വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കണ്ണുനീ​രി​ന്‍റെ കാ​ണാപ്പു​റങ്ങൾ!

കണ്ണുനീ​രി​ന്‍റെ കാ​ണാപ്പു​റങ്ങൾ!

പിറന്നു വീഴു​മ്പോൾമു​തൽ കരച്ചിൽ നമ്മുടെ കൂ​ടെയുണ്ട്. ഒരു നവജാ​തശി​ശു​വിന്‌ ആവശ്യങ്ങൾ സാധി​ച്ചു​കിട്ടാ​നുള്ള ഒരു പുതിയ ‘പൊ​ക്കിൾക്കൊടി​യാ​കുക​യാണ്‌’ ഈ കര​ച്ചി​ലെന്ന് ഒരു വി​ദഗ്‌ധൻ പറയുന്നു. കുഞ്ഞിന്‌ അവന്‍റെ വൈ​കാ​രിക​വും ശാരീ​രി​കവും ആയ ആവശ്യങ്ങൾ ഇതുവഴി നടത്തി​ക്കി​ട്ടുന്നു. എന്നാൽ വളർന്നതി​നു ശേഷം, ആശയ​വിനി​മയം നടത്താൻ മറ്റു മാർഗങ്ങൾ ഉള്ള​പ്പോ​ഴും, നാം കര​യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

വികാ​ര​ത്താ​ലു​ള്ള കണ്ണുനീർ പല കാര​ണങ്ങൾകൊണ്ട് ഉണ്ടാകും. ദുഃഖം, നിരാശ, ശാ​രീ​രിക-മാനസിക വേദനകൾ ഇവ​യൊ​ക്കെ നമ്മെ കരയി​ക്കാ​റുണ്ട്. അതു​പോ​ലെ അത്യാ​ഹ്ലാ​ദം, ആശ്വാസം, വിജയം എന്നി​ങ്ങ​നെയുള്ള ശുഭ​മുഹൂർത്തങ്ങളി​ലും നാം കര​യാറുണ്ട്, എന്നാൽ അത്‌ ആനന്ദ​ക്കണ്ണീ​രാ​ണെന്നു മാത്രം. കരച്ചിൽ മറ്റു​ള്ളവരി​ലേ​ക്കും പടരുന്ന ഒരു വി​കാര​മാണ്‌. “ആ​രെങ്കി​ലും കര​യു​ന്നതു കാ​ണു​മ്പോൾ കാര​ണമെ​ന്തായാ​ലും, എന്‍റെ കണ്ണും നിറയും” എന്നു മരിയ പറയുന്നു. ഒരു സി​നിമ​കണ്ട്, ഒരു കഥ​വായിച്ച്, നിങ്ങൾ കര​ഞ്ഞിട്ടി​ല്ലേ? അതു വെറും സങ്കല്‌പമാ​യി​രുന്നി​ട്ടും!

കാരണ​മെ​ന്താ​യാ​ലും, വാക്കു​കളി​ല്ലാത്ത ശക്ത​മാ​യൊരു ഭാഷ​തന്നെ​യാണ്‌ കരച്ചിൽ! ചു​രു​ങ്ങിയ സമ​യം​കൊണ്ട് ഇ​ത്ര​യേറെ ‘പറയാൻ’ കഴിയുന്ന വേറെ മാർഗങ്ങൾ അധി​ക​മില്ല എന്ന് മുതിർന്ന​യാളു​കൾ കരയു​ന്നതി​നെ​ക്കുറി​ച്ചുള്ള ഒരു പുസ്‌ത​കം (Adult Crying) പറയുന്നു. കണ്ണുനീർ നമ്മെ പ്രതി​കരി​ക്കാൻ പ്രേ​രി​പ്പിക്കു​ന്നു. ഉദാ​ഹരണ​ത്തിന്‌, സങ്ക​ട​പ്പെട്ടു കരയുന്ന ഒരാളെ കണ്ടി​ല്ലെന്നു നടിക്കുക ബുദ്ധി​മു​ട്ടാണ്‌. കാരണം, കണ്ണുനീർ ആ വ്യ​ക്തിയു​ടെ വേദന നമ്മോടു പറയുന്നു. ഫലമോ? നാം പ്രതി​ക​രിക്കു​ന്നു. കരയുന്ന ആളെ ആശ്വ​സിപ്പി​ക്കാ​നോ സഹാ​യിക്കാ​നോ നാം ശ്ര​മി​ച്ചേക്കാം.

