വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടൽക്കുതിരകൾ കടലിലെ നർത്തകർ

കടൽക്കുതിരകൾ കടലിലെ നർത്തകർ

കടൽക്കു​തി​രകൾ കടലിലെ നർത്തകർ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

പ്രണയ​വി​വ​ശ​രായ യുവമി​ഥു​ന​ങ്ങ​ളിൽ അനുരാ​ഗ​ത്തി​ന്റെ അരുണിമ പടർന്നു. അവൾ അംഗീ​കാ​ര​ത്തി​ന്റെ കടാക്ഷ​മെ​റി​യു​മ്പോൾ അവന്‌ ഒരു​കോ​ടി ജന്മസാ​ഫ​ല്യം. തുടർന്ന്‌ ഒരു നനുത്ത സ്‌പർശനം, പിന്നെ ഒരു ഗാഢമായ ആശ്ലേഷം. പ്രഭാ​ത​ത്തി​ന്റെ ഇളംകി​ര​ണങ്ങൾ അവരെ തഴുകി​യെ​ത്തവേ പ്രകൃ​തി​യു​ടെ ഏറ്റവും ചേതോ​ഹ​ര​മായ ഒരു നൃത്തരം​ഗ​ത്തി​ലേക്ക്‌ അവർ അടി​വെച്ചു തുടങ്ങു​ക​യാ​യി—അതാണ്‌ കടൽക്കു​തി​ര​ക​ളു​ടെ നടനം.

“കടൽക്കു​തി​രകൾ ഒരു വിസ്‌മ​യ​മാണ്‌, അന്യാ​ദൃ​ശ്യ​വും മനംക​വ​രു​ന്ന​തു​മായ ഒന്ന്‌,” സമു​ദ്ര​ഗ​വേ​ഷ​ക​നായ ഡോ. കിത്ത്‌ മാർട്ടിൻ സ്‌മിത്ത്‌ പറയുന്നു. എന്നിരു​ന്നാ​ലും, ഇവയെ ഏതു ഗണത്തിൽപ്പെ​ടു​ത്ത​ണ​മെന്ന്‌ കഴിഞ്ഞ കാലങ്ങ​ളിൽ ആളുകൾക്കു തീർച്ച​യി​ല്ലാ​യി​രു​ന്നു. ആദ്യകാ​ല​ങ്ങ​ളി​ലെ പ്രകൃ​തി​ശാ​സ്‌ത്രജ്ഞർ ഇവയെ ഹിപ്പോ​കാം​പസ്‌ എന്ന ജനുസ്സിൽപ്പെ​ടു​ത്തി. പൗരാ​ണിക കഥകളി​ലെ മത്സ്യത്തി​ന്റെ വാലുള്ള കുതി​ര​കൾക്കും ഇതേ പേരാ​യി​രു​ന്നു. അവ ഗ്രീക്കു​കാ​രു​ടെ സമു​ദ്ര​ദേ​വ​നായ പോസി​ഡോ​ണി​ന്റെ രഥം വലിച്ചി​രു​ന്ന​താ​യി സങ്കൽപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

തീ തുപ്പുന്ന വ്യാളി​ക​ളു​ടെ കുഞ്ഞു​ങ്ങ​ളാ​ണു കടൽക്കു​തി​ര​ക​ളെന്നു പറഞ്ഞ്‌ ആളുകളെ കബളി​പ്പിച്ച്‌ മധ്യകാ​ല​ഘ​ട്ട​ങ്ങ​ളി​ലെ കച്ചവട​ക്കാർ ഇവയെ വിറ്റഴി​ച്ചി​രി​ക്കാ​മെന്നു പറയ​പ്പെ​ടു​ന്നു. എന്നാൽ കടൽക്കു​തി​രകൾ, നല്ല കട്ടിയുള്ള പുറം​കു​പ്പാ​യ​മുള്ള ഒരുതരം മത്സ്യം മാത്ര​മാണ്‌ എന്നതാണു വാസ്‌തവം. പക്ഷേ അതിന്റെ ആകൃതി മിക്ക മത്സ്യങ്ങ​ളു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാണ്‌, അവയെ​പ്പോ​ലെ നീന്തു​ക​യു​മില്ല. മെല്ലെ ഒഴുകി​നീ​ങ്ങു​ക​യോ നിൽക്കുന്ന സ്ഥലത്തു​നി​ന്നു ദൂരെ​യെ​ങ്ങും പോകാ​തെ പൊന്തി​ക്കി​ട​ക്കു​ക​യോ ചെയ്യുന്ന ഇക്കൂട്ടരെ കണ്ടാൽ, ലോല​മായ പളുങ്കു കുതി​ര​ക​ളാ​ണെ​ന്നും ചതുരം​ഗ​ക്ക​ള​ത്തി​ലെ കുതി​ര​കൾക്കു ജീവൻവെ​ച്ച​താ​ണെ​ന്നും തോന്നും.

