വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബച്ചെലവുകൾ ശ്രദ്ധയോടെ

കുടുംബച്ചെലവുകൾ ശ്രദ്ധയോടെ

കുടുംബ സന്തുഷ്ടിയുടെ രഹസ്യം

കുടുംബച്ചെലവുകൾ ശ്രദ്ധയോടെ

ഭർത്താവ്‌: “എന്റെ ഭാര്യ അനാവശ്യ ചെലവുകളാണ്‌ വരുത്തിവെക്കുന്നത്‌. അവൾ വാങ്ങിച്ചുകൂട്ടുന്ന പലതും ആവശ്യമുള്ളതാണെന്ന്‌ എനിക്കു തോന്നുന്നില്ല. മിച്ചംപിടിക്കാൻ അവൾക്ക്‌ അറിയില്ല. പത്തുപൈസ കൈയിൽ കിട്ടിയാൽ അവൾ അത്‌ ചെലവാക്കിയിരിക്കും. പ്രതീക്ഷിക്കാത്ത ആവശ്യങ്ങൾ വന്നുചേരുമ്പോഴാണ്‌ പ്രശ്‌നം.”

ഭാര്യ: “മിച്ചംപിടിക്കുന്ന കാര്യത്തിൽ എനിക്കത്ര മിടുക്കൊന്നുമില്ലെന്നു സമ്മതിക്കുന്നു. പക്ഷേ സാധനങ്ങൾക്കൊക്കെ ഇപ്പോൾ എന്താ വില! എന്റെ ഭർത്താവിന്‌ അതിനെക്കുറിച്ചൊന്നും യാതൊരു പിടിപാടുമില്ല. വീട്ടിൽ എന്തൊക്കെയാണ്‌ ആവശ്യമെന്ന്‌ എനിക്കല്ലേ അറിയൂ. അതിനു പണം ചെലവാക്കാതെ ഒക്കുമോ? അതുകൊണ്ട്‌, കശപിശ ഉണ്ടാകുമെന്ന്‌ അറിയാമെങ്കിലും ഞാൻ വേണ്ടതെല്ലാം ചെയ്യും.”

പണം എങ്ങനെയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌? ശാന്തമായി ചർച്ചചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ഒന്നാണ്‌ ഇതെന്ന്‌ മിക്ക ദമ്പതിമാരും സമ്മതിക്കും. കുടുംബകലഹത്തിന്‌ വഴിവെക്കുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഘടകമാണ്‌ പണം.

പണത്തെക്കുറിച്ച്‌ സന്തുലിത വീക്ഷണം ഇല്ലാത്ത ദമ്പതിമാർക്കിടയിൽ പിരിമുറുക്കവും ശണ്‌ഠയും സാധാരണമായിരിക്കും. അവരുടെ വൈകാരികവും ആത്മീയവുമായ ആരോഗ്യവും അപകടത്തിലായേക്കാം. (1 തിമൊഥെയൊസ്‌ 6:9, 10) പണം ശരിയായി കൈകാര്യം ചെയ്യാത്തവർ കൂടുതൽ സമയം ജോലിചെയ്യാൻ നിർബന്ധിതരാകുന്നു. അങ്ങനെ ഇണയ്‌ക്കും കുട്ടികൾക്കും ആവശ്യമായ ആത്മീയവും വൈകാരികവുമായ പിന്തുണ നൽകാൻ അവർക്കു കഴിയാതെവരുന്നു. മക്കൾ പഠിക്കുന്നത്‌ അവരുടെ ഈ മാതൃകയായിരിക്കും.

‘ദ്രവ്യം ഒരു ശരണ’മാണെന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:12) പണം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമെങ്കിൽ അത്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമാത്രം പഠിച്ചാൽ പോരാ. പണസംബന്ധമായ വിഷയങ്ങൾ ഇണയോട്‌ എങ്ങനെ സംസാരിക്കണമെന്നുകൂടെ പഠിക്കേണ്ടതുണ്ട്‌. * അങ്ങനെയാകുമ്പോൾ അത്തരം ചർച്ചകൾ ദാമ്പത്യത്തിൽ വിള്ളലുകൾ ഉളവാക്കുന്നതിനുപകരം അതിനെ ശക്തിപ്പെടുത്തും.

