ദാരിദ്ര്യനിർമാർജനം—ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നുവോ?
ദാരിദ്ര്യനിർമാർജനം—ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നുവോ?
ദാരിദ്ര്യം ഇല്ലാതാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഉണ്ട്, സമ്പന്നർക്ക്. പക്ഷേ, അത് അവർക്കിടയിലാണെന്നുമാത്രം! എന്നാൽ ഭൂമുഖത്തുനിന്നുതന്നെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള മനുഷ്യന്റെ സകല ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. കാരണം, തങ്ങൾക്കുള്ളതൊന്നും ആർക്കും വിട്ടുകൊടുക്കാൻ പൊതുവെ സമ്പന്നർ തയ്യാറല്ല. പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ എഴുതി: “പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു.”—സഭാപ്രസംഗി 4:1.
ലോകത്തുനിന്ന് ദാരിദ്ര്യം പൂർണമായി നീക്കംചെയ്യാൻ സ്വാധീനവും അധികാരവുമുള്ള വ്യക്തികൾക്കു കഴിയുമോ? എല്ലാം “മായയും വൃഥാപ്രയത്നവും അത്രേ. വളവുള്ളതു നേരെ ആക്കുവാൻ വഹിയാ” എന്ന് ദൈവത്താൽ നിശ്വസ്തനായി ശലോമോൻ എഴുതി. (സഭാപ്രസംഗി 1:14, 15) ഈ വാക്കുകൾ സത്യമാണെന്ന് ദാരിദ്ര്യത്തിന് അറുതി വരുത്താൻ ആധുനിക കാലത്ത് നടന്നിട്ടുള്ള പല ശ്രമങ്ങളും തെളിയിച്ചിരിക്കുന്നു.
സമൃദ്ധിക്കായുള്ള ശ്രമങ്ങൾ
19-ാം നൂറ്റാണ്ടിൽ വാണിജ്യ-വ്യവസായ രംഗത്തുണ്ടായ വളർച്ചയിലൂടെ ചില രാഷ്ട്രങ്ങൾ കണക്കറ്റ സമ്പത്ത് സ്വരുക്കൂട്ടിയ സാഹചര്യത്തിൽ സ്വാധീനമുള്ള ചില വ്യക്തികൾ ദാരിദ്ര്യനിർമാർജനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. എന്നാൽ ഭൂമിയിലെ വിഭവശേഷി തുല്യമായി പങ്കിടാൻ കഴിഞ്ഞോ?
ധനവും വിഭവങ്ങളും തുല്യമായി വീതിച്ചുകൊണ്ട് ആഗോളതലത്തിൽ സമത്വം കൊണ്ടുവരാൻ സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും കഴിയുമെന്ന് ചിലർ കരുതി. സമൂഹത്തിലെ ധനികർക്ക് ഇത്തരം ആശയങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും “ഓരോരുത്തനിൽനിന്നും അവനവന്റെ പ്രാപ്തികൾക്കൊത്തവണ്ണവും ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിന് തക്കവണ്ണവും” എന്ന കമ്മ്യൂണിസ്റ്റ് ആദർശവാക്യം അനേകരെ സ്വാധീനിച്ചു. ലോകമെമ്പാടും സോഷ്യലിസം വ്യാപിക്കുമെന്നും അങ്ങനെ ലോകം ഒരു യൂട്ടോപ്യ (എല്ലാവരും സമത്വത്തിൽ ജീവിക്കുമെന്ന് കരുതപ്പെടുന്ന ഒരു സങ്കൽപ്പരാജ്യം) ആയി മാറുമെന്നും അനേകർ വിഭാവന ചെയ്തു. ചില സമ്പന്ന രാഷ്ട്രങ്ങളാകട്ടെ, സോഷ്യലിസത്തിന്റെ ആദർശങ്ങൾ
സ്വീകരിച്ചുകൊണ്ട് തങ്ങളുടെ പൗരന്മാർക്ക് “ജനനം മുതൽ മരണം വരെ” സുസ്ഥിതി ഉറപ്പുനൽകുന്ന ക്ഷേമരാഷ്ട്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഇതിലൂടെ തങ്ങളുടെ രാജ്യത്തുനിന്ന് ദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്തിരിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്.പക്ഷേ സ്വാർഥതയില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ സോഷ്യലിസത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പൗരന്മാർ തങ്ങൾക്കുവേണ്ടിയല്ല സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അധ്വാനിക്കണമെന്ന അതിന്റെ ആപ്തവാക്യം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അധ്വാനിക്കാതെ കിട്ടിയ ധനസഹായം ചിലരെ അലസരാക്കി. ദരിദ്രരെ സഹായിക്കാതിരിക്കാൻ ചില ആളുകൾ ഇതൊരു ഒഴികഴിവായി കണ്ടു. ബൈബിളിലെ വാക്കുകൾ എത്രയോ സത്യമാണ്: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. . . . ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.”—സഭാപ്രസംഗി 7:20, 29.
