വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എപ്പോഴും നീതിയായതു പ്രവർത്തിക്കുന്ന ന്യായാധിപൻ

എപ്പോഴും നീതിയായതു പ്രവർത്തിക്കുന്ന ന്യായാധിപൻ

ദൈവത്തോട്‌ അടുത്തുചെല്ലുക

എപ്പോഴും നീതിയായതു പ്രവർത്തിക്കുന്ന ന്യായാധിപൻ

ഉല്‌പത്തി 18:22-32

നീ തി. ന്യായം. നിഷ്‌പക്ഷത. ഈ ഗുണങ്ങൾ കാണിക്കുന്നവരോട്‌ നിങ്ങൾക്ക്‌ ബഹുമാനം തോന്നാറില്ലേ? നീതിയും ന്യായവും ലഭിക്കാനുള്ള ആഗ്രഹം സ്വാഭാവികമായും എല്ലാ മനുഷ്യർക്കുമുണ്ട്‌. ദുഃഖകരമെന്നു പറയട്ടെ, നീതിയും ന്യായവുമെല്ലാം ഇന്ന്‌ ലോകത്തിൽനിന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ എപ്പോഴും നീതിയായതുമാത്രം പ്രവർത്തിക്കുന്ന, നമുക്ക്‌ പൂർണവിശ്വാസം അർപ്പിക്കാൻ കഴിയുന്ന ഒരു ന്യായാധിപനുണ്ട്‌—യഹോവയായ ദൈവം. ഉല്‌പത്തി 18:22-32-ലെ വിവരണം ഇതു വ്യക്തമാക്കുന്നു. യഹോവയും അബ്രാഹാമും തമ്മിലുള്ള സംഭാഷണമാണ്‌ അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌. *

സൊദോമിലെയും ഗൊമോറയിലെയും സ്ഥിതിഗതികൾ വിലയിരുത്തി നടപടി സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച്‌ യഹോവ പറഞ്ഞപ്പോൾ അബ്രാഹാം അവന്റെ സഹോദരപുത്രനായ ലോത്തിന്റെയും അവിടെയുണ്ടായിരിക്കാൻ സാധ്യതയുള്ള മറ്റു നല്ല ആളുകളുടെയും കാര്യത്തിൽ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചു. അബ്രാഹാം യഹോവയോട്‌ അപേക്ഷിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അൻപതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ . . . അതിലെ അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?” (23, 24 വാക്യങ്ങൾ) നീതിമാന്മാരായ 50 പേർ മാത്രമേ ഉള്ളൂവെങ്കിലും പട്ടണങ്ങളെ നശിപ്പിക്കില്ലെന്ന്‌ ദൈവം പറഞ്ഞു. അബ്രാഹാം അഞ്ചുതവണകൂടെ ഈ അപേക്ഷ ആവർത്തിച്ചു. ഓരോ തവണയും അവൻ ആളുകളുടെ എണ്ണം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ അത്‌ പത്തായി. അവൻ പറഞ്ഞത്ര നീതിമാന്മാരേ അവിടെയുള്ളൂവെങ്കിൽപ്പോലും താൻ ആ പട്ടണങ്ങൾ നശിപ്പിക്കില്ലെന്ന്‌ ഓരോ തവണയും ദൈവം അവന്‌ ഉറപ്പുകൊടുത്തു.

അബ്രാഹാം ദൈവത്തോടു വാദിക്കുകയായിരുന്നോ? ഒരിക്കലുമല്ല! അത്‌ കടുത്ത അഹങ്കാരമാകുമായിരുന്നു. അവന്റെ സ്വരത്തിൽ ഭയഭക്തിയും താഴ്‌മയും പ്രതിഫലിച്ചിരുന്നു. “പൊടിയും വെണ്ണീറുമായ ഞാൻ” എന്നാണ്‌ അവൻ സ്വയം വിശേഷിപ്പിച്ചത്‌. (27, 30-32 വാക്യങ്ങൾ) കൂടാതെ, യഹോവയുടെ നീതിയിലുള്ള ഉറച്ച വിശ്വാസവും അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും ദൈവം സംഹരിക്കുകയില്ലെന്ന്‌ തനിക്കു ബോധ്യമുണ്ടെന്ന്‌ രണ്ടു തവണ അവൻ വെളിപ്പെടുത്തി. “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” എന്നു ചോദിച്ചുകൊണ്ട്‌ വിശ്വസ്‌തനായ ആ ഗോത്രപിതാവ്‌ ദൈവത്തിന്റെ നീതിയിലുള്ള തന്റെ വിശ്വാസം പ്രകടമാക്കി.—25-ാം വാക്യം.

അബ്രാഹാം പറഞ്ഞതെല്ലാം ശരിയായിരുന്നോ? ആണെന്നും അല്ലെന്നും പറയാം. സൊദോമിലും ഗൊമോറയിലും പത്തു നീതിമാന്മാരെങ്കിലും ഉണ്ടാകുമെന്ന്‌ അവൻ സൂചിപ്പിച്ചത്‌ ശരിയായിരുന്നില്ല. എന്നാൽ ദൈവം ‘ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കില്ല’ എന്ന്‌ അവൻ പറഞ്ഞത്‌ വാസ്‌തവമായിരുന്നു. ദൈവം പിന്നീട്‌ ആ ദുഷിച്ച പട്ടണങ്ങളെ നശിപ്പിച്ചപ്പോൾ തന്റെ ദൂതന്മാരെ അയച്ച്‌ നീതിമാനായ ലോത്തിനെയും അവന്റെ രണ്ടു പുത്രിമാരെയും രക്ഷപ്പെടുത്തി.—2 പത്രോസ്‌ 2:7-10.

യഹോവയെക്കുറിച്ച്‌ ഈ വിവരണം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? ആ പട്ടണങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞുകൊണ്ട്‌ യഹോവതന്നെയാണ്‌ അബ്രാഹാമിനെ സംഭാഷണത്തിനു ക്ഷണിച്ചത്‌. സ്‌നേഹിതനായ അബ്രാഹാം അവന്റെ ആകുലതകൾ അറിയിച്ചപ്പോൾ ക്ഷമയോടെ ദൈവം അതു കേട്ടു. (യെശയ്യാവു 41:8) ഇതിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ എത്ര ഹൃദ്യമായ ഒരു വസ്‌തുതയാണ്‌ നാം മനസ്സിലാക്കുന്നത്‌! ഭൂമിയിലെ തന്റെ ദാസരെ ആദരിക്കുന്ന, താഴ്‌മയുള്ള ഒരു ദൈവമാണ്‌ യഹോവ! എപ്പോഴും നീതിയായതുമാത്രം ചെയ്യുന്ന ന്യായാധിപനായ യഹോവയിൽ എന്തുകൊണ്ടും നമുക്ക്‌ ആശ്രയിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 4 ആ അവസരത്തിൽ അബ്രാഹാമിനോടു സംസാരിച്ചത്‌ യഹോവയെ പ്രതിനിധാനം ചെയ്‌തെത്തിയ ഒരു ദൂതനാണ്‌. മറ്റൊരു ദൃഷ്ടാന്തം ഉല്‌പത്തി 16:7-11, 13 വാക്യങ്ങളിൽ കാണാം.

[14-ാം പേജിലെ ചിത്രം]

സൊദോമിനും ഗൊമോറയ്‌ക്കുംവേണ്ടി അബ്രാഹാം യഹോവയോട്‌ അപേക്ഷിച്ചു