വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭീഷണി എത്ര വലുതാണ്‌?

ഭീഷണി എത്ര വലുതാണ്‌?

ഭീഷണി എത്ര വലുതാണ്‌?

മൂന്നാഴ്‌ച പ്രായ​മുള്ള ഹോള്ളി മള്ളിൻ എന്ന കുഞ്ഞിന്‌ 1997 ഒക്ടോ​ബ​റിൽ ചെവി​യിൽ അണുബാധ പിടി​പെട്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞി​ട്ടും അതു ഭേദമാ​കാ​തെ വന്നപ്പോൾ ഡോക്ടർ ഒരു ആധുനിക ആന്റിബ​യോ​ട്ടിക്‌ കുറിച്ചു കൊടു​ത്തു. അസുഖം പെട്ടെന്ന്‌ മാറേ​ണ്ട​താ​യി​രു​ന്നു. എന്നാൽ അങ്ങനെ സംഭവി​ച്ചില്ല. വീണ്ടും അണുബാ​ധ​യു​ണ്ടാ​യി. ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ ഓരോ കോഴ്‌സ്‌ പൂർത്തി​യാ​ക്കിയ ശേഷവും ഇത്‌ ആവർത്തി​ച്ചു.

ഒരു വയസ്സി​നു​ള്ളിൽ ഹോള്ളി വിവി​ധ​തരം ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ 17 കോഴ്‌സു​കൾ പൂർത്തി​യാ​ക്കി. അങ്ങനെ​യി​രി​ക്കെ, 21 മാസം പ്രായ​മു​ള്ള​പ്പോൾ അവൾക്ക്‌ ഏറ്റവും കലശലായ അണുബാ​ധയെ നേരി​ടേണ്ടി വന്നു. അവസാന ശ്രമം എന്ന നിലയിൽ 14 ദിവസം ഒരു ആന്റിബ​യോ​ട്ടി​ക്കി​ന്റെ കുത്തി​വ​യ്‌പ്‌ എടുത്തു. അതോടെ അസുഖം ഭേദമാ​യി.

ഇതു​പോ​ലു​ള്ള സംഭവങ്ങൾ ഒന്നി​നൊന്ന്‌ വർധിച്ചു വന്നിരി​ക്കു​ന്നു. കൊച്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ​യും പ്രായ​മാ​യ​വ​രു​ടെ​യും ഇടയിൽ മാത്രമല്ല, എല്ലാ പ്രായ​ക്കാ​രു​ടെ​യും ഇടയിൽ. ഒരുകാ​ലത്ത്‌ ആന്റിബ​യോ​ട്ടി​ക്കു​കൾകൊണ്ട്‌ അനായാ​സം മാറി​യി​രുന്ന അണുബാ​ധകൾ ഇപ്പോൾ ആളുകളെ രോഗ​ത്തിന്‌ അടിമ​യാ​ക്കു​ക​യും കൊല്ലുക പോലും ചെയ്യുന്നു. വാസ്‌ത​വ​ത്തിൽ, ആന്റിബ​യോ​ട്ടിക്‌ ചികി​ത്സാ​പ​ര​മ്പ​രയെ അതിജീ​വി​ക്കുന്ന രോഗാ​ണു​ക്കൾ 1950-കൾ മുതലേ ചില ആശുപ​ത്രി​ക​ളിൽ ഒരു വലിയ പ്രശ്‌ന​മാ​യി​രു​ന്നി​ട്ടുണ്ട്‌. തുടർന്ന്‌ 1960-കളിലും 70-കളിലും ആന്റിബ​യോ​ട്ടി​ക്കു​കളെ പ്രതി​രോ​ധി​ക്കാൻ ശേഷി​യുള്ള രോഗാ​ണു​ക്കൾ ആശുപ​ത്രി​ക്കു വെളി​യി​ലുള്ള സമൂഹ​ങ്ങ​ളി​ലേക്കു വ്യാപി​ച്ചു.

ഒടുവിൽ, വൈദ്യ​ശാ​സ്‌ത്ര ഗവേഷകർ മനുഷ്യ​രി​ലെ​യും ജന്തുക്ക​ളി​ലെ​യും ആന്റിബ​യോ​ട്ടി​ക്കു​ക​ളു​ടെ അമിത ഉപയോ​ഗത്തെ, ആന്റിബ​യോ​ട്ടിക്‌ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്ക​ളു​ടെ വർധന​വി​നുള്ള മുഖ്യ കാരണ​മാ​യി ചൂണ്ടി​ക്കാ​ട്ടാൻ തുടങ്ങി. 1978-ൽ ഇവരിൽ ഒരാൾ ആന്റിബ​യോ​ട്ടി​ക്കി​ന്റെ അമിത ഉപയോ​ഗത്തെ “തീർത്തും പിടി​വി​ട്ടു​പോയ ഒന്ന്‌” എന്ന്‌ വിശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി. അതു​കൊണ്ട്‌ 1990-കൾ ആയപ്പോ​ഴേ​ക്കും പിൻവ​രു​ന്ന​തു​പോ​ലുള്ള തലക്കെ​ട്ടു​കൾ ലോക​മെ​മ്പാ​ടും പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി: “സൂപ്പർ-ബഗ്ഗുകൾ എത്തുന്നു,” “സൂപ്പർബ​ഗ്ഗു​കൾ പിടി മുറു​ക്കു​ന്നു,” “അപകട​കാ​രി​ക​ളായ ഔഷധങ്ങൾ—ആന്റിബ​യോ​ട്ടി​ക്കി​ന്റെ അമിത ഉപയോ​ഗം സൂപ്പർബ​ഗ്ഗു​കളെ സൃഷ്ടി​ക്കു​ന്നു.”