അമേരിക്കൻ ഡ്രീം—കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള ഏവർക്കും സമൃദ്ധി വാഗ്ദാനം ചെയ്യുന്ന ഒരു വ്യവസ്ഥ—ആയിരുന്നു മറ്റൊരു പ്രതീക്ഷ. ജനാധിപത്യം, സ്വതന്ത്രമായി വ്യാപാരം ചെയ്യുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും ഉള്ള സാഹചര്യം എന്നിങ്ങനെയുള്ള നയങ്ങളാണ് അമേരിക്കൻ ഡ്രീമിൽ ഉൾപ്പെട്ടിരുന്നത്. അമേരിക്കയുടെ സാമ്പത്തിക പുരോഗതിക്കു കാരണം ഈ നയങ്ങളാണെന്നു കരുതി പല രാജ്യങ്ങളും ഇത് അതേപടി പകർത്താൻ ശ്രമിച്ചു. പക്ഷേ, എല്ലാ രാജ്യങ്ങളിലും ഇത് വിജയം കണ്ടില്ല. കാരണം അമേരിക്കയിലെ, വിശേഷിച്ചും വടക്കേ അമേരിക്കയിലെ സാമ്പത്തിക പുരോഗതിക്കു നിദാനം മേൽപ്പറഞ്ഞ നയങ്ങൾ മാത്രമായിരുന്നില്ല. അവിടുത്തെ സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വാണിജ്യമാർഗങ്ങളും ഒക്കെ അതിൽ നല്ലൊരു പങ്കുവഹിച്ചിരുന്നു. മത്സരചിന്തയോടെ പ്രവർത്തിക്കുന്ന ആഗോള സമ്പദ്വ്യവസ്ഥ ധനികരെ മാത്രമല്ല ദരിദ്രരെയും ഉളവാക്കിയിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. ആകട്ടെ, ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യങ്ങളെ സഹായിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ മുന്നോട്ടുവന്നിട്ടുണ്ടോ?
മാർഷൽ പദ്ധതി—ദാരിദ്ര്യത്തിന് അറുതിവരുത്തിയോ?
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് യൂറോപ്പിനെ കരകയറ്റുക എന്ന ലക്ഷ്യത്തിൽ അമേരിക്ക രൂപീകരിച്ച ഒരു സംരംഭമാണ് മാർഷൽ പദ്ധതി. യുദ്ധാനന്തരം തകർന്നടിഞ്ഞ യൂറോപ്പിൽ ആളുകൾ പട്ടിണിയാൽ പൊറുതിമുട്ടി. ഒപ്പം സോഷ്യലിസവും അവിടെ ജനപ്രീതി ആർജിച്ചുകൊണ്ടിരുന്നു. അതിൽ ഉത്കണ്ഠപ്പെട്ട അമേരിക്കൻ ഗവൺമെന്റ്, അടുത്ത നാലുവർഷം തങ്ങളുടെ നയങ്ങൾ സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഈ പദ്ധതിയിലൂടെ വ്യവസായങ്ങളും കൃഷിയും പുനഃസ്ഥിതീകരിക്കുന്നതിനായി വലിയ തുകകൾ നൽകി. മാർഷൽ പദ്ധതി എന്ന ഈ സംരംഭം അതിന്റെ ലക്ഷ്യം കൈവരിച്ചതായി കാണപ്പെട്ടു. കാരണം, പശ്ചിമയൂറോപ്പിൽ അമേരിക്കയുടെ സ്വാധീനം വർധിക്കുകയും രൂക്ഷമായ ദാരിദ്ര്യത്തിന് അയവുവരുകയും ചെയ്തു. എന്നാൽ, ലോകത്തെ മുഴുവൻ ദാരിദ്ര്യവിമുക്തമാക്കാൻ ഈ പദ്ധതിക്കു കഴിഞ്ഞോ?
