വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു പ്രലോ​ഭനം ചെറു​ത്തു​നിൽക്കാൻ സാധിക്കും!

നിങ്ങൾക്കു പ്രലോ​ഭനം ചെറു​ത്തു​നിൽക്കാൻ സാധിക്കും!

“അശ്ലീലം വീക്ഷി​ക്കണം എന്ന് എനിക്ക് യാതൊ​രു ഉദ്ദേശ്യ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു പരസ്യം പൊടു​ന്നനെ സ്‌ക്രീ​നിൽ തെളിഞ്ഞു. ഞാൻ അതിൽ ക്ലിക്ക് ചെയ്‌തു.”—ചാൾസ്‌. *

“ജോലി​സ്ഥ​ല​ത്തുള്ള സുന്ദരി​യായ ഒരു യുവതി എന്നോടു ശൃംഗ​രി​ച്ചു​തു​ട​ങ്ങി. ഒരു ദിവസം, ഒത്തൊ​രു​മി​ച്ചു ‘സല്ലപിക്കു’ന്നതിനാ​യി ഒരു ഹോട്ട​ലി​ലേക്കു പോകാ​മെന്ന് അവൾ എന്നോടു പറഞ്ഞു. എന്തു ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ അവൾ വിളി​ച്ച​തെന്ന് എനിക്കു നന്നായി അറിയാ​മാ​യി​രു​ന്നു.”—ഡാനി.

പ്രലോഭ​ന​ങ്ങളെ അഭികാ​മ്യ​മായ സംഗതി​യാ​യി കരുതി​ക്കൊണ്ട് ചില ആളുകൾ അവയെ മനസ്സിൽ താലോ​ലി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ തങ്ങൾ കീഴ്‌പ്പെ​ടു​ത്താൻ അതിയാ​യി ആഗ്രഹി​ക്കുന്ന ഒരു നിരന്ത​ര​ശ​ത്രു​വാ​യി അതിനെ കരുതു​ന്നു. നിങ്ങൾ എന്താണ്‌ വിചാ​രി​ക്കു​ന്നത്‌? പ്രലോ​ഭ​നങ്ങൾ നേരി​ടു​മ്പോൾ നിങ്ങൾ അതിനു വഴങ്ങണ​മോ അതോ ചെറു​ത്തു​നിൽക്ക​ണ​മോ?

എല്ലാ പ്രലോ​ഭ​ന​ങ്ങ​ളും വലിയ പ്രശ്‌ന​ങ്ങൾ ക്ഷണിച്ചു​വ​രു​ത്തു​ന്നില്ല എന്നതു ശരിയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ബാക്കിവന്ന ഒരു മധുര​പ​ല​ഹാ​രം ആരും കാണാതെ തിന്നു​ന്നതു നിങ്ങളു​ടെ ജീവിതം തകർക്കു​ക​യില്ല. എന്നാൽ മറ്റു ചില പ്രലോ​ഭ​ന​ങ്ങൾക്ക്, വിശേ​ഷി​ച്ചും ലൈം​ഗി​കാ​ധാർമി​ക​ത​യി​ലേക്കു നയിക്കു​ന്ന​വയ്‌ക്ക്, വശംവ​ദ​രാ​കു​ന്നത്‌ ദാരു​ണ​മായ പരിണ​ത​ഫ​ല​ങ്ങ​ളിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം. ബൈബിൾ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “വ്യഭി​ചാ​രം ചെയ്യു​ന്ന​വ​നോ, ബുദ്ധി​ഹീ​നൻ; അങ്ങനെ ചെയ്യു​ന്നവൻ സ്വന്ത​പ്രാ​ണനെ നശിപ്പി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 6:32, 33.

അധാർമി​ക​ത​യിൽ ഏർപ്പെ​ടാ​നുള്ള ഒരു പ്രലോ​ഭനം പെട്ടെ​ന്നു​ണ്ടാ​കു​ന്നെന്നു വിചാ​രി​ക്കുക. നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം? ബൈബിൾ ഉത്തരം നൽകുന്നു: ‘ദൈവ​ത്തി​ന്‍റെ ഇഷ്ടമോ നിങ്ങളു​ടെ വിശു​ദ്ധീ​ക​ര​ണം​തന്നെ. നിങ്ങൾ പരസം​ഗ​ത്തിൽനിന്ന് അകന്നി​രി​ക്കണം. വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങളിൽ ഓരോ​രു​ത്ത​നും അറിഞ്ഞി​രി​ക്കണം.’ (1 തെസ്സ​ലോ​നി​ക്യർ 4:3, 5) ഇതിനാ​യുള്ള നിശ്ചയ​ദാർഢ്യം നിങ്ങൾക്ക് എങ്ങനെ നട്ടുവ​ളർത്താ​നാ​കും? സഹായ​ക​മായ മൂന്നു പടികൾ പരിചി​ന്തി​ക്കാം.

