വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പദ്ധതികൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിലാണോ?

നിങ്ങളുടെ പദ്ധതികൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിലാണോ?

 നിങ്ങളുടെ പദ്ധതികൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിലാണോ?

വടക്കേ അമേരിക്കയുടെ പടിഞ്ഞാറുള്ള വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ്‌ ക്ലാർക്‌സ്‌ നട്ട്‌ക്രാക്കർ. ചാരനിറമുള്ള ഈ ഗാനഗന്ധർവൻ ഓരോ വർഷവും 33,000-ത്തോളം കായ്‌കൾ ശേഖരിച്ച്‌ 2,500 ഇടങ്ങളിലായി പൂഴ്‌ത്തിവെക്കുന്നു. ശൈത്യകാലത്തേക്കുവേണ്ടിയാണ്‌ അത്‌ ഇങ്ങനെ ചെയ്യുന്നത്‌. ഭാവിക്കായി കരുതുന്നതിൽ സഹജജ്ഞാനം പ്രകടമാക്കുന്ന ഒരു ജീവിയാണിത്‌.—സദൃശവാക്യങ്ങൾ 30:24.

ഇതിലും അത്ഭുതകരമായതും യഹോവയുടെ മറ്റു ഭൗമിക സൃഷ്ടികൾക്കില്ലാത്തതുമായ ഒരു പ്രാപ്‌തി മനുഷ്യനുണ്ട്‌. കഴിഞ്ഞകാല അനുഭവങ്ങളിൽനിന്നു പഠിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ആസൂത്രണങ്ങൾ ചെയ്യാനും അവൻ പ്രാപ്‌തനാണ്‌. “മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്‌” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറഞ്ഞു.—സദൃശവാക്യങ്ങൾ 19:21.

അനുഭവത്തിൽനിന്നു പഠിക്കാനുള്ള പ്രാപ്‌തി മനുഷ്യനുണ്ടെങ്കിലും ഭാവിയെക്കുറിച്ചുള്ള അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാനേ പലപ്പോഴും അവനു കഴിയുന്നുള്ളൂ. ഉദാഹരണത്തിന്‌, എന്നത്തെയുംപോലെ സൂര്യൻ ഉദിക്കുമെന്നും നിങ്ങൾ ജീവനോടെ ഉണ്ടായിരിക്കുമെന്നും കരുതിക്കൊണ്ടാണ്‌ നാളത്തെ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്‌. ആദ്യത്തേത്‌ ഉറപ്പുള്ള കാര്യമാണെങ്കിലും രണ്ടാമത്തേത്‌ അങ്ങനെയല്ല. ആ വസ്‌തുത ശരിവെക്കുന്നതാണ്‌ ബൈബിളെഴുത്തുകാരനായ യാക്കോബിന്റെ വാക്കുകൾ: “നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ.”—യാക്കോബ്‌ 4:13, 14, പി.ഒ.സി. ബൈബിൾ.

പക്ഷേ യഹോവയാം ദൈവത്തിന്‌ അത്തരം പരിമിതികളില്ല. “ആരംഭത്തിങ്കൽ തന്നേ അവസാനവും” അവന്‌ അറിയാം. യഹോവയുടെ ഉദ്ദേശ്യം നിശ്ചയമായും നിറവേറും. “എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്‌പര്യമൊക്കെയും അനുഷ്‌ഠിക്കും” എന്ന്‌ അവൻ പ്രഖ്യാപിക്കുന്നു. (യെശയ്യാവു 46:10) എന്നാൽ മനുഷ്യന്റെ ആസൂത്രണങ്ങൾ ദൈവോദ്ദേശ്യത്തിനു വിരുദ്ധമായിവരുന്നെങ്കിലോ?

ദൈവോദ്ദേശ്യം കണക്കിലെടുക്കാതിരിക്കുമ്പോൾ

മനുഷ്യർ എല്ലായിടത്തുമായി ചിതറിപ്പോകരുതെന്നായിരുന്നു ഏതാണ്ട്‌ 4,000 വർഷംമുമ്പ്‌, ബാബേൽഗോപുരം പണിതവരുടെ മനസ്സിലുണ്ടായിരുന്നത്‌. ‘വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കാം,’ അവർ പറഞ്ഞു.—ഉല്‌പത്തി 11:4.

 ഭൂമിയെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം പക്ഷേ മറ്റൊന്നായിരുന്നു. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ” എന്നു നോഹയോടും പുത്രന്മാരോടും അവൻ കൽപ്പിച്ചിരുന്നു. (ഉല്‌പത്തി 9:1) ബാബേലിലെ ആ മത്സരികളുടെ സംരംഭത്തെ യഹോവ എങ്ങനെയാണ്‌ തകിടംമറിച്ചത്‌? അന്യോന്യം പറയുന്നത്‌ എന്താണെന്നു മനസ്സിലാകാതിരിക്കാൻ ദൈവം അവരുടെ ഭാഷ കലക്കിക്കളഞ്ഞു. ഫലമോ? “അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു.” (ഉല്‌പത്തി 11:5-8) ശക്തമായൊരു പാഠം പഠിക്കാൻ അവർ നിർബന്ധിതരായി. മനുഷ്യന്റെ പദ്ധതികളും ദൈവോദ്ദേശ്യവും വിഭിന്നങ്ങളാകുമ്പോൾ ‘യഹോവയുടെ ആലോചനയായിരിക്കും നിവൃത്തിയാകുക.’ (സദൃശവാക്യങ്ങൾ 19:21) ഇതുപോലുള്ള ഭൂതകാലാനുഭവങ്ങളിൽനിന്നു പഠിക്കാൻ നിങ്ങൾ ഒരുക്കമാണോ?

മൂഢനായ ഒരു ധനാഢ്യൻ

ഒരു ഗോപുരം പണിയാൻ നിങ്ങൾ ഉദ്ദേശിക്കുന്നില്ലായിരിക്കാം. എന്നാൽ ജോലിയിൽനിന്നു വിരമിച്ചശേഷം സുഖജീവിതം നയിക്കാനായി നല്ലൊരു ബാങ്ക്‌ ബാലൻസ്‌ ഉണ്ടാക്കിയെടുക്കാനും സ്വത്തുക്കൾ വാരിക്കൂട്ടാനും പണിപ്പെടുകയാണ്‌ അനേകരും. സ്വന്തം അധ്വാനഫലം അനുഭവിക്കുക എന്നത്‌ ഏതൊരാളുടെയും സ്വാഭാവിക ആഗ്രഹമാണ്‌. “ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു,” ശലോമോൻ എഴുതി.—സഭാപ്രസംഗി 3:13.

ഈ ദാനം എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നാം യഹോവയോട്‌ കണക്കുബോധിപ്പിക്കേണ്ടതുണ്ട്‌. ഇക്കാര്യം തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ 2,000-ത്തോളം വർഷംമുമ്പ്‌ യേശു ഒരു ഉപമ പറഞ്ഞു: “ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്‌തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്‌തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.” (ലൂക്കൊസ്‌ 12:16-19) പ്രത്യക്ഷത്തിൽ ഈ ധനവാന്റെ ചിന്തയ്‌ക്ക്‌ അപാകതയൊന്നുമില്ല, ഉണ്ടോ? മുമ്പു പരാമർശിച്ച പക്ഷിയെപ്പോലെ ഈ ഉപമയിലെ മനുഷ്യനും ഭാവിക്കായി കരുതുകയാണെന്നു തോന്നിയേക്കാം.

അയാളുടെ ചിന്താഗതി പക്ഷേ വികലമായിരുന്നു. യേശു തുടർന്നുപറഞ്ഞു: “ദൈവമോ അവനോടു: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.” (ലൂക്കൊസ്‌ 12:19, 20) അധ്വാനവും അതിന്റെ സത്‌ഫലങ്ങളും ദൈവത്തിൽനിന്നുള്ള ദാനമാണെന്ന ശലോമോന്റെ പ്രസ്‌താവനയെ യേശു ഖണ്ഡിക്കുകയായിരുന്നോ? അല്ല. യേശു പറഞ്ഞതിന്റെ പൊരുൾ എന്താണ്‌? “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു,” അവൻ പറഞ്ഞു.—ലൂക്കൊസ്‌ 12:21.

കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ യഹോവയെ കണക്കിലെടുക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്നു തന്റെ ശ്രോതാക്കളെ പഠിപ്പിക്കുകയായിരുന്നു യേശു. ദൈവികഭക്തിയിലും ജ്ഞാനത്തിലും സ്‌നേഹത്തിലും  വളർന്നുവരാൻ ശ്രമിച്ചുകൊണ്ട്‌ ദൈവമുമ്പാകെ സമ്പന്നനാകാൻ ആ ധനികനു കഴിയുമായിരുന്നു. അത്തരം കാര്യങ്ങൾക്കോ, ദരിദ്രർക്കു ശേഖരിക്കാനായി തന്റെ വിളകളിൽ കുറെ അവശേഷിപ്പിക്കാനോ, യഹോവയ്‌ക്ക്‌ വഴിപാടുകൾ അർപ്പിക്കാനോ താത്‌പര്യമുള്ളതിന്റെ ഒരു സൂചനപോലും അയാളുടെ വാക്കുകളിലില്ല. അത്തരം ആത്മീയ ലക്ഷ്യങ്ങൾക്കും ദയാപ്രവൃത്തികൾക്കും ആ മനുഷ്യന്റെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലായിരുന്നു. സ്വന്തം മോഹങ്ങൾ തൃപ്‌തിപ്പെടുത്തിക്കൊണ്ട്‌ സുഖജീവിതം നയിക്കുക—അതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.

യേശുവിന്റെ ഉപമയിലെ ധനികന്റേതിനു സമാനമായ ലക്ഷ്യങ്ങളുള്ള അനേകർ ഇന്നുണ്ടെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ധനികരോ ദരിദ്രരോ ആയാലും, ആത്മീയ കാര്യങ്ങളെ അവഗണിക്കുകയും ദൈനംദിന ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻതൂക്കം നൽകുകയും ചെയ്‌തുകൊണ്ട്‌ നാം ഭൗതികത്വ ചിന്താഗതിയിലേക്കു വളരെ എളുപ്പം വീണുപോയേക്കാം. നമുക്കെങ്ങനെ ഈ കെണി ഒഴിവാക്കാം?

ഒരു “സാധാരണ” ജീവിതം

യേശുവിന്റെ ഉപമയിലെ ധനികനിൽനിന്നു വ്യത്യസ്‌തമായി, ജീവിക്കാൻ പാടുപെടുന്ന വ്യക്തിയായിരിക്കാം നിങ്ങൾ. എങ്കിലും നിങ്ങളൊരു വിവാഹിതനാണെങ്കിൽ, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുകയും സാധ്യമെങ്കിൽ മക്കൾക്ക്‌ നല്ല അടിസ്ഥാന വിദ്യാഭ്യാസം നൽകുകയും ചെയ്യുക എന്നതു തീർച്ചയായും നിങ്ങളുടെ ലക്ഷ്യമായിരിക്കും. ഇനി, നിങ്ങൾ ഏകാകിയാണെങ്കിൽ മറ്റുള്ളവർക്കു ഭാരമായിത്തീരാതിരിക്കേണ്ടതിന്‌ ഒരു ജോലി കണ്ടെത്തുകയോ ഉള്ള ജോലി കളയാതെ നോക്കുകയോ ചെയ്യുക എന്നതായിരിക്കും നിങ്ങളുടെ ചിന്ത. അതൊന്നും തെറ്റായ കാര്യങ്ങളല്ല.—2 തെസ്സലൊനീക്യർ 3:10-12; 1 തിമൊഥെയൊസ്‌ 5:8.

അപ്പോൾപ്പോലും, തൊഴിൽ ചെയ്യുന്നതും തിന്നുന്നതും കുടിക്കുന്നതുമെല്ലാം—ഒരു സാധാരണ ജീവിതത്തിന്റെ ഭാഗമായി കരുതപ്പെടുന്ന കാര്യങ്ങൾ—ദൈവേഷ്ടത്തിനു നിരക്കാത്ത ജീവിതം നയിക്കുന്നതിലേക്ക്‌ ഒരു വ്യക്തിയെ തള്ളിവിട്ടേക്കാം. എങ്ങനെ? യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:37-39.

ജലപ്രളയത്തിനുമുമ്പുള്ള കാലത്ത്‌ സാധാരണമെന്നു കരുതപ്പെട്ട ഒരു ജീവിതത്തിൽ മുഴുകിയിരിക്കുകയായിരുന്നു മിക്കവരും. ഒരു പ്രളയത്താൽ ദുഷ്ടമനുഷ്യരെ നശിപ്പിക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഗൗനിച്ചില്ല എന്നതായിരുന്നു അവരുടെ തെറ്റ്‌. നോഹയുടെ ജീവിതം വിചിത്രമാണെന്ന്‌ നിശ്ചയമായും അവർ കരുതിയിരിക്കണം. എന്നാൽ ജലപ്രളയം വന്നപ്പോൾ, നോഹയുടെയും കുടുംബത്തിന്റെയും ജീവിതഗതിയായിരുന്നു ഉചിതമെന്നു സംശയാതീതമായി തെളിഞ്ഞു.

