വിവരങ്ങള്‍ കാണിക്കുക

നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള നിർദേ​ശങ്ങൾ

നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള നിർദേ​ശങ്ങൾ

ഉള്ളടക്കം

1. ജീവിത-സേവന യോഗം നടത്തേണ്ടത്‌ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ പറയുന്ന പ്രകാരവും താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങളനുസരിച്ചും ആണ്‌. വിദ്യാർഥിനിയമനങ്ങൾ നടത്താൻ എല്ലാ പ്രചാരകരെയും പ്രോത്സാഹിപ്പിക്കുക. എന്നാൽ ബൈബിൾ പഠിപ്പിക്കലുകളോടു യോജിക്കുകയും ക്രിസ്‌തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നപക്ഷം സഭയോടൊത്ത്‌ സജീവമായി സഹവസിക്കുന്ന മറ്റുള്ളവർക്കും നിയമനങ്ങൾ നടത്താവുന്നതാണ്‌.—be പേ. 282.

ആമുഖപ്രസ്‌താവനകൾ

 2. ഒരു മിനിട്ട്‌. എല്ലാ ആഴ്‌ചയും, ആദ്യത്തെ പാട്ടിനും പ്രാർഥനയ്‌ക്കും ശേഷം, ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ പരിപാടിയെക്കുറിച്ച്‌ സദസ്സിന്റെ ആകാംക്ഷയുണർത്തും. സഭയ്‌ക്ക്‌ ഏറ്റവും പ്രയോജനം ചെയ്യുന്ന ആശയങ്ങളിലേക്കായിരിക്കും അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്‌.

ദൈവവചനത്തിലെ നിധികൾ

  3. പ്രസംഗം: പത്തു മിനിട്ട്‌. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ ഇതിന്റെ വിഷയവും രണ്ടുമൂന്ന്‌ പോയിന്റുകളുടെ ബാഹ്യരേഖയും കൊടുത്തിട്ടുണ്ടാകും. ഈ പ്രസംഗം ഒരു മൂപ്പനോ അല്ലെങ്കിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനോ ആണ്‌ നടത്തേണ്ടത്‌. ആഴ്‌ചതോറുമുള്ള ബൈബിൾവായനയുടെ ഭാഗമായി ഒരു പുതിയ ബൈബിൾപുസ്‌തകം തുടങ്ങുന്ന ആഴ്‌ചയാണെങ്കിൽ, ആ ബൈബിൾപുസ്‌തകത്തിന്റെ ആമുഖവീഡിയോ കാണിക്കുന്നതായിരിക്കും. വീഡിയോയും പ്രസംഗവിഷയവും തമ്മിലുള്ള ബന്ധം പ്രസംഗകന്‌ വിശദീകരിക്കാം. എന്തായാലും, പഠനസഹായിയിൽ കൊടുത്തിരിക്കുന്ന പോയിന്റുകളെല്ലാം ഉൾപ്പെടുത്തേണ്ടതാണ്‌. വിഷയവുമായി ബന്ധിപ്പിക്കുന്നതിന്‌ വേണ്ടി കൊടുത്തിരിക്കുന്ന ചിത്രങ്ങളും തിരുവെഴുത്താശയങ്ങളും സമയം അനുവദിക്കുന്നതനുസരിച്ച്‌ ഉപയോഗിക്കണം.

 4. ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: പത്തു മിനിട്ട്‌. മുഖവുരയോ ഉപസംഹാരമോ ഇല്ലാത്ത, ചോദ്യോത്തരചർച്ചയാണ്‌ ഇത്‌. ഒരു മൂപ്പനോ യോഗ്യതയുള്ള ശുശ്രൂഷാദാസനോ ആണ്‌ ഇത്‌ നടത്തേണ്ടത്‌. സഭയ്‌ക്ക്‌ അനുയോജ്യമായ വിധത്തിൽ അദ്ദേഹം മൂന്നു പോയിന്റുകളുടെയും സമയം ക്രമീകരിക്കണം. എന്തായാലും, എല്ലാ ചോദ്യങ്ങളും സദസ്സിനോട്‌ ചോദിക്കണം. ആദ്യത്തെ രണ്ട്‌ ചോദ്യങ്ങളുടെകൂടെ കൊടുത്തിരിക്കുന്ന എല്ലാ വാക്യങ്ങളും വായിക്കണോ എന്ന്‌ നടത്തുന്ന ആൾക്ക്‌ തീരുമാനിക്കാം. ഉത്തരം പറയുന്നവർ 30 സെക്കന്റോ അതിൽ താഴെയോ സമയമേ ഉപയോഗിക്കാവൂ.

