വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന്‌ ഞാൻ ഒടുവിൽ മനസ്സിലാക്കി”

“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന്‌ ഞാൻ ഒടുവിൽ മനസ്സിലാക്കി”
  • ജനനം: 1981

  • രാജ്യം: ഐക്യനാടുകൾ

  • ഒരു ധൂർത്തപുത്രൻ ആയിരുന്നു

മുൻകാല ജീവിതം:

മൗൺഡ്‌സ്‌വിൽ എന്ന ഒരു പട്ടണത്തിലാണ്‌ ഞാൻ ജനിച്ചത്‌. വടക്കുപടിഞ്ഞാറൻ വെർജീനിയയിൽ (യു.എസ്‌.എ.) ഒഹായോ നദിക്ക്‌ അടുത്തുള്ള പ്രശാന്തമായ ഒരു സ്ഥലമാണത്‌. നാലുമക്കളിൽ രണ്ടാമനായിരുന്നു ഞാൻ. ഞങ്ങൾ മൂന്നുപേർ ആൺകുട്ടികളായതിനാൽ വീട്ടിലെപ്പോഴും പൊടിപൂരമായിരുന്നു. മറ്റുള്ളവരോട്‌ സ്‌നേഹമുള്ള, കഠിനാധ്വാനികളും സത്യസന്ധരും ആയ വ്യക്തികളായിരുന്നു എന്റെ മാതാപിതാക്കൾ. സാമ്പത്തികമായി വലിയ നിലയിലൊന്നുമായിരുന്നില്ല ഞങ്ങൾ; പക്ഷേ ആവശ്യങ്ങളെല്ലാം നടന്നുപോകുന്നുണ്ടായിരുന്നു. മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിരുന്നതിനാൽ കുഞ്ഞുനാളിൽത്തന്നെ ഞങ്ങളുടെ ഹൃദയത്തിൽ ബൈബിൾതത്ത്വങ്ങൾ ഉൾനടാൻ അവർ കഴിയുന്നത്ര ശ്രമിച്ചു.

പക്ഷേ കൗമാരമായപ്പോഴേക്കും, പഠിച്ച കാര്യങ്ങളിൽനിന്ന്‌ ഞാൻ വ്യതിചലിക്കാൻ തുടങ്ങിയിരുന്നു. ബൈബിൾതത്ത്വങ്ങൾക്ക്‌ ചേർച്ചയിലുള്ള ജീവിതം അർഥപൂർണവും സംതൃപ്‌തിദായകവും ആയിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമായി. ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നെങ്കിൽ മാത്രമേ യഥാർഥസ്വാതന്ത്ര്യവും സന്തുഷ്ടിയും ലഭിക്കുകയുള്ളൂ എന്ന്‌ ഞാൻ ചിന്തിച്ചു. അധികം താമസിയാതെ, ക്രിസ്‌തീയയോഗങ്ങൾക്ക്‌ പോകുന്നത്‌ ഞാൻ നിറുത്തി. പെങ്ങളും മൂത്ത ജ്യേഷ്‌ഠനും എന്നോടൊപ്പം ചേർന്നു. എന്നാൽ അനുജൻ ഞങ്ങളോടൊപ്പം ചേർന്നില്ല. ഞങ്ങളെ നേർവഴിക്കാക്കാൻ അച്ഛനമ്മമാർ കഴിയുന്നത്ര ശ്രമിച്ചെങ്കിലും ഞങ്ങൾ അതൊന്നും വകവെച്ചില്ല.

തന്നിഷ്ടപ്രകാരമുള്ള ജീവിതം വാസ്‌തവത്തിൽ എന്റെ സ്വാതന്ത്ര്യം കവർന്നുകളയുമെന്ന്‌ ഞാൻ ചിന്തിച്ചിരുന്നതേ ഇല്ല. അത്‌ എന്നെ ലഹരിയുടെ അടിമയാക്കി. ഒരിക്കൽ ഞാൻ സ്‌കൂൾവിട്ട്‌ വരികയായിരുന്നു. ഒരു കൂട്ടുകാരൻ എനിക്കൊരു സിഗരറ്റ്‌ തന്നു. ഞാൻ അത്‌ വാങ്ങി. അന്നുതുടങ്ങിയതാണ്‌ എന്റെ പല ദുശ്ശീലങ്ങളും. ക്രമേണ, മദ്യവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി. അധാർമികജീവിതമായിരുന്നു എന്റേത്‌. തുടർന്നുള്ള വർഷങ്ങളിൽ പതിയെപ്പതിയെ വീര്യംകൂടിയ ലഹരിവസ്‌തുക്കൾ ഞാൻ ഉപയോഗിച്ചു തുടങ്ങി. പലതിനും അടിമയായി എന്നു പറയാം. ലഹരിയുടെ വലയിൽപ്പെട്ട ഞാൻ പണത്തിനായി ലഹരിവസ്‌തുക്കൾ വിൽക്കാൻ തുടങ്ങി.

