വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പോഷകഗുണമുള്ള ആഹാരം നിങ്ങളുടെ എത്തുപാടിൽ

പോഷകഗുണമുള്ള ആഹാരം നിങ്ങളുടെ എത്തുപാടിൽ

പോഷ​ക​ഗു​ണ​മുള്ള ആഹാരം നിങ്ങളു​ടെ എത്തുപാ​ടിൽ

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

മെക്‌സി​ക്കോ​യി​ലെ വഹാക്കാ സംസ്ഥാ​നത്തെ ചെറി​യൊ​രു ഉൾനാടൻ പട്ടണത്തി​ലാണ്‌ ആൻഹെ​ലി​ക്ക​യും പത്തു പേരട​ങ്ങുന്ന കുടും​ബ​വും താമസി​ച്ചി​രു​ന്നത്‌. തീരെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു അവർ. ചോളം​കൊണ്ട്‌ ഉണ്ടാക്കിയ ടോർട്ടിയ, പയറ്‌, മുളകു സോസ്‌, കഞ്ഞി, മധുര​മുള്ള റൊട്ടി, ചായ—ഇതായി​രു​ന്നു അവരുടെ നിത്യാ​ഹാ​രം. “ഞങ്ങൾക്കു വളർച്ച തീരെ കുറവാ​യി​രു​ന്നു,” ആൻഹെ​ലിക്ക പറയുന്നു. “എല്ലാവ​രും വളരെ മെലി​ഞ്ഞാ​ണി​രു​ന്നത്‌. വയറ്റിലെ അസുഖങ്ങൾ, പരാദ​ശ​ല്യം, ജലദോ​ഷം എന്നിങ്ങനെ എന്തെങ്കി​ലു​മൊ​ക്കെ രോഗങ്ങൾ ഞങ്ങൾക്ക്‌ എപ്പോ​ഴും ഉണ്ടാകു​മാ​യി​രു​ന്നു.”

ആൻഹെ​ലി​ക്ക​യും കുടും​ബ​വും മെക്‌സി​ക്കോ നഗരത്തി​ലേക്കു താമസം മാറാൻ തീരു​മാ​നി​ച്ചു. അവിടെ ജോലി കിട്ടി​യാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ച​പ്പെ​ടു​മെന്ന്‌ അവർ വിചാ​രി​ച്ചു. ഇപ്പോൾ തങ്ങളുടെ ഭക്ഷണ​ക്രമം വളരെ മെച്ച​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ അവൾ വിശ്വ​സി​ക്കു​ന്നു. കാരണം അതി​പ്പോൾ പാല്‌, മുട്ട, ഇറച്ചി, നെയ്യ്‌, ചില പച്ചക്കറി​കൾ, സംസ്‌ക​രിച്ച വിവിധ ആഹാര​സാ​ധ​നങ്ങൾ എന്നിവ ഉൾപ്പെ​ട്ട​താണ്‌. എന്നാൽ അവരുടെ ഭക്ഷണ​ക്രമം യഥാർഥ​ത്തിൽ കൂടുതൽ പോഷ​ക​ഗു​ണം ഉള്ളതാ​യി​ത്തീർന്നി​ട്ടു​ണ്ടോ?

വികല​പോ​ഷണം—എത്ര വ്യാപകം?

ലോക​വ്യാ​പ​ക​മാ​യി 80 കോടി​യോ​ളം ജനങ്ങൾ പോഷ​ക​ക്കു​റവു നിമി​ത്ത​മുള്ള മരണത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ 1998-ലെ ലോകാ​രോ​ഗ്യ റിപ്പോർട്ട്‌ അനുസ​രിച്ച്‌, അഞ്ചു വയസ്സിനു താഴെ​യുള്ള കുട്ടി​ക​ളു​ടെ മരണങ്ങ​ളിൽ 50 ശതമാനം പോഷ​ക​ക്കു​റ​വു​മാ​യി ബന്ധപ്പെ​ട്ട​വ​യാണ്‌. ചിലർ മരണത്തെ അതിജീ​വി​ക്കു​ന്നെ​ങ്കിൽ പോലും അവരുടെ ആരോ​ഗ്യ​നില പലപ്പോ​ഴും മോശ​മാ​യി​രി​ക്കും.