1: നിങ്ങളു​ടെ കണ്ണുകൾ കാക്കുക

അശ്ലീലദൃശ്യങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌ അനുചി​ത​മായ മോഹങ്ങൾ ആളിക്ക​ത്തി​ക്കു​കയേ ഉള്ളൂ. കാണു​ന്ന​തും മോഹി​ക്കു​ന്ന​തും തമ്മിലുള്ള ബന്ധം വ്യക്തമാ​ക്കി​ക്കൊണ്ട് യേശു ഈ മുന്നറി​യി​പ്പു നൽകി: “ഒരു സ്‌ത്രീ​യോ​ടു മോഹം തോന്ന​ത്ത​ക്ക​വി​ധം അവളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ തന്‍റെ ഹൃദയ​ത്തിൽ അവളു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.” ശക്തമായ ഒരു അതിശ​യോ​ക്തി​യ​ല​ങ്കാ​രം ഉപയോ​ഗി​ച്ചു​കൊണ്ട് അവൻ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നിന്‍റെ വലത്തു​കണ്ണ് നിനക്ക് ഇടർച്ച വരുത്തു​ന്നെ​ങ്കിൽ അത്‌ ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക.” (മത്തായി 5:28, 29) എന്താണു  പാഠം? പ്രലോ​ഭ​നത്തെ ചെറു​ക്ക​ണ​മെ​ങ്കിൽ വികാ​ര​ങ്ങളെ ഉത്തേജി​പ്പി​ക്കുന്ന ദൃശ്യ​ങ്ങൾകൊ​ണ്ടു കണ്ണുകൾക്കു വിരു​ന്നൂ​ട്ടാ​തെ തീരു​മാ​ന​ശേ​ഷി​യോ​ടെ പെട്ടെന്നു പ്രവർത്തി​ക്കണം.

ലൈം​ഗി​ക​വി​കാ​ര​ങ്ങൾ ഉണർത്തുന്ന ദൃശ്യം കാണു​മ്പോൾ ദൃഷ്ടി മാറ്റുക

ദൃഷ്ടാ​ന്ത​ത്തിന്‌, വെൽഡ്‌ ചെയ്യു​മ്പോൾ ഉണ്ടാകുന്ന ഉജ്ജ്വല​പ്ര​ഭ​യി​ലേക്കു നിങ്ങൾ നോക്കാൻ ഇടയായി എന്നു സങ്കൽപ്പി​ക്കുക. നിങ്ങൾ അതി​ലേ​ക്കു​തന്നെ നോക്കി നിൽക്കു​മോ? ഒരിക്ക​ലു​മില്ല. പകരം നിങ്ങൾ മറ്റൊരു ദിശയി​ലേക്കു നോക്കു​ക​യോ കണ്ണുകൾക്കു ഹാനി തട്ടാതി​രി​ക്കാൻ മുഖം മറയ്‌ക്കു​ക​യോ ചെയ്യും. സമാന​മാ​യി, ലൈം​ഗി​ക​വി​കാ​രങ്ങൾ ഉണർത്തുന്ന ഒരു ദൃശ്യം പുസ്‌ത​ക​ത്തി​ലോ സ്‌ക്രീ​നി​ലോ അല്ലെങ്കിൽ നേരി​ട്ടോ കാണാൻ ഇടയാ​യാൽ എത്രയും പെട്ടെന്നു നിങ്ങളു​ടെ ദൃഷ്ടി മാറ്റുക. നിങ്ങളു​ടെ മനസ്സു ദുഷി​ക്കാൻ അനുവ​ദി​ക്കാ​തി​രി​ക്കുക. അശ്ലീല​ത്തിന്‌ അടിമ​യാ​യി​രുന്ന ജെറോം പറയുന്നു: “സുന്ദരി​യായ ഒരു യുവതി​യെ കണ്ടാൽ അവളെ രണ്ടാമ​തും മൂന്നാ​മ​തും നോക്കാ​നുള്ള പ്രേരണ എനിക്കു മിക്ക​പ്പോ​ഴും ഉണ്ടാകാ​റുണ്ട്. അപ്പോ​ഴൊ​ക്കെ മറ്റൊ​രി​ടത്തു ദൃഷ്ടി​പ​തി​പ്പി​ക്കാൻ ഞാൻ എന്‍റെ കണ്ണുകളെ നിർബ​ന്ധി​ക്കു​ക​യും എന്നോ​ടു​തന്നെ ഇങ്ങനെ പറയു​ക​യും ചെയ്യും: ‘യഹോ​വ​യോ​ടു പ്രാർഥി​ക്കൂ, നീ പ്രാർഥി​ക്കേണ്ട സമയം ഇപ്പോഴാണ്‌.’ ഇങ്ങനെ പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ വീണ്ടും നോക്കാ​നുള്ള ആഗ്രഹം കെട്ടട​ങ്ങു​ന്നു.”—മത്തായി 6:9, 13; 1 കൊരി​ന്ത്യർ 10:13.

