വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യാർത്തവം മകളെ മാനസികമായി ഒരുക്കുക

ആദ്യാർത്തവം മകളെ മാനസികമായി ഒരുക്കുക

ആദ്യാർത്തവം മകളെ മാനസി​ക​മാ​യി ഒരുക്കുക

മാറ്റങ്ങളുടെ കാലമാണ്‌ താരു​ണ്യം. വളർച്ച​യു​ടെ ഈ ഘട്ടത്തിൽ പെൺകു​ട്ടി​ക​ളു​ടെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ഒരു നിർണാ​യക സംഭവ​മാണ്‌ ആർത്തവം.

ആർത്തവാ​രം​ഭം പെൺകു​ട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പിരി​മു​റു​ക്ക​ത്തി​ന്റേ​തായ ഒരു സമയമാണ്‌. സമ്മിശ്ര വികാ​ര​ങ്ങ​ളാ​യി​രി​ക്കും അപ്പോൾ അവർക്ക്‌ അനുഭ​വ​പ്പെ​ടുക. താരു​ണ്യ​ത്തിൽ സംഭവി​ക്കുന്ന മറ്റു പല മാറ്റങ്ങ​ളെ​യും​പോ​ലെ ഇതും അവരെ കുഴപ്പി​ക്കു​ന്നു. ആദ്യമാ​യി ആർത്തവ​രക്തം കാണു​മ്പോൾ മിക്ക പെൺകു​ട്ടി​കൾക്കും ഭയവും പരി​ഭ്ര​മ​വും ഉണ്ടാകാ​റുണ്ട്‌. തെറ്റി​ദ്ധാ​ര​ണ​ക​ളോ അജ്ഞതയോ ഒക്കെയാണ്‌ പലപ്പോ​ഴും അതിനു കാരണം.

ആർത്തവാ​രം​ഭ​ത്തെ​ക്കു​റി​ച്ചു വേണ്ടത്ര കാര്യങ്ങൾ അറിയാ​വുന്ന പെൺകു​ട്ടി​കൾക്ക്‌, അതുണ്ടാ​കു​മ്പോൾ അത്ര പിരി​മു​റു​ക്കം അനുഭ​വ​പ്പെ​ടു​ന്നില്ല. എന്നിരു​ന്നാ​ലും, ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പല പെൺകു​ട്ടി​ക​ളും ബോധ​വ​തി​ക​ള​ല്ലെ​ന്നാണ്‌ പഠനങ്ങൾ കാണി​ക്കു​ന്നത്‌. 23 രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വരെ പങ്കെടു​പ്പി​ച്ചു​കൊ​ണ്ടു നടത്തിയ ഒരു സർവേ​യിൽ, ഏകദേശം മൂന്നിൽ ഒരാളും പറഞ്ഞത്‌ ആദ്യമാ​യി ആർത്തവം ഉണ്ടാകു​ന്ന​തി​നു​മുമ്പ്‌ തങ്ങൾക്ക്‌ അതേപ്പറ്റി അറിയി​ല്ലാ​യി​രു​ന്നു​വെ​ന്നാണ്‌. അപ്രതീ​ക്ഷി​ത​മാ​യി അതു സംഭവി​ച്ച​പ്പോൾ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ അവർ പകച്ചു​പോ​യി.

ആർത്തവാ​രം​ഭം ഏറ്റവും സംഭ്ര​മ​ജ​ന​ക​മാ​യി​രു​ന്നു​വെന്ന്‌ അഭി​പ്രാ​യ​പ്പെട്ട പെൺകു​ട്ടി​ക​ളിൽ ചിലർക്ക്‌ അത്‌ ഉണ്ടാകു​ന്ന​തി​നു​മുമ്പ്‌ അതേപ്പറ്റി യാതൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. ആദ്യാർത്ത​വ​വു​മാ​യി ബന്ധപ്പെട്ട തങ്ങളുടെ അനുഭവം വിവരി​ക്കവേ ചില പെൺകു​ട്ടി​കൾ, “പരി​ഭ്രാ​ന്തി,” “ഞെട്ടൽ,” “സംഭ്രമം,” “ഭയം” എന്നിങ്ങ​നെ​യുള്ള വാക്കു​ക​ളാണ്‌ ഉപയോ​ഗി​ച്ച​തെന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി.