അതേസ​മ​യം, 80 കോടി​യോ​ളം തന്നെ ജനങ്ങൾ അമിത ഭക്ഷണത്താൽ മരിക്കാ​നുള്ള സാധ്യ​ത​യും ഉള്ളതായി പറയ​പ്പെ​ടു​ന്നു. സമീകൃ​ത​മ​ല്ലാത്ത ഒരു ഭക്ഷണ​ക്ര​മ​ത്തിന്‌ അമിത​വണ്ണം, ആതെ​റോ​സ്‌ക്ലി​റോ​സിസ്‌, ഉയർന്ന രക്തസമ്മർദം, പ്രമേഹം, കരൾവീ​ക്കം, പലതരം കാൻസ​റു​കൾ എന്നിങ്ങ​നെ​യുള്ള ദീർഘ​കാല രോഗ​ങ്ങൾക്ക്‌ ഇടയാ​ക്കാൻ കഴിയും. ഇതിനെ സംക്ഷേ​പി​ച്ചു​കൊണ്ട്‌ ലോകാ​രോ​ഗ്യ സംഘടന പറയുന്നു: “അതു​കൊണ്ട്‌ വളരെ വ്യാപ്‌തി​യുള്ള ഒന്നാണു വികല​പോ​ഷണം; പോഷ​ക​ക്കു​റവ്‌, ചില പ്രത്യേക പോഷ​ക​ങ്ങ​ളു​ടെ അഭാവം, അധിക​പോ​ഷണം എന്നീ അനഭി​ല​ഷ​ണീയ അവസ്ഥക​ളെ​ല്ലാം അതിൽ പെടും; അതിന്‌ ആളുകളെ കൊല്ലാ​നും വികലാം​ഗ​രും ദുർബ​ല​രും അന്ധരു​മൊ​ക്കെ ആക്കാനും അവരുടെ വളർച്ച മുരടി​പ്പി​ക്കാ​നും വളരെ വ്യാപ​ക​മായ ഒരു തലത്തിൽ ആഗോള മനുഷ്യ പുരോ​ഗ​തി​യു​ടെ​മേൽ കൂച്ചു​വി​ല​ങ്ങി​ടാ​നും സാധി​ക്കും.”

ചില​പ്പോൾ ഒരു രാജ്യത്തെ ജനങ്ങൾക്കി​ട​യിൽത്തന്നെ പോഷ​ക​ക്കു​റ​വും അമിത​വ​ണ്ണ​വും കണ്ടേക്കാം. അതു​പോ​ലെ ഒരേ വീട്ടിൽത്തന്നെ കുഞ്ഞു​ങ്ങൾക്കി​ട​യിൽ പോഷ​ക​ക്കു​റവു നിമി​ത്ത​മുള്ള പ്രശ്‌നങ്ങൾ ഉള്ളപ്പോൾ മുതിർന്നവർ അമിത​വ​ണ്ണ​ത്തി​ന്റെ ഗുരുതര ഫലങ്ങളു​മാ​യി മല്ലിടു​ക​യാ​യി​രി​ക്കാം. ഇനി ചിലരു​ടെ കാര്യ​ത്തിൽ, ബാല്യ​ത്തിൽ പോഷ​ക​ക്കു​റവ്‌ അനുഭ​വി​ച്ചി​രുന്ന ഒരു വ്യക്തി വളർന്നു കഴിയു​മ്പോൾ ദുർമേ​ദ​സ്സു​ള്ള​യാൾ ആയിത്തീർന്നേ​ക്കാം. നാട്ടിൻപു​റ​ങ്ങ​ളിൽനി​ന്നു നഗരങ്ങ​ളി​ലേക്കു ചേക്കേ​റു​ന്ന​വ​രു​ടെ ഇടയി​ലാണ്‌ ഒടുവിൽ പറഞ്ഞ അവസ്ഥ സാധാ​ര​ണ​മാ​യി കണ്ടുവ​രു​ന്നത്‌.

പലരും തങ്ങളുടെ ആഹാര​ശീ​ല​ങ്ങ​ളും ആരോ​ഗ്യ​സ്ഥി​തി​യും തമ്മിലുള്ള ബന്ധം തിരി​ച്ച​റി​യു​ന്നില്ല. മോശ​മായ ഭക്ഷണ​ക്ര​മ​ത്തിന്‌ ആരോ​ഗ്യ​ത്തി​ന്മേ​ലുള്ള ഫലങ്ങൾ ഉടൻതന്നെ പ്രകട​മാ​കാ​ത്ത​താ​കാം ഒരുപക്ഷേ ഇതിനു കാരണം. എന്നാൽ ആരോ​ഗ്യ​ക​ര​മായ ഒരു ഭക്ഷണ​ക്ര​മ​ത്തി​നു പല രോഗ​ങ്ങ​ളും തടയാൻ കഴിയും. വാസ്‌ത​വ​ത്തിൽ, കാൻസർ കേസു​ക​ളിൽ 40 ശതമാ​ന​വും ആഹാര​ശീ​ലങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും വ്യായാ​മം ചെയ്യു​ന്ന​തി​ലൂ​ടെ​യും തടയാൻ കഴിയു​മെന്നു ലോകാ​രോ​ഗ്യ സംഘടന കണക്കാ​ക്കു​ന്നു. എന്നാൽ നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു ഭക്ഷണ​ക്രമം മെച്ച​പ്പെ​ടു​ത്താൻ കഴിയുക?