ഉഷ്‌ണ​ജ​ല​സ​മൃ​ദ്ധ​മായ തീരക്ക​ട​ലു​ക​ളി​ലാണ്‌ ഇവയെ സാധാ​ര​ണ​മാ​യി കാണു​ന്നത്‌. അവയുടെ ആകൃതി​യി​ലെ​യും വലുപ്പ​ത്തി​ലെ​യും വൈവി​ധ്യം നമ്മെ അതിശ​യി​പ്പി​ക്കും. വിദഗ്‌ധർ കണക്കാ​ക്കുന്ന പ്രകാരം ഇവ 33 മുതൽ 70-ലധികം​വരെ ഇനങ്ങൾവ​രും. നിങ്ങളു​ടെ കൈന​ഖ​ത്തി​ന്റെ വലുപ്പം മാത്ര​മുള്ള കുള്ളൻ കടൽക്കു​തിര, 30 സെന്റി​മീ​റ്റ​റിൽ അധികം നീളം​വെ​ക്കുന്ന കുടവ​യറൻ കടൽക്കു​തിര എന്നിവ ഇക്കൂട്ട​രിൽ ചിലരാണ്‌.

പല്ലില്ല, വയറില്ല, എങ്കിലും കുശാൽതന്നെ!

കുതി​ര​യു​ടേ​തു​പോ​ലുള്ള തലയും എല്ലു​പോ​ലെ കട്ടിയുള്ള പുറം​ച​ട്ട​യും കുരങ്ങി​ന്റേ​തു​പോ​ലുള്ള വാലും ഒക്കെ ചേർന്ന ഇവയുടെ വിചി​ത്ര​രൂ​പം, നീന്തി​ത്തു​ടി​ച്ചു നടക്കു​ന്ന​തി​നെ​ക്കാൾ എവി​ടെ​യെ​ങ്കി​ലും കുറ്റി​യ​ടി​ച്ചു​നിൽക്കു​ന്ന​തി​നാണ്‌ ഏറെ അനു​യോ​ജ്യം. ഇവ ഒരു ജലസസ്യ​ത്തി​ലോ മറ്റോ വാലു​കൊ​ണ്ടു ചുറ്റി​പ്പി​ടിച്ച്‌ ദിവസ​ത്തി​ന്റെ അധിക​സ​മ​യ​വും അവി​ടെ​ത്തന്നെ നിൽക്കും. ഒപ്പം ശാപ്പാ​ടും തരപ്പെ​ടു​ത്തും. എങ്ങോ​ട്ടെ​ങ്കി​ലും പോക​ണ​മെ​ങ്കിൽ പുറകി​ലുള്ള ഒരു കൊച്ചു​ചി​റക്‌ ഇവയെ മെല്ലെ മുന്നോട്ട്‌ തള്ളും, സ്റ്റിയറി​ങ്ങാ​യി വർത്തി​ക്കു​ന്നത്‌ പാർശ്വ​ച്ചി​റ​കു​ക​ളാണ്‌. അവയുടെ ആന്തരിക വാതാ​ശ​യ​ത്തി​ലെ (swim bladder) വായു​വി​ന്റെ അളവ്‌ ക്രമീ​ക​രിച്ച്‌ ഒരു അന്തർവാ​ഹി​നി​പോ​ലെ അവ ഉയരു​ക​യും താഴു​ക​യും ചെയ്യുന്നു.

