വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു

എന്‍റെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗിച്ച് ഉത്തരം നൽകി!

എന്‍റെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗിച്ച് ഉത്തരം നൽകി!
  • ജനനം: 1950

  • രാജ്യം: സ്‌പെയ്‌ൻ

  • മുമ്പ്: കത്തോലിക്കാകന്യാസ്‌ത്രീ

മുൻകാ​ല​ജീ​വി​തം:

ഞാൻ ജനിച്ചത്‌ വടക്കു​പ​ടി​ഞ്ഞാ​റൻ സ്‌പെയ്‌നി​ലുള്ള ഗലീസ്യ​യി​ലെ ഒരു ഉൾനാടൻ ഗ്രാമ​ത്തി​ലാണ്‌. അവിടെ എന്‍റെ മാതാ​പി​താ​ക്കൾക്കു ചെറി​യൊ​രു കൃഷി​യി​ട​മു​ണ്ടാ​യി​രു​ന്നു. എട്ടു മക്കളിൽ നാലാ​മത്തെ ആളായി​രു​ന്നു ഞാൻ. ഒരു സന്തുഷ്ട​കു​ടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. കുട്ടി​ക​ളിൽ ഒരാ​ളെ​ങ്കി​ലും സെമി​നാ​രി​യി​ലോ മഠത്തി​ലോ ചേരു​ന്നത്‌ അക്കാലത്ത്‌ സ്‌പെയ്‌നിൽ സാധാ​ര​ണ​മാ​യി​രു​ന്നു. ഞങ്ങളുടെ കുടും​ബ​ത്തി​ലും മൂന്നു പേർ അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്തു.

എന്‍റെ 13-‍ാ‍ം വയസ്സിൽ ഞാൻ ചേച്ചി​യോ​ടൊ​പ്പം മാഡ്രി​ഡി​ലുള്ള ഒരു മഠത്തിൽ ചേർന്നു. വളരെ വിരസ​മായ അന്തരീ​ക്ഷ​മാ​യി​രു​ന്നു മഠത്തിൽ. അവിടെ സൗഹൃ​ദ​ങ്ങൾക്കു സ്ഥാനമി​ല്ലാ​യി​രു​ന്നു, കേവലം നിയമ​ങ്ങ​ളും പ്രാർഥ​ന​ക​ളും കർശന​മായ നിഷ്‌ഠ​ക​ളും മാത്രം. അതിരാ​വി​ലെ ഞങ്ങൾ പ്രാർഥ​നാ​ഹാ​ളിൽ ദൈവ​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തി​നാ​യി കൂടി​വ​രു​മാ​യി​രു​ന്നു. എങ്കിലും മിക്ക​പ്പോ​ഴും എന്‍റെ മനസ്സ് ശൂന്യ​മാ​യി​രു​ന്നു. തുടർന്ന് ഞങ്ങൾ കുർബാ​ന​യിൽ പങ്കു​കൊ​ള്ളു​ക​യും ഗീതങ്ങൾ പാടു​ക​യും ചെയ്യു​മാ​യി​രു​ന്നു, ഇവയെ​ല്ലാം ലത്തീൻ ഭാഷയി​ലാണ്‌ നടന്നി​രു​ന്നത്‌. വാസ്‌ത​വ​ത്തിൽ അവിടെ നടക്കുന്ന ഒന്നും​തന്നെ എനിക്കു മനസ്സി​ലാ​കു​ന്നി​ല്ലാ​യി​രു​ന്നു. ദൈവം എന്നിൽനി​ന്നു വളരെ അകലെ​യാ​യി​ട്ടാണ്‌ എനിക്ക് അനുഭ​വ​പ്പെ​ട്ടത്‌. ശോക​മൂ​ക​മായ ദിനരാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ഞാൻ അവിടെ കഴിച്ചു​കൂ​ട്ടി​യത്‌. എന്‍റെ ചേച്ചിയെ കണ്ടുമു​ട്ടി​യാൽത്തന്നെ “വിശു​ദ്ധ​മ​റി​യ​ത്തി​നു സ്‌തുതി” എന്ന വാക്കു​ക​ളിൽ ഞങ്ങളുടെ സംസാരം ഒതുങ്ങു​മാ​യി​രു​ന്നു. ഭക്ഷണത്തി​നു ശേഷം ആകെ അര മണിക്കൂർ മാത്രമേ കന്യാസ്‌ത്രീ​കൾ ഞങ്ങളെ സംസാ​രി​ക്കാൻ അനുവ​ദി​ക്കു​മാ​യി​രു​ന്നു​ള്ളൂ. കുടും​ബ​ത്തിൽ ഞാൻ ആസ്വദി​ച്ചി​രുന്ന സന്തോ​ഷ​ക​ര​മായ ജീവി​ത​ത്തിൽനിന്ന് എത്ര വ്യത്യസ്‌ത​മാ​യി​രു​ന്നു ഇത്‌! പലപ്പോ​ഴും എനിക്ക് ഏകാന്തത അനുഭ​വ​പ്പെ​ടു​ക​യും എന്‍റെ കണ്ണുകൾ ഈറന​ണി​യു​ക​യും ചെയ്‌തി​രു​ന്നു.