ഭക്ഷണ​ക്രമം എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

ഭക്ഷ്യവ​സ്‌തു​ക്കളെ മൂന്നു മുഖ്യ ഗണങ്ങളാ​യി തരംതി​രി​ക്കാ​മെന്നു ചിലർ വിചാ​രി​ക്കു​ന്നു. ആദ്യത്തെ ഗണത്തിൽ ചോളം, ഗോതമ്പ്‌, അരി, ഓട്ട്‌സ്‌, വരക്‌, ബാർളി, തിന തുടങ്ങിയ ധാന്യ​ങ്ങ​ളും ഉരുള​ക്കി​ഴങ്ങ്‌, ചേന എന്നിങ്ങ​നെ​യുള്ള കിഴങ്ങു​ക​ളും ഉൾപ്പെ​ടു​ന്നു. ഈ ധാന്യ​കങ്ങൾ പെട്ടെന്ന്‌ ഊർജം പ്രദാനം ചെയ്യുന്നു. രണ്ടാമത്തെ ഗണത്തിൽ പയറു​വർഗ​ത്തിൽ പെടുന്ന ചെറു​പ​യറ്‌, വൻപയറ്‌, സോയാ​ബീൻസ്‌, കടല തുടങ്ങി​യ​വ​യും മൃഗജന്യ ഭക്ഷ്യപ​ദാർഥ​ങ്ങ​ളായ മാംസം, മത്സ്യം, മുട്ട, പാല്‌, പാലു​ത്‌പ​ന്നങ്ങൾ എന്നിവ​യും പെടുന്നു. ഇവയിൽ മാംസ്യ​വും ഇരുമ്പും സിങ്കും പലതരം ജീവക​ങ്ങ​ളും അടങ്ങി​യി​ട്ടുണ്ട്‌. മൂന്നാ​മത്തെ ഗണത്തിൽ ഉൾപ്പെ​ടു​ന്നത്‌ പഴങ്ങളും പച്ചക്കറി​ക​ളു​മാണ്‌. ഇവ അത്യന്താ​പേ​ക്ഷി​ത​മായ ജീവക​ങ്ങ​ളും ധാതു​ക്ക​ളും പ്രദാനം ചെയ്യുന്നു. കൂടാതെ ആഹാര​ത്തിൽ അടങ്ങി​യി​രി​ക്കേണ്ട നാരു​ക​ളും ഊർജ​വും അവയി​ലുണ്ട്‌. ജീവകം സി-യുടെ ഏക പ്രകൃ​തി​ജന്യ ഉറവി​ട​മാണ്‌ അവ.

മെക്‌സി​ക്കോ​യി​ലുള്ള സാൽവാ​ഡോർ സൂബി​റാൻ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ന്യൂ​ട്രി​ഷന്റെ ഡയറക്ടർ ഡോ. എക്ടോർ ബൂർഹെസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ആഹാര​ക്രമം ആരോ​ഗ്യ​ക​ര​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ ആവശ്യ​ത്തി​നു ഭക്ഷണം ഉണ്ടായി​രി​ക്കണം, അത്‌ പൂർണ​വും സമീകൃ​ത​വും ആയിരി​ക്കണം. “എല്ലാ നേരവും ഓരോ ഗണത്തിൽനി​ന്നു​മുള്ള ഒരു ഭക്ഷണസാ​ധ​ന​മെ​ങ്കി​ലും ആഹാര​ത്തിൽ ഉൾപ്പെ​ടു​ത്താ​നും ഓരോ ഗണത്തി​ലും പെടുന്ന ഭക്ഷ്യവ​സ്‌തു​ക്കൾ കഴിവു പോലെ മാറി മാറി ഉപയോ​ഗി​ക്കാ​നും അതു സാധി​ക്കു​ന്നത്ര വ്യത്യസ്‌ത വിധങ്ങ​ളിൽ പാകം ചെയ്യാ​നും” അദ്ദേഹം നിർദേ​ശി​ക്കു​ന്നു.

