വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ഗ്രഹം എത്ര രോഗാതുരം?

നമ്മുടെ ഗ്രഹം എത്ര രോഗാതുരം?

നമ്മുടെ ഗ്രഹം എത്ര രോഗാ​തു​രം?

ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ

രോഗിയുടെ നില ഗുരു​ത​ര​മാണ്‌. പലവി​ധ​മായ രോഗ​ല​ക്ഷ​ണങ്ങൾ കാണി​ക്കു​ന്നുണ്ട്‌. ഉച്ഛ്വാ​സ​ത്തിൽ ദുർഗന്ധം വമിക്കു​ന്നു. മുമ്പെ​ന്ന​ത്തെ​ക്കാൾ ശക്തമായ പനി, എന്തൊക്കെ ചെയ്‌തി​ട്ടും അതു കുറയുന്ന ലക്ഷണ​മൊ​ന്നും കാണു​ന്നില്ല. ശരീര ദ്രവങ്ങ​ളിൽ വിഷാം​ശം കണ്ടെത്തി​യി​രി​ക്കു​ന്നു. ഒരു ഭാഗത്തെ അസ്വാ​സ്ഥ്യ​ങ്ങൾക്കു ചികി​ത്സി​ക്കു​മ്പോൾ, ഇതര ഭാഗങ്ങ​ളിൽ വേറെ പത്തെണ്ണം തലപൊ​ക്കു​ന്നു. ഒരു സാധാരണ രോഗി​യാ​യി​രു​ന്നെ​ങ്കിൽ, ഇതിനെ മരണക​ര​മായ ഒരു മാറാ​രോ​ഗ​മാ​യി ഡോക്ടർമാർ വിധി​യെ​ഴു​തി​യേനെ. വേറെ എന്തു ചെയ്യണ​മെന്നു നിശ്ചയ​മി​ല്ലാ​ത്ത​തി​നാൽ, മരണം​വരെ രോഗി​യു​ടെ അസ്വാ​സ്ഥ്യ​ങ്ങ​ളും വേദന​യും ആവുന്നത്ര കുറയ്‌ക്കാ​നുള്ള നടപടി​കൾ കൈ​ക്കൊ​ള്ളുക മാത്ര​മാ​യി​രി​ക്കും അവർ ചെയ്യു​ന്നത്‌.

പക്ഷേ, ഈ രോഗി ഒരു മനുഷ്യ​നല്ല. അതു നമ്മുടെ ഭവനമായ ഭൂമി​യാണ്‌. മുകളിൽ ചിത്രീ​ക​രിച്ച രംഗം, നമ്മുടെ ഗ്രഹത്തി​നു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ ഉചിത​മാ​യി വരച്ചു​കാ​ട്ടു​ന്നു. മലിന​വാ​യു, ആഗോ​ള​ത​പനം, മലീമ​സ​മായ ജലം, വിഷമാ​ലി​ന്യ​ങ്ങൾ എന്നിവ രോഗാ​തു​ര​യായ ഭൂമി പേറുന്ന വിഴു​പ്പു​ക​ളിൽ ഏതാനും ചിലതു മാത്രം. മുകളിൽ പരാമർശിച്ച ഡോക്ടർമാ​രെ​പ്പോ​ലെ, എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ വിദഗ്‌ധർ കുഴങ്ങു​ക​യാണ്‌.