വിശന്നു​വ​ല​ഞ്ഞാൽ പിന്നെ ആക്രാ​ന്ത​മാണ്‌ ഇതിന്‌. കൊച്ചു​ചെ​മ്മീ​നു​ക​ളോ മറ്റു ക്രസ്റ്റേ​ഷ്യ​നു​ക​ളോ അടുത്തു​കൂ​ടെ​യെ​ങ്ങാ​നും പോയാൽമതി വെള്ള​ത്തോ​ടൊ​പ്പം നിമി​ഷ​ങ്ങൾക്കു​ള്ളിൽ അവ ഇഷ്ടന്റെ വായി​ലെ​ത്തും. എല്ലുക​ളാൽ നിർമി​ത​മായ ഇവയുടെ മോന്ത ആഹാരം വായി​ലേക്കു ശക്തിയാ​യി വലി​ച്ചെ​ടു​ക്കാൻ സഹായി​ക്കു​ന്നു. ഇക്കൂട്ടർക്ക്‌ പല്ലോ ദഹനത്തിന്‌ ആമാശ​യ​മോ ഒന്നുമി​ല്ലാ​ത്ത​തി​നാൽ ആവശ്യ​മായ പോഷണം കിട്ടണ​മെ​ങ്കിൽ ദിവസ​വും 50 ചെമ്മീ​നി​നെ​യെ​ങ്കി​ലും അകത്താ​ക്കണം. സമർഥ​രായ ഈ വേട്ടക്കാർക്ക്‌ ഇതൊ​ന്നും ഒരു പ്രശ്‌നമല്ല, കാരണം അമ്പരപ്പി​ക്കുന്ന കാഴ്‌ച​ശ​ക്തി​യാണ്‌ ഇക്കൂട്ടർക്കു​ള്ളത്‌. ഒരു കണ്ണ്‌ ഇരയ്‌ക്കാ​യി പരതു​മ്പോൾ കക്ഷിക്കു മറ്റേ കണ്ണു​കൊണ്ട്‌ പിന്നിൽ പരതാൻ കഴിയും. മനുഷ്യ നേത്ര​ങ്ങൾക്കു തിരി​ച്ച​റി​യാ​വു​ന്ന​തി​ലും നിറ​ഭേ​ദങ്ങൾ ഇവയുടെ കണ്ണിനു തിരി​ച്ച​റി​യാം. മിക്ക മത്സ്യങ്ങ​ളെ​ക്കാ​ളും സൂക്ഷ്‌മ​മാ​യി കാണാ​നും ഇവയ്‌ക്കു കഴിയും.

ഇനി, മറ്റു ജീവി​ക​ളു​ടെ ശാപ്പാ​ടാ​യി​ത്തീ​രാ​തി​രി​ക്കാൻ ഇവ ശ്രദ്ധി​ച്ചേ​പറ്റൂ. ഞണ്ടുകൾ, ആമകൾ എന്നീ ഇരപി​ടി​യ​ന്മാ​രു​ടെ കണ്ണിൽപ്പെ​ടാ​തി​രി​ക്കാൻ മിക്ക ഇനങ്ങളും കടൽപ്പു​ല്ലു​കൾ, പവിഴ​പ്പു​റ്റു​കൾ, കണ്ടൽക്കാ​ടു​കൾ എന്നിവി​ട​ങ്ങ​ളിൽ അഭയം​തേ​ടു​ന്നു. തൊലി​പ്പു​റത്തെ പാടു​ക​ളും ശരീര​ത്തിൽ ജലസസ്യ​ങ്ങൾപോ​ലെ തോന്നി​ക്കുന്ന ചില വളർച്ച​ക​ളും പരിസ​ര​ത്തി​നു ചേരുന്ന വിധത്തിൽ അതിവി​ദ​ഗ്‌ധ​മാ​യി ത്വക്കിന്റെ നിറം​മാ​റ്റാ​നുള്ള കഴിവും ചേരു​മ്പോൾ തിരി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം ചുറ്റു​പാ​ടു​ക​ളു​മാ​യി പൂർണ​മാ​യി താദാ​ത്മ്യം പ്രാപി​ക്കാൻ ഇവയ്‌ക്കു കഴിയും. “ഈ പ്രച്ഛന്ന​വേ​ഷ​ക്കാ​രെ കണ്ടുപി​ടി​ക്കാൻ ശ്രമി​ച്ചാ​ലോ, അവ നിങ്ങളെ ശരിക്കും വെള്ളം​കു​ടി​പ്പി​ക്കും,” ഗവേഷ​ക​നായ റൂഡി ക്വിറ്റർ പറയുന്നു.

