വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അനുകൂല വിധി

യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അനുകൂല വിധി

യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അനുകൂല വിധി

ഫ്രാൻസിലെ സ്‌ട്രാസ്‌ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി റഷ്യയിലെ യഹോവയുടെ സാക്ഷികൾക്ക്‌ അനുകൂലമായി വിധി പ്രഖ്യാപിച്ചു. അവർ റഷ്യൻ ഫെഡറേഷനെതിരെ നൽകിയ പരാതിയെ തുടർന്നായിരുന്നു 2007 ജനുവരി 11-ന്‌ ഐകകണ്‌ഠ്യേനയുള്ള ഈ വിധി. യഹോവയുടെ സാക്ഷികൾക്ക്‌ മതസ്വാതന്ത്ര്യവും നിഷ്‌പക്ഷമായ വിചാരണ ലഭിക്കാനുള്ള അവകാശവുമുണ്ടെന്ന്‌ കോടതി പ്രഖ്യാപിച്ചു. എന്തായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം?

റഷ്യയിലെ ചെൽയാബിൻസ്‌ക്‌ നഗരത്തിലുള്ള യഹോവയുടെ സാക്ഷികളുടെ സഭയിൽ ബഹുഭൂരിപക്ഷവും ബധിരരാണ്‌. വാടകയ്‌ക്കെടുത്ത ഒരു തൊഴിൽ പരിശീലന കോളേജു കെട്ടിടത്തിലാണ്‌ അവർ യോഗങ്ങൾ നടത്തിയിരുന്നത്‌. 2000 ഏപ്രിൽ 16 ഞായറാഴ്‌ച യോഗം നടക്കവേ, മേഖലാ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷ (അഥവാ കമ്മിഷണർ) വന്ന്‌ യോഗം തടസ്സപ്പെടുത്തി; കമ്മിഷണറോടൊപ്പം മുതിർന്ന രണ്ടു പോലീസ്‌ ഉദ്യോഗസ്ഥരും മഫ്‌ടിയിലുള്ള ഒരു പോലീസുകാരനും ഉണ്ടായിരുന്നു. നിയമവിരുദ്ധമായി യോഗങ്ങൾ നടത്തുന്നുവെന്ന കുറ്റം കെട്ടിച്ചമച്ച്‌ യോഗം നിറുത്തിവെപ്പിച്ചു; പക്ഷപാതപരമായ ഈ നടപടിക്കു പിന്നിലെ മുഖ്യവ്യക്തി കമ്മിഷണറായിരുന്നു. തുടർന്ന്‌, 2000 മേയ്‌ 1-ഓടെ ആ ഓഡിറ്റോറിയത്തിൽ യോഗങ്ങൾ നടത്താനുള്ള കരാറും അവസാനിപ്പിച്ചു.

യഹോവയുടെ സാക്ഷികൾ ചെൽയാബിൻസ്‌കിലെ പ്രോസിക്യൂട്ടർക്ക്‌ ഇതു സംബന്ധിച്ച്‌ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. റഷ്യൻ ഭരണഘടനയും ‘മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പടി’യും മതസ്വാതന്ത്ര്യവും കൂടിവരാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നതിനാൽ ജില്ലാ കോടതിയിൽ ഒരു പരാതി നൽകി, തുടർന്ന്‌ മേഖലാ കോടതിയിൽ അപ്പീലും. ഏതാനും വർഷങ്ങൾക്കു മുമ്പ്‌, 1999 ജൂലൈ 30-ന്‌ സുപ്രീം കോടതി മറ്റൊരു കേസിനോടുള്ള ബന്ധത്തിൽ പിൻവരുന്ന വിധി പ്രഖ്യാപിച്ചിരുന്നു: “മത-മനസ്സാക്ഷി സ്വാതന്ത്ര്യം സംബന്ധിച്ച റഷ്യൻ നിയമപ്രകാരം, ‘തടസ്സം കൂടാതെ’ എന്ന പദപ്രയോഗത്തിന്റെ അർഥം മതകർമങ്ങൾ നടത്തുന്നതിനായി നൽകിയിരിക്കുന്ന സ്ഥലത്ത്‌ അങ്ങനെ ചെയ്യുന്നതിന്‌ അധികാരികളുടെ ഒത്താശയോ അനുവാദമോ ആവശ്യമില്ലെന്നാണ്‌.” എന്നുവരികിലും, ജില്ലാ കോടതിയും മേഖലാ കോടതിയും പരാതികൾ തള്ളിക്കളഞ്ഞു.

