലു​കൾക്ക്‌ (ഒരു ചിത്ര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ കൂട്ടി​യോ​ജി​പ്പി​ക്കുന്ന കളി) രൂപം നൽക​പ്പെട്ടു, 20-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ദ​ശ​യിൽ അവ വളരെ ജനപ്രീ​തി​യാർജി​ച്ചു. ക്രേ​യോ​ണു​കൾക്കും പ്രചാരം സിദ്ധി​ച്ചു​തു​ടങ്ങി. ഐക്യ​നാ​ടു​ക​ളിൽ ഒരു കമ്പനി​തന്നെ 10,000 കോടി​യി​ലേറെ ക്രേ​യോ​ണു​കൾ ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു. അതേ, നാം ഇന്നു കാണുന്ന ചില കളി​ക്കോ​പ്പു​കൾ വിദൂര ഭൂതകാ​ലത്തു രൂപ​മെ​ടു​ത്ത​വ​യാണ്‌. അവ ആളുക​ളു​ടെ ജീവി​ത​ത്തിൽ ഒരു സുപ്ര​ധാന സ്ഥാനം അലങ്കരി​ച്ചി​രി​ക്കു​ന്നു.

കളിയു​ടെ​യും കളി​ക്കോ​പ്പു​ക​ളു​ടെ​യും ആവശ്യം

“കളി കുട്ടി​കൾക്കു സഹജമാണ്‌. ശാരീ​രി​ക​വും മാനസി​ക​വും സാമൂ​ഹി​ക​വും ആയ വളർച്ച​യ്‌ക്കും കാര്യങ്ങൾ പഠിക്കു​ന്ന​തി​നും ഉള്ള നിരവധി അവസര​ങ്ങ​ളാണ്‌ കുട്ടി​കൾക്കു കളിയി​ലൂ​ടെ ലഭിക്കു​ന്നത്‌. കളിക്കുക എന്നത്‌ കുട്ടി​ക​ളു​ടെ ജോലി​യാ​ണെ​ങ്കിൽ കളിപ്പാ​ട്ട​ങ്ങ​ളാണ്‌ ആ ജോലി​ക്കുള്ള ഉപകര​ണങ്ങൾ. അനു​യോ​ജ്യ​മായ കളി​ക്കോ​പ്പു​കൾ അവരുടെ ജോലി ഫലപ്ര​ദ​മാ​യി ചെയ്യാൻ സഹായി​ക്കും” എന്നു പറഞ്ഞു​കൊണ്ട്‌ കുട്ടി​കൾക്കു യോജിച്ച കളിപ്പാ​ട്ടങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ സഹായി​ക്കുന്ന ഒരു ഗവൺമെന്റൽ ഗൈഡ്‌ കളിപ്പാ​ട്ട​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ വർണി​ക്കു​ക​യു​ണ്ടാ​യി.

കളിപ്പാ​ട്ട​ങ്ങൾകൊ​ണ്ടുള്ള കളി നല്ല രസമാണ്‌. അതുത​ന്നെ​യാണ്‌ അവയ്‌ക്ക്‌ ഇത്ര പ്രചാരം സിദ്ധി​ക്കാ​നുള്ള മുഖ്യ​കാ​ര​ണ​വും. എന്നാൽ അതിനു പുറമേ, കുട്ടി​യു​ടെ വളർച്ച​യിൽ അവ ശ്രദ്ധേ​യ​മായ പങ്കുവ​ഹി​ക്കു​ന്നു. പിൻവ​രുന്ന ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക: കുട്ടി ഒരു കളിവണ്ടി തള്ളിവി​ടു​മ്പോൾ മാംസ​പേ​ശി​കൾ ചലിപ്പി​ക്കാ​നുള്ള അവന്റെ കഴിവു മെച്ച​പ്പെ​ടു​ന്നു. സ്‌കി​പ്പിങ്‌ പോലുള്ള സംഗതി​കൾ ചെയ്യു​മ്പോൾ അത്‌ കുട്ടി​യു​ടെ ഏകോ​പ​ന​പ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്തു​ന്നു. സൈക്കിൾ ഓടി​ക്കു​മ്പോ​ഴോ ഒറ്റക്കാ​ലിൽനി​ന്നിട്ട്‌ മറ്റേക്കാ​ലു​കൊ​ണ്ടു പന്തു തൊഴി​ക്കു​മ്പോ​ഴോ അവൻ സമതു​ലനം പഠിക്കു​ന്നു. ചതുര​ക്ക​ട്ട​കൾകൊണ്ട്‌ എന്തെങ്കി​ലും രൂപമു​ണ്ടാ​ക്കു​ക​യോ ചിത്രം വരയ്‌ക്കു​ക​യോ ചെയ്യു​മ്പോൾ തന്റെ ചലനങ്ങൾ സൂക്ഷ്‌മ​മാ​യി നിയ​ന്ത്രി​ക്കാൻ അവൻ പഠിക്കു​ന്നു.