നടനവും പ്രണയ​വും

മറ്റു മിക്കമ​ത്സ്യ​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, കടൽക്കു​തി​ര​ക​ളു​ടെ ദാമ്പത്യം ആജീവ​നാ​ന്ത​മാണ്‌, ഇവ വളരെ വിരള​മാ​യേ ഇണയെ പിരി​ഞ്ഞി​രി​ക്കാ​റു​ള്ളൂ. പുലർവെ​ളി​ച്ച​മെ​ത്തു​മ്പോൾ ഇണകൾ തങ്ങളുടെ ആത്മബന്ധ​മു​റ​പ്പി​ക്കുന്ന അനന്യ​മായ ഒരു നടന​വേ​ള​യ്‌ക്ക്‌ അരങ്ങൊ​രു​ക്കു​ന്നു. “കടൽക്കു​തി​ര​ക​ളു​ടെ നൃത്തം നയന​മോ​ഹ​ന​മാണ്‌, മനോ​ജ്ഞ​മാണ്‌, നോക്കി​യി​രി​ക്കാൻ എന്തുര​സ​മാ​ണെ​ന്നോ,” കടൽക്കു​തി​ര​കളെ പ്രജനനം നടത്തുന്ന ട്രേസി വാർലാൻഡ്‌ പറയുന്നു. നൃത്തം അവസാ​നി​ക്കു​മ്പോൾ രണ്ടു​പേ​രും താന്താ​ങ്ങ​ളു​ടെ പതിവു​സ്ഥ​ല​ത്തു​പോ​യി ‘നങ്കൂര​മി​ട്ടു’ കിടക്കു​ന്നു, പിന്നെ ശാപ്പാടു തരപ്പെ​ടു​ത്തു​ക​യാ​യി. ഇണചേരൽ നൃത്തം വളരെ​യേറെ സങ്കീർണ​മാണ്‌. പെണ്ണിന്റെ സാമീ​പ്യ​മ​റി​യു​മ്പോൾ ആൺകടൽക്കു​തിര തന്റെ സഞ്ചി വീർപ്പി​ക്കു​ന്നു, ഉജ്ജ്വല​മായ നിറമ​ണി​യു​ന്നു, എന്നിട്ട്‌ അവൾ നോക്കി​നിൽക്കെ മുന്നോ​ട്ടും പിന്നോ​ട്ടും ചലിക്കു​ന്നു. പിന്നെ രണ്ടു​പേ​രും അന്യോ​ന്യം മെല്ലെ വട്ടംചു​റ്റി, വാലുകൾ പിണച്ചു​ചേർക്കു​ന്നു. ഒന്നിച്ചു ചുഴറ്റി​ത്തി​രി​യുന്ന ഇണകൾ കുതി​ച്ചു​പാ​യുന്ന കുതി​ര​ക​ളെ​പ്പോ​ലെ കടൽത്ത​ട്ടി​ലാ​ക​മാ​നം പാഞ്ഞു​ന​ടന്ന്‌ പലവിധ കേളി​ക​ളാ​ടു​ന്നു. ഉയർന്നു​വ​രുക, താഴേ​ക്കു​പോ​കുക, വട്ടംതി​രി​യുക, നിറം​മാ​റുക എന്നിങ്ങനെ അരമണി​ക്കൂർനേരം അവർ ഒന്നിച്ച്‌ ആനന്ദ​ക്രീ​ഡ​ക​ളിൽ ആറാടു​ന്നു.