2001 ഡിസംബർ 17-ന്‌ കേസ്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലെത്തി, 2004 സെപ്‌റ്റംബർ 9-ന്‌ വാദം കേട്ടു. വിധിന്യായത്തിന്റെ ചില ഭാഗങ്ങളാണ്‌ താഴെ:

“2000 ഏപ്രിൽ 16-ന്‌ ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ പരാതിക്കാരുടെ മതപരമായ കൂടിവരവ്‌ സമയത്തിനുമുമ്പു പിരിച്ചുവിട്ടപ്പോൾ അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നുവെന്ന്‌ കോടതി കണ്ടെത്തിയിരിക്കുന്നു.”

“നിയമാനുസൃതമായി വാടകയ്‌ക്കെടുത്ത സ്ഥലത്തു നടത്തിയ മതപരമായ ഒരു ചടങ്ങിന്‌ തടസ്സം സൃഷ്ടിക്കുന്നതിനു നിയമ സാധുതയില്ലെന്നത്‌ പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌.”

“മതപരമായ കൂടിവരവുകളെക്കുറിച്ച്‌ അധികാരികളെ അറിയിക്കേണ്ടതില്ലെന്നും അതിന്‌ അവരുടെ അനുവാദം ആവശ്യമില്ലെന്നും റഷ്യൻ സുപ്രീം കോടതി മുമ്പു വിധിച്ചിട്ടുണ്ടെന്ന കാര്യം [ഈ കോടതി] കണക്കിലെടുത്തിരിക്കുന്നു.”

“ആയതിനാൽ 2000 ഏപ്രിൽ 16-ന്‌ കമ്മിഷണറും അവരുടെ സഹായികളും പരാതിക്കാരുടെ മതപരമായ യോഗം പിരിച്ചുവിട്ടത്‌ ഉടമ്പടിയുടെ 9-ാം വകുപ്പിന്റെ [മതസ്വാതന്ത്ര്യം] ലംഘനമായിരുന്നു.”

പ്രാദേശിക കോടതികൾ നീതിയോടെയും നിഷ്‌പക്ഷമായും വിചാരണ നടത്താനുള്ള . . . അവരുടെ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന്‌ ഈ കോടതി കണ്ടെത്തിയിരിക്കുന്നു. . . . ഉടമ്പടിയുടെ 6-ാം വകുപ്പ്‌ [നിഷ്‌പക്ഷ വിചാരണയ്‌ക്കുള്ള അവകാശം] ലംഘിക്കപ്പെട്ടു.’

യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ യഹോവയുടെ സാക്ഷികൾക്കു ലഭിച്ച വിജയത്തിന്‌ അവർ തങ്ങളുടെ ദൈവത്തോടു നന്ദിയുള്ളവരാണ്‌. (സങ്കീർത്തനം 98:1) ഈ വിധി എത്ര വ്യാപകമായ ഫലമുളവാക്കും? ഇൻസ്റ്റിറ്റ്യൂട്ട്‌ ഓൺ റിലിജിയൻ ആന്റ്‌ പബ്ലിക്‌ പോളിസിയുടെ പ്രസിഡന്റായ ജോസഫ്‌ കെ. ഗ്രെബെയുസ്‌കി പറയുന്നു: “ഈ വിധി യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ കീഴിലുള്ള എല്ലാ രാഷ്‌ട്രങ്ങളിലെയും മതപരമായ അവകാശങ്ങളുടെമേൽ പ്രഭാവം ചെലുത്തും. യൂറോപ്പിലുടനീളം മതസ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്ന അതിപ്രധാനമായ മറ്റൊരു വിധിയാണിത്‌.”