എന്നാൽ, എന്തുകൊണ്ടാണ്‌ പണം ദാമ്പത്യത്തിൽ ഇത്രയേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്‌? പണത്തെക്കുറിച്ചുള്ള ചർച്ചകൾ ക്രിയാത്മകമാക്കാൻ പ്രായോഗികമായി എന്തെല്ലാം ചെയ്യാനാകും?

വെല്ലുവിളികൾ എന്തെല്ലാം?

പലപ്പോഴും പണത്തെച്ചൊല്ലിയുള്ള വിയോജിപ്പുകൾക്കു കാരണം വിശ്വാസമില്ലായ്‌മയും ഉത്‌കണ്‌ഠയുമാണ്‌. ഉദാഹരണത്തിന്‌, ഭാര്യ ചെലവാക്കുന്ന ഓരോ പൈസയ്‌ക്കും കണക്കു ചോദിക്കുന്ന ഭർത്താവ്‌, വാസ്‌തവത്തിൽ ഭാര്യയോട്‌ എന്താണ്‌ സൂചിപ്പിക്കുന്നത്‌? പണം കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി അവൾക്കില്ലെന്ന്‌ താൻ കരുതുന്നു എന്നല്ലേ? ഇനി, കൈയിലുള്ള പണം മുഴുവൻ ചെലവാക്കിക്കളയുന്നു എന്നു പറഞ്ഞ്‌ ഭർത്താവിനെ കുറ്റപ്പെടുത്തുന്ന ഒരു ഭാര്യയോ? കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അവതാളത്തിലാകുമെന്ന ഭയമല്ലേ ആ വാക്കുകളിൽ നിഴലിക്കുന്നത്‌?

ഭാര്യയും ഭർത്താവും വളർന്നുവന്ന ചുറ്റുപാടുകളാണ്‌ മറ്റൊരു ഘടകം. “പണം നന്നായി കൈകാര്യം ചെയ്യുന്നവരായിരുന്നു എന്റെ ഭാര്യയുടെ മാതാപിതാക്കൾ,” എട്ടു വർഷം മുമ്പ്‌ വിവാഹിതനായ മാത്യൂ * പറയുന്നു. “അവൾക്ക്‌ എന്നെപ്പോലെ ടെൻഷനൊന്നുമില്ല. എന്റെ പിതാവ്‌ ഒരു മദ്യപാനിയും സിഗരറ്റുവലിക്കാരനുമായിരുന്നു. ജോലിയില്ലാതെ വളരെക്കാലം അദ്ദേഹം വീട്ടിലിരുന്നിട്ടുണ്ട്‌. പലപ്പോഴും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻപോലും പണം ഉണ്ടാകാറില്ലായിരുന്നു. ഞങ്ങൾ കടക്കെണിയിലാകുമോ എന്ന ചിന്ത എന്നെ എപ്പോഴും അലട്ടിയിരുന്നു. ആ ഭയം ഇന്നും എന്നെ വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ചെലവുകളെപ്പറ്റി അനാവശ്യമായി ഞാൻ ഭാര്യയോട്‌ കയർക്കാറുണ്ട്‌.” ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ തരണംചെയ്യാം?