ദൈവ​വു​മാ​യി എനിക്ക് യാതൊ​രു അടുപ്പ​വും തോന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും 17-‍ാ‍ം വയസ്സിൽ ഞാൻ ഒരു കന്യാസ്‌ത്രീ​യാ​യി. എന്നിൽനി​ന്നു മറ്റുള്ളവർ പ്രതീ​ക്ഷി​ച്ചതു ഞാൻ ചെയ്‌തു. എന്നാൽ യഥാർഥ​ത്തിൽ എനിക്ക് ദൈവ​വി​ളി​യു​ണ്ടാ​യി​രു​ന്നോ എന്ന് എനിക്കു സംശയം തോന്നി​ത്തു​ടങ്ങി. ഇത്തരം സംശയങ്ങൾ വെച്ചു​പു​ലർത്തു​ന്നവർ നരകത്തിൽ ചെന്നേ അവസാ​നി​ക്കു​ക​യു​ള്ളൂ എന്ന് കന്യാസ്‌ത്രീ​കൾ ഇടയ്‌ക്കി​ടെ സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. എന്നിട്ടും എന്‍റെ സംശയങ്ങൾ എന്നെ വിട്ടു​മാ​റി​യില്ല. യേശു​ക്രിസ്‌തു തന്നെത്തന്നെ ഒറ്റപെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും അവൻ മറ്റുള്ള​വരെ പഠിപ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രു​ന്നെ​ന്നും എനിക്ക് അറിയാ​മാ​യി​രു​ന്നു. (മത്തായി 4:23-25) 20 വയസ്സാ​യ​പ്പോ​ഴേ​ക്കും ഒരു കന്യാസ്‌ത്രീ​യാ​യി തുടരു​ന്ന​തിൽ എനിക്കു യാതൊ​രു അർഥവും തോന്നി​യില്ല. അതിശ​യ​ക​ര​മെന്നു പറയട്ടെ, അവിടെ തുടരു​ന്ന​താ​ണോ നല്ലതെന്ന് എനിക്ക് ഉറപ്പി​ല്ലെ​ങ്കിൽ എത്രയും പെട്ടെന്ന് അവി​ടെ​നി​ന്നു പോകു​ന്ന​താ​യി​രി​ക്കും നല്ലതെന്നു മഠാധ്യക്ഷ എന്നോടു പറഞ്ഞു. ഞാൻ മറ്റുള്ള​വ​രെ​യും വഴി​തെ​റ്റി​ക്കു​മോ എന്ന് അവർ ഭയന്നി​രു​ന്ന​താ​യി തോന്നു​ന്നു. അതു​കൊ​ണ്ടു ഞാൻ മഠം വിട്ടു​പോ​ന്നു.

ഞാൻ വീട്ടി​ലേക്കു മടങ്ങി​യെ​ങ്കി​ലും എന്‍റെ മാതാ​പി​താ​ക്കൾ എന്നോടു  വളരെ പരിഗ​ണ​ന​യോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. എന്നാൽ ഞങ്ങളുടെ ഗ്രാമ​ത്തിൽ തൊഴിൽ ലഭ്യമ​ല്ലാ​തി​രു​ന്ന​തി​നാൽ എന്‍റെ അനുജൻ താമസി​ച്ചി​രുന്ന ജർമനി​യി​ലേക്ക് ഞാൻ കുടി​യേറി. വളരെ സജീവ​മാ​യി പ്രവർത്തി​ച്ചി​രുന്ന ഒരു കമ്മ്യൂ​ണിസ്റ്റ് കൂട്ടത്തി​ലെ അംഗമാ​യി​രു​ന്നു അവൻ. അവരെ​ല്ലാ​വ​രും നാടു വിട്ടു​പോന്ന സ്‌പെയ്‌ൻകാ​രാ​യി​രു​ന്നു. തൊഴി​ലാ​ളി​ക​ളു​ടെ അവകാ​ശ​ങ്ങൾക്കു​വേ​ണ്ടി​യും സ്‌ത്രീ​സ​മ​ത്വ​ത്തി​നു​വേ​ണ്ടി​യും പോരാ​ടി​യി​രുന്ന അവരോ​ടൊ​പ്പം ജീവി​ക്കുക എനിക്ക് എളുപ്പ​മാ​യി തോന്നി. അങ്ങനെ ഞാൻ ഒരു കമ്മ്യൂ​ണി​സ്റ്റു​കാ​രി​യാ​യി​ത്തീ​രു​ക​യും അവരിൽ ഒരംഗത്തെ വിവാഹം കഴിക്കു​ക​യും ചെയ്‌തു. കമ്മ്യൂ​ണിസ്റ്റ് പ്രസ്ഥാ​നത്തെ അനുകൂ​ലി​ക്കുന്ന ലഘു​ലേ​ഖകൾ വിതരണം ചെയ്യു​ക​യും പ്രതി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ ഞാൻ അർഥവ​ത്തായ ഒരു കാര്യ​ത്തിൽ ഏർപ്പെ​ടു​ക​യാ​ണെ​ന്നാണ്‌ വിചാ​രി​ച്ചത്‌.

