വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂഗ്രഹം നാശത്തിന്റെ വക്കിലോ?

ഭൂഗ്രഹം നാശത്തിന്റെ വക്കിലോ?

 ഭൂഗ്രഹം നാശത്തിന്റെ വക്കിലോ?

പിൻവരുന്ന പ്രസ്‌താവന നിങ്ങൾ എങ്ങനെ പൂർത്തിയാക്കും?

ഭൂമിയിലെ അവസ്ഥകൾ . . .

(1) ഉടൻ മെച്ചപ്പെടും.

(2) മാറ്റമില്ലാതെ തുടരും.

(3) പെട്ടെന്നുതന്നെ വഷളാകും.

ശുഭാപ്‌തിവിശ്വാസത്തോടെ ഭാവിയെ നോക്കിക്കാണാൻ ശ്രമിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ അതിനു പല പ്രയോജനങ്ങളുണ്ട്‌. ശുഭാപ്‌തിവിശ്വാസമുള്ളവർ ബൗദ്ധികമായും ആരോഗ്യപരമായും മികച്ചുനിൽക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ശുഭപ്രതീക്ഷയുള്ള പുരുഷന്മാർക്ക്‌ അങ്ങനെയല്ലാത്തവരെ അപേക്ഷിച്ച്‌ ഹൃദയധമനീരോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു എന്നുപോലും ഒരു ദീർഘകാല പഠനം തെളിയിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ബൈബിളിൽ രേഖപ്പെടുത്തിയ പിൻവരുന്ന പ്രസ്‌താവനയെ ശരിവെക്കുന്നതാണ്‌ ഈ കണ്ടെത്തലുകൾ: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.”—സദൃശവാക്യങ്ങൾ 17:22.

എങ്കിലും ഭൂഗ്രഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശാസ്‌ത്രജ്ഞന്മാരുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സന്തുഷ്ടരും ശുഭാപ്‌തിവിശ്വാസമുള്ളവരും ആയിരിക്കാൻ അനേകർക്കും ഇന്നു കഴിയുന്നില്ല. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അശുഭസൂചകമായ ഏതാനും ചില പ്രവചനങ്ങൾ ശ്രദ്ധിക്കുക.

പുഴുക്കുത്തേറ്റ ഒരു ഗ്രഹം

സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഒരു സമീപനം, “ഭൂഗ്രഹത്തിന്റെ കാലാവസ്ഥയെയും ആവാസവ്യവസ്ഥകളെയും കീഴ്‌മേൽമറിക്കാൻപോന്ന  സംഭവവികാസങ്ങൾക്കു” വഴിമരുന്നിട്ടേക്കാമെന്ന്‌, സ്റ്റോക്ക്‌ഹോം എൻവയൊൺമെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ 2002-ൽ മുന്നറിയിച്ചു. ആഗോള പട്ടിണി, അസമത്വം, പ്രകൃതിവിഭവങ്ങളുടെ ശോഷണം എന്നിവ “പാരിസ്ഥിതികവും സാമൂഹികവും സുരക്ഷിതത്വസംബന്ധവുമായ പലപല പ്രതിസന്ധികളിലേക്ക്‌” മനുഷ്യവർഗത്തെ തള്ളിയിട്ടേക്കാമെന്നും ആ റിപ്പോർട്ട്‌ പറഞ്ഞു.

2005-ൽ ഐക്യരാഷ്‌ട്രങ്ങൾ ഭൂമിയുടെ പരിസ്ഥിതി സംബന്ധിച്ച, നാലു വർഷം നീണ്ടുനിന്ന ഒരു ആഗോള പഠനത്തിന്റെ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. 95 രാജ്യങ്ങളിൽനിന്നുള്ള 1,360-ലേറെ വിദഗ്‌ധർ ഉൾപ്പെട്ട ആ സമഗ്രപഠനത്തിൽ അടിയന്തിര പ്രാധാന്യമുള്ള ഒരു മുന്നറിയിപ്പ്‌ അടങ്ങിയിരുന്നു: “മനുഷ്യന്റെ പ്രവൃത്തികൾ ഭൂമിയുടെ സ്വാഭാവിക പ്രവർത്തനങ്ങളുടെമേൽ ഏൽപ്പിക്കുന്ന ആഘാതം, വരുംതലമുറകളുടെ നിലനിൽപ്പിനാധാരമായ ആവാസവ്യവസ്ഥകളെ സാരമായി ബാധിക്കുമെന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല.” ഈ വിപത്ത്‌ ഒഴിവാക്കാൻ “നയങ്ങളിലും സംഘാടനത്തിലും പ്രവർത്തനരീതികളിലും കാര്യമായ മാറ്റങ്ങൾ ആവശ്യമാണ്‌, ഇതുവരെ നടക്കാത്തതും അതുതന്നെയാണ്‌,” റിപ്പോർട്ട്‌ പറയുന്നു.

ഐക്യരാഷ്‌ട്രങ്ങളുടെ ഹ്യൂമൻ സെറ്റിൽമെന്റ്‌ പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായ അന്നാ റ്റിബൈയൂകാ, ഗവേഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്ന ഒരു കാര്യത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ ഇങ്ങനെ പറയുന്നു: “ഈ സ്ഥിതിയിൽ മുന്നോട്ടുപോയാൽ ദുരന്തം ഉറപ്പാണ്‌.”

ശുഭാപ്‌തിവിശ്വാസത്തിനുള്ള കാരണം

അതിശയകരമായ ആഗോള സംഭവവികാസങ്ങൾ സമീപസ്ഥമാണെന്ന്‌ ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികളും വിശ്വസിക്കുന്നു. എന്നാൽ, ഒരു ദുരന്തത്തിൽ പര്യവസാനിക്കുന്നതിനു പകരം ഈ സംഭവങ്ങളെല്ലാം, ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത അതിമഹത്തായ സ്ഥിതിവിശേഷങ്ങൾക്കു വഴിതുറക്കുമെന്നാണ്‌ അവർ ഉറച്ചുവിശ്വസിക്കുന്നത്‌. ദൈവവചനമായ ബൈബിൾ നൽകുന്ന വാഗ്‌ദാനങ്ങളിൽ അവർ വിശ്വാസമർപ്പിക്കുന്നു എന്നതാണ്‌ അതിനു കാരണം. അത്തരമൊരു വാഗ്‌ദാനം ശ്രദ്ധിക്കുക: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.

ഇത്‌ വെറുമൊരു വ്യാമോഹമാണോ? അതിനുത്തരം പറയുന്നതിനുമുമ്പ്‌ ഇതേക്കുറിച്ചു ചിന്തിക്കുക: ഇന്ന്‌ ഭൂമിയെയും മനുഷ്യവർഗത്തെയും വേട്ടയാടുന്നതായി നാം കാണുന്ന പ്രധാനപ്പെട്ട നിരവധി പ്രശ്‌നങ്ങളെക്കുറിച്ച്‌ ആയിരക്കണക്കിനു വർഷംമുമ്പ്‌ ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. ദയവായി അടുത്ത ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയും ഇന്നു ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി അവ ഒത്തുനോക്കുകയും ചെയ്യുക. ബൈബിൾ കൃത്യമായി ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറയുന്നുവെന്ന നിങ്ങളുടെ വിശ്വാസത്തെ അതു വർധിപ്പിക്കും, തീർച്ച.