വിജയത്തിലേക്കുള്ള നാലുപടികൾ

പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന്‌ പഠിപ്പിക്കുന്ന ഒരു പുസ്‌തകമല്ല ബൈബിൾ. എന്നാൽ പണസംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദമ്പതികളെ സഹായിക്കുന്ന പ്രായോഗിക ഉപദേശങ്ങൾ അതിലുണ്ട്‌. ആ ഉപദേശങ്ങൾ പരിശോധിക്കുന്നത്‌ ജ്ഞാനമായിരിക്കും. നിങ്ങൾക്കു പിൻപറ്റാൻ കഴിയുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഇതാ:

1. പണസംബന്ധമായ കാര്യങ്ങൾ ശാന്തമായി ചർച്ചചെയ്യാൻ പഠിക്കുക. “ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:10) പണസംബന്ധമായ കാര്യങ്ങൾ മറ്റുള്ളവരോട്‌, വിശേഷിച്ചും ഇണയോട്‌, ചർച്ചചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടായിരിക്കാം. ഒരുപക്ഷേ നിങ്ങൾ വളർന്നുവന്ന സാഹചര്യം നിമിത്തമായിരിക്കാം അത്‌. എന്നിരുന്നാലും ഈ വിഷയത്തെക്കുറിച്ച്‌ സംസാരിക്കാൻ പഠിക്കുന്നത്‌ ബുദ്ധിയായിരിക്കും. അങ്ങനെ സംസാരിക്കുന്ന അവസരത്തിൽ പണത്തോടുള്ള മാതാപിതാക്കളുടെ മനോഭാവം നിങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന്‌ ഇണയോട്‌ വിശദീകരിക്കുക. കൂടാതെ, വളർന്നുവന്ന സാഹചര്യം ഇണയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന്‌ മനസ്സിലാക്കാൻ ശ്രമിക്കുക.

ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു പ്രശ്‌നം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” എന്ന്‌ ഒരു ബൈബിൾ എഴുത്തുകാരൻ ചോദിച്ചു. (ആമോസ്‌ 3:3) ഈ തത്ത്വം നിങ്ങൾക്ക്‌ എങ്ങനെ പ്രായോഗികമാക്കാം? സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഒരു നിശ്ചിത സമയം മാറ്റിവെക്കുന്നെങ്കിൽ തെറ്റിദ്ധാരണമൂലമുള്ള കലഹങ്ങൾ കുറെയൊക്കെ ഒഴിവാക്കാനാകും.

പരീക്ഷിച്ചുനോക്കുക: സാമ്പത്തികകാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ ഒരു സമയം നിശ്ചയിക്കുക. ഓരോ മാസത്തിന്റെയും ആദ്യത്തെ ദിവസം അല്ലെങ്കിൽ ഓരോ ആഴ്‌ചയും ഒരു നിശ്ചിതദിവസം അതിനായി മാറ്റിവെക്കുക. ചർച്ച 15 മിനിറ്റിൽ കൂടുതൽ ദീർഘിപ്പിക്കേണ്ടതില്ല. നിങ്ങൾ ഇരുവരും സ്വസ്ഥമായി ഇരിക്കുന്ന ഒരു സമയം തിരഞ്ഞെടുക്കുക. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും കുട്ടികളോടൊപ്പമായിരിക്കുമ്പോഴും ഈ വിഷയം എടുത്തിടാതിരിക്കാൻ ശ്രദ്ധിക്കുക.

2. വരുമാനം രണ്ടുപേരുടേതുമായി കണക്കാക്കുക. “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ.” (റോമർ 12:10) സമ്പാദിക്കുന്നത്‌ നിങ്ങളൊരാൾ മാത്രമാണെങ്കിൽ അത്‌ സ്വന്തം പണമായി കണക്കാക്കാതെ കുടുംബത്തിന്റെ പണമായി കണക്കാക്കുക. അങ്ങനെ നിങ്ങൾക്ക്‌ ഇണയെ ബഹുമാനിക്കാനാകും.—1 തിമൊഥെയൊസ്‌ 5:8.

