വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹിച്ച്‌ഹൈക്കിങ്ങിന്റെ അപകടങ്ങൾ

ഹിച്ച്‌ഹൈക്കിങ്ങിന്റെ അപകടങ്ങൾ

ഹിച്ച്‌​ഹൈ​ക്കി​ങ്ങി​ന്റെ അപകടങ്ങൾ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

1990-ലെ വേനൽക്കാ​ലം. 24 വയസ്സുള്ള പോൾ അൺയൻസ്‌ എന്ന ബ്രിട്ടീ​ഷു​കാ​രൻ ചുട്ടു​പൊ​ള്ളുന്ന വെയി​ലത്ത്‌, ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യു​ടെ തെക്കുള്ള ഹ്യൂം ഹൈ​വേ​യിൽ ആരെങ്കി​ലും ഒരു ലിഫ്‌റ്റു തരുന്ന​തും കാത്തു​നിൽക്കു​ക​യാ​യി​രു​ന്നു. ഒരാൾ വണ്ടി നിറു​ത്തി​യ​പ്പോൾ പോളിന്‌ സന്തോ​ഷ​മാ​യി. എന്നാൽ ആ ലിഫ്‌റ്റ്‌ സ്വീക​രി​ക്കു​ന്നത്‌ തന്നെ മരണത്തി​ന്റെ വക്കോ​ള​മെ​ത്തി​ക്കു​മെന്ന്‌ അവൻ സ്വപ്‌ന​ത്തിൽപോ​ലും വിചാ​രി​ച്ചി​രു​ന്നില്ല. a

വാഹന​ത്തി​ന്റെ മുൻസീ​റ്റി​ലി​രുന്ന്‌ ഡ്രൈ​വ​റു​മാ​യി സംസാ​രി​ക്കവെ തന്റെ മുന്നിൽ പതിയി​രി​ക്കുന്ന അപകട​ത്തെ​ക്കു​റി​ച്ചു പോൾ അറിഞ്ഞ​തേ​യില്ല. അധികം കഴിഞ്ഞില്ല, പരോ​പ​കാ​രി​യാ​യി കാണപ്പെട്ട ഡ്രൈവർ പരുക്ക​നും തർക്കി​ക്കാൻ പ്രവണ​ത​യു​ള്ള​വ​നു​മാ​യി മാറി. സീറ്റി​ന​ടി​യിൽനിന്ന്‌ കാസെ​റ്റു​കൾ എടുക്കാ​നെ​ന്നും പറഞ്ഞ്‌ അയാൾ പെട്ടെന്ന്‌ വണ്ടി റോഡി​ന്റെ അരികി​ലേക്കു മാറ്റി നിറുത്തി. എന്നാൽ പുറ​ത്തെ​ടു​ത്തത്‌ കാസെ​റ്റു​കളല്ല, മറിച്ച്‌ ഒരു തോക്കാണ്‌. അത്‌ അയാൾ പോളി​നു​നേരെ ചൂണ്ടി.