മനസ്സാക്ഷി പറയുന്നതിന്‌ ചെവിപൊത്തിക്കളയാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും വഴിവിട്ട ജീവിതമാണ്‌ എന്റേതെന്ന്‌ അത്‌ എപ്പോഴും എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. ഇത്രയേറെ വഴിപിഴച്ചുപോയ എനിക്ക്‌ ഇനി നേർവഴിക്കാകാൻ കഴിയില്ലെന്ന്‌ തോന്നി. പാർട്ടികളിലും സംഗീതപരിപാടികളിലും പങ്കെടുക്കുമ്പോൾ പലപ്പോഴും തനിച്ചായതുപോലെ എനിക്ക്‌ തോന്നും, ഒപ്പം നിരാശയും. ചിലപ്പോഴൊക്കെ ഞാൻ എന്റെ നല്ല അച്ഛനമ്മമാരെക്കുറിച്ച്‌ ഓർക്കും. ‘പക്ഷേ, എന്റെ ജീവിതമോ?’ ഞാൻ ചിന്തിക്കും.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:

നേരെയാകാൻ പറ്റുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നെങ്കിലും മറ്റുള്ളവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2000-ത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ പങ്കെടുക്കാൻ അച്ഛനമ്മമാർ എന്നെ ക്ഷണിച്ചു. മടിച്ചുമടിച്ച്‌ ഞാൻ പോയി. എന്റെകൂടെ ജ്യേഷ്‌ഠനും പെങ്ങളും ആ കൺവെൻഷന്‌ ഹാജരായി!

കൺവെൻഷൻ നടന്ന ആ സ്ഥലത്തുതന്നെ ഒരു വർഷം മുമ്പ്‌ ഞാൻ വന്നിരുന്നു, ഒരു റോക്ക്‌ സംഗീതപരിപാടിക്കുവേണ്ടി. അന്നത്തെ ആ പരിപാടിയും കൺവെൻഷനും തമ്മിലുള്ള വ്യത്യാസം ശരിക്കും വ്യക്തമായിരുന്നു. അത്‌ എന്റെ ഉള്ളിൽത്തട്ടി. സംഗീതപരിപാടി നടന്നപ്പോൾ ആ സ്ഥലം നിറയെ മാലിന്യവും സിഗരറ്റിന്റെ മണവും ആയിരുന്നു. പരുക്കൻ സ്വഭാവക്കാരായിരുന്നു കച്ചേരിക്ക്‌ വന്നവരിൽ മിക്കവരും. സംഗീതപരിപാടിയാകട്ടെ, മനസ്സുമടുപ്പിക്കുന്നതും. എന്നാൽ കൺവെൻഷനോ? ശരിക്കും സന്തോഷമുള്ള ആളുകളായിരുന്നു അവിടെ. അവരെയെല്ലാം കണ്ടിട്ട്‌ വർഷങ്ങളായെങ്കിലും ഊഷ്‌മളമായ ഒരു വരവേൽപ്പാണ്‌ അവർ എനിക്കു തന്നത്‌. ചുറ്റുപാടും വൃത്തിയും വെടിപ്പും ഉണ്ടായിരുന്നു. ശുഭകരമായ ഭാവിയെക്കുറിച്ചുള്ള സന്ദേശമായിരുന്നു പരിപാടികളിൽ നിറഞ്ഞുനിന്നത്‌. ബൈബിൾസത്യത്തിന്‌ ഇത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്ന്‌ മനസ്സിലാക്കിയപ്പോൾ എന്തുകൊണ്ട്‌ ഞാൻ ഇത്രയേറെ കാലം അതിന്‌ പുറംതിരിഞ്ഞെന്ന്‌ ചിന്തിച്ചുപോയി.—യെശയ്യാവു 48:17, 18.

“മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതും വിൽക്കുന്നതും നിറുത്താൻ എനിക്ക്‌ കരുത്തേകിയത്‌ ബൈബിൾപഠനമാണ്‌. സമൂഹത്തിന്‌ കൊള്ളാവുന്നവനായി എന്നെ മാറ്റിയതും അതുതന്നെ”

ആ കൺവെൻഷൻ എന്നെ വല്ലാതെ സ്വാധീനിച്ചു. ഉടൻതന്നെ ക്രിസ്‌തീയയോഗങ്ങൾക്കു പോകാൻ ഞാൻ തീരുമാനമെടുത്തു. കൺവെൻഷൻ എന്റെ കൂടപ്പിറപ്പുകളെയും വല്ലാതെ സ്വാധീനിച്ചു. അങ്ങനെ, ഞങ്ങൾ മൂന്നുപേരും ബൈബിൾ പഠിക്കാൻ തുടങ്ങി.

