വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

ഹാഗ്‌ മത്സ്യത്തി​ന്റെ രക്ഷപ്പെടൽ തന്ത്രം!

ഹാഗ്‌ മത്സ്യത്തി​ന്റെ രക്ഷപ്പെടൽ തന്ത്രം!

 ഹാഗ്‌ മത്സ്യം പുറ​പ്പെ​ടു​വി​ക്കുന്ന വഴുവ​ഴു​പ്പുള്ള സ്രവം അഥവാ ഹൈ​ഡ്രോ​ജെൽ കാലങ്ങ​ളാ​യി ശാസ്‌ത്ര​ജ്ഞ​ന്മാ​രെ അമ്പരപ്പി​ച്ചി​ട്ടുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ അവർക്ക്‌ ഇതിൽ ഇത്ര താത്‌പ​ര്യം? “അറിയ​പ്പെ​ടു​ന്ന​തിൽ ഏറ്റവും മൃദു​വായ, വലിയുന്ന ജൈവ​വ​സ്‌തു​ക്ക​ളിൽ” ഒന്നാണ്‌ അതെന്നു പറയ​പ്പെ​ടു​ന്നു.

 സവി​ശേ​ഷത: മനഞ്ഞിൽ മത്സ്യ​ത്തെ​പ്പോ​ലി​രി​ക്കുന്ന ഈ ഹാഗ്‌ മത്സ്യം സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലാ​ണു ജീവി​ക്കു​ന്നത്‌. ഇരപി​ടി​യ​ന്മാർ ആക്രമി​ക്കാൻ വന്നാൽ ഹാഗ്‌ മത്സ്യങ്ങൾ അവയുടെ പ്രത്യേക ഗ്രന്ഥി​ക​ളിൽനിന്ന്‌ ഒരു സ്രവം പുറ​പ്പെ​ടു​വി​ക്കും. ഈ സ്രവം മൂക്കള​പോ​ലുള്ള ശ്ലേഷ്‌മം ഉണ്ടാക്കുന്ന പ്രോ​ട്ടീ​നു​ക​ളും മറ്റു പ്രോ​ട്ടീ​നു​ക​ളു​ടെ ആയിര​ക്ക​ണ​ക്കി​നു നീണ്ട നാരു​ക​ളും ചേർന്ന​താണ്‌. ഈ പ്രോ​ട്ടീ​നു​ക​ളെ​ല്ലാം കൂടി​ച്ചേർന്ന്‌ ഹാഗ്‌ മത്സ്യത്തി​ന്റെ ചുറ്റു​മുള്ള വെള്ളത്തെ വഴുവ​ഴു​പ്പുള്ള ഒരു കൊഴുത്ത ദ്രാവ​ക​മാ​ക്കി മാറ്റും. ഈ ദ്രാവകം ശത്രു​വി​ന്റെ ചെകി​ള​ക​ളിൽ അടിഞ്ഞു​കൂ​ടു​ന്ന​തോ​ടെ ശ്വാസം കിട്ടാതെ അതു ഹാഗ്‌ മത്സ്യത്തെ ഉപേക്ഷിച്ച്‌ കടന്നു​ക​ള​യും.

 ഹാഗ്‌ മത്സ്യം പുറ​പ്പെ​ടു​വി​ക്കുന്ന ഈ സ്രവത്തി​നു പല പ്രത്യേ​ക​ത​ക​ളു​മുണ്ട്‌. ഈ ഓരോ പ്രോ​ട്ടീൻനാ​രി​നും നമ്മുടെ തലമു​ടി​യു​ടെ നൂറി​ലൊ​ന്നു വണ്ണമേ​യു​ള്ളൂ; എന്നാൽ നൈ​ലോ​ണി​നെ​ക്കാൾ പത്തു മടങ്ങ്‌ കരുത്തുണ്ട്‌. ഈ സ്രവം വെള്ളത്തി​ലേക്കു പുറന്ത​ള്ളു​മ്പോൾ മൂക്കള​പോ​ലുള്ള ശ്ലേഷ്‌മ​വും നാരു​ക​ളും കൂടി​ച്ചേർന്ന്‌ ഒരു കുഴിഞ്ഞ അരിപ്പ​പോ​ലുള്ള ഒന്നുണ്ടാ​കു​ന്നു. ഇതിന്‌ അതിന്റെ ഭാര​ത്തെ​ക്കാൾ 26,000 മടങ്ങ്‌ ഭാരം താങ്ങാ​നാ​കും. രസകര​മായ സംഗതി, ഈ സ്രവം ഏതാണ്ട്‌ 100 ശതമാ​ന​വും വെള്ളമാണ്‌ എന്നതാണ്‌!

 ഹാഗ്‌ മത്സ്യം പുറ​പ്പെ​ടു​വി​ക്കുന്ന ഈ സ്രവം​പോ​ലുള്ള ഒന്ന്‌ ഉണ്ടാക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ഇതുവരെ കഴിഞ്ഞി​ട്ടില്ല. “പ്രകൃ​തി​ദ​ത്ത​മായ ഇത്‌ അങ്ങേയറ്റം സങ്കീർണ​മാണ്‌” എന്ന്‌ ഒരു ഗവേഷകൻ പറയുന്നു. എന്നാലും ബാക്ടീ​രി​യയെ ഉപയോ​ഗിച്ച്‌ ഈ പ്രോ​ട്ടീൻനാ​രു​കൾ ഉണ്ടാക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ഉദ്ദേശ്യ​മുണ്ട്‌. തീരെ ഭാരം ഇല്ലാത്ത, പെട്ടെന്നു കീറി​പ്പോ​കാത്ത, വലിയുന്ന, ജീർണി​ച്ചു​പോ​കുന്ന ഒരു വസ്‌തു ഉണ്ടാക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം. വസ്‌ത്ര​നിർമാ​ണ​രം​ഗ​ത്തും വൈദ്യ​ശാ​സ്‌ത്ര​രം​ഗ​ത്തും ഉപയോ​ഗി​ക്കാ​നാ​കുന്ന ഈടു​നിൽക്കുന്ന വസ്‌തു​ക്കൾ ഉണ്ടാക്കാൻ ഈ പ്രോ​ട്ടീൻനാ​രു​കൾ ഉപയോ​ഗി​ക്കാം. അതിന്റെ ഉപയോ​ഗ​സാ​ധ്യത വിപു​ല​മാണ്‌.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഹാഗ്‌ മത്സ്യം പുറ​പ്പെ​ടു​വി​ക്കുന്ന സ്രവത്തി​ന്റെ സങ്കീർണ​മായ ഈ ഘടന പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?