 5. ബൈബിൾവായന: നാലു മിനിട്ടോ അതിൽ താഴെയോ. ഇത്‌ ഒരു സഹോദരനാണ്‌ നടത്തേണ്ടത്‌. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിതഭാഗം വായിക്കണം. കൃത്യത, എളുപ്പം മനസ്സിലാകുന്ന വിധത്തിലുള്ള വായന, തെറ്റുകൂടാതെയുള്ള വായന, മുഖ്യാശയങ്ങൾ എടുത്തുകാണിക്കുന്നത്‌, ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുന്നത്‌, അനുയോജ്യമായ നിറുത്തൽ, സാധാരണ സംസാരിക്കുന്നതുപോലെയുള്ള വായന എന്നീ കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കാൻ അധ്യക്ഷൻ പ്രത്യേകം ശ്രദ്ധിക്കും. ചില വായനാഭാഗങ്ങൾ വലുതായിരിക്കും, മറ്റു ചിലതു ചെറുതായിരിക്കും. അതുകൊണ്ട്‌ ഈ നിയമനങ്ങൾ കൊടുക്കുമ്പോൾ ജീവിത-സേവന യോഗമേൽവിചാരകൻ വിദ്യാർഥികളുടെ പ്രാപ്‌തി കണക്കിലെടുക്കണം.

വയൽസേവനത്തിനു സജ്ജരാകാം

 6. പതിനഞ്ച്‌ മിനിട്ടോ അതിൽ താഴെയോ. വയൽശുശ്രൂഷയ്‌ക്കായുള്ള പരിശീലനം നേടാനും പ്രസംഗ-പഠിപ്പിക്കൽ കഴിവുകൾ മെച്ചപ്പെടുത്താനും ഉള്ള പരിശീലനംഎല്ലാവർക്കും നൽകുക എന്ന ഉദ്ദേശ്യത്തിലാണ്‌ ഈ ഭാഗം തയ്യാറാക്കിയിരിക്കുന്നത്‌. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയുടെ ഒന്നാമത്തെ പേജിലെ മാതൃകാവതരണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ആദ്യസന്ദർശനവും മടക്കസന്ദർശനവും വിദ്യാർഥികൾ തയ്യാറാകേണ്ടത്‌. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്നുള്ള ഏതെങ്കിലും പ്രസിദ്ധീകരണമോ വീഡിയോയോ ഉപയോഗിക്കണോ വേണ്ടയോ എന്ന്‌ പ്രചാരകർക്ക്‌ തീരുമാനിക്കാവുന്നതാണ്‌. പഠനസഹായിയിലെ സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്ന ഭാഗത്ത്‌, “താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത്‌ കാണാം” എന്ന സവിശേഷത ഉൾപ്പെടുത്തിയിട്ടുണ്ട്‌. ശുശ്രൂഷയിൽ ഇതു സഹായമായിരിക്കും. നിയനമങ്ങളിൽ ഈ സവിശേഷത ഉപയോഗിക്കണോ വേണ്ടയോ എന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം. ഓരോ വിദ്യാർഥിനിയമനത്തിനും ഉപയോഗിക്കാവുന്ന സമയം എത്രയാണെന്ന്‌ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ പറഞ്ഞിട്ടുണ്ടാകും. മറ്റു നിർദേശങ്ങളും കാണും. നിയമിതസമയം തികയ്‌ക്കാൻവേണ്ടി മാത്രം വിദ്യാർഥികൾ കൂടുതലായ വിവരങ്ങൾ ചേർക്കേണ്ടതില്ല. നന്നായി തയ്യാറായ അവതരണങ്ങൾപ്പോലും ഒരു മിനിട്ടോ അതിനു മുമ്പോ തീർന്നേക്കാം. ആവശ്യമെങ്കിൽ മൂപ്പന്മാർക്കും വിദ്യാർഥി നിയമനങ്ങൾ നൽകാവുന്നതാണ്‌.

 7. മാതൃകാസംഭാഷണ വീഡിയോകൾ: എല്ലാ മാസവും മാതൃകാസംഭാഷണത്തിന്റെ വീഡിയോകൾ ഓരോന്നും കാണിച്ച്‌ ചർച്ച ചെയ്യുന്നതായിരിക്കും. ഈ വീഡിയോകളിൽ ആദ്യസന്ദർശനവും മടക്കസന്ദർശനങ്ങളും ആയിരിക്കും കാണിക്കുക. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനാണ്‌ ഇത്‌ നടത്തേണ്ടത്‌.