രക്തം കാണു​ന്നത്‌ പൊതു​വേ ആളുകളെ ഭയപ്പെ​ടു​ത്തു​ന്നു. രക്തസ്രാ​വത്തെ സാധാ​ര​ണ​മാ​യി മുറിവ്‌ അല്ലെങ്കിൽ വേദന​യു​മാ​യാണ്‌ ബന്ധപ്പെ​ടു​ത്തു​ന്നത്‌. അതു​കൊണ്ട്‌ കാര്യങ്ങൾ വ്യക്തമാ​യി വിശദീ​ക​രി​ച്ചു കൊടു​ക്കാ​ത്ത​പക്ഷം, പരമ്പരാ​ഗത സമ്പ്രദാ​യങ്ങൾ, കേട്ടറി​വു​കൾ അല്ലെങ്കിൽ തികഞ്ഞ അജ്ഞത എന്നിവ നിമിത്തം പെൺകു​ട്ടി​കൾ ആർത്തവത്തെ ഒരു രോഗം അല്ലെങ്കിൽ മുറിവ്‌ ആയി തെറ്റി​ദ്ധ​രി​ക്കു​ക​യോ നാണ​ക്കേടു തോന്നേണ്ട ഒരു സംഗതി​യാ​യി വീക്ഷി​ക്കു​ക​യോ ചെയ്യു​ന്നത്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ആരോ​ഗ്യ​മു​ള്ള എല്ലാ പെൺകു​ട്ടി​കൾക്കും ഉണ്ടാകുന്ന സ്വാഭാ​വി​ക​മായ ഒരു കാര്യ​മാണ്‌ ആർത്തവ​സ്രാ​വ​മെന്നു മകൾ മനസ്സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അവളുടെ ഭയവും ആശങ്കയും അകറ്റാൻ മാതാ​പി​താ​ക്കൾ എന്ന നിലയിൽ നിങ്ങൾക്ക്‌ അവളെ സഹായി​ക്കാൻ കഴിയും. എങ്ങനെ?

മാതാ​പി​താ​ക്ക​ളു​ടെ പങ്ക്‌ നിർണാ​യ​കം

ആർത്തവ​ത്തെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ ലഭിക്കു​ന്ന​തിന്‌ പല മാർഗ​ങ്ങ​ളുണ്ട്‌. അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വിജ്ഞാ​ന​പ്ര​ദ​മായ ചലച്ചി​ത്ര​ങ്ങ​ളും ഇത്തരം വിവരങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ, സ്‌കൂൾ അധ്യാ​പ​ക​രും ആരോ​ഗ്യ​രം​ഗത്തു പ്രവർത്തി​ക്കു​ന്ന​വ​രും ഇക്കാര്യ​ത്തിൽ വലി​യൊ​രു സഹായ​മാ​യി​രി​ക്കും. ആർത്തവ​ത്തി​ന്റെ ശാസ്‌ത്രീയ വശങ്ങ​ളെ​യും ആർത്തവ​കാ​ലത്ത്‌ പാലി​ക്കേണ്ട ശുചി​ത്വ​ന​ട​പ​ടി​ക​ളെ​യും കുറി​ച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഇങ്ങനെ ലഭിക്കു​ന്ന​താ​യി പല മാതാ​പി​താ​ക്ക​ളും സമ്മതി​ക്കു​ന്നു. എന്നിരു​ന്നാ​ലും, മറ്റു പല സംശയ​ങ്ങ​ളും വൈകാ​രിക ആവശ്യ​ങ്ങ​ളും പെൺകു​ട്ടി​കൾക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാം. ആർത്തവം ഉണ്ടാകു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​മെ​ങ്കിൽത്ത​ന്നെ​യും, അതുമാ​യി ബന്ധപ്പെ​ട്ടു​ണ്ടാ​കുന്ന വ്യത്യസ്‌ത വികാ​ര​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെ​ന്നതു സംബന്ധിച്ച്‌ അവർ മിക്ക​പ്പോ​ഴും അനിശ്ചി​താ​വ​സ്ഥ​യി​ലാണ്‌.