ഇരുവരും സമ്പാദിക്കുന്നുണ്ടെങ്കിൽ, വരവുചെലവുകൾ തുറന്നുപറഞ്ഞുകൊണ്ട്‌ അന്യോന്യം ബഹുമാനിക്കുക. നിങ്ങളത്‌ മറച്ചുവെക്കുകയാണെങ്കിൽ, വിവാഹപങ്കാളിക്ക്‌ നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാകും. അത്‌ നിങ്ങളുടെ ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഓരോ പൈസ ചെലവാക്കുമ്പോഴും ഇണയുടെ സമ്മതം വാങ്ങണമെന്ന്‌ അതിന്‌ അർഥമില്ല. എന്നാൽ വലിയ ചെലവുകൾ വരുമ്പോൾ പരസ്‌പരം കൂടിയാലോചിക്കുന്നത്‌ നിങ്ങൾ ഇണയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നതിന്റെ തെളിവാണ്‌.

പരീക്ഷിച്ചുനോക്കുക: ഇണയുടെ സമ്മതമില്ലാതെ എത്ര രൂപ ചെലവഴിക്കാമെന്ന്‌ ഒരു ധാരണയിലെത്തുക. ആ തുകയിൽ കൂടുതൽ ചെലവാക്കേണ്ട ഒരു സാഹചര്യം വന്നാൽ ഇണയുമായി അത്‌ ചർച്ചചെയ്യുക.

3. ബഡ്‌ജറ്റ്‌ എഴുതിയുണ്ടാക്കുക. “ശ്രദ്ധയോടെയുള്ള പദ്ധതികൾ നേട്ടമുണ്ടാക്കും” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 21:5, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) ഭാവിക്കായി ആസൂത്രണം ചെയ്യാനും നിങ്ങളുടെ അധ്വാനം വ്യർഥമായിപ്പോകാതിരിക്കാനും ഒരു ബഡ്‌ജറ്റ്‌ തയ്യാറാക്കുക. അഞ്ചുവർഷമായി വിവാഹജീവിതം നയിക്കുന്ന നീന പറയുന്നത്‌ ഇങ്ങനെയാണ്‌: “വരവുചെലവുകൾ വെള്ളക്കടലാസിൽ കാണുമ്പോൾ നമ്മുടെ യഥാർഥ സാമ്പത്തികസ്ഥിതി എന്താണെന്ന്‌ നമുക്കു നല്ല ബോധ്യമുണ്ടാകും. പിന്നെ യാഥാർഥ്യത്തിനുനേരെ കണ്ണടയ്‌ക്കാൻ നമുക്കാവില്ലല്ലോ.”

ലളിതമായ ഒരു രീതിയിൽ ബഡ്‌ജറ്റ്‌ തയ്യാറാക്കാനാകും. രണ്ടു കുട്ടികളുടെ അച്ഛനായ ഡാരൻ 26 വർഷംമുമ്പാണ്‌ വിവാഹിതനായത്‌. അദ്ദേഹം ഇങ്ങനെ പറയുന്നു: “ഓരോ ആഴ്‌ചയും വ്യത്യസ്‌ത കാര്യങ്ങൾക്കായി ചെലവഴിക്കേണ്ട പണം ഞങ്ങൾ ഓരോരോ കവറുകളിലിട്ടുവെക്കുമായിരുന്നു. ആഹാരസാധനങ്ങൾക്കായി ഒരു കവർ, വിനോദത്തിനായി ഒരെണ്ണം, മുടി വെട്ടാനുള്ള പണം ഇടുന്നതിന്‌ ഒരെണ്ണം—അങ്ങനെ പലപല കവറുകൾ. എന്തിനെങ്കിലും പണം തികയാതെ വരുന്നെങ്കിൽ ഞങ്ങൾ മറ്റൊരു കവറിൽനിന്ന്‌ എടുക്കുമായിരുന്നു. പക്ഷേ കഴിയുന്നത്ര വേഗം ഞങ്ങളത്‌ തിരിച്ചുവെക്കാൻ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു.” ഇനി, പണം അടയ്‌ക്കാൻ ക്രെഡിറ്റ്‌ കാർഡോ മറ്റോ ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ ചെലവുകൾ എഴുതിവെക്കാനും അങ്ങനെ ചെലവുകളുടെമേൽ ഒരു നിയന്ത്രണമുണ്ടായിരിക്കാനും ശ്രദ്ധിക്കുക.