വിശ്വ​സ്‌ത​മ​നു​ഷ്യ​നായ ഇയ്യോബ്‌ പറഞ്ഞത്‌ എന്താ​ണെ​ന്നും ശ്രദ്ധി​ക്കുക: “ഞാൻ എന്‍റെ കണ്ണുമാ​യി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കു​ന്ന​തെ​ങ്ങനെ?” (ഇയ്യോബ്‌ 31:1) സമാന​മായ ഒരു ദൃഢനി​ശ്ച​യം നിങ്ങൾക്കും എന്തു​കൊണ്ട് എടുത്തു​കൂ​ടാ?

ശ്രമിച്ചുനോക്കുക: ഒരു ലൈം​ഗി​ക​ദൃ​ശ്യ​ത്തിൽ നിങ്ങളു​ടെ കണ്ണുട​ക്കി​യാൽ സത്വരം നിങ്ങളു​ടെ കണ്ണുകൾ അതിൽനി​ന്നു മാറ്റുക. ‘വ്യാജത്തെ നോക്കാ​ത​വണ്ണം എന്‍റെ കണ്ണുകളെ തിരി​ക്കേ​ണമേ’ എന്നു പ്രാർഥി​ച്ച ബൈബി​ളെ​ഴു​ത്തു​കാ​രനെ അനുക​രി​ക്കുക.—സങ്കീർത്ത​നം 119:37.

2: നിങ്ങളു​ടെ ചിന്തകൾ കാക്കുക

നമ്മൾ എല്ലാവ​രും അപൂർണ​രാ​യ​തി​നാൽ പലപ്പോ​ഴും തെറ്റായ മോഹ​ങ്ങ​ളു​മാ​യി പോരാ​ടേ​ണ്ടി​വ​ന്നേ​ക്കാം. ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഓരോ​രു​ത്ത​നും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ത​നാ​യി വശീക​രി​ക്ക​പ്പെ​ടു​ക​യാ​ല​ത്രേ. മോഹം ഗർഭം​ധ​രിച്ച് പാപത്തെ പ്രസവി​ക്കു​ന്നു” (യാക്കോബ്‌ 1:14, 15) ഇത്തരം ഒരു ചുഴി​യിൽ അകപ്പെ​ടു​ന്നതു നിങ്ങൾക്ക് എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

തെറ്റായ ചിന്തകൾ വരു​മ്പോൾ അങ്ങനെ ചിന്തി​ക്കു​ന്നതു നിറുത്തി, പ്രാർഥി​ക്കുക

തെറ്റായ മോഹങ്ങൾ തലപൊ​ക്കു​മ്പോൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള പ്രാപ്‌തി നിങ്ങൾക്കു​ണ്ടെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. അത്തരം മോഹ​ങ്ങ​ളോ​ടു പോരാ​ടുക. നിങ്ങളു​ടെ മനസ്സിൽനി​ന്നു അതു പിഴു​തു​മാ​റ്റുക. അധാർമി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ദിവാ​സ്വപ്‌നം കാണു​ന്നത്‌ ഒഴിവാ​ക്കുക. ഇന്‍റർനെറ്റ്‌ അശ്ലീല​ത്തിന്‌ അടിമ​യാ​യി​രുന്ന ട്രോയ്‌ ഇപ്രകാ​രം പറയുന്നു: “ക്രിയാ​ത്മ​ക​മായ  കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടാണ്‌ എന്‍റെ മനസ്സിലെ മോശ​മായ ചിന്തകൾ തുടച്ചു​മാ​റ്റു​ന്ന​തി​നാ​യി ഞാൻ പോരാ​ടി​യത്‌. അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പല തവണ ഞാൻ പരാജ​യ​പ്പെട്ടു. എന്നാൽ, ക്രമേണ എന്‍റെ ചിന്തകൾ നിയ​ന്ത്രി​ക്കാൻ ഞാൻ പഠിച്ചു.” കൗമാ​ര​പ്രാ​യ​ത്തിൽ അധാർമി​ക​പ്ര​ലോ​ഭ​ന​ങ്ങ​ളോ​ടു പോരാ​ടേ​ണ്ടി​വന്ന എൽസ എന്നു പേരുള്ള ഒരു സ്‌ത്രീ ഇങ്ങനെ സ്‌മരി​ക്കു​ന്നു. “എന്നെത്തന്നെ തിരക്കു​ള്ള​വ​ളാ​ക്കി നിറു​ത്തി​ക്കൊ​ണ്ടും യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടും തെറ്റായ ചിന്തകൾ വരുതി​യി​ലാ​ക്കാൻ എനിക്കു കഴിഞ്ഞു.”