പെൺകു​ട്ടി​കൾക്ക്‌ ആവശ്യ​മായ വൈകാ​രിക പിന്തു​ണ​യും കൂടു​ത​ലായ വിവര​ങ്ങ​ളും പ്രദാനം ചെയ്യാൻ വല്യമ്മ​മാർക്കും ചേച്ചി​മാർക്കും കഴിയും. എന്നിരു​ന്നാ​ലും ഇക്കാര്യ​ത്തിൽ പ്രത്യേ​കിച്ച്‌ സഹായി​ക്കാൻ കഴിയു​ന്നത്‌ അമ്മമാർക്കാണ്‌.

പിതാ​ക്ക​ന്മാ​രെ സംബന്ധി​ച്ചെന്ത്‌? ആർത്തവ​ത്തെ​പ്പറ്റി അവരോ​ടു സംസാ​രി​ക്കാൻ പല പെൺകു​ട്ടി​കൾക്കും സങ്കോചം തോന്നു​ന്നു. പിന്തു​ണ​യും പരിഗ​ണ​ന​യും നൽകി​ക്കൊണ്ട്‌ പിതാ​ക്ക​ന്മാർ പരോ​ക്ഷ​മായ ഒരു പങ്കുവ​ഹി​ക്ക​ണ​മെന്നു ചില പെൺകു​ട്ടി​കൾ ആഗ്രഹി​ക്കു​ന്നു. മറ്റുചി​ല​രാ​കട്ടെ, പിതാവ്‌ ഇക്കാര്യ​ത്തിൽ ഉൾപ്പെ​ട​ണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​തേ​യില്ല.

പല രാജ്യ​ങ്ങ​ളി​ലും ഏതാനും ദശകങ്ങ​ളാ​യി അമ്മമാ​രി​ല്ലാത്ത കുടും​ബ​ങ്ങ​ളു​ടെ എണ്ണം വർധി​ച്ചി​രി​ക്കു​ക​യാണ്‌. a ഇത്തരം കുടും​ബ​ങ്ങ​ളിൽ ആർത്തവ​ത്തെ​പ്പറ്റി പെൺമ​ക്കൾക്കു പറഞ്ഞു​കൊ​ടു​ക്കേണ്ട ചുമതല പിതാ​ക്ക​ന്മാർ ഏറ്റെടു​ക്കേ​ണ്ട​താ​യി വരുന്നു. ആർത്തവ​വു​മാ​യി ബന്ധപ്പെട്ട അടിസ്ഥാന വസ്‌തു​ത​ക​ളെ​യും മകൾക്കു സംഭവി​ക്കുന്ന മറ്റു ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ മാറ്റങ്ങ​ളെ​യും സംബന്ധിച്ച്‌ ഇവർ ബോധ​വാ​ന്മാ​രാ​യി​രി​ക്കണം. ഇക്കാര്യ​ത്തിൽ പ്രാ​യോ​ഗി​ക​മായ നിർദേ​ശ​ങ്ങ​ളും സഹായ​വും തങ്ങളു​ടെ​തന്നെ അമ്മമാ​രിൽനി​ന്നോ സഹോ​ദ​രി​മാ​രിൽനി​ന്നോ ഇവർക്കു നേടാ​വു​ന്ന​താണ്‌.

എപ്പോൾ പറഞ്ഞു​കൊ​ടു​ക്കണം?

ചില പശ്ചിമ യൂറോ​പ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ഐക്യ​നാ​ടു​കൾ എന്നിങ്ങ​നെ​യുള്ള വ്യാവ​സാ​യിക രാജ്യ​ങ്ങ​ളിൽ, പെൺകു​ട്ടി​കൾക്ക്‌ ആദ്യാർത്ത​വ​മു​ണ്ടാ​കുന്ന ശരാശരി പ്രായം പൊതു​വേ 12-നും 13-നും ഇടയ്‌ക്കാണ്‌. എന്നിരു​ന്നാ​ലും അതു വളരെ നേരത്തേ അതായത്‌ 8 വയസ്സി​ലോ അല്ലെങ്കിൽ വളരെ താമസിച്ച്‌ അതായത്‌ 16-ഓ 17-ഓ വയസ്സി​ലോ ഉണ്ടാ​യെ​ന്നും വരാം. ആഫ്രി​ക്ക​യി​ലെ​യും ഏഷ്യയി​ലെ​യും ചില രാജ്യ​ങ്ങ​ളിൽ, പെൺകു​ട്ടി​കൾക്ക്‌ ആദ്യാർത്തവം ഉണ്ടാകുന്ന ശരാശരി പ്രായം കൂടു​ത​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നൈജീ​രി​യ​യിൽ ശരാശരി പ്രായം 15 ആണ്‌. പാരമ്പ​ര്യം, സാമ്പത്തിക നില, പോഷണം, കായിക പ്രവർത്തനം, സമു​ദ്ര​നി​ര​പ്പിൽ നിന്നുള്ള ഉയരം എന്നിങ്ങനെ പല ഘടകങ്ങൾ ആദ്യാർത്ത​വ​മു​ണ്ടാ​കുന്ന പ്രായത്തെ സ്വാധീ​നി​ക്കു​ന്നു.

