വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചില പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

ചില പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

 വായനക്കാർ ചോദിക്കുന്നു

ചില പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

പ്രാർഥനയിലൂടെ നമുക്ക്‌ എപ്പോൾ വേണമെങ്കിലും ദൈവത്തെ സമീപിക്കാനാകും. മക്കൾ തന്നോട്‌ തുറന്നുസംസാരിക്കാൻ സ്‌നേഹനിധിയായ ഒരു പിതാവ്‌ ആഗ്രഹിക്കുന്നതുപോലെ യഹോവയാംദൈവം നാം പ്രാർഥനയിൽ അവനെ സമീപിക്കാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും നമ്മുടെ എല്ലാ അപേക്ഷകളും ദൈവം കൈക്കൊള്ളണമെന്നില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? ജ്ഞാനിയായ ഒരു പിതാവ്‌ ഒരിക്കലും തന്റെ മക്കൾ ആവശ്യപ്പെടുന്നതെല്ലാം ഒരു വിവേചനയുമില്ലാതെ കണ്ണുമടച്ച്‌ സാധിച്ചുകൊടുക്കില്ല. അതുപോലെ, നമ്മുടെ ചില ആവശ്യങ്ങൾ ദൈവം സാധിച്ചുതരാത്തതിനും തക്കതായ കാരണങ്ങളുണ്ട്‌. ആ കാരണങ്ങൾ എന്തെന്നു വെളിപ്പെടുത്താതെ അവൻ രഹസ്യമാക്കിവെച്ചിരിക്കുകയാണോ? അതോ അവയെക്കുറിച്ച്‌ ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?

“തിരുഹിതപ്രകാരം നാം എന്ത്‌ അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക്‌ അവനിലുള്ള ഉറപ്പ്‌” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ വിശദീകരിക്കുന്നു. (1 യോഹന്നാൻ 5:14) നമ്മുടെ അപേക്ഷകൾ ദൈവഹിതത്തിനു ചേർച്ചയിലായിരിക്കണം. ചിലർ പ്രാർഥിക്കുന്നത്‌ ദൈവഹിതത്തിനു വിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടിയാണ്‌—ലോട്ടറി അടിക്കാനോ വാതുവയ്‌പ്പിൽ ജയിക്കാനോ ഒക്കെ. മറ്റുചിലർ പ്രാർഥിക്കുന്നത്‌ തെറ്റായ ആന്തരത്തോടെയാണ്‌. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ ശിഷ്യനായ യാക്കോബ്‌ അത്തരം പ്രാർഥനകളെ കുറ്റംവിധിക്കുന്നു: “ഇനി യാചിക്കുന്നെങ്കിൽത്തന്നെ, കിട്ടുന്നത്‌ സുഖഭോഗങ്ങളിൽ ചെലവിടണമെന്ന ദുരുദ്ദേശ്യത്തോടെ ആയതിനാൽ നിങ്ങൾക്ക്‌ ഒന്നും ലഭിക്കുന്നില്ല.”—യാക്കോബ്‌ 4:3.

ഒരു ഫുട്‌ബോൾ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി പ്രാർഥിക്കുകയാണെന്ന്‌ കരുതുക. അങ്ങനെയുള്ള പ്രാർഥന ദൈവം കേൾക്കുമെന്ന്‌ ചിന്തിക്കുന്നതു ന്യായമാണോ? തീർച്ചയായും അല്ല. യുദ്ധത്തിൽ ഇരുപക്ഷവും വിജയത്തിനായി പ്രാർഥിക്കുമ്പോഴും ഇത്‌ സത്യമാണ്‌.

ദൈവനിയമങ്ങളെ തുച്ഛീകരിക്കുന്നവരുടെ പ്രാർഥനയും വ്യർഥമാണ്‌. കപടഭക്തരായ ആളുകളോട്‌ യഹോവയ്‌ക്ക്‌ ഒരിക്കൽ ഇങ്ങനെ പറയേണ്ടിവന്നു: “നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:15) “ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു” എന്നും ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 28:9.