പരീക്ഷിച്ചുനോക്കുക: ആദ്യം വീട്ടുവാടക, സ്‌കൂൾ ഫീസ്‌ തുടങ്ങി സ്ഥിരമായുള്ള ചെലവുകൾ എഴുതിവെക്കുക. ഇനി, വരുമാനത്തിന്റെ എത്ര ശതമാനം മിച്ചംപിടിക്കണമെന്ന്‌ തീരുമാനിക്കുക. അടുത്തതായി ആഹാരം, ഇലക്‌ട്രിസിറ്റി ബിൽ, ഫോൺ ബിൽ തുടങ്ങി തുകയിൽ മാറ്റംവന്നേക്കാവുന്ന ചെലവുകളുടെ ഒരു പട്ടിക ഉണ്ടാക്കുക. തുടർന്ന്‌ കുറച്ചു നാളത്തേക്ക്‌ ഓരോ മാസവും നിങ്ങളുടെ കൈയിൽനിന്ന്‌ ചെലവാകുന്ന പണം എത്രയാണെന്ന്‌ എഴുതി സൂക്ഷിക്കുക. ആവശ്യമെങ്കിൽ ജീവിതശൈലിയിൽ മാറ്റംവരുത്തുക. അങ്ങനെയാകുമ്പോൾ നിങ്ങൾ കടക്കെണിയിൽ അകപ്പെടുകയില്ല.

4. ആര്‌, എന്തൊക്കെ ചെയ്യും എന്ന്‌ തീരുമാനിക്കുക. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.” (സഭാപ്രസംഗി 4:9, 10) ചില കുടുംബങ്ങളിൽ ഭർത്താവാണ്‌ ചെലവുകൾ നടത്തുന്നത്‌; മറ്റു ചില കുടുംബങ്ങളിലാകട്ടെ ഭാര്യയും. (സദൃശവാക്യങ്ങൾ 31:10-28) എന്നാൽ പല ദമ്പതികളും ഈ ഉത്തരവാദിത്വം പങ്കിട്ടെടുക്കുന്നു. 21 വർഷമായി വിവാഹജീവിതം നയിക്കുന്ന മാരിയോ പറയുന്നു: “ബില്ലുകൾ അടയ്‌ക്കുന്നതും ചെറിയചെറിയ ചെലവുകൾ നടത്തുന്നതും എന്റെ ഭാര്യയാണ്‌. ടാക്‌സ്‌, ലോൺ, വാടക തുടങ്ങിയ കാര്യങ്ങൾ നോക്കുന്നത്‌ ഞാനും. പരസ്‌പരം എല്ലാ കാര്യങ്ങളും ചർച്ചചെയ്‌ത്‌ ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നു.” നിങ്ങൾ ഏതു മാർഗം സ്വീകരിക്കുന്നു എന്നതല്ല, ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം.

പരീക്ഷിച്ചുനോക്കുക: നിങ്ങളുടെ കഴിവുകളും കുറവുകളും കണക്കിലെടുത്തുകൊണ്ട്‌ ആര്‌, എന്തൊക്കെ ചെയ്യും എന്ന്‌ തീരുമാനിക്കുക. ഏതാനും മാസങ്ങൾക്കുശേഷം തീരുമാനം വിലയിരുത്തുക. മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിന്‌ തയ്യാറാവുക. വീട്ടുസാധനങ്ങൾ വാങ്ങുക, ബില്ലുകൾ അടയ്‌ക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഇടയ്‌ക്കൊക്കെ പരസ്‌പരം വെച്ചുമാറുകയാണെങ്കിൽ വിവാഹപങ്കാളി ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കാൻ നിങ്ങൾക്കു കഴിയും.