മാർഷൽ പദ്ധതിയുടെ വിജയത്തെത്തുടർന്ന് മറ്റു ദരിദ്ര രാഷ്ട്രങ്ങൾക്കും കൃഷി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയുടെ വികസനത്തിനായി അമേരിക്കൻ ഗവണ്മെന്റ് ധനസഹായം നൽകി. എന്നാൽ ഇതിന്റെയെല്ലാം പിന്നിൽ സ്വാർഥലക്ഷ്യങ്ങളായിരുന്നു എന്ന് അമേരിക്കതന്നെ തുറന്നു സമ്മതിക്കുകയുണ്ടായി. ദരിദ്ര രാഷ്ട്രങ്ങളിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മറ്റു രാജ്യങ്ങളും സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നു. അങ്ങനെ കഴിഞ്ഞ 60 വർഷത്തിനുള്ളിൽ, മാർഷൽ പദ്ധതിക്കായി വിനിയോഗിച്ച തുകയുടെ പലമടങ്ങ് ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ ചെലവഴിച്ചിരിക്കുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ഏതാനും ദരിദ്ര രാജ്യങ്ങൾക്ക്, വിശേഷിച്ചും ചില പൂർവേഷ്യൻ രാജ്യങ്ങൾക്ക് സാമ്പത്തിക രംഗത്ത് വൻനേട്ടങ്ങൾ കൊയ്യാനും ചിലയിടങ്ങളിൽ കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാനും വിദ്യാഭ്യാസം നൽകാനും ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലും പല രാഷ്ട്രങ്ങളും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ഇപ്പോഴും.
വിദേശസഹായം—പരിഹാരമല്ലാത്തത് എന്തുകൊണ്ട്?
സാമ്പത്തികമായി മികച്ചുനിന്നിരുന്ന രാജ്യങ്ങളെ യുദ്ധംമൂലം ഉണ്ടാകുന്ന ദാരിദ്ര്യത്തിൽനിന്ന് പിടിച്ചുകയറ്റാൻ വിദേശസഹായത്തിനാകും. യൂറോപ്പിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. വ്യവസായം, വാണിജ്യം, ഗതാഗതം എന്നീ മേഖലകളിൽ നല്ലൊരു അടിത്തറ ഉണ്ടായിരുന്നതിനാൽ യുദ്ധാനന്തരം ലഭിച്ച സഹായം യൂറോപ്യൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ പര്യാപ്തമായിരുന്നു. എന്നാൽ ദരിദ്ര രാഷ്ട്രങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. വിദേശ സഹായത്തിലൂടെ റോഡുകളും സ്കൂളുകളും ക്ലിനിക്കുകളും ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുന്ന പ്രകൃതി വിഭവങ്ങളും കച്ചവട സൗകര്യങ്ങളും വാണി
ജ്യമാർഗങ്ങളും എല്ലാം പരിമിതമായതിനാൽ ഈ രാഷ്ട്രങ്ങൾ ഇപ്പോഴും കൊടുംദാരിദ്ര്യത്തിൽത്തന്നെ കഴിയുന്നു.ദാരിദ്ര്യത്തിന്റെ കാരണങ്ങളും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഇഴപിരിക്കാനാവാത്തവിധം സങ്കീർണമാണ്. ഉദാഹരണത്തിന്, രോഗം ദാരിദ്ര്യത്തിന് കാരണമാകുന്നു, ദാരിദ്ര്യം രോഗത്തിനും. ദാരിദ്ര്യംമൂലം വികലപോഷണത്തിന് ഇരയാകുന്ന കുട്ടികൾ ശാരീരികമായും മാനസികമായും ദുർബലരായിരിക്കും. ഈ കുട്ടികൾ മുതിർന്നുകഴിയുമ്പോൾ തങ്ങളുടെ മക്കൾക്കുവേണ്ടി എങ്ങനെ കരുതും? ഇനി, സമ്പന്ന രാഷ്ട്രങ്ങളിൽനിന്ന് മിച്ച ഭക്ഷ്യം ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ഒഴുകാൻ തുടങ്ങുമ്പോൾ തദ്ദേശ കൃഷിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും തങ്ങളുടെ തൊഴിൽ നഷ്ടമാകുന്നു, ഇത് കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. ദരിദ്ര രാജ്യങ്ങളിലെ ഗവണ്മെന്റുകൾക്ക് സാമ്പത്തിക സഹായം മറ്റൊരു പ്രശ്നത്തിനും കാരണമായേക്കാം: സംഭാവനയായി കിട്ടുന്ന തുക മോഷ്ടിക്കാൻ എളുപ്പമാണ്. ഇത് അഴിമതിയിലേക്കു നയിക്കും, അഴിമതി ദാരിദ്ര്യത്തിലേക്കും. ചുരുക്കിപ്പറഞ്ഞാൽ, ദാരിദ്ര്യത്തിന്റെ മൂലകാരണത്തെ പിഴുതെറിയാൻ വിദേശസഹായത്തിനാകുന്നില്ല.
