വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പറുദീസാഭൂമി തൊട്ടുമുമ്പിൽ!

പറുദീസാഭൂമി തൊട്ടുമുമ്പിൽ!

 പറുദീസാഭൂമി തൊട്ടുമുമ്പിൽ!

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” —മത്തായി 6:9, 10.

കർത്താവിന്റെ പ്രാർഥനയെന്നോ മാതൃകാപ്രാർഥനയെന്നോ അറിയപ്പെടുന്ന പ്രസിദ്ധമായ ഈ പ്രാർഥന മനുഷ്യവർഗത്തിനു പ്രത്യാശ വെച്ചുനീട്ടുന്നു. എങ്ങനെ?

സ്വർഗത്തിലെന്നപോലെ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം ചെയ്യപ്പെടാൻ ദൈവരാജ്യം ഇടയാക്കുമെന്ന്‌ ആ പ്രാർഥന വെളിപ്പെടുത്തുന്നു. ഭൂമിയെ ഒരു ആഗോള പറുദീസയാക്കുക എന്നതാണ്‌ ദൈവത്തിന്റെ ഇഷ്ടം. (വെളിപ്പാടു 21:1-5) ശരിക്കും പറഞ്ഞാൽ എന്താണ്‌ ദൈവരാജ്യം, അതെങ്ങനെ ഭൂമിയെ പറുദീസയാക്കും?

ഒരു യഥാർഥ ഗവൺമെന്റ്‌

ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടമാണ്‌. ഏതൊരു ഭരണകൂടത്തിനും ഭരണാധികാരികളും നിയമവും പ്രജകളും ഉണ്ട്‌. ദൈവരാജ്യത്തിന്‌ ഇതെല്ലാമുണ്ടോ? പിൻവരുന്ന മൂന്നു ചോദ്യങ്ങൾക്ക്‌ ബൈബിൾ നൽകുന്ന ഉത്തരം ശ്രദ്ധിക്കുക.

ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ ആരാണ്‌? (യെശയ്യാവു 33:22) യഹോവയാം ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തുവിനെയാണ്‌ ദൈവരാജ്യത്തിന്റെ ചുമതലയേൽപ്പിച്ചിരിക്കുന്നത്‌. (മത്തായി 28:18) യഹോവയുടെ നിർദേശത്തിനു ചേർച്ചയിൽ തന്നോടൊപ്പം രാജാക്കന്മാരെന്ന നിലയിൽ ‘ഭൂമിയുടെമേൽ ഭരണം നടത്താൻ’ “എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ള” ഒരു നിശ്ചിത എണ്ണം മനുഷ്യരെ യേശു തിരഞ്ഞെടുത്തിട്ടുണ്ട്‌.—വെളിപ്പാടു 5:9, 10, പി.ഒ.സി. ബൈബിൾ.

ദൈവരാജ്യത്തിന്റെ നിയമങ്ങൾ എന്തെല്ലാമാണ്‌? പ്രജകൾ സുനിശ്ചിതമായ നടപടികൾ സ്വീകരിക്കേണ്ടിവരുന്ന ചില നിയമങ്ങളും കൽപ്പനകളുമുണ്ട്‌. ആ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിനെക്കുറിച്ച്‌ യേശു ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.”—മത്തായി 22:37-39.

പ്രജകൾ ഒഴിവാക്കേണ്ട ചില കാര്യങ്ങളോടു ബന്ധപ്പെട്ടതാണ്‌ മറ്റു നിയമങ്ങൾ. ഉദാഹരണത്തിന്‌ ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്‌ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.

ആരാണ്‌ ദൈവരാജ്യത്തിന്റെ പ്രജകൾ? ദൈവരാജ്യത്തിന്റെ പ്രജകളെ യേശു ചെമ്മരിയാടുകളോട്‌ ഉപമിച്ചു. “അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും  ഒരിടയനും ആകും,” അവൻ പറഞ്ഞു. (യോഹന്നാൻ 10:16) ദൈവരാജ്യത്തിന്റെ പ്രജയാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി, നല്ല ഇടയനായ യേശുവിനെ അനുഗമിക്കുന്നുവെന്നു പറഞ്ഞാൽ മാത്രംപോരാ അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്‌. യേശു പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്‌.”—മത്തായി 7:21.