എന്തിനുവേണ്ടി?

മേൽപ്പറഞ്ഞ ചർച്ചകൾ നിങ്ങൾക്കിടയിലെ സ്‌നേഹത്തിനു കരുത്തു പകരുകയേ ഉള്ളൂ. വിവാഹിതയായിട്ട്‌ അഞ്ചുവർഷമായ ലേയ പറയുന്നു: “പണത്തെക്കുറിച്ച്‌ യാതൊരു വളച്ചുകെട്ടുമില്ലാതെ തുറന്നു സംസാരിക്കാൻ ഞാനും ഭർത്താവും പഠിച്ചിരിക്കുന്നു. അതുകൊണ്ട്‌ ഇപ്പോൾ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാൻ ഞങ്ങൾക്കു കഴിയുന്നു; ഞങ്ങൾ തമ്മിലുള്ള സ്‌നേഹവും വർധിച്ചിരിക്കുന്നു.”

പണം എങ്ങനെ വിനിയോഗിക്കണം എന്ന്‌ ചർച്ചചെയ്യുമ്പോൾ ദമ്പതികൾ തങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്‌ പങ്കുവെക്കുന്നത്‌. ദാമ്പത്യത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ്‌ ഇവിടെ തെളിയുന്നത്‌. വലിയ വിലയുള്ള എന്തെങ്കിലും വാങ്ങുന്നതിനുമുമ്പ്‌ ഇണയുമായി കൂടിയാലോചിക്കുമ്പോൾ ഇണയുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും അവർ മാനിക്കുകയാണ്‌. ഒരു നിശ്ചിത തുക ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം ഇണയ്‌ക്ക്‌ അനുവദിച്ചുകൊടുക്കുമ്പോൾ ദമ്പതികൾ പരസ്‌പര വിശ്വാസമാണ്‌ പ്രകടിപ്പിക്കുന്നത്‌. ദാമ്പത്യം വിജയകരമാക്കാൻ അവശ്യംവേണ്ട കാര്യങ്ങളാണ്‌ ഇവയെല്ലാം. അത്തരം ഒരു ബന്ധം പണത്തെക്കാൾ വിലയുള്ളതാണ്‌. അപ്പോൾപ്പിന്നെ പണത്തെച്ചൊല്ലി എന്തിനു വഴക്കിടണം?

[അടിക്കുറിപ്പുകൾ]

^ ഖ. 7 “ഭർത്താവ്‌ ഭാര്യയുടെ ശിരസ്സ്‌ ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. അതുകൊണ്ട്‌ തങ്ങളുടെ സമ്പാദ്യം എങ്ങനെ വിനിയോഗിക്കണമെന്ന്‌ തീരുമാനിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഭർത്താവിനാണ്‌. അതോടൊപ്പം ഭാര്യയോട്‌ സ്വാർഥതയില്ലാതെ, സ്‌നേഹത്തോടെ ഇടപെടാനുള്ള കടപ്പാടും അദ്ദേഹത്തിനുണ്ട്‌.—എഫെസ്യർ 5:23, 25.

^ ഖ. 11 പേരുകൾ മാറ്റിയിട്ടുണ്ട്‌.

നിങ്ങളോടുതന്നെ ചോദിക്കുക . . .

▪ പണത്തെക്കുറിച്ച്‌ ഇണയോട്‌ ശാന്തമായി അവസാനം സംസാരിച്ചത്‌ എപ്പോഴാണ്‌?

▪ കുടുംബത്തിന്‌ ഇണ നൽകുന്ന സാമ്പത്തിക പിന്തുണയെ വിലമതിക്കുന്നു എന്ന്‌ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും എനിക്ക്‌ എങ്ങനെ കാണിക്കാം?

[20-ാം പേജിലെ ചിത്രം]

ഏതാണ്‌ പ്രധാനം—പണമോ നിങ്ങളുടെ ദാമ്പത്യമോ?