എന്നെ ഏറെ സ്വാധീനിച്ച ഒരു തിരുവെഴുത്താണ്‌ യാക്കോബ്‌ 4:8: “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” ദൈവത്തോട്‌ അടുത്തുചെല്ലണമെങ്കിൽ ഞാൻ എന്റെ ജീവിതരീതി മാറ്റണമെന്ന്‌ എനിക്കു മനസ്സിലായി. മറ്റ്‌ ദുശ്ശീലങ്ങൾ മാറ്റുന്നതോടൊപ്പം പുകയില ഉപയോഗവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും ഞാൻ മാറ്റേണ്ടിയിരുന്നു.—2 കൊരിന്ത്യർ 7:1.

പഴയ കൂട്ടുകെട്ടുകളെല്ലാം ഞാൻ ഉപേക്ഷിച്ചു; യഹോവയുടെ ആരാധകരിൽനിന്ന്‌ പുതിയ സുഹൃത്തുക്കളെ കണ്ടെത്തി. എന്നെ ബൈബിൾ പഠിപ്പിച്ച ക്രിസ്‌തീയ മൂപ്പൻ എന്നെ വളരെയേറെ സഹായിച്ചു. പതിവായി അദ്ദേഹം ഫോൺ ചെയ്യാറുണ്ടായിരുന്നു. കൂടെക്കൂടെ വീട്ടിൽ വന്നും വിവരങ്ങൾ തിരക്കുമായിരുന്നു. ഇപ്പോഴും എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ്‌ അദ്ദേഹം.

2001-ലെ വസന്തകാലത്ത്‌ ദൈവത്തിനുള്ള സമർപ്പണത്തിനു പ്രതീകമായി ഞാൻ ജലസ്‌നാനം ഏറ്റു, ഒപ്പം എന്റെ ജ്യേഷ്‌ഠനും അനുജത്തിയും. ഞങ്ങളുടെ കുടുംബം ഒത്തൊരുമിച്ച്‌ യഹോവയെ ആരാധിക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കൾക്കും അനുജനും ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ:

ബൈബിൾതത്ത്വങ്ങൾ കൂച്ചുവിലങ്ങായാണ്‌ ഒരിക്കൽ ഞാൻ കണ്ടിരുന്നത്‌. എന്നാൽ ഇപ്പോൾ, അതു നൽകുന്ന സംരക്ഷണം ഞാൻ വളരെയധികം വിലമതിക്കുന്നു. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതും വിൽക്കുന്നതും നിറുത്താൻ എനിക്ക്‌ കരുത്തേകിയത്‌ ബൈബിൾപഠനമാണ്‌. സമൂഹത്തിന്‌ കൊള്ളാവുന്നവനായി എന്നെ മാറ്റിയതും അതുതന്നെ.

യഹോവയെ ആരാധിക്കുന്ന ഒരു ആഗോളസഹോദരവർഗത്തിന്റെ ഭാഗമായിരിക്കാനുള്ള പദവി ഇന്ന്‌ എനിക്കുണ്ട്‌. സ്‌നേഹത്തിൽ കഴിയുന്ന ഈ സഹോദരവർഗം ഒറ്റക്കെട്ടായി ദൈവത്തെ സേവിക്കുന്നു. (യോഹന്നാൻ 13:34, 35) ഈ സഹോദരകുടുംബത്തിൽനിന്ന്‌ എനിക്ക്‌ സവിശേഷമായ ഒരു അനുഗ്രഹവും ലഭിച്ചിരിക്കുന്നു, ഭാര്യയായ അഡ്രിയാന. ഞാൻ അവളെ വളരെയധികം സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിനെ ഒന്നിച്ചു സേവിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്‌.

സ്വാർഥത നിറഞ്ഞ ഒരു ജീവിതമല്ല എനിക്ക്‌ ഇപ്പോഴുള്ളത്‌. ദൈവവചനത്തിൽനിന്ന്‌ പ്രയോജനം നേടാൻ മറ്റുള്ളവരെ നിസ്വാർഥം സഹായിക്കുന്ന ഒരു മുഴുസമയ ശുശ്രൂഷകനായി ഞാൻ ഇപ്പോൾ സേവിക്കുന്നു. എനിക്ക്‌ ഇത്രമാത്രം സന്തോഷം നൽകുന്ന മറ്റൊരു വേലയില്ല. എന്റെ ജീവിതത്തിനു മാറ്റംവരുത്തിയത്‌ ബൈബിളാണെന്ന്‌ എനിക്ക്‌ പൂർണബോധ്യത്തോടെ പറയാനാകും. ഒടുവിൽ എനിക്ക്‌ യഥാർഥസ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു! ▪ (w13-E 01/01)