ഈ ഇണചേരൽ നൃത്തം മാതാ​പി​താ​ക്ക​ളാ​കാൻ പോകു​ന്ന​തി​ന്റെ മുന്നോ​ടി​യാണ്‌. “ഇണചേരൽ കാലം സമീപി​ക്കവേ, കടൽക്കു​തി​ര​ക​ളു​ടെ നൃത്തസ​മയം ദീർഘി​ക്കു​ന്നു, കൂടെ​ക്കൂ​ടെ നൃത്തം ചെയ്യുന്നു. അത്‌ ദിവസ​ത്തിൽ ഉടനീളം പലതവണ ആവർത്തി​ച്ചേ​ക്കാം,” ക്വിറ്റർ പറയുന്നു. “നൃത്തം അതിന്റെ പരമകാ​ഷ്‌ഠ​യി​ലെ​ത്തു​മ്പോൾ, വാലുകൾ കൂട്ടി​പ്പി​ണച്ച്‌ ശരീരം പരസ്‌പരം ചേർത്ത്‌ ഇണകൾ മെല്ലെ ജലോ​പ​രി​ത​ല​ത്തി​ലേക്ക്‌ ഉയരുന്നു. അപ്പോൾ പെൺക​ടൽക്കു​തിര ആണിന്റെ കംഗാ​രു​സ​ഞ്ചി​പോ​ലുള്ള ഒരു അറയി​ലേക്ക്‌ മെല്ലെ തന്റെ അണ്ഡങ്ങൾ നിക്ഷേ​പി​ക്കു​ന്നു.” തുടർന്ന്‌ അച്ഛനാ​കാൻ പോകുന്ന ആൺപ്രജ തന്റെ സഞ്ചിക്കു​ള്ളി​ലെ നേർത്ത പടലത്തിൽ ഇവ സുരക്ഷി​ത​മാ​യി ഉറപ്പി​ക്കാൻ ഒരു ശാന്തസ്ഥലം കണ്ടുപി​ടി​ക്കു​ന്നു. അവൻ അണ്ഡത്തിൽ ബീജസ​ങ്ക​ല​ന​വും നടത്തുന്നു. അങ്ങനെ ജന്തു​ലോ​ക​ത്തി​ലെ ഏറ്റവും അനന്യ​സാ​ധാ​ര​ണ​മായ ഗർഭാ​വ​സ്ഥ​യ്‌ക്കു തുടക്ക​മാ​യി.

ഗർഭം​പേ​റുന്ന ആൺപ്ര​ജകൾ!

“ആൺകടൽക്കു​തി​രകൾ ഗർഭം​ധ​രിച്ച്‌ കുഞ്ഞു​ങ്ങൾക്കു ജന്മംനൽകു​ന്നത്‌ ഒരു വിസ്‌മ​യ​മാ​ണെന്ന്‌ എനിക്കു തോന്നു​ന്നു,” ഒരു സ്‌ത്രീ പറഞ്ഞു. “പുരു​ഷ​ന്മാർ ഗർഭം​ധ​രി​ക്കു​ന്നത്‌ എല്ലാ സ്‌ത്രീ​ക​ളു​ടെ​യും സ്വപ്‌ന​മാണ്‌,” മറ്റൊരു സ്‌ത്രീ തമാശ​യാ​യി പറഞ്ഞു. ഒരു ആൺകടൽക്കു​തിര ഒറ്റവർഷം​തന്നെ തുടർച്ച​യാ​യി ഏഴു തവണ ഗർഭം​പേ​റി​യ​ത്രേ! ഓരോ​ന്നി​നും 21 ദിവസത്തെ ദൈർഘ്യ​മു​ണ്ടാ​യി​രു​ന്നു.