 8. ആദ്യസന്ദർശനം: ഈ വിദ്യാർഥിനിയമനം ഒരു സഹോദരനോ സഹോദരിക്കോ കൊടുക്കാവുന്നതാണ്‌. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗവർഗത്തിൽപ്പെട്ടയാളോ അല്ലെങ്കിൽ ഒരു കുടുംബാംഗമോ ആയിരിക്കണം. വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്‌. പ്രദേശത്തിന്‌ അനുയോജ്യമായ ഒരു അഭിവാദനം വിദ്യാർഥി തിരഞ്ഞെടുക്കണം. ചർച്ചയ്‌ക്കുള്ള അടിസ്ഥാനമായി ജീവിത-സേവന യോഗത്തിന്റെ പഠനസഹായിയിലെ മാതൃകാസംഭാഷണം ഉപയോഗിക്കേണ്ടതാണ്‌.

 9. മടക്കസന്ദർശനം: ഈ വിദ്യാർഥിനിയമനം ഒരു സഹോദരനോ സഹോദരിക്കോ കൊടുക്കാവുന്നതാണ്‌. സഹായി എതിർലിംഗത്തിൽപ്പെട്ട ഒരാളായിരിക്കരുത്‌. (km 5/97 പേ. 2) ​വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്‌. ആദ്യസന്ദർശനത്തിൽ താത്‌പര്യം കാണിച്ച ഒരാളോട്‌ എന്താണ്‌ സംസാരിക്കേണ്ടത്‌ എന്നതാണ്‌ വിദ്യാർഥി അവതരിപ്പിക്കേണ്ടത്‌. ചർച്ചയ്‌ക്കുള്ള അടിസ്ഥാനമായി ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെ മാതൃകാസംഭാഷണം ഉപയോഗിക്കേണ്ടതാണ്‌.

 10. ബൈബിൾപഠനം: ഈ വിദ്യാർഥിനിയമനം ഒരു സഹോദരനോ സഹോദരിക്കോ കൊടുക്കാവുന്നതാണ്‌. സഹായി എതിർലിംഗത്തിൽപ്പെട്ട ഒരാളായിരിക്കരുത്‌. (km 5/97 പേ.  2) വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്‌. ഒരു ബൈബിൾപഠനത്തിന്റെ ഇടയ്‌ക്കുള്ള ഭാഗം എന്ന നിലയിൽ വേണം ഇത്‌ അവതരിപ്പിക്കാൻ. ബുദ്ധിയുപദേശത്തിൽ ഉപസംഹാരമോ മുഖവുരയോ അല്ല നോക്കുന്നതെങ്കിൽ അവതരണത്തിൽ അത്‌ കാണിക്കേണ്ട കാര്യമില്ല. പാഠഭാഗം മുഴുവൻ ഉറക്കെ വായിക്കണമെന്ന്‌ നിർബന്ധമില്ല. വായിച്ചാലും കുഴപ്പമില്ല. നല്ല പഠിപ്പിക്കൽ പ്രാപ്‌തികൾ ഈ അവതരണത്തിൽ തെളിഞ്ഞുനിൽക്കണം.

  11. പ്രസംഗം: ഈ വിദ്യാർഥിനിയമനം ഒരു സഹോദരനാണ്‌ നടത്തേണ്ടത്‌. സഭയ്‌ക്കുള്ള ഒരു പ്രസംഗമായി നടത്തണം.

ക്രിസ്‌ത്യാനികളായി ജീവിക്കാം

 12. ഗീതത്തിനു ശേഷമുള്ള 15 മിനിട്ട്‌ ഭാഗത്ത്‌ ദൈവവചനം ബാധകമാക്കുന്നതിന്‌ സദസ്സിനെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഒന്നോ രണ്ടോ പരിപാടികൾ കാണും. മറ്റൊന്നും സൂചിപ്പിക്കാത്തപക്ഷം, ഈ ഭാഗങ്ങൾ മൂപ്പന്മാരോ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരോ ആണ്‌ നടത്തേണ്ടത്‌. എന്നാൽ പ്രാദേശികാവശ്യങ്ങൾ എന്ന പരിപാടി മൂപ്പന്മാർ മാത്രമാണ്‌ നടത്തുക.