‘അനങ്ങി​പ്പോ​ക​രുത്‌’ എന്നു ഡ്രൈവർ പറഞ്ഞെ​ങ്കി​ലും പോൾ സീറ്റ്‌ ബെൽറ്റ്‌ വലിച്ചൂ​രി കാറിനു വെളി​യി​ലേക്കു ചാടി. അവൻ തന്റെ സർവശ​ക്തി​യും സംഭരിച്ച്‌ ഹൈ​വേ​യി​ലൂ​ടെ മുന്നോ​ട്ടോ​ടി. ഡ്രൈവർ പുറ​കേ​യും. അതിലെ കടന്നു​പോയ മറ്റു വാഹന​ങ്ങ​ളിൽ ഉണ്ടായി​രു​ന്ന​വ​രെ​ല്ലാം ഇതു കാണു​ന്നു​ണ്ടാ​യി​രു​ന്നു. അവസാനം അയാൾ പോളി​നൊ​പ്പം എത്തി, ഷർട്ടിൽ കടന്നു​പി​ടിച്ച്‌ അവനെ വലിച്ചു താഴെ​യി​ട്ടു. അക്രമി​യു​ടെ കൈയിൽനി​ന്നു കുതറി​യോ​ടിയ പോൾ റോഡി​ലൂ​ടെ വരുക​യാ​യി​രുന്ന ഒരു വാനിന്റെ മുന്നി​ലേക്കു ചാടി​യ​പ്പോൾ ഡ്രൈവർ പേടിച്ചു വാൻ നിറുത്തി. തന്റെ കുഞ്ഞു​ങ്ങ​ളു​മാ​യി യാത്ര ചെയ്യു​ക​യാ​യി​രുന്ന ഒരു സ്‌ത്രീ​യാ​ണു വാൻ ഓടി​ച്ചി​രു​ന്നത്‌. പോൾ കേണ​പേ​ക്ഷി​ച്ച​പ്പോൾ അവർ അവനെ അകത്തു​ക​യറ്റി. എന്നിട്ട്‌ വണ്ടി അടുത്ത ലെയ്‌നി​ലേക്ക്‌ എടുത്ത്‌ സ്‌പീ​ഡിൽ ഓടി​ച്ചു​പോ​യി. പോളി​നെ ആക്രമി​ച്ച​യാൾ ഏഴ്‌ ഹിച്ച്‌​ഹൈ​ക്കർമാ​രെ—അവരിൽ ചിലർ രണ്ടു​പേ​രാ​യാ​ണു യാത്ര ചെയ്‌തത്‌—വകവരു​ത്തിയ ഒരാളാ​ണെന്നു പിന്നീ​ടാ​ണു മനസ്സി​ലാ​ക്കി​യത്‌.

കൊല​യാ​ളി ഈ ഹിച്ച്‌​ഹൈ​ക്കർമാ​രെ തിര​ഞ്ഞെ​ടു​ക്കാൻ കാരണ​മെ​ന്താ​യി​രു​ന്നു? അയാളു​ടെ വിചാ​ര​ണ​വേ​ള​യിൽ ജഡ്‌ജി ഇങ്ങനെ പറഞ്ഞു: “ഇരക​ളെ​ല്ലാ​വ​രും ചെറു​പ്പ​മാ​യി​രു​ന്നു, 19-നും 22-നും ഇടയ്‌ക്കു​ള്ളവർ. അവരെ​ല്ലാ​വ​രും വീട്ടിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർക്കെ​ന്തെ​ങ്കി​ലും സംഭവി​ച്ചാൽ കുറച്ചു നാള​ത്തേ​ക്കൊ​ന്നും ആരും അതറി​യില്ല എന്ന്‌ കൊല​യാ​ളി നിഗമനം ചെയ്‌തി​രി​ക്കണം.”