കാലം കടന്നു​പോ​കവെ, ഞാൻ പിന്നെ​യും നിരു​ത്സാ​ഹി​ത​യാ​യി. കമ്മ്യൂ​ണി​സ്റ്റു​കാർ പലപ്പോ​ഴും പറയു​ന്ന​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു എന്ന് എനിക്കു തോന്നി. 1971-ൽ ഞങ്ങളുടെ കൂട്ടത്തി​ലെ ചില ചെറു​പ്പ​ക്കാർ ഫ്രാങ്ക്ഫർട്ടി​ലുള്ള സ്‌പാ​നിഷ്‌ സ്ഥാനപ​തി​കാ​ര്യാ​ലയം തീയ്‌ക്ക് ഇരയാ​ക്കി​യ​പ്പോൾ എന്‍റെ സംശയ​ത്തിന്‌ ആക്കം കൂടി. സ്‌പെയ്‌നി​ലെ ഏകാധി​പ​ത്യ​ഭ​ര​ണ​ത്തി​ന്‍റെ അനീതി​ക്കെ​തി​രെ​യുള്ള പ്രതി​ഷേധം പ്രകടി​പ്പി​ക്കാ​നാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. എന്നാൽ ധാർമി​ക​രോ​ഷം പ്രകടി​പ്പി​ക്കേണ്ട ഉചിത​മായ വിധം അതല്ലാ​യി​രു​ന്നെന്ന് എനിക്ക് ഉറപ്പു​ണ്ടാ​യി​രു​ന്നു.

ഞങ്ങൾക്ക് ഒരു മകൻ ജനിച്ച​പ്പോൾ, കമ്മ്യൂ​ണിസ്റ്റ് യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നതു നിറു​ത്താൻ പോകു​ക​യാ​ണെന്ന് ഞാൻ എന്‍റെ ഭർത്താ​വി​നോ​ടു പറഞ്ഞു. എന്നെയും എന്‍റെ കുഞ്ഞി​നെ​യും കാണാൻ സുഹൃ​ത്തു​ക്ക​ളിൽ ആരും​തന്നെ വരാത്ത​തി​നാൽ ഞാൻ ഒറ്റപ്പെ​ട്ട​താ​യി എനിക്കു തോന്നി. എന്താണ്‌ ജീവി​ത​ത്തി​ന്‍റെ ഉദ്ദേശം, സാമൂ​ഹിക ഉന്നമന​ത്തി​നാ​യി യത്‌നി​ക്കു​ന്നത്‌ യഥാർഥ​ത്തിൽ മൂല്യ​വ​ത്താ​ണോ എന്നൊക്കെ ഞാൻ ചിന്തിച്ചു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

അങ്ങനെ​യി​രി​ക്കെ 1976-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു സ്‌പാ​നിഷ്‌ ദമ്പതികൾ എന്‍റെ വീട്‌ സന്ദർശി​ക്കാൻ ഇടയായി. അവർ ചില ബൈബിൾസാ​ഹി​ത്യ​ങ്ങൾ നൽകു​ക​യും ചെയ്‌തു. കഷ്ടപ്പാ​ടും അസമത്വ​വും അനീതി​യും സംബന്ധിച്ച് എനിക്ക് അനേകം ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവരുടെ രണ്ടാം സന്ദർശ​ന​ത്തിൽ അവ ഒന്നൊ​ന്നാ​യി അവർക്കു നേരെ ഞാൻ തൊടു​ത്തു​വി​ട്ടു. എന്നാൽ എന്‍റെ ഓരോ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗി​ച്ചു ഉത്തരം നൽകി​യത്‌ എന്നെ അത്ഭുത​പ്പെ​ടു​ത്തി. അപ്പോൾത്ത​ന്നെ ഞാൻ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു.

