വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

15 മാസ കാലയളവിൽ മെക്‌സിക്കോ നഗരവീഥികളിൽ 82 നവജാത ശിശുക്കളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, അവരിൽ 27 പേർ ചേതനയറ്റവരായിരുന്നു.—എൽ യൂണിവേഴ്‌സൽ, മെക്‌സിക്കോ.

യു.എസ്‌.എ.-യിലെ കാലിഫോർണിയയിലുള്ള രണ്ടു നാഷണൽ പാർക്കുകളിലെ ഗുഹകളിൽ നടത്തിയ പഠനം, 27 പുതിയ ഇനം മൃഗങ്ങളെ കണ്ടെത്തുന്നതിലേക്കു നയിച്ചു. “ചുറ്റുമുള്ള ലോകത്തെക്കുറിച്ച്‌ നമുക്ക്‌ എത്ര കുറച്ചു മാത്രമേ അറിയാവൂ എന്ന വസ്‌തുതയ്‌ക്ക്‌ ഇത്‌ അടിവരയിടുന്നു” എന്ന്‌ നാഷണൽ പാർക്ക്‌ സർവീസിലെ ഗുഹാ വിദഗ്‌ധനായ ജോയൽ ഡെസ്‌പെയ്‌ൻ പറയുന്നു.—സ്‌മിത്ത്‌സോണിയൻ, യു.എസ്‌.എ.

ലോക ജനസംഖ്യയുടെ 20 ശതമാനത്തിനു കുടിവെള്ളമില്ല. 40 ശതമാനത്തിന്‌ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മാലിന്യ നിർമാർജന മാർഗങ്ങളില്ല.—മിലെനിയോ, മെക്‌സിക്കോ.

സെറെങ്‌ഗെറ്റി നാഷണൽ പാർക്കിൽ മാത്രമായി, അനധികൃത വേട്ടക്കാർ 20,000-ത്തിനും 30,000-ത്തിനും ഇടയ്‌ക്കു മൃഗങ്ങളെ വർഷംതോറും കൊന്നൊടുക്കുന്നു.—ദ ഡെയ്‌ലി ന്യൂസ്‌, ടാൻസാനിയ.

സ്‌പെയിനിലെ ബാർസിലോണയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്‌ 16 വയസ്സുള്ള വിദ്യാർഥികളിൽ മൂന്നിൽ ഒരാൾ വീതം സ്ഥിരമായി കഞ്ചാവ്‌ വലിക്കുന്നുവെന്നാണ്‌.—ലാ വാൻഗ്വാർഡ്യാ, സ്‌പെയിൻ.

ഓഫീസിൽ ബാക്ടീരിയ

ഓഫീസുകളിൽ എത്രത്തോളം ബാക്ടീരിയയുണ്ടെന്നു കണ്ടെത്താൻ അരിസോണ സർവകലാശാലയിലെ സൂക്ഷ്‌മജീവിശാസ്‌ത്രജ്ഞർ പല യു.എസ്‌. നഗരങ്ങളിലും ഒരു പഠനം നടത്തുകയുണ്ടായി. “ഏറ്റവുമധികം ബാക്ടീരിയയുള്ള അഞ്ച്‌ ഇടങ്ങൾ യഥാക്രമം ടെലിഫോൺ, മേശയുടെ ഉപരിതലം, വെള്ളം വരുന്ന പൈപ്പിന്റെ കൈപിടി, മൈക്രോവേവിന്റെ കൈപിടി, കീബോർഡ്‌ എന്നിവയാണ്‌” എന്ന്‌ അവർ കണ്ടെത്തിയതായി ഗ്ലോബ്‌ ആൻഡ്‌ മെയിൽ എന്ന വർത്തമാനപ്പത്രം പറയുന്നു. ഈ റിപ്പോർട്ട്‌ അനുസരിച്ച്‌ “അടുക്കളമേശയിലേതിനെക്കാൾ 100 ഇരട്ടിയും സാധാരണ ടോയ്‌ലറ്റ്‌ സീറ്റിലേതിനെക്കാൾ 400 ഇരട്ടിയും ബാക്ടീരിയയാണ്‌ ഒരു സാധാരണ ഓഫീസ്‌ മേശയുടെ ഉപരിതലത്തിലുള്ളത്‌.”