കുഞ്ഞുങ്ങൾ അച്ഛന്റെ സഞ്ചിയി​ലെ ചൂടേറ്റ്‌ പറ്റിപ്പി​ടി​ച്ചു​കി​ട​ക്കു​മ്പോൾ അവർക്കു പ്രാണ​വാ​യു​വും പോഷ​ക​ങ്ങ​ളും എത്തിക്കാൻ രക്തക്കു​ഴ​ലു​ക​ളു​ടെ ഒരു സമ്പൂർണ​ശൃം​ഖല തയ്യാറാ​യി​ട്ടു​ണ്ടാ​യി​രി​ക്കും. സമയം കടന്നു​പോ​കവേ, സഞ്ചിക്കു​ള്ളി​ലെ ഉപ്പുര​സ​ത്തി​ന്റെ തോത്‌ ഉയരുന്നു, ഇത്‌ കടൽവെ​ള്ള​ത്തി​ലെ ജീവി​ത​ത്തി​നു കുഞ്ഞു​ങ്ങളെ സജ്ജരാ​ക്കാ​നാണ്‌. പ്രസവ​സ​മയം വന്നെത്തു​മ്പോൾ അച്ഛന്റെ പേറ്റു​നോവ്‌ മണിക്കൂ​റു​കൾ മുതൽ രണ്ടു ദിവസം​വരെ നീണ്ടു​നി​ന്നേ​ക്കാം. ഒടുവിൽ അച്ഛന്റെ ‘ഗർഭപാ​ത്രം’ തുറക്കു​ന്നു, കുഞ്ഞുങ്ങൾ പടിപ​ടി​യാ​യി പുറം​ലോ​ക​ത്തേ​ക്കെ​ത്തു​ക​യാ​യി. ഓരോ ഇനങ്ങളെ അപേക്ഷിച്ച്‌ കുഞ്ഞു​ങ്ങ​ളു​ടെ എണ്ണത്തിനു വ്യത്യാ​സ​മുണ്ട്‌, എന്നിരു​ന്നാ​ലും അത്‌ 1,500 എണ്ണംവരെ ആകാറുണ്ട്‌.

വളർത്തു​മ​ത്സ്യം, കൗതു​ക​വ​സ്‌തു, ഔഷധം

അനവധി​യാ​യി പെറ്റു​പെ​രു​കു​ന്നു​ണ്ടെ​ങ്കി​ലും ലോക​മൊ​ട്ടാ​കെ ഇവയുടെ നിലനിൽപ്പ്‌ ഇന്നു ഭീഷണി​യി​ലാണ്‌. ഈ ഭീഷണി​യാ​കട്ടെ ദിവസം​ചെ​ല്ലു​ന്തോ​റും വർധി​ച്ചു​വ​രു​ക​യു​മാണ്‌. വർഷം​തോ​റും മൂന്നു കോടി കടൽക്കു​തി​രകൾ ലോക​വി​പ​ണി​യി​ലെ വിൽപ്പ​ന​ച്ച​ര​ക്കാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെന്ന്‌ ചില അധികാ​രി​കൾ കണക്കാ​ക്കു​ന്നു. ഇവയിൽ മിക്കവ​യും വന്നെത്തു​ന്നത്‌ ഏഷ്യയി​ലെ പാരമ്പ​ര്യ​വൈ​ദ്യ​ത്തി​ന്റെ ഔഷധ​വി​പ​ണി​യി​ലാണ്‌. അവയെ ആസ്‌ത്‌മ​യും ഒടിവും മുതൽ ലൈം​ഗി​ക​ശേ​ഷി​യി​ല്ലായ്‌മ വരെയുള്ള രോഗ​ങ്ങ​ളു​ടെ നീണ്ടനി​ര​യ്‌ക്കു മരുന്നാ​യി ഉപയോ​ഗി​ക്കു​ന്നു.