പിൻവ​രു​ന്നവ പോലുള്ള തലക്കെ​ട്ടു​ക​ളും ചിത്ര​ക്കു​റി​പ്പു​ക​ളും ഉപയോ​ഗിച്ച്‌ ഭൂമി​യു​ടെ ക്ഷയിക്കുന്ന ആരോ​ഗ്യ​ത്തി​ലേക്ക്‌ മാധ്യ​മങ്ങൾ പതിവാ​യി ശ്രദ്ധക്ഷ​ണി​ക്കു​ന്നു: “തോട്ട​യി​ട്ടുള്ള മീൻപി​ടി​ത്തം—ആഴിയു​ടെ അടിത്ത​ട്ടു​കൾ ശവപ്പറ​മ്പു​ക​ളാ​യി മാറുന്നു.” “24 വർഷത്തി​നു​ള്ളിൽ നൂറു​കോ​ടി ഏഷ്യക്കാർ ദാഹിച്ചു വലയും.” “ആഗോള വിഷമാ​ലി​ന്യ വ്യാപാ​രം—പ്രതി​വർഷം നാലു​കോ​ടി ടൺ.” “ജപ്പാനി​ലെ 1,800 കിണറു​ക​ളിൽ ഏതാണ്ട്‌ മൂന്നിൽ രണ്ടും വിഷലി​പ്‌തം.” “അന്റാർട്ടി​ക്ക​യ്‌ക്കു മീതെ ഓസോൺ ദ്വാരം ഉത്‌ക​ണ്‌ഠാ​ജ​ന​ക​മാം​വി​ധം വലുതാ​കു​ന്നു.”

പരിസ്ഥി​തി നേരി​ടുന്ന ഭീഷണി സംബന്ധിച്ച്‌ കൂടെ​ക്കൂ​ടെ കാണാ​റുള്ള വാർത്ത​കൾക്ക്‌, പതിവു പല്ലവി എന്നതിൽക്ക​വിഞ്ഞ പ്രാധാ​ന്യ​മൊ​ന്നും ചിലയാ​ളു​കൾ കൽപ്പി​ക്കു​ന്നില്ല, വിശേ​ഷി​ച്ചും ‘എന്നെ ബാധി​ക്കാ​ത്തി​ട​ത്തോ​ളം കാലം ഞാൻ എന്തിനു തലപു​ക​യ്‌ക്കണം’ എന്ന മട്ടാണ​വർക്ക്‌. എന്നാൽ, നാം തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും, ഭൗമപ​രി​സ്ഥി​തി​യു​ടെ വലിയ​തോ​തി​ലുള്ള നാശം ആളുക​ളിൽ ബഹുഭൂ​രി​പ​ക്ഷ​ത്തെ​യും ബാധി​ക്കു​ന്നു. മലിനീ​ക​രണം ഇന്ന്‌ ആഗോള വ്യാപ​ക​മാ​യി​രി​ക്കു​ന്ന​തി​നാൽ, നമ്മുടെ ജീവി​ത​ത്തി​ന്റെ ഒന്നില​ധി​കം വശങ്ങളെ അത്‌ ഇപ്പോൾത്തന്നെ ബാധി​ക്കു​ന്നു​ണ്ടാ​കണം. അതു​കൊണ്ട്‌ നമ്മുടെ ഭൗമഭ​വ​ന​ത്തി​ന്റെ ആരോ​ഗ്യ​വും സംരക്ഷ​ണ​വും സംബന്ധിച്ച്‌ നാമെ​ല്ലാം ചിന്തയു​ള്ള​വ​രാ​യി​രി​ക്കണം. അല്ലെങ്കിൽപ്പി​ന്നെ ജീവി​ക്കാൻ നാം മറ്റെവി​ടെ​പ്പോ​കും?

പ്രശ്‌നം വാസ്‌ത​വ​ത്തിൽ എത്ര വ്യാപ​ക​മാണ്‌? ഭൂമി എത്ര​ത്തോ​ളം രോഗാ​തു​ര​യാണ്‌? ആളുക​ളു​ടെ ജീവി​തത്തെ ഇത്‌ എങ്ങനെ ബാധി​ക്കു​ന്നു? ഭൂമി​യു​ടെ അവസ്ഥ ലഘുവാ​യെ​ടു​ക്കാ​വുന്ന ഒന്നല്ല, മറിച്ച്‌ വളരെ ഗുരു​ത​ര​മാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഏതാനും ചില ഘടകങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