 13. സഭാ ബൈബിൾപഠനം: മുപ്പതു മിനിട്ട്‌ വരെ. ഈ ഭാഗം യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തും. (മൂപ്പന്മാരുടെ എണ്ണം കുറവാണെങ്കിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാം.) സഭാ ബൈബിൾപഠനം നടത്താൻ യോഗ്യതയുള്ളത്‌ ആർക്കാണെന്ന്‌ മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം. നിയമിതരായവർ വളരെ അർഥവത്തായ വിധത്തിൽ ഈ ഭാഗം കൈകാര്യം ചെയ്യുകയും സമയം പാലിക്കുകയും മുഖ്യതിരുവെഴുത്തുകൾക്ക്‌ ഊന്നൽ കൊടുക്കുകയും ചർച്ച ചെയുന്ന ഭാഗത്തിലെ പ്രായോഗികമൂല്യം മനസ്സിലാക്കാൻ എല്ലാവരെയും സഹായിക്കുകയും വേണം. വീക്ഷാഗോപുരപഠനം നടത്തുന്നതിനുവേണ്ടി തന്നിട്ടുള്ള നിർദേശങ്ങൾ ഇതിനും ബാധകമാണ്‌.പാഠഭാഗം മുഴുവൻ ചർച്ച ചെയ്‌തുകഴിഞ്ഞാൽ, പിന്നെ പഠനം അനാവശ്യമായി ദീർഘിപ്പിക്കേണ്ടതില്ല. കഴിയുമെങ്കിൽ ഓരോ ആഴ്‌ചയും നിർവാഹകരെയും വായനക്കാരെയും മാറ്റി നിയമിക്കുക. ജീവിത-സേവനയോഗത്തിന്റെ അധ്യക്ഷൻ പഠനത്തിന്റെ ദൈർഘ്യം കുറയ്‌ക്കാൻ നിർദേശിച്ചാൽ എങ്ങനെ പഠനം ചുരുക്കാമെന്ന്‌ നടത്തുന്ന സഹോദരൻ തീരുമാനിക്കേണ്ടതാണ്‌. ചില ഖണ്ഡികകൾ വായിക്കാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചേക്കാം.

ഉപസംഹാരപ്രസ്‌താവനകൾ

 14. മൂന്നു മിനിട്ടോ അതിൽ താഴെയോ. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ യോഗത്തിലെ സഹായകമായ പ്രത്യേക ആശയങ്ങൾ പുനരവലോകനം ചെയ്യും. അടുത്ത ആഴ്‌ചത്തെ പരിപാടിയെക്കുറിച്ചുള്ള ഒരു പൂർവാവലോകനവും നടത്തണം. ഒരുപക്ഷേ ആ ആഴ്‌ചയിൽ ഉത്തരം ലഭിക്കുന്ന ഒരു ചോദ്യം ചോദിച്ചുകൊണ്ട്‌. സമയമുണ്ടെങ്കിൽ, ഒരു ഓർമിപ്പിക്കലെന്നോണം അടുത്ത ആഴ്‌ചയിൽ പരിപാടിയുള്ള വിദ്യാർഥികളുടെ പേരുകൾ പറയാവുന്നതാണ്‌. മറ്റൊന്നും സൂചിപ്പിക്കാത്തപക്ഷം അത്യാവശ്യമുള്ള അറിയിപ്പുകൾ നടത്തുന്നതും സഭയിൽ വായിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കത്തുകൾ വായിക്കുന്നതും അധ്യക്ഷന്റെ ഈ സമാപന പ്രസ്‌താവനകളുടെ സമയത്തായിരിക്കണം. പതിവ്‌ വിവരങ്ങളായ വയൽസേവനക്രമീകരണം, ശുചീകരണ പട്ടിക എന്നിവയുടെ അറിയിപ്പ്‌ നടത്തേണ്ടതില്ല. അവ നോട്ടീസ്‌ ബോർഡിൽ ഇടുക. ഏതെങ്കിലും അറിയിപ്പുകൾ നടത്താനോ കത്തുകൾ വായിക്കാനോ സമാപനപ്രസ്‌താവനകളുടെ സമയം പോരെങ്കിൽ, അധ്യക്ഷന്‌ ക്രിസ്‌ത്യാനികളായി ജീവിക്കാം എന്ന ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരങ്ങളോട്‌ തങ്ങളുടെ ഭാഗം ചുരുക്കാൻ ആവശ്യപ്പെടാവുന്നതാണ്‌. (13, 17 ഖണ്ഡികകൾ നോക്കുക.) ഗീതത്തോടും പ്രാർഥനയോടും കൂടെ യോഗം അവസാനിപ്പിക്കണം.

വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക

 15. ജീവിത-സേവന യോഗത്തിന്‌ ഓരോ വിദ്യാർഥിയും പഠിപ്പിക്കാൻ ലഘുപത്രികയുടെ അച്ചടിച്ച പ്രതിയോ ഇലക്ട്രോണിക്‌ പതിപ്പോ കൊണ്ടുവരണം. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ പഠിപ്പിക്കാൻ ലഘുപത്രിക ഉപയോഗിച്ചായിരിക്കും പ്രോത്സാഹനവും ഉപദേശവും നൽകുന്നത്‌. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ, നടത്തേണ്ട പരിപാടിയുടെകൂടെ ബ്രാക്കറ്റിൽ, പഠിപ്പിക്കാൻ ലഘുപത്രികയിലെ ഏതു പാഠമാണ്‌ വിദ്യാർഥി നോക്കേണ്ടതെന്ന്‌ പറഞ്ഞിട്ടുണ്ടാകും. ലഘുപത്രികയിലെ “നിങ്ങളുടെ പുരോഗതി രേഖപ്പെടുത്തുക” എന്ന ഭാഗം വിദ്യാർഥിക്കുവേണ്ടിയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. അതിൽ അധ്യക്ഷൻ അടയാളപ്പെടുത്താൻ പാടില്ല.

ബുദ്ധിയുപദേശം

 16. ഓരോ വിദ്യാർഥിനിയമനത്തിനും ശേഷം ഏകദേശം ഒരു മിനിട്ട്‌ ഉപയോഗിച്ച്‌ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷന്‌ വിദ്യാർഥിയെ അഭിനന്ദിക്കാനും പഠിപ്പിക്കാൻ ലഘുപത്രിക ഉപയോഗിച്ച്‌ ബുദ്ധിയുപദേശം കൊടുക്കാനും അവസരമുണ്ട്‌. പരിപാടി നടത്താൻ അധ്യക്ഷൻ ഒരു വിദ്യാർഥിയെ ക്ഷണിക്കുമ്പോൾ, ലഘുപത്രികയിലെ ഏതു പാഠമാണ്‌ നോക്കുന്നതെന്ന്‌ പറയില്ല. എന്നാൽ, വിദ്യാർഥി പരിപാടി നടത്തിയശേഷം ഏതാനും അഭിനന്ദനവാക്കുകൾ പറഞ്ഞിട്ട്‌ ഏതു പാഠമാണ്‌ നോക്കിക്കൊണ്ടിരുന്നതെന്നും ആ പോയിന്റ്‌ വിദ്യാർഥി എങ്ങനെയാണ്‌ നല്ല രീതിയിൽ അവതരിപ്പിച്ചതെന്നും പറയും. എന്നാൽ ആ പോയിന്റിൽ വിദ്യാർഥി മെച്ചപ്പെടേണ്ടതുണ്ടെങ്കിൽ ദയാപൂർവം അദ്ദേഹം അതു വിശദീകരിക്കും. വിദ്യാർഥിക്കോ സദസ്സിനോ ഗുണം ചെയ്യുമെന്ന്‌ തോന്നുന്നെങ്കിൽ അവതരണത്തിലെ മറ്റ്‌ വിശദാംശങ്ങളെക്കുറിച്ചും അധ്യക്ഷന്‌ പറയാവുന്നതാണ്‌. നിയമിച്ചുകൊടുത്ത പാഠത്തെക്കുറിച്ചോ മറ്റൊരു പോയിന്റിനെക്കുറിച്ചോ പഠിപ്പിക്കാൻ ലഘുപത്രികയിൽനിന്നോ ശുശ്രൂഷാസ്‌കൂൾ പുസ്‌തകത്തിൽനിന്നോ കൂടുതലായ ബുദ്ധിയുപദേശം കൊടുക്കേണ്ടതുണ്ടെങ്കിൽ യോഗത്തിന്‌ ശേഷമോ മറ്റൊരു സമയത്തോ അത്‌ ചെയ്യാവുന്നതാണ്‌.—ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനെയും ഉപബുദ്ധിയുപദേശകനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 17, 22, 24 ഖണ്ഡികകൾ നോക്കുക.

സമയപാലനം

 17. ഒരു പരിപാടിയും നിയമിതസമയത്തിന്‌ അപ്പുറം പോകരുത്‌. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ നടത്തുന്ന പ്രസ്‌താവനകളും സമയം കവിയരുത്‌. വിദ്യാർഥിനിയമനങ്ങൾ നിയമിതസമയം കവിയുന്നപക്ഷം നയപരമായി നിറുത്തിക്കേണ്ടതാണ്‌. യോഗത്തിന്റെ മറ്റു ഭാഗങ്ങൾ സമയത്തിനുള്ളിൽ തീർക്കുന്നില്ലെങ്കിൽ ഉപബുദ്ധിയുപദേശകൻ വ്യക്തിപരമായി ബുദ്ധിയുപദേശം കൊടുക്കണം. (24-ാം ഖണ്ഡിക നോക്കുക.) ഗീതങ്ങളും പ്രാർഥനകളും അടക്കം മുഴുയോഗവും 1 മണിക്കൂർ 45 മിനിട്ടിൽ തീരണം.

സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം

 18. സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം നടക്കുന്ന ആഴ്‌ചയിൽ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ, എന്നാൽ താഴെ പറയുന്ന മാറ്റങ്ങളോടെ യോഗം നടത്തണം: ക്രിസ്‌ത്യാനികളായി ജീവിക്കാം എന്ന ഭാഗത്തെ സഭാ ബൈബിൾപഠനത്തിനു പകരം സർക്കിട്ട്‌ മേൽവിചാരന്റെ 30 മിനിട്ട്‌ ദൈർഘ്യമുള്ള സേവനപ്രസംഗമായിരിക്കും നടക്കുക. സേവനപ്രസംഗത്തിനു മുമ്പ്‌ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ നടന്ന പരിപാടി പുനരവലോകനം ചെയ്യുകയും അടുത്ത ആഴ്‌ചയിലെ പരിപാടിയെക്കുറിച്ച്‌ പറയുകയും ആവശ്യമായ അറിയിപ്പുകൾ നടത്തുകയും കത്തുകളുണ്ടെങ്കിൽ അവ വായിക്കുകയും ചെയ്യും. അതിനു ശേഷം സർക്കിട്ട്‌ മേൽവിചാരകനെ ക്ഷണിക്കും. സേവനപ്രസംഗത്തിനു ശേഷം പാടേണ്ട ഗീതം തിരഞ്ഞെടുക്കുന്നത്‌ സർക്കിട്ട്‌ മേൽവിചാരകനായിരിക്കും. സമാപനപ്രാർഥനയ്‌ക്ക്‌ അദ്ദേഹം മറ്റൊരു സഹോദരനെ ക്ഷണിച്ചേക്കും. സന്ദർശനവാരത്തിൽ അനുബന്ധ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. സഭയ്‌ക്ക്‌ ഒരു ഗ്രൂപ്പുണ്ടെങ്കിൽ, അവർക്കു ജീവിത-സേവന യോഗം വേറെ നടത്താം. എങ്കിലും സേവനപ്രസംഗത്തിന്റെ സമയത്ത്‌ അവർ ആതിഥേയസഭയോടൊപ്പം ചേരേണ്ടതാണ്‌.

സമ്മേളനത്തിന്റെയോ കൺവെൻഷന്റെയോ ആഴ്‌ച

 19. സമ്മേളനമോ കൺവെൻഷനോ ഉള്ള ആഴ്‌ച സഭായോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. അങ്ങനെയുള്ള ആഴ്‌ചകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വ്യക്തിപരമായോ കുടുംബം ഒന്നിച്ചോ പഠിക്കേണ്ടതാണ്‌.

സ്‌മാരകത്തിന്റെ ആഴ്‌ച

 20. സ്‌മാരകം തിങ്കൾമുതൽ വെള്ളിവരെയുള്ള ഏതെങ്കിലും ദിവസമാണെങ്കിൽ ജീവിത-സേവനയോഗം ­ഉണ്ടായിരിക്കില്ല. എന്നാൽ, സ്‌മാരകദിവസം വയൽസേവനയോഗം നടത്തേണ്ടതാണ്‌.

ജീവിതസേവന യോഗമേൽവിചാരകൻ

 21. മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുക്കുന്ന ഒരു മൂപ്പൻ ജീവിത-സേവനയോഗത്തിന്റെ മേൽവിചാരകനായി സേവിക്കും. ഈ നിർദേശങ്ങളനുസരിച്ച്‌ ക്രമീകൃതമായ വിധത്തിലാണ്‌ യോഗം നടക്കുന്നതെന്ന്‌ അദ്ദേഹമാണ്‌ ഉറപ്പുവരുത്തുന്നത്‌. ഉപബുദ്ധിയുപദേശകനുമായി അദ്ദേഹം നല്ല ആശയവിനിമയം നിലനിറുത്തണം. ഒരു മാസത്തെ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി ലഭ്യമായാൽ ഉടനെ ജീവിത-സേവന യോഗമേൽവിചാരകൻ ആ മാസത്തെ വിദ്യാർഥി നിയമനങ്ങൾ തയ്യാറാക്കണം. (5-11 ഖണ്ഡികകൾ നോക്കുക.) ഓരോ വിദ്യാർഥിനിയമനവും നമ്മുടെ ക്രിസ്‌തീയ ജീവിത-സേവന യോഗനിയമന ഫാറം (S-89) ഉപയോഗിച്ച്‌, കുറഞ്ഞത്‌ മൂന്നാഴ്‌ച മുമ്പെങ്കിലും വിതരണം ചെയ്യണം.

ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ

 22. ഓരോ ആഴ്‌ചയും, ജീവിത-സേവന യോഗത്തിന്റെ തുടക്കംമുതൽ അവസാനംവരെ അധ്യക്ഷനായി സേവിക്കുന്നത്‌ ഒരു മൂപ്പനായിരിക്കും. (മൂപ്പന്മാരുടെ എണ്ണം സഭയിൽ കുറവാണെങ്കിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാവുന്നതാണ്‌.) ആമുഖപ്രസ്‌താവനകളും സമാപനപ്രസ്‌താവനകളും തയ്യാറാകാനും മാതൃകാസംഭാഷണവീഡിയോകളുടെ ചർച്ച നടത്താനും പഠിപ്പിക്കാൻ ലഘുപത്രികയിൽനിന്ന്‌ പുതിയ പാഠങ്ങൾ വീഡിയോകൾ ഉപയോഗിച്ച്‌ അവതരിപ്പിക്കാനും ഉള്ള ചുമതല അദ്ദേഹത്തിനാണ്‌. എല്ലാ പരിപാടികളും പരിചയപ്പെടുത്തുന്നതും അദ്ദേഹമായിരിക്കും. കൂടാതെ, മൂപ്പന്മാരുടെ സംഘത്തിന്റെ വലുപ്പം അനുസരിച്ച്‌ അദ്ദേഹത്തിന്‌ യോഗത്തിലെ മറ്റു ഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ടിയും വന്നേക്കാം. ഓരോ ഭാഗത്തിനും ശേഷം പറയുന്ന അഭിപ്രായങ്ങൾ വളരെ ചുരുക്കമായിരിക്കണം. ഈ ഉത്തരവാദിത്വം ആരെയാണ്‌ ഏൽപ്പിക്കേണ്ടതെന്ന്‌ മൂപ്പന്മാരുടെ സംഘമാണ്‌ തീരുമാനിക്കുന്നത്‌. യോഗ്യരായ മൂപ്പന്മാരെ ക്രമമായ അടിസ്ഥാനത്തിൽ മാറിമാറി അധ്യക്ഷന്മാരായി നിയമിക്കുന്നതാണ്‌. പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ച്‌, യോഗ്യരായ മറ്റു മൂപ്പന്മാരെക്കാൾ കൂടുതൽ തവണ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനായി ജീവിത-സേവനയോഗമേൽവിചാരകനെ ഉപയോഗിച്ചേക്കാം. സഭാ ബൈബിൾപഠനം നടത്താൻ യോഗ്യത നേടിയ ഒരു മൂപ്പൻ, സാധാരണഗതിയിൽ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനാകാനും യോഗ്യനായിരിക്കും. എങ്കിലും അധ്യക്ഷനായി സേവിക്കുന്ന വ്യക്തി വിദ്യാർഥിനിയമനം നടത്തുന്നവർക്ക്‌ സ്‌നേഹപുരസ്സരവും സഹായകവും ആയ അഭിനന്ദനവും ബുദ്ധിയുപദേശവും നൽകേണ്ടതാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. യോഗം സമയത്തിന്‌ തീരുന്നുവെന്ന്‌ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വവും അധ്യക്ഷനുതന്നെയാണ്‌. (14, 17 ഖണ്ഡികകൾ നോക്കുക.) സ്റ്റേജിൽ ആവശ്യത്തിന്‌ സ്ഥലം ഉണ്ടെങ്കിൽ ഓരോ ഭാഗവും നടത്തുന്ന സഹോദരന്മാർ പ്രസംഗപീഠത്തിലേക്കു വരുന്ന സമയത്ത്‌ അധ്യക്ഷന്‌ സ്റ്റേജിലുള്ള മറ്റൊരു മൈക്കിലൂടെ അവരെ ക്ഷണിക്കാവുന്നതാണ്‌. അതുപോലെ, അധ്യക്ഷൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ വായനാനിയമനത്തിന്റെയും വയൽസേവനത്തിനു സജ്ജരാകാം പരിപാടികളുടെയും സമയത്ത്‌ സ്റ്റേജിൽ ഒരു മേശയിട്ട്‌ അദ്ദേഹത്തിന്‌ ഇരിക്കാവുന്നതാണ്‌. സമയം ലാഭിക്കാൻ അത്‌ സഹായകമായിരുന്നേക്കാം.

മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ

 23. വിദ്യാർഥിനിയമനങ്ങൾ ഒഴികെയുള്ള എല്ലാ നിയമനങ്ങളും നൽകുന്നത്‌ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനോ അദ്ദേഹത്തെ സഹായിക്കുന്ന മറ്റൊരു മൂപ്പനോ ആണ്‌. മൂപ്പന്മാരുടെ സംഘം അംഗീകാരം നൽകിയിട്ടുള്ളവരിൽനിന്ന്‌ ഓരോ ആഴ്‌ചത്തേക്കുമുള്ള അധ്യക്ഷനെ നിയമിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ജീവിത-സേവന യോഗമേൽവിചാരകന്റെ സഹകരണത്തോടെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ നോട്ടീസ്‌ ബോർഡിൽ എല്ലാ യോഗനിയമനങ്ങളുടെയും ഒരു പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം.

ഉപബുദ്ധിയുപദേശകൻ

 24. സാധ്യമാകുന്നിടത്തോളം, പ്രസംഗങ്ങൾ നടത്തി നല്ല അനുഭവപരിചയമുള്ള ഒരു മൂപ്പനെത്തന്നെ ഇതിനായി നിയമിക്കുന്നത്‌ നല്ലതാണ്‌. ജീവിത-സേവന യോഗത്തിലെ പരിപാടികൾ, പൊതുപ്രസംഗങ്ങൾ, വീക്ഷാഗോപുര പഠനം, സഭാ ബൈബിൾപഠനം, ഖണ്ഡികവായന തുടങ്ങിയ നിയമനങ്ങൾ നിർവഹിക്കുന്ന മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ആവശ്യമായിവരുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ്‌ ഉപബുദ്ധിയുപദേശകന്റെ ചുമതല. (ഖണ്ഡിക 17 നോക്കുക.) പ്രാപ്‌തിയുള്ള പ്രസംഗകരും അധ്യാപകരും ആയ നിരവധി മൂപ്പന്മാർ സഭയിലുണ്ടെങ്കിൽ ഓരോ വർഷവും വ്യത്യസ്‌ത മൂപ്പന്മാരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്‌. ഓരോ നിയമനത്തിനു ശേഷവും ഉപബുദ്ധിയുപദേശകൻ ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല.

അനുബന്ധ ക്ലാസുകൾ

 25. വിദ്യാർഥികളുടെ എണ്ണമനുസരിച്ച്‌ വിദ്യാർഥിനിയമനങ്ങൾക്കായി അനുബന്ധക്ലാസ്സുകൾ നടത്താവുന്നതാണ്‌. ഓരോ അനുബന്ധ ക്ലാസ്സിനും യോഗ്യതയുള്ള ഒരു ബുദ്ധിയുപദേശകൻ ഉണ്ടായിരിക്കണം; സാധ്യമെങ്കിൽ ഒരു മൂപ്പൻ. ആവശ്യമെങ്കിൽ, നല്ല യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ ഉപയോഗിക്കാം. ആരാണ്‌ ഇത്തരത്തിൽ സേവിക്കുക, കൂടാതെ ഊഴമനുസരിച്ച്‌ ചെയ്യണോ വേണ്ടയോ എന്നത്‌ മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം. ഖണ്ഡിക 16-ലെ നടപടിക്രമം ബുദ്ധിയുപദേശകൻ പിൻപറ്റണം. അനുബന്ധ ക്ലാസ്‌ നടത്തുന്നുണ്ടെങ്കിൽ ദൈവവചനത്തിലെ നിധികൾ എന്ന ഭാഗത്തെ ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക എന്ന പരിപാടി കഴിഞ്ഞ ഉടനെ അനുബന്ധ ക്ലാസിലേക്കു പോകാൻ വിദ്യാർഥികളോട്‌ പറയണം. വയൽസേവനത്തിനു സജ്ജരാകാം എന്ന ഭാഗം കഴിഞ്ഞശേഷം ബാക്കിയുള്ള യോഗത്തിനായി അവർ സഭയോടൊപ്പം ചേരണം. മാതൃകാസംഭാഷണത്തിന്റെ വീഡിയോ ചർച്ച ചെയ്യുമ്പോൾ അനുബന്ധ ക്ലാസിൽ ഇരിക്കുന്നവർ സാധ്യമെങ്കിൽ അവിടെ ഇരുന്നുകൊണ്ടുതന്നെ ചർച്ച കേൾക്കുകയോ കാണുകയോ ചെയ്യണം. അല്ലാത്തപക്ഷം ബുദ്ധിയുപദേശകൻ ഒരു ഫോണോ ടാബോ ഉപയോഗിച്ച്‌ വീഡിയോ കൈകാര്യം ചെയ്യണം.

വീഡിയോകൾ

 26. വീഡിയോകളും ഈ യോഗത്തിന്റെ ഭാഗമായിരിക്കും. മധ്യവാരയോഗത്തിനുവേണ്ടിയുള്ള വീഡിയോകൾ JW ലൈബ്രറി ആപ്പിലൂടെ വ്യത്യസ്‌ത ഉപകരണങ്ങളിൽ ലഭ്യമാണ്‌. മാതൃകാസംഭാഷണങ്ങളായി ജീവിത-സേവന യോഗത്തിൽ കാണിച്ച വീഡിയോകൾ പിന്നീട്‌ ഇടയ്‌ക്കൊക്കെ വയൽസേവനയോഗത്തിലും കാണിക്കാവുന്നതാണ്‌.