‘വാക്കിൽ മാത്രം ക്രിസ്‌ത്യാനികൾ’

ഏഷ്യയിലെ ഏക “ക്രിസ്‌തീയ” രാഷ്‌ട്രം എന്നാണ്‌ ഫിലിപ്പീൻസ്‌ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ അവിടത്തെ ഇവാഞ്ചലിക്കൽ സഭാ കൗൺസിലിന്റെ ബിഷപ്പായ എഫ്രയിങ്‌ ടെൻഡെരോ ഇപ്രകാരം പറഞ്ഞു: “നമ്മിൽ മിക്കവരും വാക്കിൽ മാത്രമാണു ക്രിസ്‌ത്യാനികൾ, പ്രവൃത്തിയിലല്ല.” മനിലാ ബുള്ളറ്റിൻ പ്രസ്‌താവിക്കുന്ന പ്രകാരം, വിശ്വാസികളിൽ “ബൈബിൾ പരിജ്ഞാനവും അതിനോടുള്ള വിലമതിപ്പും നട്ടുവളർത്താൻ” പരാജയപ്പെടുന്ന മതനേതാക്കന്മാരാണ്‌ ഇതിന്‌ ഒരു പരിധിവരെ കുറ്റക്കാർ. ചില മതപ്രസംഗങ്ങൾ തിരുവെഴുത്തുകൾക്കു പകരം രാഷ്‌ട്രീയത്തെയാണു വിശേഷവത്‌കരിക്കുന്നത്‌ എന്നു പറയപ്പെടുന്നു.

മനുഷ്യരും മൃഗങ്ങളും നിലനിൽപ്പിനായി പോരാടുന്നു

“വരൾച്ചബാധിത സൊമാലിയായിൽ വലിയ ഒരിനം കുരങ്ങുകളും കഴുതപ്പുലികളും ആളുകളെ ആക്രമിക്കുന്നത്‌ സാധാരണമായിക്കൊണ്ടിരിക്കുന്നു” എന്ന്‌ നയ്‌റോബിയിലെ വർത്തമാനപ്പത്രമായ ദി ഈസ്റ്റ്‌ ആഫ്രിക്കൻ പ്രസ്‌താവിക്കുന്നു. വെള്ളത്തിനായുള്ള ഒരു പോരാട്ടത്തിൽ അനേകം കുരങ്ങുകൾ ചാകുകയും കാലിവളർത്തലുകാരിൽ ചിലർക്കു പരിക്കേൽക്കുകയും ചെയ്‌തു. ചന്തയിലേക്കു പോകുന്ന ട്രക്കുകളിൽനിന്നു സാധനങ്ങൾ അടിച്ചെടുക്കാൻ “പറ്റിയ കവലകളിലോ പാലങ്ങളിലോ” കുരങ്ങന്മാർ കൂട്ടത്തോടെ നിലയുറപ്പിക്കുന്നുവത്രേ! “മൃഗങ്ങൾ പടലകണക്കിനു വാഴപ്പഴങ്ങളോ [വലിയ] തണ്ണിമത്തങ്ങയോ കൈക്കലാക്കി രക്ഷപ്പെടുന്ന കാഴ്‌ച സാധാരണമാണ്‌,” പത്രം കൂട്ടിച്ചേർക്കുന്നു.

കപ്പൽ ഗതാഗതം തീരദേശ കാലാവസ്ഥയെ ബാധിക്കുന്നു

തിരക്കേറിയ ജലഗതാഗതം തീരദേശ കാലാവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന്‌ കോൾനെ ഷ്‌റ്റാറ്റാന്റ്‌സൈഗെ എന്ന ജർമൻ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ഹാംബർഗിലെ മാക്‌സ്‌ പ്ലാങ്ക്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷശാസ്‌ത്ര ഗവേഷകർ ഇംഗ്ലീഷ്‌ ചാനലിനു മുകളിലുള്ള മേഘങ്ങളെക്കുറിച്ചു പഠനം നടത്തുകയുണ്ടായി. തീരദേശത്തിനു മുകളിലുള്ള മേഘങ്ങളുടെ ഘനം കുറയുകയും ജലമാർഗങ്ങളുടെ മുകളിലുള്ളവയുടെ ഘനം കൂടുകയും ചെയ്‌തിരിക്കുന്നതായി അവർ കണ്ടെത്തി. ഈ പ്രതിഭാസത്തിനു കാരണം കപ്പലുകളിൽനിന്നുള്ള പുകയാണെന്നു കരുതപ്പെടുന്നു. ഇതിലെ കരിയുടെ കണങ്ങൾ നീരാവി ഘനീഭവിക്കുന്നതിന്‌ ഇടയാക്കുകയും അങ്ങനെ കൂടുതൽ ജലകണികകൾ രൂപംകൊള്ളുകയും ചെയ്യുന്നു. “കഴിഞ്ഞ 50 വർഷംകൊണ്ട്‌ കപ്പലുകളുടെ ഇന്ധനോപയോഗം നാലിരട്ടിയിലധികം വർധിച്ചിരിക്കുന്നു” എന്ന്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു.