മുഖ്യലേഖനം | പ്രാർഥന—എന്താണ് പ്രയോജനം?
പ്രാർഥനകൊണ്ട് എന്താണ് ഗുണം?
ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്, ‘ഞാൻ ഈ കാര്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എന്ത് പ്രയോജനം’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, പ്രാർഥനയുടെ കാര്യത്തിലും ഇങ്ങനെ ചിന്തിച്ചാൽ അത് സ്വാർഥതയായിരിക്കുമോ? ആയിരിക്കണമെന്നില്ല. പ്രാർഥിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്.
കേവലം, മതപരമായ ഒരു ചടങ്ങായിട്ടോ അല്ലെങ്കിൽ മനസ്സിന് അല്പം സുഖം തരുന്ന കാര്യമായിട്ടോ അല്ല, പകരം പ്രാർഥനയ്ക്ക് അതിനെക്കാൾ പ്രാധാന്യമുണ്ട് എന്നതിന്റെ തെളിവുകൾ മുൻലേഖനങ്ങളിൽ നമ്മൾ ചിന്തിച്ചു. യഥാർഥത്തിൽ, സത്യദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുകതന്നെ ചെയ്യുന്നു. ശരിയായ വിധത്തിലും ഉചിതമായ കാര്യങ്ങൾക്ക് വേണ്ടിയും ആണ് പ്രാർഥിക്കുന്നതെങ്കിൽ ദൈവം തീർച്ചയായും ശ്രദ്ധിക്കും. ശരിക്കും പറഞ്ഞാൽ, ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലാൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. (യാക്കോബ് 4:8) അങ്ങനെയെങ്കിൽ, പ്രാർഥനയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് പ്രതീക്ഷിക്കാനാകുക? ചില പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മനസ്സമാധാനം.
പ്രശ്നങ്ങളും വെല്ലുവിളികളും ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഉത്കണ്ഠകൾ നിങ്ങളെ കീഴടക്കാറുണ്ടോ? എങ്കിൽ, ‘ഇടവിടാതെ പ്രാർഥിക്കാനും’ നമ്മുടെ ‘അപേക്ഷകൾ ദൈവത്തെ അറിയിക്കാനും’ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലോനിക്യർ 5:17; ഫിലിപ്പിയർ 4:6) അങ്ങനെ, പ്രാർഥനയിലൂടെ നിങ്ങൾ ദൈവത്തിലേക്ക് തിരിയുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളു”മെന്ന് ബൈബിൾ ഉറപ്പുനൽകുന്നു. (ഫിലിപ്പിയർ 4:7) നമ്മുടെ പ്രയാസങ്ങൾ സ്വർഗീയപിതാവിന്റെ മുമ്പാകെ പകരുമ്പോൾ വലിയ മനസ്സമാധാനം നമുക്ക് ലഭിക്കും. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും”എന്നാണ് സങ്കീർത്തനം 55:22 പറയുന്നത്.
“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും” —സങ്കീർത്തനം 55:22
ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഇത്തരം സമാധാനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഹീറാൻ പറയുന്നു: “എനിക്ക് ജീവിതത്തിൽ അനേകം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ദൈവത്തോട് അതെക്കുറിച്ച് പ്രാർഥിച്ചുകഴിയുമ്പോൾ ഒരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും. ആ പ്രശ്നത്തെ സഹിച്ച്
നിൽക്കാനുള്ള ശക്തി എനിക്ക് അങ്ങനെ ലഭിക്കും.” ഫിലിപ്പീൻസിൽ താമസിക്കുന്ന സിസില്യ ഇങ്ങനെ പറയുന്നു: “എന്റെ കുട്ടികളെയും അമ്മയെയും കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വലിയ ഉത്കണ്ഠയാണ്. അമ്മയാണെങ്കിലോ എന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലും. എന്നാൽ, ദൈവത്തോട് പ്രാർഥിക്കുന്നതിനാൽ ഉത്കണ്ഠകൾ കുറയ്ക്കാൻ എനിക്ക് സാധിക്കുന്നു. കാരണം, എന്നെ സഹായിക്കാൻ യഹോവയുണ്ടെന്ന് എനിക്ക് അറിയാം.”പ്രശ്നങ്ങൾ നേരിടുമ്പോൾ ആശ്വാസവും ബലവും.
ദുരിതപൂർണമായ സാഹചര്യങ്ങളാലോ ജീവനുപോലും ഭീഷണി ഉയർത്തിയേക്കാവുന്ന പ്രശ്നങ്ങളാലോ കടുത്ത പിരിമുറുക്കം അനുഭവിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, ‘സർവാശ്വാസത്തിന്റെയും ദൈവം’ നിങ്ങൾക്ക് വലിയ മനസ്സമാധാനം നൽകും. ‘ഏതു കഷ്ടതയിലുമുള്ളവരെയും ആശ്വസിപ്പിക്കാൻ’ ദൈവത്തിന് കഴിയുമെന്ന് ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 1:3, 4) ഉദാഹരണത്തിന്, യേശു അതീവ ദുഃഖിതനായിരുന്ന ഒരു സാഹചര്യത്തിൽ ‘മുട്ടുകുത്തി പ്രാർഥിച്ചു.’ എന്തായിരുന്നു ഫലം? ഉടൻതന്നെ, “സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അവനെ ബലപ്പെടുത്തി.” (ലൂക്കോസ് 22:41, 43) മറ്റൊരു വിശ്വസ്തമനുഷ്യനായിരുന്നു നെഹെമ്യാവ്. ഒരു സന്ദർഭത്തിൽ, ദൈവത്തിന്റെ വേല നിറുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ദുഷ്ടരായ ആളുകൾ അവനെ ഭീഷണിപ്പെടുത്തിയപ്പോൾ “ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ” എന്ന് നെഹെമ്യാവ് പ്രാർഥിച്ചു. അപ്പോൾ, ധൈര്യം വീണ്ടെടുക്കാനും പ്രവർത്തനം തുടരാനും ദൈവം അവനെ സഹായിച്ചതായി തുടർന്നുള്ള സംഭവങ്ങൾ പറയുന്നു. (നെഹെമ്യാവു 6:9-16) ഇനി, പ്രാർഥിച്ചപ്പോൾ ഉത്തരം ലഭിച്ചതിനെക്കുറിച്ച് ഘാനയിലെ റെജിനാൾഡ് ഇങ്ങനെ വിശദീകരിക്കുന്നു: “പ്രാർഥിക്കുമ്പോൾ, വിശേഷിച്ചും ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽ, ‘പേടിക്കേണ്ട’ എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കാനും എനിക്ക് വേണ്ട സഹായം ചെയ്തുതരാനും കഴിയുന്ന ഒരു വ്യക്തിയോട് എന്റെ വിഷമങ്ങൾ പങ്കുവെച്ചല്ലോ എന്നത് എന്നെ വളരെയധികം ആശ്വസിപ്പിക്കുന്നു.” അതെ, നമ്മൾ പ്രാർഥിക്കുമ്പോൾ ദൈവത്തിന് നമ്മളെ ആശ്വസിപ്പിക്കാനാകും!
ദൈവത്തിൽനിന്നുള്ള ജ്ഞാനം.
നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ നമ്മളെയും പ്രിയപ്പെട്ടവരെയും ആജീവനാന്തം ബാധിച്ചേക്കാം. അങ്ങനെയെങ്കിൽ, നമുക്ക് എങ്ങനെ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ കഴിയും? ബൈബിൾ പറയുന്നു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട് യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത് അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.” (യാക്കോബ് 1:5) ജ്ഞാനത്തിനായി ദൈവത്തോട് പ്രാർഥിക്കുന്നെങ്കിൽ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് ബുദ്ധിപൂർവമായ തീരുമാനങ്ങളെടുക്കാൻ ദൈവം നമ്മെ സഹായിക്കും. അതുകൊണ്ട്, പരിശുദ്ധാത്മാവിന്റെ സഹായത്തിനുവേണ്ടി നമുക്ക് പ്രത്യേകാൽ അപേക്ഷിക്കാം. കാരണം, “സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” എന്ന ഉറപ്പ് യേശു നമുക്ക് നൽകിയിട്ടുണ്ട്.—ലൂക്കോസ് 11:13
“ശരിയായ തീരുമാനമെടുക്കാനുള്ള മാർഗനിർദേശത്തിനായി ഞാൻ യഹോവയോട് നിരന്തരം പ്രാർഥിച്ചു.”—ക്വാബെനോ, ഘാന
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തപ്പോൾ യേശുവിനുപോലും പിതാവിന്റെ സഹായം ആവശ്യമാണെന്ന് തോന്നി. 12 അപ്പൊസ്തലന്മാരെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഒരു “രാത്രി മുഴുവൻ അവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരു”ന്നതായി ബൈബിൾ പറയുന്നു.—ലൂക്കോസ് 6:12.
യേശുവിനെപ്പോലെ, ഇന്ന് അനേകരും ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കേണമേ എന്ന് പ്രാർഥിച്ചപ്പോൾ ദൈവം ഉത്തരം നൽകിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫിലിപ്പീൻസുകാരിയായ റെജീനയ്ക്ക് പ്രയാസകരമായ അനേകം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അവളുടെ ഭർത്താവ് മരിച്ചു. അതോടെ, കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വം അവളുടെ ചുമലിലായി. താമസിയാതെ അവൾക്ക് ജോലിയും നഷ്ടപ്പെട്ടു. കൂടാതെ, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ പല പ്രശ്നങ്ങളും നേരിട്ടു. ഈ സാഹചര്യത്തിൽ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ അവളെ സഹായിച്ചത് എന്താണ്? അവൾ പറയുന്നു: “അപ്പോഴൊക്കെ പതിവായ പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുകയാണ് ഞാൻ ചെയ്തത്.” ഘാനയിൽ താമസിക്കുന്ന ക്വാബെനോ ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിച്ചതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിർമാണമേഖലയിൽ നല്ല ശമ്പളമുണ്ടായിരുന്ന ഒരു ജോലി എനിക്ക് നഷ്ടപ്പെട്ടു.” ഇനി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് പല കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പറയുന്നു: “ശരിയായ തീരുമാനമെടുക്കാനുള്ള മാർഗനിർദേശത്തിനായി ഞാൻ യഹോവയോട് നിരന്തരം പ്രാർഥിച്ചു. അങ്ങനെ, എന്റെ ആത്മീയവും ഭൗതികവും ആയ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ജോലി കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. അതിന് എന്നെ സഹായിച്ചത് യഹോവയാണെന്ന് എനിക്ക് ഉറപ്പാണ്.” അതുകൊണ്ട്, ദൈവവുമായുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ മുട്ടിപ്പായി പ്രാർഥിക്കുന്നതിലൂടെ നിങ്ങൾക്കും ദൈവത്തിന്റെ വഴിനടത്തിപ്പ് അനുഭവിച്ചറിയാനാകും.
പ്രാർഥനയിലൂടെ നേടാൻ കഴിയുന്ന ഏതാനും ചില കാര്യങ്ങളാണ് നമ്മൾ ഇവിടെ ചർച്ച ചെയ്തത്. (കൂടുതൽ ഉദാഹരണങ്ങൾക്ക്, “ പ്രാർഥനയുടെ പ്രയോജനങ്ങൾ” എന്ന ചതുരം കാണുക) ഈ പ്രയോജനങ്ങൾ നിങ്ങൾക്കും ലഭിക്കാൻ ആദ്യം ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. അത് അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ പഠിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികളെ സമീപിക്കുക. a “പ്രാർത്ഥന കേൾക്കുന്ന” ദൈവവുമായി അടുക്കാനുള്ള ആദ്യപടിയായിരിക്കും അത്.—സങ്കീർത്തനം 65:2.▪ (w15-E 10/01)
a കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ www.jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.