കുട്ടി​യു​ടെ ബുദ്ധി​ശക്തി സംബന്ധി​ച്ചോ? കുട്ടി​യു​ടെ കളിക​ളിൽ പാട്ടു​ണ്ടെ​ങ്കിൽ അവന്റെ ഭാഷാ​പ്രാ​പ്‌തി​കൾ വികസി​ക്കു​ന്നു. സ്‌കി​പ്പിങ്‌ ചെയ്യു​മ്പോ​ഴൊ കൂട്ടു​കാ​രെ തൊട്ടിട്ട്‌ ഓടുന്ന കളിയി​ലോ ഒക്കെ പാട്ടുകൾ പാടാ​നാ​യേ​ക്കും. കട്ടകൾകൊണ്ട്‌ എന്തെങ്കി​ലും രൂപമു​ണ്ടാ​ക്കു​മ്പോ​ഴോ, കളിക​ളി​ലെ നിർദേ​ശങ്ങൾ പാലി​ക്കു​മ്പോ​ഴോ ജിഗ്‌സോ​പ​സി​ലി​ന്റെ പല കഷണങ്ങൾ ചേർത്തു​വെച്ച്‌ ചിത്രം മുഴു​മി​പ്പി​ക്കു​മ്പോ​ഴോ കഥകൾ അഭിന​യി​ച്ചു കാണി​ക്കു​മ്പോ​ഴോ വേഷം​കെട്ടി കളിക്കു​മ്പോ​ഴോ ഒക്കെ അവന്റെ ചിന്താ​പ്രാ​പ്‌തി​യും സർഗാ​ത്മ​ക​ത​യും ഉത്തേജി​പ്പി​ക്ക​പ്പെ​ടു​ന്നു. കുട്ടി സംഗീ​തോ​പ​ക​രണം വായി​ക്കു​മ്പോ​ഴും ചിത്ര​ര​ച​ന​യോ കരകൗ​ശ​ല​പ്പ​ണി​ക​ളോ ചെയ്യു​മ്പോ​ഴും ഇതുത​ന്നെ​യാ​ണു സംഭവി​ക്കു​ന്നത്‌.

കുട്ടികൾ സാമൂ​ഹിക പ്രാപ്‌തി​കൾ ആർജി​ക്കു​ന്ന​തിൽ, അതായത്‌ മറ്റുള്ള​വ​രോട്‌ ഇടപെ​ടേ​ണ്ട​വി​ധം പഠിക്കു​ന്ന​തിൽ കളികൾ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. പ്രത്യേ​കിച്ച്‌ പന്തുക​ളി​പോ​ലെ ടീം​ചേർന്നുള്ള കളിക​ളിൽ ഏർപ്പെ​ടു​ന്നത്‌ അതിനു സഹായ​ക​മാണ്‌. ഡോ. ബ്രൂസ്‌ ഡങ്കൻ പെറി പറയുന്നു: “ചുറ്റു​മുള്ള ആളുക​ളെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ കുട്ടിക്ക്‌ അപ്പോൾ അവസരം ലഭിക്കു​ന്നു. കൂടുതൽ സമാനു​ഭാ​വം കാണി​ക്കാ​നും നിസ്സ്വാർഥ​നാ​യി ഇടപെ​ടാ​നും അവൻ പഠി​ച്ചേ​ക്കാം. കൂട്ടു​കാ​രോ​ടൊ​പ്പം കളിക്കു​മ്പോൾ ഒരു കൂട്ടം സാമൂ​ഹിക നിയമങ്ങൾ അവൻ പഠിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ ആത്മനി​യ​ന്ത്രണം പാലി​ക്കാ​നും മോഹ​ഭം​ഗങ്ങൾ സഹിക്കാ​നും അവൻ പഠി​ച്ചെ​ടു​ക്കു​ന്നു.”