സമു​ദ്രങ്ങൾ: സമു​ദ്ര​ത്തിൽ വ്യാപ​ക​മാ​യി അമിത മത്സ്യബ​ന്ധനം നടക്കുന്നു. “പിടി​ക്കുന്ന മത്സ്യങ്ങൾക്ക്‌ ആനുപാ​തി​ക​മാ​യി മത്സ്യ​പ്ര​ജ​നനം സാധി​ക്കാ​ത്ത​വി​ധം അല്ലെങ്കിൽ അതു ദുഷ്‌ക​ര​മാ​കും​വി​ധം കടലിലെ മത്സ്യബ​ന്ധ​ന​മേ​ഖ​ല​ക​ളു​ടെ 70 ശതമാനം അങ്ങേയറ്റം ചൂഷണം ചെയ്യ​പ്പെ​ടു​ന്നു” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര പരിസ്ഥി​തി പരിപാ​ടി​യു​ടെ ഒരു റിപ്പോർട്ട്‌ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഉത്തര അറ്റ്‌ലാ​ന്റി​ക്കി​ലെ കോഡ്‌, ഹേക്‌, ഹാഡക്‌, ഫ്‌ളൗൺഡർ എന്നീ മത്സ്യങ്ങ​ളു​ടെ എണ്ണം 1989-നും 1994-നും ഇടയ്‌ക്ക്‌ 95 ശതമാനം കുറഞ്ഞു. ഇതു തുടരു​ക​യാ​ണെ​ങ്കിൽ, ഭക്ഷണത്തി​നാ​യി പ്രധാ​ന​മാ​യും കടലിനെ ആശ്രയി​ക്കുന്ന ദശലക്ഷ​ങ്ങ​ളു​ടെ അവസ്ഥ എന്താകും?

ഇതുകൂ​ടാ​തെ, പ്രതി​വർഷം രണ്ടുമു​തൽ നാലു​വരെ കോടി ടൺ—സാധാ​ര​ണ​ഗ​തി​യിൽ മുറി​വേ​റ്റ​തോ ചത്തതോ ആയ—കടൽ ജീവി​കളെ പിടി​ച്ച​ശേഷം തിരിച്ച്‌ സമു​ദ്ര​ത്തിൽ എറിഞ്ഞു കളയു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഇവയെ ഇങ്ങനെ വീണ്ടും കടലി​ലേക്കു തള്ളുന്നത്‌ എന്തു​കൊ​ണ്ടാണ്‌? പിടി​ക്കാൻ ലക്ഷ്യമി​ട്ടി​രുന്ന മത്സ്യ​ത്തോ​ടൊ​പ്പം ഇവയും വലയിൽ പെട്ടു​പോ​കു​ന്ന​താണ്‌.

വനങ്ങൾ: വനനശീ​ക​ര​ണ​ത്തി​ന്റെ പ്രത്യാ​ഘാ​തങ്ങൾ അനവധി​യാണ്‌. വൃക്ഷങ്ങൾ ഇല്ലാതാ​കു​ന്നതു നിമിത്തം കാർബൺഡ​യോ​ക്‌​സൈഡ്‌ വലി​ച്ചെ​ടു​ക്കാ​നുള്ള ഭൂമി​യു​ടെ പ്രാപ്‌തി കുറഞ്ഞു​പോ​കു​ന്നു. ഇത്‌ ആഗോ​ള​ത​പ​ന​ത്തി​നു വഴി​വെ​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ജീവരക്ഷാ മരുന്നു​ക​ളു​ടെ സാധ്യ​ത​യുള്ള ഉറവി​ട​മായ ചിലയി​നം സസ്യങ്ങൾ അപ്രത്യ​ക്ഷ​മാ​കും. ഇതൊ​ക്കെ​യാ​ണെ​ങ്കി​ലും വനനശീ​ക​രണം നിർബാ​ധം തുടരു​ക​യാണ്‌. വാസ്‌ത​വ​ത്തിൽ, കഴിഞ്ഞ ഏതാനും വർഷങ്ങ​ളാ​യി അതിന്റെ ആവൃത്തി വർധി​ച്ചി​രി​ക്കു​ക​യാണ്‌. ഈ പോക്കു​പോ​യാൽ ഏതാണ്ട്‌ 20 വർഷത്തി​നു​ള്ളിൽ ഉഷ്‌ണ​മേ​ഖലാ വനങ്ങൾ അപ്രത്യ​ക്ഷ​മാ​യേ​ക്കാം എന്ന്‌ ചില വിദഗ്‌ധർ കരുതു​ന്നു.