തുടക്ക​ത്തിൽ, വസ്‌തു​തകൾ മനസ്സി​ലാ​ക്കുക എന്നതു മാത്ര​മാ​യി​രു​ന്നു എന്‍റെ ഉദ്ദേശം. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ നടക്കുന്ന യോഗ​ങ്ങ​ളിൽ ഞാനും ഭർത്താ​വും സംബന്ധി​ക്കാൻ തുടങ്ങി​യ​പ്പോൾ കാര്യങ്ങൾ മാറി​മ​റി​ഞ്ഞു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ഞങ്ങൾക്കു രണ്ടു കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. സാക്ഷികൾ യോഗ​ങ്ങൾക്കാ​യി ഞങ്ങളെ കൂട്ടി​ക്കൊ​ണ്ടു പോകു​ക​യും പരിപാ​ടി​കൾ നടക്കവെ കുട്ടി​കളെ നോക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഇതുനി​മി​ത്തം, സാക്ഷി​ക​ളോ​ടുള്ള എന്‍റെ അടുപ്പം വർധിച്ചു.

ഇങ്ങനെ​യൊ​ക്കെ​യാ​യി​രു​ന്നെ​ങ്കി​ലും, വിശ്വാ​സ​പ​ര​മായ ചില സംശയങ്ങൾ എന്നിൽ അവശേ​ഷി​ച്ചു. അങ്ങനെ​യി​രി​ക്കെ, സ്‌പെയ്‌നി​ലുള്ള എന്‍റെ കുടും​ബത്തെ ചെന്ന് കാണാൻ ഞാൻ തീരു​മാ​നി​ച്ചു. ഒരു പുരോ​ഹി​ത​നാ​യി​രുന്ന എന്‍റെ ചെറി​യച്ഛൻ എന്‍റെ ബൈബിൾപ​ഠനം നിരു​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ, അവി​ടെ​യു​ണ്ടാ​യി​രുന്ന സാക്ഷികൾ എന്നെ വളരെ​യ​ധി​കം സഹായി​ച്ചു. ജർമനി​യി​ലെ സാക്ഷി​ക​ളെ​പ്പോ​ലെ ഇവരും എന്‍റെ ചോദ്യ​ങ്ങൾക്കു ബൈബി​ളിൽനി​ന്നാണ്‌ ഉത്തരം നൽകി​യത്‌. ജർമനി​യിൽ തിരികെ എത്തിയ​പ്പോ​ഴേ​ക്കും എന്‍റെ ബൈബിൾപ​ഠനം പുനരാ​രം​ഭി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. ഭർത്താവ്‌ ബൈബിൾപ​ഠനം നിറു​ത്തി​യെ​ങ്കി​ലും ഞാൻ എന്‍റെ തീരു​മാ​ന​ത്തി​നു ചേർച്ച​യിൽ പഠനം തുടർന്നു. അങ്ങനെ 1978-ൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ബൈബിൾസ​ത്യ​ത്തെ സംബന്ധിച്ച സൂക്ഷമ​പ​രി​ജ്ഞാ​നം എന്‍റെ ജീവി​ത​ത്തി​നു വ്യക്തമായ ഉദ്ദേശ​വും ദിശാ​ബോ​ധ​വും നൽകി. ഉദാഹ​ര​ണ​ത്തിന്‌, 1 പത്രോസ്‌ 3:1-4, “ഭയാദ​ര​വോ​ടെ” ഭർത്താ​ക്ക​ന്മാർക്ക് ‘കീഴ്‌പെ​ട്ടി​രി​ക്കാ​നും’ ദൈവ​സ​ന്നി​ധി​യിൽ വില​യേ​റിയ ‘സൗമ്യ​ത​യുള്ള മനസ്സ്’ നട്ടുവ​ളർത്താ​നും ഭാര്യ​മാ​രെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. ഇത്തരം തത്ത്വങ്ങൾ നല്ലൊരു ക്രിസ്‌തീ​യ​ഭാ​ര്യ​യും അമ്മയും ആയിരി​ക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

ഞാൻ ഒരു സാക്ഷി​യാ​യി​ത്തീർന്നിട്ട് ഇപ്പോൾ 35 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. ഗോള​വ്യാ​പ​ക​മായ ഒരു ആത്മീയ​സ​ഹോ​ദ​ര​വർഗ​ത്തി​ന്‍റെ ഭാഗമെന്ന നിലയിൽ ദൈവത്തെ സേവി​ക്കു​ന്ന​തിൽ ഞാൻ അതീവ​സ​ന്തു​ഷ്ട​യാണ്‌. എന്‍റെ അഞ്ച് മക്കളിൽ നാലു പേരും അങ്ങനെ ചെയ്‌തു കാണു​ന്ന​തിൽ ഞാൻ അതിയാ​യി ആനന്ദി​ക്കു​ന്നു. ▪ (w14-E 04/01)