ഇനി, മുതിർന്നവർ ചെയ്യു​ന്നതു പകർത്താ​നും കുട്ടികൾ കളി​ക്കോ​പ്പു​കൾ ഉപയോ​ഗി​ക്കു​ന്നു. “അനുകരണ പ്രാപ്‌തി ശൈശവം മുതൽ മനുഷ്യ​നിൽ അന്തർലീ​ന​മാണ്‌” എന്ന്‌ ഗ്രീക്ക്‌ തത്ത്വചി​ന്ത​ക​നായ അരി​സ്റ്റോ​ട്ടിൽ പറഞ്ഞു. ദൈനം​ദിന ജീവി​ത​ത്തി​ലെ പല കാര്യ​ങ്ങ​ളും കുട്ടികൾ അനുക​രി​ക്കു​ന്നു, അങ്ങനെ അവർ അവ കളിക​ളി​ലൂ​ടെ പഠി​ച്ചെ​ടു​ക്കു​ന്നു. കൊച്ചു​പെൺകു​ട്ടി​കൾ പാവക്കു​ട്ടി​കളെ ആട്ടിയു​റ​ക്കു​ന്നതു നാം കണ്ടിട്ടുണ്ട്‌. വർഷങ്ങൾ കഴിഞ്ഞ്‌ അവൾ അമ്മയാ​കു​മ്പോൾ സ്വന്തം കുഞ്ഞിനെ അവൾ അങ്ങനെ ആട്ടിയു​റ​ക്കി​യേ​ക്കാം. കൊച്ചു​പെൺകു​ട്ടി​കൾ കൂട്ടു​കാ​രോ​ടൊ​പ്പം ‘കഞ്ഞിയും​ക​റി​യും’ കളിക്കു​ന്ന​തും സാധാ​ര​ണ​മാണ്‌. വണ്ടി​യോ​ടി​ക്കു​ന്ന​താണ്‌ പൊതു​വേ ആൺകു​ട്ടി​കൾക്ക്‌ ഇഷ്ടം. എഞ്ചിന്റെ ശബ്ദം​പോ​ലും വായ്‌കൊ​ണ്ടു കേൾപ്പിച്ച്‌ ഈ കുട്ടികൾ വണ്ടി​യോ​ടി​ച്ചു​ന​ട​ക്കും, ഇത്‌ ഭാവി​യി​ലേ​ക്കൊ​രു പരിശീ​ല​ന​മാ​കു​ന്നു. എന്നിരു​ന്നാ​ലും, നിങ്ങളു​ടെ കുട്ടി​കൾക്കു​വേണ്ടി കളി​ക്കോ​പ്പു​കൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ചില ഘടകങ്ങൾ പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌. എന്തു​കൊണ്ട്‌?

