വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സർവ്വാശ്വാസവും നൽകുന്ന ദൈവം’

‘സർവ്വാശ്വാസവും നൽകുന്ന ദൈവം’

 ദൈവത്തോട്‌ അടുത്തുചെല്ലുക

‘സർവ്വാശ്വാസവും നൽകുന്ന ദൈവം’

2 കൊരിന്ത്യർ 1:3, 4

കഷ്ടപ്പാടുകൾ, നിരാശകൾ, ഏകാന്തത. ഇതെല്ലാം നമ്മുടെ ജീവിതത്തെ ദുഃഖത്തിലാഴ്‌ത്തിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ‘എനിക്ക്‌ എവിടെനിന്ന്‌ ആശ്വാസം ലഭിക്കും’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. 2 കൊരിന്ത്യർ 1:3, 4-ലെ പൗലൊസിന്റെ വാക്കുകൾ ആശ്വാസത്തിന്റെ വറ്റാത്ത ഒരു ഉറവിലേക്ക്‌—യഹോവയാം ദൈവത്തിലേക്ക്‌—നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു.

മൂന്നാം വാക്യം ദൈവത്തെ “മനസ്സലിവുള്ള പിതാവ്‌” എന്നു വിശേഷിപ്പിക്കുന്നു. എന്താണ്‌ അതിന്റെ അർഥം? ‘മനസ്സലിവ്‌’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം, കഷ്ടപ്പെടുന്നവരോടു തോന്നുന്ന അനുകമ്പ എന്നാണ്‌. * ‘സഹതാപമുള്ള,’ ‘അങ്ങേയറ്റം ചിന്തയുള്ള’ എന്നും ഈ പദത്തെ പരിഭാഷപ്പെടുത്താനാകുമെന്ന്‌ ഒരു ബൈബിൾകൃതി പറയുന്നു. ദൈവത്തിന്റെ ‘മനസ്സലിവാണ്‌’ പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്‌. ഈ ഗുണവിശേഷം ദൈവത്തോട്‌ അടുത്തുചെല്ലാൻ നമ്മെ പ്രചോദിപ്പിക്കുന്നില്ലേ?

“സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മാണ്‌ യഹോവയെന്നും പൗലൊസ്‌ എഴുതി. ഒരു പുസ്‌തകം പറയുന്നതനുസരിച്ച്‌, “ബുദ്ധിമുട്ടിലോ സങ്കടത്തിലോ ആയിരിക്കുന്ന ആരെയെങ്കിലും ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായവും പ്രോത്സാഹനവും നൽകുകയും ചെയ്യുകയെന്ന ആശയം” അടങ്ങിയിട്ടുള്ള ഒരു പദമാണ്‌ പൗലൊസ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. അതു സംബന്ധിച്ച്‌ ഇന്റർപ്രറ്റേഴ്‌സ്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “വേദന അനുഭവിക്കുന്ന ഒരാളെ ദുഃഖം സഹിക്കാൻ ബലപ്പെടുത്തുക എന്നാണ്‌ അയാളെ ആശ്വസിപ്പിക്കുക എന്നതിന്റെ അർഥം.”

‘ദൈവം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. തന്റെ വചനമായ ബൈബിളിലൂടെയും പ്രാർഥനയെന്ന ഉപാധിയിലൂടെയുമാണ്‌ മുഖ്യമായും അവനതു ചെയ്യുന്നത്‌. ‘തിരുവെഴുത്തുകളാൽ ഉളവാകുന്ന ആശ്വാസത്താൽ പ്രത്യാശ ഉണ്ടാകേണ്ടതിന്‌’ ദൈവം സ്‌നേഹപൂർവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നു എന്നു പൗലൊസ്‌ പറയുന്നു. കൂടാതെ, ഹൃദയംഗമമായ പ്രാർഥനയിലൂടെ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” അനുഭവിക്കാനും നമുക്കു കഴിയും.—റോമർ 15:4; ഫിലിപ്പിയർ 4:7.

യഹോവയ്‌ക്ക്‌ തന്റെ ജനത്തെ എത്രത്തോളം ആശ്വസിപ്പിക്കാനാകും? ‘നമുക്കുള്ള കഷ്ടത്തിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു,’ പൗലൊസ്‌ പറയുന്നു. (2 കൊരിന്ത്യർ 1:4) എന്തെല്ലാം സമ്മർദങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നാലും അതു താങ്ങാനുള്ള ശക്തിയും ധൈര്യവും ദൈവം നമുക്കു നൽകും. അത്‌ ആശ്വാസദായകമല്ലേ?

ദൈവം നൽകുന്ന ആശ്വാസത്തിന്റെ പ്രയോജനം അതു ലഭിക്കുന്ന വ്യക്തിയിൽ ഒതുങ്ങിനിൽക്കുന്നില്ല. “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു” എന്ന്‌ പൗലൊസ്‌ തുടർന്നുപറയുന്നു. കഷ്ടങ്ങളിൽ നമുക്ക്‌ ആശ്വാസം ലഭിക്കുമ്പോൾ, ബുദ്ധിമുട്ടിലായിരിക്കുന്നവരെ സമാനുഭാവത്തോടെ വീക്ഷിക്കാനും സഹായിക്കാനും നാം പ്രചോദിതരാകുന്നു.

യഹോവ “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മാണെങ്കിലും നമ്മുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളുമെല്ലാം അവൻ അവശ്യം നീക്കിക്കളയണമെന്നില്ല. എങ്കിലും ഒരു കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം: ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്നപക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും നേരിടാൻ അവൻ നമ്മെ ശക്തരാക്കും. ഇത്രയേറെ അനുകമ്പയുള്ള ഒരു ദൈവം നമ്മുടെ ആരാധനയ്‌ക്കും സ്‌തുതിക്കും യോഗ്യനല്ലേ?

[അടിക്കുറിപ്പ്‌]

^ ഖ. 5 ‘മനസ്സലിവുള്ള പിതാവ്‌’ അഥവാ മനസ്സലിവിന്റെ ഉറവ്‌ എന്നാണ്‌ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. സത്യത്തിൽ, അനുകമ്പ അവനിൽനിന്ന്‌ ഒഴുകുകയാണെന്നു പറയാം. അത്‌ അവന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്‌.