വർഷം​തോ​റും ഏകദേശം പത്തുലക്ഷം കടൽക്കു​തി​ര​കളെ കൗതു​ക​വ​സ്‌തു നിർമാ​ണ​ത്തി​നാ​യി വകവരു​ത്തു​ന്നു. കീ ചെയി​നു​കൾ, പേപ്പർവെ​യ്‌റ്റു​കൾ, ബ്രോ​ച്ചു​കൾ തുടങ്ങി​യവ നിർമി​ക്കാ​നാ​ണിത്‌. ട്രോ​ളിങ്‌, പവിഴ​പ്പു​റ്റു​നി​ര​ക​ളിൽ ഡൈന​മൈറ്റു പൊട്ടി​ക്കു​ന്നത്‌, മലിനീ​ക​രണം എന്നിവ കടൽക്കു​തി​ര​ക​ളു​ടെ ലോല​മായ തീരദേശ ആവാസ​വ്യ​വ​സ്ഥയെ തകിടം​മ​റി​ക്കു​ന്നു. അക്വേ​റി​യ​ങ്ങ​ളി​ലെ ഉപയോ​ഗ​ത്തി​നാ​യും ഇവറ്റകളെ പിടിച്ചു വിൽക്കാ​റുണ്ട്‌. പക്ഷേ, അവയ്‌ക്ക്‌ പ്രത്യേ​ക​തരം ഭക്ഷണം ആവശ്യ​മാ​യ​തി​നാ​ലും പലതരം രോഗങ്ങൾ അവയെ ബാധി​ക്കു​ന്ന​തു​കൊ​ണ്ടും ബന്ധനത്തിൽ അതിജീ​വി​ക്കു​ന്നവ വിരള​മാണ്‌.

കടലു​ക​ളാ​കു​ന്ന അവയുടെ ഊഷ്‌മ​ള​ഭ​വ​ന​ങ്ങ​ളിൽനി​ന്നു നിഷ്‌ക​രു​ണം അവയെ പറിച്ചു​മാ​റ്റുന്ന ഈ ഏർപ്പാ​ടി​നു തടയി​ടാൻ ചില നിയമ നടപടി​കൾ മുന്നോ​ട്ടു​വെ​ച്ചി​ട്ടുണ്ട്‌. അതിൻപ്ര​കാ​രം, കടൽക്കു​തി​ര​ക​ളു​ടെ കയറ്റു​മതി പാരി​സ്ഥി​തിക സന്തുല​നാ​വ​സ്ഥ​യ്‌ക്ക്‌ ഒരുത​ര​ത്തി​ലും ഭീഷണി​യ​ല്ലെന്നു പല രാജ്യ​ങ്ങ​ളും തെളി​യി​ക്കേ​ണ്ട​തുണ്ട്‌. വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ ഇവയെ കൃത്രിമ ചുറ്റു​പാ​ടു​ക​ളിൽവെ​ച്ചു​തന്നെ പ്രജനനം നടത്തുന്ന ഒരു ചെറി​യ​കൂ​ട്ടം ആളുക​ളുണ്ട്‌. മെച്ചപ്പെട്ട പ്രജന​ന​രീ​തി​ക​ളും സാങ്കേ​തി​ക​വി​ദ്യ​ക​ളും അക്വേ​റി​യം വിപണി​ക്കു​വേണ്ടി ഇവയെ ഉത്‌പാ​ദി​പ്പി​ക്കാൻ ഇവരെ സഹായി​ക്കു​ന്നു.