കളി​ക്കോ​പ്പു​കൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കൽ

“ഇന്നത്തെ കളിപ്പാ​ട്ടങ്ങൾ അക്രമ​വും നിയമ​രാ​ഹി​ത്യ​വും മുഖമു​ദ്ര​യായ ഒരു സമൂഹ​ത്തി​ന്റെ ചിന്താ​ഗ​തി​യെ ഉന്നമി​പ്പി​ക്കു​ന്ന​വ​യാണ്‌” എന്ന്‌ ലണ്ടന്റെ ദ ഡെയ്‌ലി ടെല​ഗ്രാഫ്‌ പറയുന്നു. ഇവിടെ എല്ലാ കളി​ക്കോ​പ്പു​ക​ളെ​യും അടച്ചു​പ​റ​യു​ക​യ​ല്ലെ​ങ്കി​ലും പരമ്പരാ​ഗത കളിപ്പാ​ട്ടങ്ങൾ കുറഞ്ഞു​വ​രു​ക​യാണ്‌ എന്നതാണു വസ്‌തുത. “വിരൂ​പ​വും അമിത പേശീ​ബ​ല​മു​ള്ള​തെന്നു തോന്നി​ക്കു​ന്ന​തും . . . കാഴ്‌ച​യിൽ അക്രമാ​സ​ക്ത​വു​മായ” കളിപ്പാ​ട്ട​ങ്ങ​ളു​ടെ എണ്ണം കൂടി​വ​രു​ക​യും ചെയ്യുന്നു എന്ന്‌ ലാ ഹൊർനാ​ഡാ എന്ന മെക്‌സി​ക്കൻ വർത്തമാ​ന​പ്പ​ത്ര​ത്തിൽ വന്ന ഒരു ലേഖനം പറയുന്നു. സോചി​മിൽകോ ഓട്ടോ​ണ​മസ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഗവേഷ​ക​യും അധ്യാ​പി​ക​യു​മായ പാട്രി​സ്യാ എർലി​ക്കി​ന്റെ അഭി​പ്രാ​യം പ്രസ്‌തുത ലേഖന​ത്തിൽ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. കൈയൂക്ക്‌, അടക്കി​ഭ​രി​ക്കൽ എന്നിവയെ ഉയർത്തി​ക്കാ​ട്ടു​ന്ന​വ​യാണ്‌ വിപണി​യിൽ കിട്ടുന്ന മിക്ക കളി​ക്കോ​പ്പു​ക​ളും. ഇവ അക്രമം, ബലപ്ര​യോ​ഗം, കീഴ്‌പെ​ടു​ത്തൽ, ഭയം എന്നിവയെ അഭികാ​മ്യ ഗുണങ്ങ​ളാ​യി ഉന്നമി​പ്പി​ക്കു​ന്നു​വെന്ന്‌ പാട്രി​സ്യാ അഭി​പ്രാ​യ​പ്പെട്ടു.

അക്രമത്തെ ഉന്നമി​പ്പി​ക്കുന്ന കളി​ക്കോ​പ്പു​ക​ളു​മാ​യി ഇടപഴ​കു​ന്നത്‌, “കുട്ടി കാര്യങ്ങൾ പഠി​ച്ചെ​ടു​ക്കു​ന്ന​തി​നെ​യും അവന്റെ വളർച്ച​യെ​യും പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം. ദ്രോ​ഹ​ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളും അതു വരുത്തി​വെ​ച്ചേ​ക്കാം” എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ നാഷണൽ അസ്സോ​സി​യേഷൻ ഓഫ്‌ സ്‌കൂൾ സൈ​ക്കോ​ള​ജി​സ്റ്റ്‌സ്‌ തറപ്പി​ച്ചു​പ​റ​യു​ന്നു. അക്രമാ​സക്ത പെരു​മാ​റ്റ​ങ്ങ​ളി​ലേ​ക്കും കുറ്റവാ​സ​ന​യി​ലേ​ക്കും നയിക്കാൻ അക്രമം നിഴലി​ക്കുന്ന വീഡി​യോ​കൾക്കും കമ്പ്യൂട്ടർ ഗെയി​മു​കൾക്കും കഴിയു​മെന്നു പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, ഒരു കുട്ടി​യു​ടെ പരിപാ​ല​ന​ച്ചു​മ​ത​ല​യുള്ള ഓരോ മുതിർന്ന​യാ​ളും കുട്ടി​ക്കു​വേണ്ടി അനു​യോ​ജ്യ​മായ കളിപ്പാ​ട്ടങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ നല്ലവണ്ണം ശ്രദ്ധി​ക്കണം.—26-ാം പേജിലെ ചതുരം കാണുക.