മാരീ​യാ​യു​ടെ കാര്യം എടുക്കുക. മെക്‌സി​ക്കോ​യി​ലെ ഹിഡാൽഗോ സംസ്ഥാ​നത്തെ ഒരു ഉൾനാടൻ പ്രദേ​ശ​മായ ആറ്റോ​പി​ക്‌സ്സ്‌ക്കോ​യി​ലാണ്‌ അവളും കുടും​ബ​വും താമസി​ച്ചി​രു​ന്നത്‌. അവർ തീരെ പാവങ്ങ​ളാ​യി​രു​ന്നു. ടോർട്ടിയ, പയറ്‌, പാസ്‌ത, ചോറ്‌, മുളക്‌ ഇവയാ​യി​രു​ന്നു അവരുടെ അടിസ്ഥാന ആഹാരം. എന്നാൽ തുടക്ക​ത്തിൽ പരാമർശിച്ച ആൻഹെ​ലി​ക്ക​യു​ടെ കുടും​ബ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, നാട്ടിൻപു​റത്തെ പ്രദേ​ശ​ങ്ങ​ളിൽ ലഭിച്ചി​രുന്ന വെള്ളരി സസ്യങ്ങ​ളു​ടെ ചെറിയ കനികൾ, ചൈ​യോ​ട്ടി​കൾ, കൂണുകൾ, വിവി​ധ​തരം ചീരകൾ ഒക്കെ അവർ ആഹാര​ത്തിൽ ഉൾപ്പെ​ടു​ത്തി. ഇടയ്‌ക്ക്‌, പഴവർഗ​ങ്ങ​ളു​ടെ സീസണിൽ അവയും അവർ കഴിക്കു​മാ​യി​രു​ന്നു. അവരുടെ ഈ ശ്രമങ്ങ​ളെ​ല്ലാം മെച്ചപ്പെട്ട ആരോ​ഗ്യ​ത്തി​ലേക്കു നയിച്ചു.

മൃഗജന്യ ആഹാര​സാ​ധ​നങ്ങൾ ഭക്ഷണത്തി​ലെ മുഖ്യ ഘടകം ആക്കാതെ അവ മറ്റ്‌ ഭക്ഷ്യപ​ദാർഥ​ങ്ങ​ളോ​ടൊ​പ്പം ചേർത്ത്‌ ഉപയോ​ഗി​ക്കാൻ സാൽവാ​ഡോർ സൂബി​റാൻ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ന്യൂ​ട്രി​ഷ​നി​ലെ ‘അപ്ലൈ​യ്‌ഡ്‌ ന്യൂ​ട്രി​ഷൻ ആൻഡ്‌ ന്യൂ​ട്രി​ഷനൽ എജ്യു​ക്കേഷൻ ഡിപ്പാർട്ട്‌മെന്റ്‌’ മേധാവി ഡോ. ആഡോൾഫോ ചാവെസ്‌ ശുപാർശ ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, മുട്ട​കൊണ്ട്‌ മാത്രം ഒരു വിഭവം ഉണ്ടാക്കു​ന്ന​തി​നു പകരം അതിൽ ഉരുള​ക്കി​ഴ​ങ്ങോ ഏതെങ്കി​ലും പച്ചക്കറി​ക​ളോ പയറു​ക​ളോ ചേർക്കു​ക​യാ​ണെ​ങ്കിൽ ഉപയോ​ഗി​ക്കുന്ന മുട്ടയു​ടെ എണ്ണം കുറയ്‌ക്കാ​നും അതേസ​മയം വിഭവ​ത്തി​ന്റെ അളവു കൂട്ടാ​നും കഴിയും. എന്നാൽ ഒരു മുന്നറി​യിപ്പ്‌: എല്ലായ്‌പോ​ഴും പഴവർഗ​ങ്ങ​ളും പച്ചക്കറി​ക​ളും നന്നായി കഴുകുക, പ്രത്യേ​കി​ച്ചും അവ വേവി​ക്കാ​തെ കഴിക്കാ​നു​ള്ള​വ​യാ​ണെ​ങ്കിൽ.