മകൾക്ക്‌ ആദ്യാർത്തവം ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ന്ന​താണ്‌ ഏറ്റവും ഉചിതം. അതു​കൊണ്ട്‌, വളരെ നേര​ത്തേ​തന്നെ, ഒരുപക്ഷേ ഏകദേശം എട്ടു വയസ്സു​ള്ള​പ്പോൾത്തന്നെ ശരീര​ത്തി​ലു​ണ്ടാ​കുന്ന മാറ്റങ്ങ​ളെ​യും ആർത്തവ​ത്തെ​യും സംബന്ധിച്ച്‌ അവൾക്കു പറഞ്ഞു​കൊ​ടു​ക്കാൻ തുടങ്ങണം. ഇതു വളരെ നേരത്തേ ആയി​പ്പോ​യെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ മകളുടെ പ്രായം എട്ടിനും പത്തിനും ഇടയ്‌ക്കാ​ണെ​ങ്കിൽ, വർധിച്ച ഹോർമോൺ പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി അവളുടെ പ്രത്യു​ത്‌പാ​ദന അവയവങ്ങൾ വളർച്ച​പ്രാ​പി​ക്കാൻ തുടങ്ങി​യി​രി​ക്കാം. സ്‌തന​വ​ളർച്ച, ശരീര​ത്തി​ലെ രോമ വളർച്ച എന്നിങ്ങനെ താരു​ണ്യ​വു​മാ​യി ബന്ധപ്പെട്ട്‌ ബാഹ്യാ​കാ​ര​ത്തി​ലു​ണ്ടാ​കുന്ന വ്യതി​യാ​നങ്ങൾ നിങ്ങൾ ശ്രദ്ധി​ച്ചേ​ക്കും. ആർത്തവാ​രം​ഭ​ത്തി​നു തൊട്ടു​മുമ്പ്‌ മിക്ക പെൺകു​ട്ടി​ക​ളു​ടെ​യും ഉയരവും തൂക്കവും പെട്ടെന്നു വർധി​ക്കു​ന്നു.

എങ്ങനെ പറഞ്ഞു​കൊ​ടു​ക്കണം?

ഋതുമതികളാകാൻ പോകുന്ന പെൺകു​ട്ടി​കൾ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ പ്രതി ആകാം​ക്ഷ​യു​ള്ളവർ ആയിരി​ക്കും. സ്‌കൂ​ളിൽ മറ്റു പെൺകു​ട്ടി​കൾ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നത്‌ അവർ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം. അവർക്കു സംശയ​ങ്ങ​ളുണ്ട്‌, എന്നാൽ അതൊക്കെ എങ്ങനെ അവതരി​പ്പി​ക്ക​ണ​മെന്ന്‌ പലർക്കും അറിയില്ല. ഇക്കാര്യ​ത്തിൽ അവർക്കു സങ്കോ​ച​മു​ണ്ടാ​യി​രു​ന്നേ​ക്കാം.

മാതാ​പി​താ​ക്കൾക്കും ഇതേ പ്രശ്‌ന​മു​ണ്ടാ​യി​രി​ക്കും. ആർത്തവ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളു​ടെ പ്രാഥ​മിക ഉറവിടം സാധാ​ര​ണ​മാ​യി അമ്മമാ​രാ​ണെ​ങ്കി​ലും ജാള്യ​മി​ല്ലാ​തെ കാര്യങ്ങൾ ശരിയാ​യി പറഞ്ഞു​കൊ​ടു​ക്കാൻ പലപ്പോ​ഴും അവർക്കു കഴിയാ​തെ​വ​രു​ന്നു. ഒരുപക്ഷേ നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും തോന്നു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ മകൾക്ക്‌ ആർത്തവ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊ​ടു​ക്കു​ന്ന​തിന്‌ എങ്ങനെ തുടക്ക​മി​ടാം?