ആധുനിക സാങ്കേ​തി​ക​വി​ദ്യ​യു​ടെ വികാസം വൈവി​ധ്യ​മാർന്ന രൂപത്തി​ലുള്ള, അതിസ​ങ്കീർണ​മായ സവി​ശേ​ഷ​ത​ക​ളോ​ടു​കൂ​ടിയ കളിപ്പാ​ട്ട​ങ്ങളെ വിപണി​യിൽ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ഈ കളിപ്പാ​ട്ടങ്ങൾ കുടും​ബ​ത്തി​ന്റെ കൊക്കി​ലൊ​തു​ങ്ങാ​ത്ത​വ​യോ കുട്ടികൾ പെട്ടെന്ന്‌ മടുത്തു​പോ​കുന്ന തരത്തി​ലു​ള്ള​വ​യോ ആയിരു​ന്നേ​ക്കാം. അല്ലെങ്കിൽ അവ കുട്ടി​കൾക്കു നല്ലതല്ലാ​യി​രി​ക്കാം. ഒറ്റയ്‌ക്ക്‌ അഞ്ചുമ​ക്കളെ പോറ്റുന്ന ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ലിയാൻ പറയുന്നു: “പരസ്യം കണ്ടു മോഹിച്ച്‌ എന്റെ മൂത്ത പുത്ര​ന്മാർ വിലകൂ​ടിയ കമ്പ്യൂട്ടർ ഗെയിം വാങ്ങി​ത്ത​രാൻ പലപ്പോ​ഴും ആവശ്യ​പ്പെ​ടാ​റുണ്ട്‌. എന്നിരു​ന്നാ​ലും, വലിയ വിലയി​ല്ലാത്ത ഒരു ബാറ്റും ഒരു റബ്ബർ പന്തും​കൊണ്ട്‌ തൊടി​യിൽ കളിക്കു​മ്പോ​ഴാണ്‌ അവർക്ക്‌ കൂടുതൽ നേരം ഉല്ലാസ​വും വ്യായാ​മ​വും കിട്ടു​ന്ന​തെന്നു തോന്നു​ന്നു. ലളിത​മായ കളി​ക്കോ​പ്പു​ക​ളാണ്‌ ഏറ്റവു​മ​ധി​കം ഈടു​നിൽക്കു​ന്നവ എന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു, എന്റെ കുട്ടി​കൾക്ക്‌ അവരുടെ ഭാവന ഏറ്റവു​മ​ധി​കം ഉപയോ​ഗി​ക്കാൻ പറ്റിയ​വ​യും അവയാണ്‌.”

സ്വന്തമാ​യി കളിപ്പാ​ട്ടങ്ങൾ ഉണ്ടാക്ക​രു​തോ?

കുട്ടി​ക​ളോട്‌ ഒരു വാക്ക്‌: നിങ്ങൾക്ക്‌ ഏറ്റവും പുതി​യ​തരം കളിപ്പാ​ട്ടങ്ങൾ സ്വന്തമാ​ക്കാ​നുള്ള പണമി​ല്ലെ​ങ്കിൽ വിഷമി​ക്കേ​ണ്ട​തില്ല. നിങ്ങളു​ടെ ഭാവന​യും സർഗാത്മക പ്രാപ്‌തി​ക​ളും ഉപയോ​ഗിച്ച്‌ സ്വന്തമാ​യി കളിപ്പാ​ട്ടങ്ങൾ ഉണ്ടാക്കാ​മ​ല്ലോ. ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും നിങ്ങ​ളെ​പ്പോ​ലെ​യുള്ള കുട്ടികൾ സ്വന്തമാ​യി കളിപ്പാ​ട്ടങ്ങൾ ഉണ്ടാക്കി​യെ​ടു​ക്കു​ന്നു.