ശ്രമിച്ചുനോക്കുക: അധാർമി​ക​ചിന്ത നിങ്ങളെ വല്ലാതെ അലട്ടു​ന്നെ​ങ്കിൽ, അങ്ങനെ ചിന്തി​ക്കു​ന്നതു നിറുത്തി ഉടനെ പ്രാർഥി​ക്കുക. “സത്യമാ​യ​തൊ​ക്കെ​യും ഘനമാ​യ​തൊ​ക്കെ​യും നീതി​യാ​യ​തൊ​ക്കെ​യും നിർമ​ല​മാ​യ​തൊ​ക്കെ​യും സ്‌നേ​ഹാർഹ​മാ​യ​തൊ​ക്കെ​യും സത്‌കീർത്തി​യാ​യ​തൊ​ക്കെ​യും ഉത്‌കൃ​ഷ്ട​വും പ്രശം​സാർഹ​വു​മാ​യ​തൊ​ക്കെ​യും” ചിന്തി​ച്ചു​കൊ​ണ്ടു തെറ്റായ ചിന്തകൾക്കെ​തി​രെ പോരാ​ടുക.—ഫിലി​പ്പി​യർ 4:8.

3: നിങ്ങളു​ടെ ചുവടു​കൾ സൂക്ഷി​ക്കുക

മോഹങ്ങൾ, പ്രലോ​ഭ​നങ്ങൾ, അവസരങ്ങൾ എന്നിവ സംഗമി​ക്കു​മ്പോൾ പ്രശ്‌ന​ങ്ങൾ എളുപ്പം സംജാ​ത​മാ​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 7:6-23) നിങ്ങൾക്ക് അതിന്‍റെ ഇരയാ​കു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

“മറ്റുള്ള​വ​രു​ടെ സാന്നി​ധ്യ​ത്തിൽ മാത്രമേ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോ​ഗി​ക്കാ​റു​ള്ളൂ”

ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) അതു​കൊണ്ട് നിങ്ങളു​ടെ ചുവടു​കൾ സൂക്ഷി​ക്കുക. പ്രശ്‌ന​ങ്ങൾക്കു തിരി​കൊ​ളു​ത്താൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങൾ മുന്നമേ കണ്ട് ഒഴിവാ​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 7:25) അശ്ലീല​ത്തി​ന്‍റെ അടിമ​ത്ത​ത്തിൽനി​ന്നു മോചി​ത​നായ ഫിലിപ്പ് ഇങ്ങനെ പറയുന്നു: “എല്ലാവ​രു​ടെ​യും നോട്ട​മെ​ത്തുന്ന ഒരു സ്ഥലത്തു ഞാൻ കമ്പ്യൂട്ടർ വെക്കു​ക​യും മോശ​മായ കാര്യങ്ങൾ അതിൽ കടന്നു​വ​രു​ന്നതു തടയാ​നുള്ള വിധത്തിൽ അതു പ്രോ​ഗ്രാം ചെയ്യു​ക​യും ചെയ്‌തു. മറ്റുള്ള​വ​രു​ടെ സാന്നി​ധ്യ​ത്തിൽ മാത്രമേ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോ​ഗി​ക്കാ​റു​ള്ളൂ.” അതു​പോ​ലെ, മുമ്പു പരാമർശി​ച്ച ട്രോയ്‌ ഇപ്രകാ​രം പറയുന്നു: “മോശ​മായ സിനി​മകൾ കാണു​ന്നതു ഞാൻ ഒഴിവാ​ക്കു​ന്നു, കൂടാതെ അശ്ലീല​ച്ചു​വ​യോ​ടെ സംസാ​രി​ക്കു​ന്ന​വ​രു​മാ​യുള്ള സംസർഗ​വും. ഞാൻ എന്നെത്തന്നെ അപകട​ത്തി​ലാ​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല.”