കൗമാ​ര​ത്തി​ലെ​ത്തു​ന്ന​തി​നു മുമ്പു​തന്നെ ലളിത​വും വസ്‌തു​നി​ഷ്‌ഠ​വു​മായ വിവരങ്ങൾ മനസ്സി​ലാ​ക്കാൻ പെൺകു​ട്ടി​കൾക്കു കഴിയും. എത്രനാൾ കൂടു​മ്പോ​ഴാണ്‌ ആർത്തവം ഉണ്ടാകു​ന്നത്‌, എത്ര ദിവസം അതു നീണ്ടു​നിൽക്കും, എന്തുമാ​ത്രം രക്തം നഷ്ടപ്പെ​ടും എന്നിങ്ങ​നെ​യുള്ള വിവര​ങ്ങ​ളെ​ല്ലാം അതിൽ ഉൾപ്പെ​ടു​ന്നു. ആർത്തവ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊ​ടു​ക്കു​മ്പോൾ ആദ്യ ഘട്ടത്തിൽത്തന്നെ, അതുണ്ടാ​കു​മ്പോൾ ഉടനെ ചെയ്യേ​ണ്ട​തും പ്രാ​യോ​ഗി​ക​വു​മായ കാര്യ​ങ്ങൾക്ക്‌ ഊന്നൽ കൊടു​ക്കു​ന്ന​താ​യി​രി​ക്കും ഏറ്റവും നല്ലത്‌. ഇതു കൂടാതെ, എന്തായി​രി​ക്കും സംഭവി​ക്കുക, അല്ലെങ്കിൽ അത്‌ എങ്ങനെ​യുള്ള ഒരു അനുഭ​വ​മാ​യി​രി​ക്കും എന്നിങ്ങ​നെ​യുള്ള ചോദ്യ​ങ്ങൾക്കും നിങ്ങൾ മറുപടി കൊടു​ക്കേ​ണ്ട​താ​യി വരും.

പിന്നീട്‌, ആർത്തവ​ത്തി​ന്റെ ശാസ്‌ത്രീയ വശങ്ങ​ളെ​ക്കു​റിച്ച്‌ വിശദ​മാ​യി പറഞ്ഞു​കൊ​ടു​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ആരോ​ഗ്യ​രം​ഗത്തു പ്രവർത്തി​ക്കു​ന്ന​വ​രിൽനി​ന്നോ ഗ്രന്ഥശാ​ല​ക​ളിൽനി​ന്നോ ബുക്ക്‌സ്റ്റാ​ളു​ക​ളിൽനി​ന്നോ വിജ്ഞാ​ന​പ്ര​ദ​മായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭിക്കു​ന്ന​താണ്‌. വിശദാം​ശങ്ങൾ വിവരി​ച്ചു​കൊ​ടു​ക്കു​ന്ന​തിന്‌ അത്തരം പ്രസി​ദ്ധീ​ക​ര​ണങ്ങൾ സഹായ​ക​മാ​യി​രു​ന്നേ​ക്കാം. ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തനിയെ വായിച്ചു മനസ്സി​ലാ​ക്കാ​നാ​യി​രി​ക്കും ചില പെൺകു​ട്ടി​കൾ താത്‌പ​ര്യ​പ്പെ​ടു​ന്നത്‌. മറ്റു ചിലർക്കാ​കട്ടെ, നിങ്ങൾ വായി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി​രി​ക്കും ഇഷ്ടം.

സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നാ​യി ശാന്തമായ ഒരു സ്ഥലം തിര​ഞ്ഞെ​ടു​ക്കുക. എന്നിട്ട്‌ വളരു​ന്ന​തി​നെ​ക്കു​റി​ച്ചും പ്രായ​പൂർത്തി​യാ​കു​ന്ന​തി​നെ​ക്കുറി​ച്ചും ഒക്കെയുള്ള ലളിത​മായ സംഭാ​ഷ​ണ​ത്തോ​ടെ തുടക്ക​മി​ടുക. ഒരുപക്ഷേ ഇതു​പോ​ലെ എന്തെങ്കി​ലും പറയാ​വു​ന്ന​താണ്‌: “എല്ലാ പെൺകു​ട്ടി​കൾക്കും ഉണ്ടാകുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ അമ്മ പറയാൻ പോകു​ന്നത്‌. താമസി​യാ​തെ മോൾക്കും അതുണ്ടാ​കും. അത്‌ എന്താ​ണെ​ന്നോ?” അല്ലെങ്കിൽ നിങ്ങൾക്ക്‌ സ്വന്തം അനുഭവം പരാമർശി​ച്ചു​കൊണ്ട്‌ ഇതു​പോ​ലെ പറയാ​വു​ന്ന​താണ്‌: “പീരി​യഡ്‌ ആകുക എന്നാൽ എന്താ​ണെന്നു മോളു​ടെ പ്രായ​ത്തിൽ അമ്മ ചിന്തി​ച്ചി​ട്ടുണ്ട്‌. ഞങ്ങൾ കൂട്ടു​കാർ സ്‌കൂ​ളിൽവെച്ച്‌ ഇതേക്കു​റിച്ച്‌ സംസാ​രി​ക്കു​മാ​യി​രു​ന്നു. മോളു​ടെ കൂട്ടു​കാർ ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​റു​ണ്ടോ?” ആർത്തവ​ത്തെ​ക്കു​റിച്ച്‌ അവൾക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കു​ക​യും തെറ്റി​ദ്ധാ​ര​ണകൾ എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽ അതു നീക്കു​ക​യും ചെയ്യുക. ആദ്യമാ​യി ഇതേക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ മകൾ മിക്കവാ​റും ഒന്നും മിണ്ടാതെ കേട്ടി​രി​ക്കാ​നാ​ണു സാധ്യത.

ഒരു സ്‌ത്രീ​യെന്ന നിലയിൽ, ആർത്തവാ​രം​ഭ​വു​മാ​യി ബന്ധപ്പെട്ട ഉത്‌ക​ണ്‌ഠ​ക​ളും വ്യാകു​ല​ത​ക​ളും നിങ്ങൾക്കും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ സ്വന്തം അനുഭവം—നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടി​യി​രുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു, ഏതെല്ലാം വിവരങ്ങൾ സഹായ​ക​മാ​യി​രു​ന്നു—എന്നെല്ലാം വിവരി​ക്കാ​വു​ന്ന​താണ്‌. ആർത്തവം എന്ത്‌ ഉദ്ദേശ്യം സാധി​ക്കു​ന്നു​വെ​ന്നും അതിൽ എന്തെല്ലാം ബുദ്ധി​മു​ട്ടു​കൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഉള്ളതി​നെ​ക്കു​റിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണം നൽകാൻ ശ്രമി​ക്കുക. ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ തയ്യാറാ​യി​രി​ക്കുക.

ഒരിക്കൽ മാത്രം പോരാ

ആർത്തവ​ത്തെ​ക്കു​റിച്ച്‌ മകളോട്‌ ഒരിക്കൽ മാത്രം സംസാ​രി​ച്ചാൽ പോരാ, മറിച്ച്‌ അതേക്കു​റിച്ച്‌ വീണ്ടും​വീ​ണ്ടും സംസാ​രി​ക്കണം. ഒറ്റയി​രി​പ്പിൽത്തന്നെ എല്ലാ കാര്യ​ങ്ങ​ളും പറഞ്ഞു​കൊ​ടു​ക്കാൻ ശ്രമി​ക്കേ​ണ്ട​തില്ല. ഒരു സമയം വളരെ​യ​ധി​കം കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ, അത്‌ ഒരു കൊച്ചു പെൺകു​ട്ടിക്ക്‌ ഗ്രഹി​ക്കാ​വു​ന്ന​തി​ലും അധിക​മാ​യി​രി​ക്കും. കുട്ടികൾ പടിപ​ടി​യാ​യി​ട്ടാ​ണു കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌. അതു​പോ​ലെ വ്യത്യസ്‌ത സന്ദർഭ​ങ്ങ​ളിൽ കാര്യങ്ങൾ ആവർത്തി​ക്കേ​ണ്ട​താ​യും വന്നേക്കാം. കുട്ടികൾ വലുതാ​കു​ന്തോ​റും കൂടു​ത​ലായ വിശദാം​ശങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള അവരുടെ പ്രാപ്‌തി​യും വർധി​ക്കും.