ഈ പേജു​ക​ളി​ലെ ചിത്രങ്ങൾ നോക്കുക. ഈ കുട്ടികൾ കളി ശരിക്കും ആസ്വദി​ക്കു​ന്ന​താ​യി തോന്നു​ന്നി​ല്ലേ? ചില “വണ്ടികൾ” ഉണ്ടാക്കി​യെ​ടു​ക്കു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യ​മൊ​ന്നു​മല്ല. പഴയ കമ്പിക്ക​ഷ​ണങ്ങൾ ശേഖരിച്ച്‌ ശരിയായ ആകൃതി​യിൽ വളച്ച്‌ ഒക്കെ വേണം അതു ചെയ്യാൻ. ചക്രങ്ങ​ളു​ണ്ടാ​ക്കാൻ, റബ്ബറോ പ്ലാസ്റ്റി​ക്കോ വൃത്താ​കൃ​തി​യിൽ മുറി​ച്ചെ​ടു​ത്താൽ മതി. പാൽക്കു​പ്പി​ക​ളും ശീതള​പാ​നീ​യങ്ങൾ കിട്ടുന്ന കുപ്പി​ക​ളും കൊണ്ടു​ണ്ടാ​ക്കിയ ട്രെയിൻ കണ്ടിട്ട്‌ എന്തു തോന്നു​ന്നു? തടിക്ക​ഷ​ണ​ങ്ങൾകൊണ്ട്‌ ഉണ്ടാക്കിയ ട്രക്ക്‌ ഇഷ്ടപ്പെ​ട്ടോ? ചില​പ്പോൾ ഇങ്ങനെ​യു​ണ്ടാ​ക്കുന്ന കളിവ​ണ്ടി​ക​ളിൽ സഞ്ചരി​ക്കാൻപോ​ലും കഴിയും, അത്തര​മൊ​ന്നാണ്‌ ഒരു ആഫ്രിക്കൻ ഭവനത്തിൽ നിർമിച്ച ഈ സ്‌കൂട്ടർ. കളി രസകര​മാ​ക്കു​ന്ന​തിന്‌ വിലകൂ​ടിയ കളി​ക്കോ​പ്പു​കൾ ഉണ്ടായി​രി​ക്ക​ണ​മെ​ന്നി​ല്ലെന്ന്‌ ഈ കുട്ടി​കൾക്ക​റി​യാം. അവ ഉണ്ടാക്കു​ന്ന​തു​തന്നെ വലിയ രസമാണ്‌. എന്താ ഒന്നു പരീക്ഷി​ച്ചു​നോ​ക്കി​യാ​ലോ?

[അടിക്കു​റിപ്പ്‌]

^ പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[26-ാം പേജിലെ ചതുരം/ചിത്രം]

നല്ല ഒരു കളിപ്പാ​ട്ടം. . .

● കുട്ടി​യു​ടെ പ്രായം, കഴിവു​കൾ, ശാരീ​രി​ക​പ്രാ​പ്‌തി​കൾ എന്നിവ​യ്‌ക്ക്‌ ചേർന്ന​തും സുരക്ഷി​ത​വും ആയിരി​ക്കും

● നന്നായി നിർമി​ച്ച​തും ഈടു​നിൽക്കു​ന്ന​തു​മാ​യി​രി​ക്കും (എല്ലാം വലിച്ചു​പ​റിച്ച്‌ വേർപെ​ടു​ത്താ​നുള്ള പ്രവണത കുട്ടി​കൾക്കുണ്ട്‌)

● കുട്ടിക്ക്‌ ആകർഷ​ക​മാ​യി​രി​ക്കും, അവന്റെ ശ്രദ്ധ പിടി​ച്ചു​പറ്റി അവനെ രസിപ്പി​ക്കു​ന്ന​താ​യി​രി​ക്കും

● അവന്റെ സർഗാ​ത്മ​ക​ത​യെ​യും ഭാവന​യെ​യും ഉത്തേജി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും

● കുടും​ബ​ത്തി​നു താങ്ങാ​വു​ന്ന​താ​യി​രി​ക്കും

● വിഷമ​യ​മാ​യി​രി​ക്കില്ല

[27-ാം പേജിലെ ചതുരം/ചിത്രം]

കളിപ്പാട്ടത്തോടു ബന്ധപ്പെ​ട്ടുള്ള അപകടങ്ങൾ ഒഴിവാ​ക്കാൻ . . .