ശ്രമിച്ചുനോക്കുക: നിങ്ങളു​ടെ ബലഹീ​ന​തകൾ സത്യസ​ന്ധ​മാ​യി വിലയി​രു​ത്തു​ക​യും നിങ്ങളെ പ്രലോ​ഭ​ന​ത്തി​ലേക്കു തള്ളിവി​ടാൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കാൻ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യു​ക​യും ചെയ്യുക.—മത്തായി 6:13.

പ്രതീക്ഷ കൈ​വെ​ടി​യ​രുത്‌!

നിങ്ങൾ കിണഞ്ഞു​ശ്ര​മി​ച്ചി​ട്ടും തളർന്നു​പോ​കു​ക​യോ പ്രലോ​ഭ​ന​ത്തി​നു വഴി​പ്പെ​ടു​ക​യോ ചെയ്യു​ന്നെ​ങ്കിൽ എന്ത്? പ്രതീക്ഷ കൈ​വെ​ടി​യു​ക​യോ ശ്രമം ഉപേക്ഷി​ക്കു​ക​യോ അരുത്‌. ബൈബിൾ പറയുന്നു: “നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേല്‌ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 24:16) അതെ, സ്വർഗീ​യ​പി​താവ്‌ നമ്മെ ‘എഴു​ന്നേൽക്കാൻ’ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവന്‍റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായം നിങ്ങൾ സ്വീക​രി​ക്കു​മോ? പ്രാർഥ​ന​യിൽ അവനെ സമീപി​ക്കു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌. അവന്‍റെ വചനം പഠിച്ചു​കൊ​ണ്ടു നിങ്ങളു​ടെ വിശ്വാ​സം വർധി​പ്പി​ക്കുക. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ച്ചു​കൊ​ണ്ടു നിങ്ങളു​ടെ ദൃഢനി​ശ്ച​യം ശക്തമാ​ക്കുക. “നീ ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ട്” എന്ന ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ത്തിൽനി​ന്നു പ്രോ​ത്സാ​ഹനം കൈ​ക്കൊ​ള്ളുക.—യെശയ്യാ​വു 41:10.

തുടക്ക​ത്തിൽ പരാമർശി​ച്ച ചാൾസ്‌ പറയുന്നു: “അശ്ലീലം വീക്ഷി​ക്കുന്ന എന്‍റെ സ്വഭാവം ജയിച്ച​ട​ക്കാൻ കഠിന​ശ്രമം ചെയ്യേ​ണ്ടി​വന്നു എന്നത്‌ വസ്‌തു​ത​യാണ്‌. പല പ്രാവ​ശ്യം വീണു​പോ​യെ​ങ്കി​ലും ദൈവ​ത്തി​ന്‍റെ സഹായ​ത്താൽ ഒടുവിൽ ഞാൻ വിജയം വരിക്കു​ക​തന്നെ ചെയ്‌തു.” അതു​പോ​ലെ, മുമ്പു കണ്ട ഡാനി പറയുന്നു: “എന്‍റെ സഹജോ​ലി​ക്കാ​രി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ എനിക്കു നിഷ്‌പ്ര​യാ​സം കഴിയു​മാ​യി​രു​ന്നു. എന്നാൽ, ‘സാധ്യമല്ല’ എന്ന് തീർത്തു​പ​റ​ഞ്ഞു​കൊണ്ട് ഞാൻ എന്‍റെ നിലപാ​ടിൽ ഉറച്ചു​നി​ന്നു. ഒരു ശുദ്ധമ​നഃ​സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കുക എന്നത്‌ അവർണ​നീ​യ​മായ ഒരു അനുഭ​വ​മാണ്‌. എല്ലാറ്റി​നും ഉപരി യഹോ​വ​യു​ടെ ഹൃദയം എന്നെ​പ്രതി അഭിമാ​നം​കൊ​ള്ളു​ന്നു എന്ന ചാരി​താർഥ്യ​വും എനിക്കുണ്ട്.”

നിങ്ങൾ ഉറച്ചു​നിൽക്കു​ക​യും പ്രലോ​ഭ​നങ്ങൾ ചെറു​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദൈവം നിങ്ങ​ളെ​ക്കു​റി​ച്ചും അഭിമാ​നി​ക്കും എന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക!—സദൃശ​വാ​ക്യ​ങ്ങൾ 27:11. ▪ (w14-E 04/01)

^ ഖ. 2 ഈ ലേഖന​ത്തി​ലെ പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.