ആർത്തവ​ത്തോ​ടു​ള്ള പെൺകു​ട്ടി​ക​ളു​ടെ മനോ​ഭാ​വം കൗമാ​ര​പ്രാ​യ​ത്തിൽ ഉടനീളം മാറി​ക്കൊ​ണ്ടി​രി​ക്കും എന്നതാണ്‌ മറ്റൊരു ഘടകം. നിങ്ങളു​ടെ മകൾ പല ആർത്തവ​ച​ക്രങ്ങൾ പിന്നിട്ടു കഴിയു​മ്പോൾ, അവൾക്ക്‌ പുതിയ ആശങ്കക​ളും ചോദ്യ​ങ്ങ​ളും ഉണ്ടാകാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌, തുടർന്നും അവൾക്കു കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യും അവളുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കു​ക​യും വേണം. പ്രായ​ത്തി​നു ചേരു​ന്ന​തും അതു​പോ​ലെ അവൾക്കു ഗ്രഹി​ക്കാൻ കഴിയു​ന്ന​തു​മായ കാര്യ​ങ്ങൾക്ക്‌ ഊന്നൽ കൊടു​ക്കുക.

മുൻ​കൈ​യെ​ടു​ക്കുക

ഈ വിഷയ​ത്തിൽ മകൾ അത്ര താത്‌പ​ര്യ​മൊ​ന്നും കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? ഒരുപക്ഷേ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ അവൾക്കു മടിയാ​യി​രി​ക്കും. അല്ലെങ്കിൽ സംശയങ്ങൾ വേണ്ടവി​ധ​ത്തിൽ അവതരി​പ്പി​ക്കാൻ അവൾക്കു കുറച്ചു സമയം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. തനിക്ക്‌ എല്ലാമ​റി​യാം എന്നു​പോ​ലും അവൾ പറഞ്ഞേ​ക്കാം.

ഐക്യ​നാ​ടു​ക​ളിൽ 11 വയസ്സി​നോ​ട​ടുത്ത്‌ പ്രായ​മുള്ള പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ ഒരു പഠനം തെളി​യി​ച്ചത്‌, ആർത്തവാ​രം​ഭ​ത്തി​നാ​യി തങ്ങൾ സജ്ജരാ​ണെന്ന വീക്ഷണം മിക്ക പെൺകു​ട്ടി​ക​ളും പുലർത്തി​യി​രു​ന്നു എന്നാണ്‌. എന്നിരു​ന്നാ​ലും കൂടു​ത​ലായ ചോദ്യ​ങ്ങൾ ചോദി​ച്ച​പ്പോൾ, അവരുടെ അറിവ്‌ അപൂർണ​മാ​ണെ​ന്നും ഉള്ള അറിവാ​കട്ടെ പലതും അബദ്ധധാ​ര​ണ​ക​ളാ​ണെ​ന്നും വ്യക്തമാ​യി. അവരുടെ ധാരണകൾ കേട്ടറി​വു​ക​ളി​ലും സമൂഹ​ത്തിൽ പരമ്പരാ​ഗ​ത​മാ​യി പിൻപ​റ്റി​പ്പോ​ന്നി​രുന്ന സമ്പ്രദാ​യ​ങ്ങ​ളി​ലും അധിഷ്‌ഠി​ത​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ആർത്തവാ​രം​ഭ​ത്തി​നാ​യി സജ്ജയാ​ണെന്നു മകൾ പറഞ്ഞാൽപ്പോ​ലും അവൾക്കു കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കേ​ണ്ട​തുണ്ട്‌.

ആർത്തവ​ത്തെ​ക്കു​റി​ച്ചുള്ള ഹ്രസ്വ​മായ സംഭാ​ഷ​ണ​ങ്ങൾക്കു തുടക്ക​മി​ടു​ക​യും അതു തുടർന്നു​കൊ​ണ്ടു പോകു​ക​യും ചെയ്യേ​ണ്ടതു നിങ്ങൾ തന്നെയാ​യി​രി​ക്കും. തീർച്ച​യാ​യും, അതു മാതാ​പി​താ​ക്ക​ളു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌. ആ സമയത്ത്‌ മകൾക്ക്‌ നിങ്ങളു​ടെ സഹായം കൂടി​യേ​തീ​രൂ, അവൾ അത്‌ തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും. നിരു​ത്സാ​ഹ​വും പ്രാപ്‌തി​യി​ല്ലെ​ന്നുള്ള തോന്ന​ലും ഉണ്ടായാൽപ്പോ​ലും ശ്രമം ഉപേക്ഷി​ക്ക​രുത്‌. ക്ഷമ പ്രകട​മാ​ക്കുക. കാലാ​ന്ത​ര​ത്തിൽ, നിങ്ങളു​ടെ ശ്രമങ്ങൾ എത്ര മൂല്യ​വ​ത്താ​യി​രു​ന്നു​വെന്നു മകൾ തിരി​ച്ച​റി​യു​ക​യും നിശ്ചയ​മാ​യും അതു വിലമ​തി​ക്കു​ക​യും ചെയ്യും.