ചുറ്റി​ക്ക​റ​ങ്ങാ​നുള്ള സ്വാത​ന്ത്ര്യം

ഏതാനും വർഷം മുമ്പ​ത്തേ​തി​നെ അപേക്ഷിച്ച്‌ ഇന്നു രാജ്യാ​ന്തര സഞ്ചാരം വളരെ കൂടുതൽ ആളുകൾക്കു സാധി​ക്കുന്ന ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ വെറും അഞ്ചു വർഷം​കൊണ്ട്‌ ഏഷ്യ സന്ദർശി​ക്കുന്ന ഓസ്‌​ട്രേ​ലി​യ​ക്കാ​രു​ടെ എണ്ണം ഇരട്ടി​യി​ല​ധി​ക​മാ​യി വർധിച്ചു. പുതിയ അനുഭ​വ​ങ്ങ​ളും സാഹസ​ങ്ങ​ളും തേടി​യുള്ള യാത്ര​യിൽ നിരവധി കൗമാ​ര​പ്രാ​യ​ക്കാ​രും പ്രായ​പൂർത്തി​യെ​ത്തിയ ചെറു​പ്പ​ക്കാ​രും ദൂരദി​ക്കു​ക​ളി​ലേക്കു പറക്കുന്ന വിമാ​ന​ങ്ങ​ളിൽ കയറി​പ്പ​റ്റു​ന്നു. ഇവരിൽ പലരും ചെലവു കഴിയു​ന്നത്ര ചുരു​ക്കു​ന്ന​തിന്‌ ഹിച്ച്‌​ഹൈക്ക്‌ ചെയ്യാൻ തീരു​മാ​നി​ക്കു​ന്നു. എന്നാൽ ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും ഇത്തരത്തി​ലുള്ള യാത്രകൾ ഇപ്പോൾ മുമ്പ​ത്തേ​തു​പോ​ലെ അത്ര രസകര​വും സുരക്ഷി​ത​വു​മല്ല—ഹിച്ച്‌​ഹൈക്ക്‌ ചെയ്യു​ന്ന​വ​രു​ടെ​യും ലിഫ്‌റ്റു നൽകു​ന്ന​വ​രു​ടെ​യും കാര്യ​ത്തിൽ ഇത്‌ ഒരു​പോ​ലെ സത്യമാണ്‌.

ശുഭാ​പ്‌തി വിശ്വാ​സ​വും യാത്ര ചെയ്യാ​നുള്ള ഉത്സാഹ​വും ഒരിക്ക​ലും ശാന്തത​യോ​ടും പ്രാ​യോ​ഗിക ജ്ഞാന​ത്തോ​ടും കൂടി​യുള്ള പ്രവർത്ത​ന​ത്തി​നു പകരമാ​വില്ല. കാണാ​തായ കുട്ടി​കളെ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കുടും​ബ​ങ്ങൾക്കു വേണ്ടി​യുള്ള ഒരു ചെറു​പു​സ്‌തകം ഇങ്ങനെ പറയുന്നു: “യാത്ര ചെയ്യാ​നുള്ള ആവേശ​ത്തിൽ ചെറു​പ്പ​ക്കാർ പലപ്പോ​ഴും വേണ്ടത്ര ഒരുക്ക​ങ്ങ​ളി​ല്ലാ​തെ​യാ​ണു പുറ​പ്പെ​ടു​ന്നത്‌. അപകട​സാ​ധ്യ​ത​കളെ കുറി​ച്ചോ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങളെ കുറി​ച്ചോ അവർ മുഴു​വ​നാ​യി മനസ്സി​ലാ​ക്കി​യി​ട്ടു​മു​ണ്ടാ​വില്ല.”

ചെറു​പു​സ്‌ത​കം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ബിസി​നസ്‌ ആവശ്യ​ങ്ങൾക്കു യാത്ര ചെയ്യു​ന്ന​വ​രെ​യും ഒരു സംഘടിത കൂട്ട​ത്തോ​ടൊ​പ്പ​മോ മുൻകൂ​ട്ടി ശ്രദ്ധാ​പൂർവം തയ്യാറാ​ക്കിയ ഒരു മാർഗ​രേഖ അനുസ​രി​ച്ചോ യാത്ര​ചെ​യ്യു​ന്ന​വ​രെ​യും സാധാ​ര​ണ​ഗ​തി​യിൽ കാണാ​താ​കാ​റില്ല. ഓസ്‌​ട്രേ​ലി​യ​യി​ലോ മറ്റെവി​ടെ​യു​മോ ആയി​ക്കൊ​ള്ളട്ടെ, ചെലവു​ചു​രു​ക്കി യാത്ര​ചെ​യ്യുക എന്ന ലക്ഷ്യത്തിൽ ഹിച്ച്‌​ഹൈക്ക്‌ ചെയ്യു​ന്ന​വ​രെ​യാ​ണു മിക്ക​പ്പോ​ഴും കാണാ​താ​കു​ന്നത്‌.”