പത്രക്കാർ കാര്യ​ങ്ങളെ വെറുതെ ഊതി​പ്പെ​രു​പ്പി​ക്കു​ക​യാ​യി​രു​ന്നോ? അല്ല എന്നാണ്‌ ആദരണീ​യ​മായ വൈദ്യ സംഘട​ന​ക​ളു​ടെ അഭി​പ്രാ​യം. പകർച്ച വ്യാധി​കളെ കുറി​ച്ചുള്ള 2000-ലെ ഒരു റിപ്പോർട്ടിൽ, ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ (ഡബ്ലിയു​എച്ച്‌ഒ) ഡയറക്ടർ ജനറൽ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “പുതിയ സഹസ്രാ​ബ്ദ​ത്തി​ന്റെ പുലരി​യിൽ മനുഷ്യ​വർഗം മറ്റൊരു പ്രതി​സ​ന്ധി​യെ നേരി​ടു​ക​യാണ്‌. മുമ്പ്‌ ഭേദമാ​ക്കാ​നാ​യി​രുന്ന രോഗങ്ങൾ . . . ഇപ്പോൾ പ്രതി​സൂ​ക്ഷ്‌മ​ജീ​വീയ പ്രതി​രോ​ധ​ശേ​ഷി​യു​ടെ [antimicrobial resistance] തുളച്ചു​ക​ട​ക്കാ​നാ​വാത്ത പടച്ചട്ട​യ​ണിഞ്ഞ്‌ രംഗത്ത്‌ എത്തിയി​രി​ക്കു​ക​യാണ്‌. ഈ പ്രതി​രോ​ധ​ശേഷി ഒന്നി​നൊന്ന്‌ വർധിച്ചു വരിക​യു​മാണ്‌.”

ഈ പ്രതി​സന്ധി എത്ര ഗുരു​ത​ര​മാണ്‌? “[ഔഷധ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്ക​ളു​ടെ,] ഈ അസ്വസ്ഥ​ജ​ന​ക​മായ വളർച്ച പകർച്ച​വ്യാ​ധി ചികി​ത്സ​യ്‌ക്കുള്ള അവസര​ത്തി​ന്റെ വാതാ​യ​നങ്ങൾ കൊട്ടി​യ​ട​യ്‌ക്കു​ക​യാണ്‌” എന്ന്‌ ഡബ്ലിയു​എച്ച്‌ഒ റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. ഇന്ന്‌ ചില അധികൃ​തർ “പൂർവ-ആന്റിബ​യോ​ട്ടിക്‌ യുഗ”ത്തിലേ​ക്കുള്ള, അതായത്‌ രോഗാ​ണു​ബാ​ധകൾ ഭേദമാ​ക്കാൻ ആന്റിബ​യോ​ട്ടി​ക്കു​കൾ ഇല്ലാതി​രുന്ന കാല​ത്തേ​ക്കുള്ള, മാനവ​രാ​ശി​യു​ടെ തിരി​ച്ചു​പോ​ക്കി​നെ കുറി​ച്ചു​പോ​ലും സംസാ​രി​ക്കു​ന്നുണ്ട്‌.

ഔഷധ പ്രതി​രോ​ധ​ശേ​ഷി​യുള്ള സൂക്ഷ്‌മാ​ണു​ജീ​വി​കൾക്ക്‌, അതിസ​മർഥ​മായ ശാസ്‌ത്രീയ മുന്നേ​റ്റ​ങ്ങളെ കടത്തി​വെട്ടി ലോക​ത്തിൽ അധിനി​വേശം ഉറപ്പി​ക്കാൻ എങ്ങനെ കഴിഞ്ഞു? ഒരു വ്യക്തിക്ക്‌ തന്നെത്ത​ന്നെ​യോ മറ്റുള്ള​വ​രെ​യോ സംരക്ഷി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ? സമീപ ഭാവി​യിൽ, ആന്റിബ​യോ​ട്ടിക്‌ പ്രതി​രോ​ധ​ശേ​ഷി​യുള്ള രോഗാ​ണു​ക്കൾ എന്ന പ്രശ്‌ന​ത്തിന്‌ എന്തു പരിഹാ​രങ്ങൾ പ്രതീ​ക്ഷി​ക്കാ​നാ​കും? പിൻവ​രുന്ന ലേഖനങ്ങൾ ചില ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നു. (g03 10/22)