ഭക്ഷണ​ക്ര​മം ഓരോ വ്യക്തി​ക്കും യോജി​ച്ച​താ​യി​രി​ക്കണം. അതിനു വ്യക്തി​യു​ടെ പ്രായം, ലിംഗം, ജീവി​ത​ശൈലി എന്നിവ കണക്കി​ലെ​ടു​ക്കേ​ണ്ട​താണ്‌. മുതിർന്നവർ ഓരോ ഭക്ഷണ​വേ​ള​യി​ലും പച്ചക്കറി​ക​ളും പഴങ്ങളു​മൊ​ക്കെ രണ്ടു പ്രാവ​ശ്യ​മെ​ങ്കി​ലും എടുത്തു കഴിക്കാ​നും തവിടു കളയാത്ത ധാന്യ​ങ്ങ​ളും പയറു​വർഗ​ങ്ങ​ളും കഴിക്കു​ന്ന​തി​ന്റെ അളവു വർധി​പ്പി​ക്കാ​നും ചിലർ നിർദേ​ശി​ക്കു​ന്നു. ഓരോ ആഹാര​വേ​ള​യി​ലും മൃഗജന്യ ഭക്ഷണങ്ങൾ കുറച്ചു മാത്രം കഴിക്കാ​നും അതിൽത്തന്നെ മത്സ്യം, തൊലി​കളഞ്ഞ കോഴി, കൊഴുപ്പ്‌ കുറഞ്ഞ ഇറച്ചികൾ എന്നിവ​യ്‌ക്ക്‌ മുൻഗണന കൊടു​ക്കാ​നു​മാണ്‌ ചിലരു​ടെ ശുപാർശ. അതു​പോ​ലെ​തന്നെ കൊഴു​പ്പും പഞ്ചസാ​ര​യും കഴിക്കു​ന്നതു കുറയ്‌ക്കാ​നും നിർദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

വികസ്വര രാജ്യ​ങ്ങ​ളിൽ ജീവി​ക്കു​ന്ന​വർക്കും ദരി​ദ്രർക്കും പോലും ചില​പ്പോൾ തങ്ങളുടെ ഭക്ഷണ​ക്രമം മെച്ച​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. എങ്ങനെ? പോഷ​ക​ഗു​ണ​മുള്ള ഭക്ഷ്യവ​സ്‌തു​ക്കൾ തിര​ഞ്ഞെ​ടുത്ത്‌ അവ മാറി മാറി ഉപയോ​ഗി​ക്കുക. കൂടാതെ വ്യത്യസ്‌ത ഭക്ഷ്യവ​സ്‌തു​ക്കൾ—ഉദാഹ​ര​ണ​ത്തിന്‌ ധാന്യ​ങ്ങ​ളും പയറു​ക​ളും—ഒരുമി​ച്ചു ചേർത്ത്‌ ഉപയോ​ഗി​ക്കാൻ കഴിയും. കുറച്ച്‌ മാംസ​മോ മുട്ടയോ ചേർത്ത്‌ ഒരു വിഭവ​ത്തി​ന്റെ പോഷ​ക​ഗു​ണം വർധി​പ്പി​ക്കു​ക​യും ചെയ്യാം. നിങ്ങളു​ടെ പ്രദേ​ശത്തു വളരുന്ന പച്ചക്കറി​ക​ളും അതാതു സമയങ്ങ​ളിൽ ലഭ്യമാ​കുന്ന പഴങ്ങളും പ്രയോ​ജ​ന​പ്പെ​ടു​ത്തുക.

നമ്മുടെ സ്രഷ്ടാവ്‌ മനുഷ്യ​ന്റെ ആസ്വാ​ദ​ന​ത്തി​നാ​യി ‘ഭൂമി​യിൽനിന്ന്‌ ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു.’ (സങ്കീർത്തനം 104:14, ഓശാന ബൈബിൾ) സഭാ​പ്ര​സം​ഗി 9:7-ൽ ബൈബിൾ പറയുന്നു: “നീ ചെന്നു സന്തോ​ഷ​ത്തോ​ടു​കൂ​ടെ അപ്പം തിന്നുക.” സമനി​ല​യും മിതത്വ​വും പാലി​ക്കു​ക​യാ​ണെ​ങ്കിൽ, സ്രഷ്ടാവു പ്രദാനം ചെയ്‌തി​രി​ക്കുന്ന രുചി​ക​ര​വും പോഷ​ക​പ്ര​ദ​വു​മായ ഭക്ഷണത്തിൽനി​ന്നു നമുക്കു പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയും എന്നതിനു സംശയ​മില്ല. (g02 5/8)

[26-ാം പേജിലെ ചിത്രം]

ആദ്യത്തെ ഗണം: ധാന്യങ്ങൾ, കിഴങ്ങു​കൾ

[26-ാം പേജിലെ ചിത്രം]

രണ്ടാമത്തെ ഗണം: പയറുകൾ, മാംസം, മത്സ്യം, മുട്ട, പാൽ, പാലു​ത്‌പ​ന്ന​ങ്ങൾ

[26-ാം പേജിലെ ചിത്രം]

മൂന്നാമത്തെ ഗണം: പഴങ്ങൾ, പച്ചക്കറി​കൾ