അതുകൊണ്ട്‌ ദൈവരാജ്യത്തിന്റെ പ്രജകൾ യേശു ചെയ്‌തതുപോലെ യഹോവ എന്ന ദൈവനാമം ഉപയോഗിക്കുകയും ആ നാമത്തെ ആദരിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:26) “രാജ്യത്തിന്റെ ഈ സുവിശേഷ”ത്തെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള യേശുവിന്റെ കൽപ്പന അവർ അനുസരിക്കുന്നു. (മത്തായി 24:14; 28:19, 20) അവർ പരസ്‌പരം ആത്മാർഥമായി സ്‌നേഹിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 13:35.

‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുന്നു’

ദൈവരാജ്യം പെട്ടെന്നുതന്നെ ഭൂമിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നതിന്റെ സൂചനയാണ്‌ ഇപ്പോഴത്തെ ലോകാവസ്ഥകൾ. അതെങ്ങനെ? “ദൈവരാജ്യം അടുത്തിരിക്കുന്നു” എന്നു സൂചിപ്പിക്കുന്ന ഒരു സമ്മിശ്ര അടയാളത്തെക്കുറിച്ച്‌ രണ്ടായിരം വർഷംമുമ്പ്‌ യേശു പറയുകയുണ്ടായി. (ലൂക്കൊസ്‌ 21:31) മുൻലേഖനത്തിൽ കണ്ടതുപോലെ, ആ അടയാളത്തിന്റെ വ്യത്യസ്‌ത വശങ്ങളുടെ നിവൃത്തി ലോകമെമ്പാടും ഇന്നു വ്യക്തമായി പ്രകടമാണ്‌.

പിന്നീട്‌ എന്തു സംഭവിക്കും? “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും,” യേശു പറഞ്ഞു. (മത്തായി 24:21) മനുഷ്യൻ വരുത്തിവെക്കുന്ന ഒരു വിപത്തല്ല ഇത്‌. മറിച്ച്‌ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാനുള്ള ദൈവത്തിന്റെ മാർഗമാണ്‌. (വെളിപ്പാടു 11:18) ഭൂമിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്ന ദുഷ്ടരും സ്വാർഥരുമായ മനുഷ്യരെ ദൈവം ഭൂമിയിൽനിന്നു ‘ഛേദിച്ചുകളയും.’ എന്നാൽ സ്വീകാര്യമായ വിധത്തിൽ അവനെ സേവിക്കുന്ന നിഷ്‌കളങ്കർ “അതിൽ ശേഷിച്ചിരിക്കും.”—സദൃശവാക്യങ്ങൾ 2:21, 22.

ശക്തമായ അത്തരമൊരു നടപടി യഹോവ സ്വീകരിക്കുന്നത്‌ തികച്ചും ന്യായയുക്തമാണ്‌. എന്തുകൊണ്ട്‌? ഒരുദാഹരണം നോക്കുക: പല താമസക്കാരുള്ള ഒരു കെട്ടിടം നിങ്ങൾക്കുണ്ടെന്നു കരുതുക. അവരിൽ ചിലർ നല്ല മര്യാദക്കാരാണ്‌. കൃത്യമായി വാടക തരുന്നു, വീടു നന്നായി സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. അവർ വാടക കൊടുക്കുന്നില്ലെന്നു മാത്രമല്ല, കെട്ടിടം നശിപ്പിക്കുകയും ചെയ്യുന്നു. പലവട്ടം പറഞ്ഞിട്ടും അവർക്ക്‌ യാതൊരു മാറ്റവുമില്ല. നിങ്ങൾ എന്തു ചെയ്യും? കെട്ടിടത്തിന്റെ ഉടമസ്ഥനെന്നനിലയ്‌ക്ക്‌ നിങ്ങൾ ആ പ്രശ്‌നക്കാരെ ഒഴിപ്പിക്കില്ലേ?

സമാനമായി ഭൂമിയുടെയും അതിലുള്ള സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാം ദൈവത്തിന്‌, ആരെ അവിടെ താമസിപ്പിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. (വെളിപ്പാടു 4:11) തന്റെ ഹിതത്തിന്‌ യാതൊരു വിലയും കൽപ്പിക്കാതിരിക്കുകയും സഹമനുഷ്യന്റെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ദുഷ്ടരെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കും എന്നു യഹോവ പ്രഖ്യാപിച്ചിരിക്കുന്നു.—സങ്കീർത്തനം 37:9-11.

ഭൂമിയൊരു പറുദീസയാകുമ്പോൾ

യേശു രാജാവായുള്ള ദൈവരാജ്യം പെട്ടെന്നുതന്നെ ഭൂമിയുടെ ഭരണം ഏറ്റെടുക്കും. ‘സകലവും പുതുതാക്കപ്പെടുന്ന സന്ദർഭം’ എന്നു യേശു വിശേഷിപ്പിച്ച ഒരു കാലത്തിന്റെ തുടക്കമായിരിക്കും അത്‌. (മത്തായി 19:28; ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അപ്പോൾ ഭൂമിയുടെ അവസ്ഥ എന്തായിരിക്കും? ബൈബിൾ വാഗ്‌ദാനം ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

സങ്കീർത്തനം 46:9. “അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”

യെശയ്യാവു 35:1. “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്‌പം പോലെ പൂക്കും.”

യെശയ്യാവു 65:21-23. “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.”

യോഹന്നാൻ 5:28, 29. ‘കല്ലറകളിൽ ഉള്ളവർ  എല്ലാവരും യേശുവിന്റെ ശബ്ദം കേട്ട്‌ പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.’

വെളിപ്പാടു 21:4, 5“[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”

എന്തുകൊണ്ട്‌ വിശ്വസിക്കാം?

ബൈബിളിന്റെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്കു വിശ്വാസമുണ്ടോ? അനേകർക്കും ആ വിശ്വാസം ഉണ്ടായിരിക്കുകയില്ലെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ . . . അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ” എന്ന്‌ അതു പറയുന്നു. (2 പത്രൊസ്‌ 3:3, 4) എന്നാൽ അത്തരം പരിഹാസികൾക്ക്‌ തെറ്റിപ്പോയി. ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാകുന്നതിന്റെ കേവലം നാലു കാരണങ്ങൾ നോക്കുക.

(1) മുൻകാലങ്ങളിൽ ദൈവം ഭൂമിയിലെ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്‌. നോഹയുടെ നാളിലെ പ്രളയം നല്ലൊരു ഉദാഹരണമാണ്‌.—2 പത്രൊസ്‌ 3:5-7.

(2) ഇപ്പോഴത്തെ ലോകാവസ്ഥകളെ ദൈവവചനം കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു.

(3) “സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു” എന്ന പ്രസ്‌താവന ശരിയല്ല. ചരിത്രത്തിലിന്നോളം സംഭവിച്ചിട്ടില്ലാത്ത അളവിൽ സാമൂഹികവും ധാർമികവും പാരിസ്ഥിതികവുമായി ഭൂമി അധഃപതിച്ചുകൊണ്ടിരിക്കുകയാണ്‌.

(4) ‘രാജ്യത്തിന്റെ സുവിശേഷം’ സകലഭൂമിയിലും ഇപ്പോൾ പ്രസംഗിക്കപ്പെടുകയാണ്‌. ഉടൻ “അവസാനം വരും” എന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌.—മത്തായി 24:14.

ദൈവരാജ്യഭരണത്തിൻ കീഴിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ച്‌ ദൈവവചനമായ ബൈബിളിൽനിന്നു കൂടുതലായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾക്ക്‌ സന്തോഷമുണ്ട്‌. (യോഹന്നാൻ 17:3) അതിമഹത്തായൊരു ഭാവിയാണ്‌ മനുഷ്യവർഗത്തെ കാത്തിരിക്കുന്നത്‌. ശോഭനമായ ഒരു കാലം കൺമുമ്പിലാണ്‌. നിങ്ങൾ അവിടെയുണ്ടായിരിക്കുമോ?

[7-ാം പേജിലെ ആകർഷക വാക്യം]

ഈ ലോകം ഇങ്ങനെയൊക്കെത്തന്നെ മുമ്പോട്ടുപോകും എന്നു പറയുന്നവർക്ക്‌ തെറ്റിപ്പോയി

[8-ാം പേജിലെ ചിത്രം]

നിങ്ങൾ അവിടെയുണ്ടായിരിക്കുമോ?