ഹിച്ച്‌​ഹൈക്ക്‌ ചെയ്യു​ക​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും വ്യക്തമായ ഒരു മാർഗ​രേഖ പിൻപ​റ്റാ​തെ യാത്ര ചെയ്യു​ന്നത്‌—പിടി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന​താ​യി തോന്നാൻ ആഗ്രഹി​ക്കാ​ത്ത​വർക്ക്‌ വളരെ ആകർഷ​ണീ​യ​മാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും—അപകട​സാ​ധ്യത വർധി​പ്പി​ക്കും. യാത്ര​പോയ വ്യക്തി എവി​ടെ​യാ​ണെന്ന്‌ അറിയി​ല്ലെ​ങ്കിൽ ഒരു അടിയ​ന്തിര സാഹച​ര്യം ഉണ്ടാകു​ന്ന​പക്ഷം ബന്ധുക്കൾക്കും സുഹൃ​ത്തു​ക്കൾക്കും ഒന്നും​തന്നെ ചെയ്യാ​നാ​വില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തിയെ അബോ​ധാ​വ​സ്ഥ​യിൽ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ച്ചു​വെന്നു കരുതുക. വീട്ടി​ലാർക്കും അയാൾ എവി​ടെ​യാ​ണെ​ന്നു​ള്ള​തി​നെ കുറിച്ച്‌ യാതൊ​രു വിവര​വും ഇല്ലെങ്കി​ലോ?

സമ്പർക്കം പുലർത്തൽ

എങ്ങു​മെ​ത്താത്ത ഹൈവേ എന്ന ഇംഗ്ലീഷ്‌ പുസ്‌ത​ക​ത്തിൽ ബ്രിട്ടീഷ്‌ പത്ര​പ്ര​വർത്ത​ക​നായ റിച്ചാർഡ്‌ ഷിർസ്‌ കാണാ​തായ ഏഴ്‌ ഹിച്ച്‌​ഹൈ​ക്കർമാ​രെ കുറിച്ച്‌ എഴുതി. “പെട്ടെ​ന്നാണ്‌ [അവർ] തങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളു​മാ​യി ആശയവി​നി​മയം നടത്തു​ന്നതു നിറു​ത്തി​യത്‌.” ഇങ്ങനെ ചെയ്യു​മ്പോൾ, യാത്ര​പോ​യ​വർക്ക്‌ എന്തെങ്കി​ലും അപകടം സംഭവി​ച്ച​താ​ണോ അതോ അവർ സമ്പർക്കം പുലർത്തു​ന്നില്ല എന്നു മാത്ര​മേ​യു​ള്ളോ എന്നതി​നെ​പ്പറ്റി കുടും​ബാം​ഗ​ങ്ങൾക്ക്‌ ആദ്യ​മൊ​ന്നും നിശ്ചയ​മു​ണ്ടാ​യി​രി​ക്കു​ക​യില്ല. അതു​കൊ​ണ്ടു​തന്നെ അവരുടെ വിവര​മൊ​ന്നും ഇല്ലാത്ത​പ്പോ​ഴും അതേക്കു​റിച്ച്‌ അധികാ​രി​കളെ അറിയി​ക്കാൻ കുടും​ബാം​ഗങ്ങൾ മടി​ച്ചേ​ക്കാം.

