2023 നവംബർ 17| പുതുക്കിയ വിവരം: 2023 ഡിസംബർ 8
ഇന്ത്യ
പുതിയ വിവരം—ഇന്ത്യയിലുണ്ടായ ദുരന്തത്തിലെ മരണസംഖ്യ എട്ടായി
ഇന്ത്യയിലെ കേരളത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾകൂടി 2023 ഡിസംബർ 2 ശനിയാഴ്ച മരിച്ചു. ഒരു മൂപ്പനും സാധാരണ മുൻനിരസേവകനും ആയിരുന്ന അദ്ദേഹത്തിന് 76 വയസ്സുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് 2023 ഡിസംബർ 7 വ്യാഴാഴ്ച അദ്ദേഹത്തിന്റെ പ്രിയ ഭാര്യയും മരിച്ചു. ബോംബ് സ്ഫോടനത്തിൽ ഗുരുതരമായ പരിക്കേറ്റ അവരും ഒരു സാധാരണ മുൻനിരസേവികയായിരുന്നു. ക്രൂരമായ ഈ പ്രവൃത്തിയുടെ ഫലമായി മൊത്തം എട്ടു സഹോദരീസഹോദരന്മാരാണു മരിച്ചത്.
2023 ഒക്ടോബർ 29 ഞായറാഴ്ച, ഇന്ത്യയിലെ കേരളത്തിൽ നടന്ന ഒരു മേഖലാ കൺവെൻഷനിൽ തുടർച്ചയായി ഒന്നിലധികം ബോംബ് സ്ഫോടനങ്ങളുണ്ടായി. ആ സംഭവത്തിൽ മൂന്നു പേർ മരിച്ചതായി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവരെ കൂടാതെ ഇപ്പോൾ രണ്ടു സഹോദരിമാരും ഒരു സഹോദരനും കൂടെ മരണമടഞ്ഞിരിക്കുന്നു. അവരിൽ നേരത്തേ മരിച്ച 12 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയും സഹോദരനും ഉൾപ്പെടുന്നു. അന്നു പരിക്കേറ്റ 11 സഹോദരങ്ങൾ ഇപ്പോഴും ആശുപത്രിയിൽത്തന്നെയാണ്.
ദുരന്തസ്ഥലത്ത് ഉണ്ടായിരുന്ന സഹോദരങ്ങൾക്കു വളരെയധികം ആശ്വാസവും പ്രോത്സാഹനവും ആവശ്യമായിരുന്നു. ഇതു കണക്കിലെടുത്ത് 2023 നവംബർ 4-ന് ഇന്ത്യയിലെ ബ്രാഞ്ചോഫീസ് ഒരു പ്രത്യേക മീറ്റിങ്ങ് നടത്തി. സ്ഫോടനം നടന്ന ആ കൺവെൻഷനു നിയമിതരായിരുന്ന 21 സഭകളിലെ സഹോദരങ്ങളെയും ഈ പരിപാടിക്കായി ക്ഷണിച്ചു. ഒരു രാജ്യഹാളിൽവെച്ചാണ് അതു നടത്തിയത്. അവിടെ 200-ഓളം പേർ ഹാജരായി. വേറെ 1,300 പേർ വീഡിയോ കോൺഫറൻസിലൂടെ ഈ പരിപാടിയിൽ പങ്കെടുത്തു. ഇനി, ഹോസ്പിറ്റലിൽ കഴിയുന്നവർക്കുവേണ്ടി ഈ പരിപാടി റെക്കോർഡ് ചെയ്ത് നൽകുകയും ചെയ്തു. ബ്രാഞ്ചോഫീസിൽനിന്നുള്ള ഒരു മൂപ്പൻ സങ്കീർത്തനം 23:1 ചർച്ച ചെയ്തു. തന്റെ ഓരോ ദാസനെക്കുറിച്ചും യഹോവയ്ക്ക് എത്രമാത്രം ചിന്തയുണ്ടെന്ന് അദ്ദേഹം ആ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു: “ഈ വാക്യത്തിൽ സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഒരു ഇടയനെന്നോ വളരെ നല്ല ഒരു ഇടയനെന്നോ അല്ല പറഞ്ഞിരിക്കുന്നത്. പകരം, യഹോവ ‘എന്റെ ഇടയനാണ്’ എന്നാണ്. യഹോവയ്ക്ക് നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ വളരെയധികം താത്പര്യമുണ്ടെന്ന് അറിയുന്നത് എത്ര ആശ്വാസമാണ്!”
സംഭവം നടന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഒരു സഹോദരൻ പറഞ്ഞത്, അദ്ദേഹത്തിനു ശരിക്കും ഉറങ്ങാൻ കഴിയുന്നില്ല എന്നാണ്. പക്ഷേ, എന്നിട്ടും ആശുപത്രിയിൽ കഴിയുന്നവരെ സഹായിക്കാൻവേണ്ടി അദ്ദേഹം മുന്നോട്ടുവന്നു. അദ്ദേഹം പറഞ്ഞു: “അവരുടെ ശക്തമായ വിശ്വാസവും നല്ല മനോഭാവവും എന്റെ വിഷമങ്ങൾ മറക്കാൻ ശരിക്കും എന്നെ സഹായിച്ചു. പൊള്ളലേറ്റ് അതിന്റെ വേദനയിലായിരുന്നെങ്കിലും പലരും സന്തോഷത്തോടെ രാജ്യഗീതങ്ങൾ പാടുന്നുണ്ടായിരുന്നു.” മറ്റൊരു സഹോദരൻ പറഞ്ഞു: “ഒരു സാധാരണജീവിതത്തിലേക്കു മടങ്ങിവരാൻ ഈ പ്രിയ സഹോദരങ്ങളിൽ പലർക്കും ഒരുപാടു സമയം വേണ്ടിവന്നേക്കാം. എന്നാൽ നമ്മുടെ സഹോദരങ്ങൾ തുടർന്നും അവർക്കു സ്നേഹവും പിന്തുണയും നൽകുമെന്ന് എനിക്കറിയാം. നമ്മളെക്കുറിച്ച് ചിന്തയുള്ള നമ്മുടെ ദൈവം അവരെ ഓരോരുത്തരെയും തന്റെ ശക്തമായ കൈകൾകൊണ്ട് മുറുകെപ്പിടിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതു ശരിക്കുമൊരു പ്രോത്സാഹനമാണ്!”
ഹൃദയം തകർന്ന, ഇന്ത്യയിലെ നമ്മുടെ പ്രിയ സഹോദരങ്ങളെ യഹോവ ‘സുഖപ്പെടുത്തുന്നെന്നും അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നെന്നും’ അറിയുന്നത്, ലോകമെങ്ങുമായി കഴിയുന്ന ഐക്യമുള്ള കുടുംബത്തിലെ നമ്മളെയെല്ലാം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.—സങ്കീർത്തനം 147:3.