കരച്ചിൽ, ഉള്ളിൽ അടക്കി​വെ​ച്ചിരി​ക്കുന്ന വി​കാര​ങ്ങളെ പുറ​ത്തേക്കൊ​ഴുക്കാ​നുള്ള ഒരു കൈ​വഴി​പോ​ലെയാ​ണെ​ന്നാണ്‌ വി​ദഗ്‌ധർ പറ​യു​ന്നത്‌. കരച്ചിൽ അടക്കി​പ്പി​ടി​ക്കുന്ന ശീലം ആരോ​ഗ്യ​ത്തിനു ഹാനി​കര​മാ​ണെന്നും അവർ പറയുന്നു. കരയു​ന്നതു​കൊ​ണ്ടുള്ള ശാ​രീ​രിക, മാനസിക പ്ര​യോജ​നങ്ങ​ളെപ്പറ്റി ശാസ്‌ത്രീ​യമാ​യി വേണ്ടത്ര തെ​ളിവു​ക​ളൊന്നു​മി​ല്ലെന്നു പറയു​ന്നവ​രുമുണ്ട്. എന്താ​യാ​ലും, ഒരു സർവേ​യിൽ പങ്കെടുത്ത 85 ശതമാനം സ്‌ത്രീ​കളും 73 ശതമാനം പുരു​ഷന്മാ​രും പറഞ്ഞത്‌ കരഞ്ഞു​കഴി​യു​മ്പോൾ ആശ്വാസം തോന്നും എന്നാണ്‌. നവൊമി എന്നൊരു വനിത പറയുന്നു: “ചി​ല​പ്പോൾ കരഞ്ഞു​തീർക്കണ​മെന്ന് എനിക്കു തോ​ന്നാ​റുണ്ട്. കാരണം, അതിനു ശേഷം മനസ്സു ശാ​ന്തമാ​കും, അപ്പോൾ കാ​ര്യ​ങ്ങളെ വസ്‌തു​നിഷ്‌ഠ​മായി, അത്‌ ആയി​രിക്കു​ന്നതു​പോലെ കാണാൻ എനിക്കു കഴി​യു​ന്നു.”

ഒരു സർവേ​യിൽ പങ്കെടുത്ത 85 ശതമാനം സ്‌ത്രീ​കളും 73 ശതമാനം പുരു​ഷന്മാ​രും പറഞ്ഞത്‌ കരഞ്ഞു​കഴി​യു​മ്പോൾ ആശ്വാസം തോന്നും എന്നാണ്‌

എന്നാൽ ഈ ആശ്വാസം, ഈ ശാന്തത, കരഞ്ഞ​തു​കൊണ്ടു മാ​ത്ര​മായി​രി​ക്കണ​മെന്നില്ല. നമ്മുടെ കണ്ണീ​രി​നോട്‌ മറ്റുള്ളവർ എങ്ങനെ പ്രതി​ക​രിക്കു​ന്നു എന്നതും ഒരു ഘട​കമാണ്‌. ഉദാ​ഹരണ​ത്തിന്‌, നമ്മുടെ കണ്ണുനീർ കണ്ട് മറ്റാ​ളു​കൾ നമ്മെ ആശ്വ​സിപ്പി​ക്കു​കയോ സഹാ​യി​ക്കുക​യോ ചെ​യ്യു​മ്പോൾ നമുക്ക് വലിയ ശാന്തത അനു​ഭവ​പ്പെടും. എന്നാൽ, അവരുടെ പ്ര​തിക​രണം നാം പ്രതീ​ക്ഷി​ക്കുന്ന​തു​പോലെ അ​ല്ലെങ്കി​ലോ? ലജ്ജയും നി​രാശ​യും ഒക്കെ തോന്നാം.

എന്തായി​രു​ന്നാ​ലും, കരച്ചി​ലി​നെക്കുറി​ച്ചുള്ള പലതും നിഗൂ​ഢത​യായി ശേ​ഷിക്കു​ന്നു! പക്ഷേ നമുക്ക് ഒന്ന​റി​യാം: ദൈവം നമുക്കു തന്നി​രി​ക്കുന്ന വിസ്‌മ​യകര​മായ ഒരു വൈ​കാരി​കസം​വേ​ദന​പ്രാപ്‌തി​യാണ്‌ ഈ കണ്ണീർപൊഴി​ക്കൽ! ▪ (g14-E 03)