ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .
ശക്തർ അശക്തരെ അടിച്ചമർത്തുന്നതു ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?
ശക്തർ അശക്തരെ അടിച്ചമർത്തുന്ന ചില വേദനാകരമായ സന്ദർഭങ്ങൾ ബൈബിൾ രേഖപ്പെടുത്തുന്നു. ബി.സി. 10-ാം നൂറ്റാണ്ടിൽ ഇസ്രായേലിലെ ഒരു രാജാവായിരുന്ന ആഹാബിന്റെ കാലത്തു ജീവിച്ചിരുന്ന നാബോത്തിന്റെ കാര്യം ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കാൻ നാബോത്തിനെയും പുത്രന്മാരെയും കൊലപ്പെടുത്തുന്നതിന് ആഹാബ് തന്റെ ഭാര്യയായ ഇസബേലിനെ അനുവദിച്ചു. (1 രാജാക്കന്മാർ 21:1-16; 2 രാജാക്കന്മാർ 9:26) ഇത്തരത്തിലുള്ള ഒരു അധികാരദുർവിനിയോഗം ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്?
ദൈവം ‘ഭോഷ്കു പറയാൻ കഴിയാത്തവൻ.’—തീത്തൊസ് 1:1
ഒരു പ്രധാന കാരണം നമുക്കു ശ്രദ്ധിക്കാം: ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല. (തീത്തൊസ് 1:1) ക്രൂരമായ അടിച്ചമർത്തലുമായി ഈ സത്യം എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? തനിക്കെതിരെയുള്ള മത്സരം വളരെ ദാരുണമായ ഫലത്തിൽ, അതായതു മരണത്തിൽ, കലാശിക്കുമെന്ന് ദൈവം തുടക്കത്തിൽത്തന്നെ മനുഷ്യവർഗത്തിനു മുന്നറിയിപ്പു കൊടുത്തിരുന്നു. ദൈവത്തിന്റെ വാക്കുകളുടെ സത്യതയ്ക്കു തെളിവെന്ന നിലയിൽ, ഏദെനിലെ മത്സരത്തെ തുടർന്ന് മരണം മനുഷ്യജീവിതത്തിന്റെ ഭാഗമായി. കയീൻ ഹാബേലിനെ കൊലപ്പെടുത്തിയപ്പോൾ സംഭവിച്ച ആദ്യത്തെ മരണം യഥാർഥത്തിൽ ഒരു അടിച്ചമർത്തലിന്റെ ഫലമായിരുന്നു.—ഉല്പത്തി 2:16, 17; 4:8.
അന്നുമുതലുള്ള മനുഷ്യചരിത്രത്തെ ബൈബിൾ ഇങ്ങനെ സംഗ്രഹിച്ചുപറയുന്നു: ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തുന്നു. (സഭാപ്രസംഗി 8:9) ആ വാക്കുകൾ സത്യമായി ഭവിച്ചോ? തന്റെ ജനമായ ഇസ്രായേല്യർ തന്നോടു നിലവിളിക്കത്തക്കരീതിയിൽ അവരുടെ രാജാക്കന്മാർ അവരെ അടിച്ചമർത്തുമെന്നു യഹോവ മുന്നറിയിപ്പു കൊടുത്തു. (1 ശമൂവേൽ 8:11-18) ജ്ഞാനിയായ ശലോമോൻപോലും തന്റെ ജനത്തിന്റെമേൽ അമിതമായ നികുതി ചുമത്തി. (1 രാജാക്കന്മാർ 11:43; 12:3, 4) അതിലും ക്രൂരമായിരുന്നു ആഹാബിനെപ്പോലുള്ള ദുഷ്ടരാജാക്കന്മാരുടെ ഭരണം. ഒന്നു ചിന്തിച്ചു നോക്കൂ: ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾ ദൈവം തടഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞതു നുണയാണെന്നു വരില്ലേ?
‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തുന്നു.—സഭാപ്രസംഗി 8:9
സ്വാർഥകാരണങ്ങളാൽ മാത്രമാണ് ആളുകൾ ദൈവത്തെ സേവിക്കുന്നത് എന്ന സാത്താന്റെ അവകാശവാദവും ഓർക്കുക. (ഇയ്യോബ് 1:9, 10; 2:4) എല്ലാ തരത്തിലുള്ള ആധിപത്യത്തിൽനിന്നും ദൈവം തന്റെ ദാസന്മാരെ സംരക്ഷിച്ചാൽ സാത്താന്റെ അവകാശവാദങ്ങൾ ശരിയാണെന്നു സ്ഥിരീകരിക്കുകയായിരിക്കില്ലേ? എല്ലാ മനുഷ്യരെയും സകലവിധ അടിച്ചമർത്തലുകളിൽനിന്നും ദൈവം സംരക്ഷിക്കുകയാണെങ്കിൽ താൻ പറഞ്ഞതെല്ലാം വ്യാജമാണെന്നു സമ്മതിക്കുകയായിരിക്കില്ലേ? അത്തരം സംരക്ഷണത്തിൻകീഴിൽ, മനുഷ്യർക്ക് ദൈവത്തെ കൂടാതെ തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയും എന്നു മിക്കവരും ചിന്തിച്ചേക്കാം. എന്നാൽ ദൈവവചനം പറയുന്നതു നേരെ മറിച്ചാണ്—മനുഷ്യന് മനുഷ്യനെത്തന്നെ ഭരിക്കാനുള്ള കഴിവ് അശേഷമില്ല. (യിരെമ്യാവു 10:23) നമുക്കു ദൈവരാജ്യം ആവശ്യമാണ്. കാരണം അപ്പോൾ മാത്രമേ അനീതി അവസാനിക്കുകയുള്ളൂ.
അടിച്ചമർത്തലിനെതിരെ ദൈവം ഒന്നും ചെയ്യുന്നില്ലെന്നാണോ ഇതിന് അർഥം? അല്ല. അവൻ ചെയ്യുന്ന രണ്ടു കാര്യങ്ങൾ പരിചിന്തിക്കുക: ഒന്നാമത്, ദുഷ്ടത എന്താണെന്ന് അവൻ തുറന്നുകാട്ടുന്നു. ഉദാഹരണത്തിന്, നാബോത്തിന് എതിരെയുള്ള ഇസബേലിന്റെ ഗൂഢതന്ത്രത്തിന്റെ എല്ലാ വശങ്ങളും അവന്റെ വചനം കാണിച്ചുതരുന്നു. മാത്രമല്ല, തന്റെ അസ്തിത്വം മറച്ചുവെക്കാനാഗ്രഹിക്കുന്ന ശക്തനായ ഒരു ഭരണാധികാരിയാണ് ഇത്തരം ദുഷ്പ്രവൃത്തികൾ ഉന്നമിപ്പിക്കുന്നതെന്നും ബൈബിൾ വ്യക്തമാക്കുന്നു. (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 11:14) ബൈബിൾ അവനെ പിശാചായ സാത്താൻ എന്ന് വെളിപ്പെടുത്തുന്നു. ദുഷ്ടതയും അടിച്ചമർത്തലും അവയുടെ കൃത്യമായ ഉറവിടം സഹിതം തുറന്നുകാണിച്ചുകൊണ്ട് ദുഷ്ടതയിൽനിന്നു സ്വതന്ത്രരായിരിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു. അങ്ങനെ അവൻ നമ്മുടെ നിത്യഭാവി സുരക്ഷിതമാക്കുന്നു.
രണ്ടാമതായി, ദൈവം അടിച്ചമർത്തലിന് അറുതിവരുത്തുമെന്ന ഉറച്ച പ്രത്യാശ പ്രദാനം ചെയ്യുന്നു. ആഹാബിനെയും ഇസബേലിനെയും അവരെപ്പോലുള്ള മറ്റനേകരെയും തുറന്നുകാട്ടിയതും ന്യായം വിധിച്ചതും ശിക്ഷിച്ചതും, ഒരു ദിവസം എല്ലാ ദുഷ്പ്രവൃത്തിക്കാരെയും താൻ ശിക്ഷിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നു. (സങ്കീർത്തനം 52:1-5) കൂടാതെ, ദൈവത്തെ സ്നേഹിക്കുന്നവർ നേരിടുന്ന ദുഷ്ടതയുടെ ദൂഷ്യഫലങ്ങൾ താൻ തുടച്ചുനീക്കുമെന്ന ഉറച്ച പ്രത്യാശയും അവൻ നൽകുന്നു. * അതുകൊണ്ട് വിശ്വസ്തനായ നാബോത്ത്, താനും പുത്രന്മാരും ഒരു നാൾ അനീതിയിൽനിന്നു വിമുക്തമായ ഒരു പറുദീസാഭൂമിയിൽ നിത്യം ജീവിക്കുന്നതായി കാണും.—സങ്കീർത്തനം 37:34.▪ (w14-E 02/01)
^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.