[അടിക്കു​റിപ്പ്‌]

a ജപ്പാനിൽ പിതാവ്‌ മാത്ര​മുള്ള കുടും​ബ​ങ്ങ​ളു​ടെ എണ്ണത്തിൽ ഏറ്റവും വർധന​യു​ണ്ടാ​യത്‌ 2003-ലാണ്‌. ഐക്യ​നാ​ടു​ക​ളിൽ, മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളിൽ 6-ൽ 1-ഉം പിതാവ്‌ മാത്ര​മു​ള്ള​വ​യാണ്‌.

[11-ാം പേജിലെ ആകർഷക വാക്യം]

മകളുടെ ആദ്യാർത്ത​വ​ത്തി​നു മുമ്പു​തന്നെ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌

[13-ാം പേജിലെ ചതുരം]

മകളോട്‌ ആർത്തവ​ത്തെ​പ്പറ്റി എങ്ങനെ സംസാ​രി​ക്കാം?

വിഷയ​ത്തെ​ക്കു​റിച്ച്‌ അവൾക്ക്‌ എന്തൊക്കെ അറിയാ​മെന്ന്‌ ചോദി​ച്ചു മനസ്സി​ലാ​ക്കുക. അബദ്ധധാ​ര​ണകൾ നീക്കുക. നിങ്ങൾക്കും അവൾക്കും കൃത്യ​മായ വിവരങ്ങൾ അറിയാ​മെന്ന്‌ ഉറപ്പു​വ​രു​ത്തുക.

നിങ്ങളു​ടെ അനുഭവം വിവരി​ക്കുക. ആർത്തവാ​രം​ഭ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ സ്വന്തം അനുഭവം വിവരി​ക്കു​ന്ന​തു​വഴി മകൾക്ക്‌ ഏറ്റവും ആവശ്യ​മായ വൈകാ​രിക പിന്തുണ നൽകാൻ നിങ്ങൾക്കു സാധി​ക്കും.

പ്രാ​യോ​ഗി​ക​മായ വിവരങ്ങൾ നൽകുക. പെൺകു​ട്ടി​കൾ സാധാരണ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളിൽ പിൻവ​രു​ന്നവ ഉൾപ്പെ​ടു​ന്നു: “സ്‌കൂ​ളിൽവെ​ച്ചാണ്‌ ആർത്തവം ഉണ്ടാകു​ന്ന​തെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?” “അത്‌ ഉണ്ടാകു​മ്പോൾ ഞാൻ എന്ത്‌ ഉപയോ​ഗി​ക്കണം?” “അത്‌ എങ്ങനെ ഉപയോ​ഗി​ക്കണം?”

വസ്‌തു​തകൾ ലളിത​മാ​യി പറയുക. മകളുടെ പ്രായ​ത്തി​നും ഗ്രഹണ​പ്രാ​പ്‌തി​ക്കും അനുസ​രിച്ച്‌ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കുക.

തുടർന്നും കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക. നിങ്ങളു​ടെ മകൾക്ക്‌ ആദ്യാർത്തവം ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ അവളോട്‌ ഇതി​നെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു തുടങ്ങുക. ആദ്യത്തെ ആർത്തവ​ത്തി​നു ശേഷവും ആവശ്യ​മെ​ങ്കിൽ ഇത്തരം സംഭാ​ഷ​ണങ്ങൾ തുടരുക.

[12, 13 പേജു​ക​ളി​ലെ ചിത്രം]

മകളെ മനസ്സി​ലാ​ക്കുക. വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ അവൾക്കു മടിയു​ണ്ടാ​യി​രി​ക്കാം