നാം ഇന്ന്‌ അന്ത്യകാലത്താണ്‌ ജീവിക്കുന്നതെന്ന്‌ ലഭ്യമായ എല്ലാ തെളിവുകളും വ്യക്തമാക്കുന്നു. (മത്തായി 24:3-12; 2 തിമൊഥെയൊസ്‌ 3:1-5) പെട്ടെന്നുതന്നെ ദൈവരാജ്യം ഈ വ്യവസ്ഥിതിയെ ‘തകർത്തു നശിപ്പിക്കും.’ (ദാനീയേൽ 2:44) ആ രാജ്യം ഭൂമിയെ ഒരു പറുദീസയാക്കുകയും ഭൂമുഖത്തുനിന്ന്‌ രോഗവും മരണവും തുടച്ചുനീക്കുകയും ചെയ്യും. (യെശയ്യാവു 33:24; വെളിപ്പാടു 21:3-5) സകല ജീവജാലങ്ങളും ഒരുമയോടെ പാർക്കും, ഭക്ഷ്യവസ്‌തുക്കൾ എങ്ങും സുലഭമായിരിക്കും.—സങ്കീർത്തനം 72:16; യെശയ്യാവു 11:6-9.

ഈ ദുഷ്ടലോകത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനുമുമ്പ്‌, തന്റെ രാജ്യത്തിന്റെ സുവിശേഷം “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്ക”പ്പെടണമെന്നത്‌ യഹോവയുടെ ഉദ്ദേശ്യമാണ്‌. (മത്തായി 24:14) ആ ഉദ്ദേശ്യത്തിനു ചേർച്ചയിൽ 70 ലക്ഷംവരുന്ന യഹോവയുടെ സാക്ഷികൾ 400-ലധികം ഭാഷകളിലായി 236 ദേശങ്ങളിൽ ഈ സുവാർത്ത ഘോഷിക്കുന്നു.

യഹോവയുടെ സാക്ഷികളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ ലോകത്തിന്റെ കണ്ണിൽ വിചിത്രവും പരിഹാസ്യവുമായി തോന്നിയേക്കാം. (2 പത്രൊസ്‌ 3:3, 4) പ്രളയത്തിനുമുമ്പു ജീവിച്ചിരുന്നവരെപ്പോലെ ഇന്നുള്ള മിക്കവരും ജീവിതവ്യാപാരങ്ങളിൽ ആമഗ്നരായിരിക്കുകയാണ്‌. സാധാരണമെന്ന്‌ സമൂഹം കരുതുന്നതിൽനിന്നു വിഭിന്നമായി ജീവിക്കുന്നവരെ യാഥാർഥ്യബോധമില്ലാത്തവരെന്ന്‌ അവർ മുദ്രകുത്തിയേക്കാം. എന്നാൽ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരുടെ വീക്ഷണത്തിൽ, ദൈവസേവനത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതമാണ്‌ ശരിക്കും യാഥാർഥ്യബോധത്തോടുകൂടിയത്‌.

അതുകൊണ്ട്‌ നിങ്ങൾ സമ്പന്നനോ ദരിദ്രനോ സാധാരണക്കാരനോ ആയാലും, നാളേക്കായുള്ള നിങ്ങളുടെ ആസൂത്രണങ്ങൾ ഇടയ്‌ക്കിടെ പുനഃപരിശോധിക്കുന്നത്‌ ബുദ്ധിയായിരിക്കും. അങ്ങനെ ചെയ്യവെ, ‘എന്റെ പദ്ധതികൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിലാണോ?’ എന്ന്‌ നിങ്ങളോടുതന്നെ ചോദിക്കുക.

[9-ാം പേജിലെ ചിത്രം]

മനുഷ്യന്റെ പദ്ധതികളും ദൈവോദ്ദേശ്യവും വിഭിന്നങ്ങളാകുമ്പോൾ യഹോവയുടെ ആലോചനയായിരിക്കും നിവൃത്തിയാകുക

[10-ാം പേജിലെ ചിത്രം]

യേശുവിന്റെ ഉപമയിലെ ധനികൻ ദൈവോദ്ദേശ്യത്തിനു ചേർച്ചയിലല്ല കാര്യങ്ങൾ ആസൂത്രണംചെയ്‌തത്‌