ദാരിദ്ര്യത്തിന്റെ മൂലകാരണം
രാഷ്ട്രങ്ങളും ഗവണ്മെന്റുകളും വ്യക്തികളും സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടിമാത്രം പ്രവർത്തിക്കുന്നതിന്റെ പരിണതഫലമാണ് കടുത്ത ദാരിദ്ര്യം. ഉദാഹരണത്തിന്, ആഗോളതലത്തിൽ ദാരിദ്ര്യം നിർമാർജനം ചെയ്യാൻ സമ്പന്ന രാഷ്ട്രങ്ങളിലെ ഗവണ്മെന്റുകൾ മുന്നിട്ടിറങ്ങുന്നില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഇവർക്ക് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിലാണ് കൂടുതൽ താത്പര്യം. രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിനുവേണ്ടി ഇവർ ദരിദ്ര രാജ്യങ്ങളിൽനിന്നുള്ള കാർഷിക ഉത്പന്നങ്ങൾക്ക് തങ്ങളുടെ രാജ്യത്ത് വിൽപ്പനാനുമതി നിഷേധിക്കുന്നു. മാത്രമല്ല, സമ്പന്ന രാഷ്ട്രങ്ങളിലെ കർഷകർക്കു ഗവൺമെന്റിൽനിന്നു വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ ദരിദ്ര രാഷ്ട്രങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അവർക്ക് സാധിക്കുന്നു.
സ്വാർഥലക്ഷ്യങ്ങൾക്കു പിന്നാലെയുള്ള മനുഷ്യരുടെയും ഗവണ്മെന്റുകളുടെയും നെട്ടോട്ടമാണ് ദാരിദ്ര്യത്തിനു കാരണമായിത്തീരുന്നത്. അതെ, ദാരിദ്ര്യം മനുഷ്യസൃഷ്ടിയാണ്. ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തുന്നു എന്ന് ബൈബിൾ എഴുത്തുകാരനായ ശലോമോൻ പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല!—സഭാപ്രസംഗി 8:9.