എന്നാൽ യഹോവയെ അവന്റെ ഹിതപ്രകാരം സേവിക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നവരുടെ ആത്മാർഥമായ പ്രാർഥനകൾക്ക്‌ അവൻ എല്ലായ്‌പോഴും ചെവിചായ്‌ക്കുന്നു. അതിന്റെ അർഥം അവരുടെ എല്ലാ അപേക്ഷകളും അവൻ സാധിച്ചുകൊടുക്കുമെന്നാണോ? അല്ല. ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ കാണുക:

ദൈവവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മോശെ; എങ്കിലും തന്റെ അപേക്ഷ “തിരുഹിതപ്രകാര”മുള്ളതാണെന്ന്‌ അവൻ ഉറപ്പുവരുത്തേണ്ടിയിരുന്നു. ഒരിക്കൽ അവൻ ദൈവത്തോട്‌, ‘ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശം ഒന്നു കണ്ടുകൊള്ളട്ടെ’ എന്ന്‌ അപേക്ഷിച്ചു. എന്നാൽ അത്‌ ദൈവഹിതത്തിനു വിരുദ്ധമായിരുന്നു. കാരണം, ചെയ്‌ത തെറ്റിനു ശിക്ഷയായി അവൻ വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കുകയില്ലെന്ന്‌ ദൈവം നേരത്തേ അവനോടു പറഞ്ഞിരുന്നു. അതുകൊണ്ട്‌ മോശെയുടെ അപേക്ഷ സാധിച്ചുകൊടുക്കുന്നതിനുപകരം ദൈവം അവനോട്‌, “മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുത്‌” എന്നാണു പറഞ്ഞത്‌.—ആവർത്തനപുസ്‌തകം 3:25, 26; 32:51.

തനിക്ക്‌ “ജഡത്തിൽ ഒരു മുള്ള്‌” ഉള്ളതായി അപ്പൊസ്‌തലനായ പൗലോസ്‌ പറയുകയുണ്ടായി. (2 കൊരിന്ത്യർ 12:7) ഈ “മുള്ള്‌” പൗലോസിന്‌ ദീർഘകാലമായി ഉണ്ടായിരുന്ന ഒരു നേത്രരോഗമായിരുന്നിരിക്കാം; അല്ലെങ്കിൽ വിരോധികളിൽനിന്നും “കള്ളസഹോദരന്മാ”രിൽനിന്നും അവനു നിരന്തരം നേരിടേണ്ടിവന്ന ഉപദ്രവം ആയിരുന്നിരിക്കാം. (2 കൊരിന്ത്യർ 11:26; ഗലാത്യർ 4:14, 15) അത്‌ മാറിക്കിട്ടാൻ അവൻ ദൈവത്തോട്‌ അപേക്ഷിച്ചിരുന്നു. “ആ മുള്ള്‌ എന്നിൽനിന്നു നീക്കിക്കളയേണമേയെന്ന്‌ ഞാൻ മൂന്നുവട്ടം കർത്താവിനോട്‌ അപേക്ഷിച്ചു” എന്ന്‌ പൗലോസ്‌ എഴുതി. എന്നാൽ തന്നെ നിരന്തരം അസഹ്യപ്പെടുത്തിക്കൊണ്ടിരുന്ന ‘ജഡത്തിലെ മുള്ള്‌’ വകവെക്കാതെ അവൻ പ്രസംഗവേല തുടരുകയാണെങ്കിൽ അത്‌ ദൈവത്തിന്റെ ശക്തിക്ക്‌ ഒരു തെളിവാകുമായിരുന്നു; പൗലോസിന്‌ ദൈവത്തിലുള്ള സമ്പൂർണ ആശ്രയത്വത്തെയും അത്‌ വെളിപ്പെടുത്തുമായിരുന്നു. അതുകൊണ്ട്‌ പൗലോസിന്റെ അപേക്ഷ നിവർത്തിക്കുന്നതിനുപകരം ദൈവം അവനോട്‌, “ബലഹീനതയിലത്രേ എന്റെ ശക്തി തികഞ്ഞുവരുന്നത്‌” എന്ന്‌ അരുളിച്ചെയ്‌തു.—2 കൊരിന്ത്യർ 12:8, 9.

അതെ, ചില അപേക്ഷകൾ നിവർത്തിച്ചുതരുന്നത്‌ നമ്മുടെ നന്മയിൽ കലാശിക്കുമോ ഇല്ലയോ എന്ന്‌ നമ്മെക്കാൾ നന്നായി അറിയാവുന്നത്‌ ദൈവത്തിനാണ്‌. നമ്മുടെ നന്മയെ മുൻനിറുത്തിയാണ്‌ യഹോവ എല്ലായ്‌പോഴും നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നത്‌. അത്‌ ബൈബിളിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന അവന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിലുമായിരിക്കും.