● മുതിർന്ന കുട്ടി​ക​ളു​ടെ കളി​ക്കോ​പ്പു​കൾ ചെറിയ കുട്ടി​ക​ളു​ടെ കൈ​യെ​ത്താ​ത്തി​ടത്തു വെക്കുക

● എല്ലാ സുരക്ഷാ കുറി​പ്പു​ക​ളും നിർദേ​ശ​ങ്ങ​ളും ശ്രദ്ധാ​പൂർവം, സാധ്യ​മെ​ങ്കിൽ കുട്ടി​യോ​ടൊ​ത്തു വായി​ക്കു​ക

● കളിപ്പാ​ട്ടം ശരിയായ വിധത്തിൽ ഉപയോ​ഗി​ക്കു​ക​യും സൂക്ഷി​ച്ചു​വെ​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ കുട്ടി​യെ​യും കൂട്ടു​കാ​രെ​യും പഠിപ്പി​ക്കു​ക

● ഹാനി​ക​ര​മായ അളവിൽ ശബ്ദം ഉണ്ടാക്കുന്ന കളിപ്പാ​ട്ടങ്ങൾ ഒഴിവാ​ക്കു​ക

● കളിപ്പാ​ട്ടങ്ങൾ ഇടയ്‌ക്കി​ട​യ്‌ക്കു പരി​ശോ​ധി​ക്കുക. കേടു​പ​റ്റിയ പല കളിപ്പാ​ട്ട​ങ്ങ​ളും ഉടനടി നന്നാക്കു​ക​യോ കളയു​ക​യോ ചെയ്യേ​ണ്ട​താണ്‌

● ഉന്നംപി​ടി​ക്കാൻ ഉപയോ​ഗി​ക്കുന്ന കളി​ക്കോ​പ്പു​കൾ, മൂർച്ച​യേ​റിയ വക്കുക​ളു​ള്ളവ, വൈദ്യു​ത കളിപ്പാ​ട്ടങ്ങൾ എന്നിവ അപകട​സാ​ധ്യ​ത​യു​ള്ള​വ​യാണ്‌. ഇവയൊ​ക്കെ മുതിർന്ന​വ​രു​ടെ മേൽനോ​ട്ട​ത്തിൽ മുതിർന്ന കുട്ടികൾ മാത്രം ഉപയോ​ഗി​ക്കു​ക

● കളിപ്പാ​ട്ട​ത്തി​ന്റെ ഏതെങ്കി​ലും ഭാഗം കൊച്ചു​കു​ട്ടി​കൾ വിഴു​ങ്ങാൻ സാധ്യ​ത​യു​ള്ള​താ​ണെ​ങ്കിൽ അത്‌ അവരുടെ എത്തുപാ​ടിൽനി​ന്നു മാറ്റി​വെ​ക്ക​ണം

[24-ാം പേജിലെ ചിത്രം]

ഉരുളുന്ന പ്രതല​ത്തിൽ ഉറപ്പിച്ച സിംഹ​ത്തി​ന്റെ​യും മുള്ളൻപ​ന്നി​യു​ടെ​യും രൂപങ്ങൾ, പൊതു​യു​ഗ​ത്തി​നു​മുമ്പ്‌ രണ്ടാം സഹസ്രാ​ബ്ദം, ഇറാൻ

[കടപ്പാട്‌]

സിംഹവും മുള്ളൻപന്നിയും: Erich Lessing/Art Resource, NY

[25-ാം പേജിലെ ചിത്രം]

കളിമൺപാവ, ഏകദേശം പൊ.യു.മു. 600, ഇറ്റലി

[25-ാം പേജിലെ ചിത്രം]

പമ്പരം, ഏകദേശം പൊ.യു.മു. 480, പൗരാ​ണിക ഗ്രീക്ക്‌ സംസ്‌കൃ​തി​യു​ടെ കാലഘട്ടം

[25-ാം പേജിലെ ചിത്രം]

ചോളത്തിന്റെ ഉമി​കൊ​ണ്ടുള്ള പാവ, കൊ​ളോ​ണി​യൽ അമേരിക്ക

[25-ാം പേജിലെ ചിത്രം]

ക്രേയോണുകൾ, 1900-കളുടെ തുടക്കം, ഐക്യ​നാ​ടു​കൾ

[26-ാം പേജിലെ ചിത്രങ്ങൾ]

വീട്ടിൽ നിർമിച്ച കളി​ക്കോ​പ്പു​ക​ളു​മാ​യി കുട്ടികൾ

[25-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കളിമൺപാവ: Erich Lessing/Art Resource, NY; പമ്പരം: Réunion des Musées Nationaux/ Art Resource, NY; ചോള​ത്തി​ന്റെ ഉമി​കൊ​ണ്ടുള്ള പാവ: Art Resource, NY