അങ്ങനെയെങ്കിൽ, ദാരിദ്ര്യത്തെ ഇല്ലായ്മചെയ്യാൻ എങ്ങനെ കഴിയും? മനുഷ്യന്റെ ചിന്താഗതിക്ക് മാറ്റംവരുത്താൻ ഏതെങ്കിലും ഗവണ്മെന്റിന് കഴിയുമോ? (w11-E 06/01)
[6-ാം പേജിലെ ചതുരം]
ദാരിദ്ര്യത്തിന് പ്രതിവിധിയായി ഒരു നിയമസംഹിത
പുരാതന കാലത്തെ ഇസ്രായേൽ ജനതയ്ക്ക് യഹോവയാംദൈവം ഒരു നിയമസംഹിത നൽകി. അതിൽപ്പറയുന്ന നിയമങ്ങൾ അനുസരിക്കുന്നപക്ഷം അവർ ദാരിദ്ര്യത്തിന്റെ പിടിയിൽപ്പെടുമായിരുന്നില്ല. ആ നിയമാവലി അനുസരിച്ച്, ലേവിഗോത്രം ഒഴികെ ഇസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങൾക്കും ദേശത്തിൽ അവകാശം ലഭിച്ചു. കിട്ടിയ അവകാശം എന്നേക്കുമായി വിറ്റു കളയാൻ നിയമം അനുവദിച്ചിരുന്നില്ല. അതിനാൽ ഓരോ കുടുംബത്തിന്റെയും സ്വത്ത് സുരക്ഷിതമായിരുന്നു. എന്നാൽ, രോഗമോ ദുരന്തമോ അനാസ്ഥയോ നിമിത്തം ആർക്കെങ്കിലും സ്വന്തം നിലം വിൽക്കേണ്ടിവരുന്നെങ്കിലോ? യോബേൽ സംവത്സരത്തിൽ ആ നിലം തിരികെ കൊടുക്കാൻ നിയമം അനുശാസിച്ചു; അതും സൗജന്യമായി. അതായത് ഓരോ 50 വർഷം കൂടുമ്പോഴും ഭൂമി അതിന്റെ യഥാർഥ ഉടമസ്ഥന് അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് തിരികെ നൽകേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു കുടുംബവും തലമുറകളോളം ദാരിദ്ര്യത്തിൽ മുങ്ങിപ്പോകില്ലായിരുന്നു.—ലേവ്യപുസ്തകം 25:10, 23.
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു വ്യക്തിക്ക് സ്വയം അടിമയായി വിൽക്കാനുള്ള ഒരു ക്രമീകരണവും ദൈവനിയമത്തിലുണ്ടായിരുന്നു. ദയാപുരസ്സരമായ മറ്റൊരു കരുതലായിരുന്നു അത്. ആ വ്യക്തിക്ക് സ്വന്തം കടങ്ങൾ തീർക്കാൻ തന്റെ വില മുൻകൂറായി കൈപ്പറ്റാമായിരുന്നു. അടിമയായി ആറുവർഷം സേവിച്ചശേഷവും, പണം തിരികെനൽകി സ്വയം വീണ്ടെടുക്കാൻ ആ വ്യക്തിക്ക് പ്രാപ്തിയില്ലെങ്കിൽ ഏഴാം വർഷം അയാളെ സ്വതന്ത്രനാക്കാൻ നിയമം ആവശ്യപ്പെട്ടു; വെറുംകൈയോടെയല്ല, കൃഷിചെയ്തു ജീവിക്കുന്നതിന് ആവശ്യമായ വിത്തുകളും കന്നുകാലികളും സഹിതം. ദരിദ്രനായ ഒരു വ്യക്തിക്ക് കടം കൊടുത്താൽ സഹ ഇസ്രായേല്യർ അയാളിൽനിന്ന് പലിശ ഈടാക്കുന്നതും ദൈവനിയമം വിലക്കിയിരുന്നു. വയലുകളുടെ അരിക് കൊയ്യാതെ വിടണമെന്നതായിരുന്നു മറ്റൊരു കൽപ്പന; അവശേഷിക്കുന്ന വിളകൾ ദരിദ്രർക്ക് ശേഖരിക്കുകയും തങ്ങളുടെ ഉപജീവനത്തിനായി ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. ഇത്തരം കരുതലുകൾ ഉണ്ടായിരുന്നതിനാൽ ഒരു ഇസ്രായേല്യനും ഇരക്കേണ്ടിവരുമായിരുന്നില്ല.—ആവർത്തനപുസ്തകം 15:1-14; ലേവ്യപുസ്തകം 23:22.
പക്ഷേ, ചില ഇസ്രായേല്യർ ദരിദ്രരായിത്തീർന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യഹോവ നൽകിയ ന്യായപ്രമാണം അനുസരിക്കുന്നതിൽ അവർ വീഴ്ചവരുത്തിയതാണ് കാരണം. മറ്റു പല ദേശങ്ങളിലെയുംപോലെ, ഇസ്രായേല്യർക്കിടയിലും ചിലർ സമ്പന്നതയിൽ ആറാടിയപ്പോൾ മറ്റുചിലർ ദാരിദ്ര്യത്തിൽ മുങ്ങിത്താണു. അതെ, ദിവ്യനിയമങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ തുടങ്ങിയപ്പോൾ ഇസ്രായേല്യർക്കിടയിലും ദാരിദ്ര്യം തലപൊക്കി.—മത്തായി 22:37-40.