കടൽക്കു​തി​ര​ക​ളു​ടെ ഭാവി, സമു​ദ്ര​ങ്ങ​ളു​ടെ​തന്നെ ഭാവിയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. “മനുഷ്യ​ജാ​തി​യു​ടെ കൈക​ടത്തൽ ലോക​സ​മു​ദ്ര​ങ്ങൾക്കു​മേൽ ഭീഷണി​യു​ടെ നിഴൽ വിരി​ച്ചി​രി​ക്കു​ന്നു. ആഴിയു​ടെ ആഴങ്ങളിൽ നാം ആർത്തി​യോ​ടെ കൈയി​ട്ടു​വാ​രു​ക​യാണ്‌,” ക്വിറ്റർ വ്യസന​ത്തോ​ടെ പറയുന്നു. മനുഷ്യ​കു​ല​ത്തി​ന്റെ “പുരോ​ഗ​തി​യു​ടെ” ഭ്രാന്ത​മായ താളങ്ങ​ളിൽ നീരാ​ഴി​യി​ലെ ലോല​മായ ഈ നടന സൗകു​മാ​ര്യ​ങ്ങൾക്കു താളം​പി​ഴ​യ്‌ക്കു​മോ? അങ്ങനെ ഒടുവിൽ അവ രംഗത്തു​നി​ന്നു​തന്നെ പോയ്‌മ​റ​യു​മോ? “നമുക്ക്‌ നല്ലതി​നാ​യി പ്രത്യാ​ശി​ക്കാം,” മാർട്ടിൻ സ്‌മിത്ത്‌ പറയുന്നു. “ആളുകൾ പൊതു​വേ ഞങ്ങളുടെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്നുണ്ട്‌. ഭൂഗ്ര​ഹ​ത്തി​ലെ ജീവജാ​ല​ങ്ങളെ ആർദ്ര​ത​യോ​ടെ പരിപാ​ലി​ക്ക​ണ​മെന്നു കൂടുതൽ ആളുകളെ പറഞ്ഞു മനസ്സി​ലാ​ക്കു​ക​യാണ്‌ ഞങ്ങളുടെ ജോലി. അതി​നോട്‌ അനുകൂല പ്രതി​ക​രണം ഉണ്ടാകു​മ്പോൾ മാറ്റം സുനി​ശ്ചി​തം. നമുക്ക്‌ കടൽക്കു​തി​ര​കളെ സംരക്ഷി​ക്കാൻ കഴിഞ്ഞാൽ, ഒരുപക്ഷേ കടലു​ക​ളെ​യും സംരക്ഷി​ക്കാ​നാ​കും.” ശരിയാ​യി​രി​ക്കാം. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, പ്രത്യാശ പകരുന്ന കൂടുതൽ ആശ്രയ​യോ​ഗ്യ​മായ ഒരു ഉറവി​ട​മുണ്ട്‌.—വെളി​പ്പാ​ടു 14:7.

[15-ാം പേജിലെ ചിത്രം]

കുള്ളൻ കടൽക്കു​തിര (യഥാർഥ വലുപ്പം)

[കടപ്പാട്‌]

© Reinhard Dirscherl/Visuals Unlimited

[16-ാം പേജിലെ ചിത്രങ്ങൾ]

പരിസരത്തിനു ചേരുന്ന വിധത്തിൽ അതിവി​ദ​ഗ്‌ധ​മാ​യി ത്വക്കിന്റെ നിറം​മാ​റ്റാ​നുള്ള കഴിവ്‌ കടൽക്കു​തി​ര​കൾക്കുണ്ട്‌

കുറിയതലയൻ കടൽക്കു​തി​ര

കുടവയറൻ കടൽക്കു​തി​ര​കൾ

വരയൻ കടൽക്കു​തി​ര

[16-ാം പേജിലെ ചിത്രം]

കിരീടധാരിയായ കടൽക്കു​തി​ര

[17-ാം പേജിലെ ചിത്രം]

കുറിയതലയൻ കടൽക്കു​തി​ര​കൾ

[17-ാം പേജിലെ ചിത്രം]

കുറിയതലയൻ ആൺകടൽക്കു​തി​ര​യു​ടെ പ്രസവം

[17-ാം പേജിലെ ചിത്രം]

കുറിയതലയൻ കടൽക്കു​തി​ര​യു​ടെ കുഞ്ഞുങ്ങൾ

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

വരയൻ കടൽക്കുതിര: © Ken Lucas/Visuals Unlimited; മറ്റെല്ലാ ചിത്രങ്ങളും: Rudie H Kuiter

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

എല്ലാ ചിത്രങ്ങളും: Rudie H Kuiter