ഹിച്ച്‌​ഹൈ​ക്കിങ്‌ നടത്തി​യി​രുന്ന ആ ഏഴു​പേ​രിൽ ഒരു പെൺകു​ട്ടി കൈയി​ലെ ചില്ലറ തീർന്നെന്നു കാണു​മ്പോൾ മാതാ​പി​താ​ക്ക​ളു​മാ​യുള്ള ടെലി​ഫോൺ സംഭാ​ഷ​ണ​ങ്ങ​ളു​ടെ ദൈർഘ്യം വെട്ടി​ച്ചു​രു​ക്കു​മാ​യി​രു​ന്നു. അതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ അവളുടെ മാതാ​പി​താ​ക്കൾ, കുട്ടി​കൾക്ക്‌ ഫോൺ കാർഡു​കൾ—ചില ഫോൺ ബൂത്തു​ക​ളിൽ പണത്തിനു പകരമാ​യി ഉപയോ​ഗി​ക്കാ​നാ​വുന്ന ഒരു പ്ലാസ്റ്റിക്‌ കാർഡ്‌—നൽകാ​നോ വീട്ടി​ലേക്കു വിളി​ക്കാൻ തക്കവണ്ണം മറ്റേ​തെ​ങ്കി​ലും ക്രമീ​ക​രണം ചെയ്‌തു കൊടു​ക്കാ​നോ മാതാ​പി​താ​ക്കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി. അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കി​ലും ഒരുപക്ഷേ മേൽപ്പറഞ്ഞ പെൺകു​ട്ടി​യു​ടെ ജീവൻ രക്ഷിക്കാൻ കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ ഹിച്ച്‌​ഹൈ​ക്കർമാർ പതിവാ​യി വീട്ടു​കാ​രു​മാ​യി ആശയവി​നി​മയം നടത്തു​ക​യാ​ണെ​ങ്കിൽ അവർക്കു മിക്ക​പ്പോ​ഴും മറ്റു പല പ്രശ്‌നങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നു സാധി​ക്കും. ഇനി ഒഴിവാ​ക്കാൻ കഴിഞ്ഞി​ല്ലെ​ങ്കിൽതന്നെ കുറഞ്ഞ​പക്ഷം കൈകാ​ര്യം ചെയ്യാ​നെ​ങ്കി​ലും സാധി​ക്കും.

ജീവൻ നഷ്ടപ്പെട്ട ഏഴ്‌ ഹിച്ച്‌​ഹൈ​ക്കർമാ​രും, ഓസ്‌​ട്രേ​ലി​യയെ ലോക​ത്തിൽ ഏറ്റവും സുരക്ഷി​ത​മാ​യി ഹിച്ച്‌​ഹൈക്ക്‌ ചെയ്യാ​വുന്ന രാജ്യം എന്നു വിശേ​ഷി​പ്പി​ക്കുന്ന യാത്രാ ഗ്രന്ഥങ്ങൾ വായി​ച്ചി​രു​ന്നി​രി​ക്കാം. എന്നാൽ ഹിച്ച്‌​ഹൈ​ക്കിങ്‌ ബുദ്ധി​ശൂ​ന്യ​മായ ഒന്നാ​ണെന്നു തെളി​യു​ക​യു​ണ്ടാ​യി—രണ്ടു പേർ ഉണ്ടായി​രു​ന്ന​പ്പോ​ഴും ലോക​ത്തി​ലെ “ഏറ്റവും സുരക്ഷിത” രാജ്യ​ത്താ​യി​രു​ന്ന​പ്പോ​ഴും പോലും.

[അടിക്കു​റിപ്പ്‌]

a ചില സ്ഥലങ്ങളിൽ ഹിച്ച്‌​ഹൈ​ക്കിങ്‌ (പല പല വാഹന​ങ്ങ​ളി​ലാ​യി ലിഫ്‌റ്റു​വാ​ങ്ങി സൗജന്യ​മാ​യി യാത്ര​ചെ​യ്യു​ന്നത്‌) നിയമ​വി​രു​ദ്ധ​മാണ്‌.

[27-ാം പേജിലെ ചിത്രം]

മക്കൾക്ക്‌ ഫോൺ കാർഡു​ക​ളോ വീട്ടി​ലേക്കു വിളി​ക്കാ​നുള്ള മറ്റെ​ന്തെ​ങ്കി​ലും ക്രമീ​ക​ര​ണ​മോ ചെയ്‌തു​കൊ​ടു​ത്തു​കൊണ്ട്‌ മാതാ​പി​താ​ക്കൾക്ക്‌ അനാവ​ശ്യ​മായ ഉത്‌കണ്‌ഠ ഒഴിവാ​ക്കാ​നാ​വും