വിഷവി​സർജ്യ​ങ്ങൾ: ഹാനി​ക​ര​മായ വസ്‌തു​ക്കൾ കരയി​ലും കടലി​ലും തള്ളുന്നത്‌ ദശലക്ഷ​ങ്ങൾക്ക്‌ അപായ​ഭീ​ഷണി ഉയർത്തുന്ന ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മാണ്‌. അണു​പ്ര​സരണ ശേഷി​യുള്ള അവശി​ഷ്ടങ്ങൾ, ഘനലോ​ഹങ്ങൾ, പ്ലാസ്റ്റിക്‌ ഉപോ​ത്‌പ​ന്നങ്ങൾ എന്നിവ മനുഷ്യ​രി​ലും മൃഗങ്ങ​ളി​ലും ജൈവ ക്രമ​ക്കേ​ടു​കൾക്കോ രോഗ​ത്തി​നോ മരണത്തി​നോ പോലും ഇടയാ​ക്കി​യേ​ക്കാം.

രാസപ​ദാർഥങ്ങൾ: കഴിഞ്ഞ നൂറ്റാ​ണ്ടിൽ ഏതാണ്ട്‌ 1,00,000 പുതിയ രാസപ​ദാർഥങ്ങൾ ഉപയോ​ഗ​ത്തിൽ വരിക​യു​ണ്ടാ​യി. ഈ രാസപ​ദാർഥങ്ങൾ ഒടുവിൽ വായു​വി​ലും മണ്ണിലും ജലത്തി​ലും നമ്മുടെ ഭക്ഷണത്തി​ലും എത്തി​ച്ചേ​രു​ന്നു. ഇവ മനുഷ്യ​രിൽ ഉളവാ​ക്കുന്ന ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌ എന്നറി​യാൻ താരത​മ്യേന ചുരുക്കം ചില പദാർഥ​ങ്ങളെ മാത്രമേ പഠനവി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ളൂ. എന്നാൽ ഗവേഷണ വിധേ​യ​മാ​ക്കി​യ​വ​യിൽ ഗണ്യമായ ഒരു സംഖ്യ കാൻസ​റി​നും മറ്റു രോഗ​ങ്ങൾക്കും നിമി​ത്ത​മാ​കു​ന്നു എന്നു കണ്ടെത്തി​യി​ട്ടുണ്ട്‌.

നമ്മുടെ പരിസ്ഥി​തി​ക്കു ഭീഷണി​യായ അനേകം സംഗതി​കൾ ഇനിയു​മുണ്ട്‌: വായു മലിനീ​ക​രണം, സംസ്‌ക​രി​ക്കാത്ത മലിന​ജലം, അമ്ലമഴ, ശുദ്ധജ​ല​ക്ഷാ​മം. ഇതുവരെ പരാമർശിച്ച സംഗതി​കൾതന്നെ ഭൂമി വാസ്‌ത​വ​ത്തിൽ രോഗാർത്ത​യാണ്‌ എന്നു വ്യക്തമാ​ക്കാൻ പോന്ന​താണ്‌. രോഗി​യെ രക്ഷിക്കാൻ കഴിയു​മോ? അതോ സ്ഥിതി ആശയറ്റ​താ​ണോ? (g03 11/22)