വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്ദി കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നന്ദി കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

 നന്ദി കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“പ്രിയപ്പെട്ട റെയ്‌ച്ചൽ,

എനിക്കു നൽകിയ പ്രോത്സാഹനത്തിനു ഹൃദയംനിറഞ്ഞ നന്ദി. നിന്റെ നല്ല ഇടപെടലും ദയയോടെയുള്ള സംസാരവും എന്നെ എത്രമാത്രം സഹായിച്ചുവെന്നത്‌ നീ ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.”—ജനിഫർ.

നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു കത്ത്‌ അപ്രതീക്ഷിതമായി ആരിൽനിന്നെങ്കിലും നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു തീർച്ചയായും നിങ്ങളെ വളരെ സന്തോഷിപ്പിച്ചിരിക്കണം. അംഗീകാരവും അഭിനന്ദനവും ലഭിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്‌!—മത്തായി 25:19-23.

നന്ദിപ്രകടനങ്ങൾ, അതു നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്കിടയിലെ സ്‌നേഹബന്ധം അരക്കിട്ടുറപ്പിക്കും. തന്നെയല്ല, ആ വിധത്തിൽ വിലമതിപ്പു പ്രകടിപ്പിക്കുന്ന ഒരു വ്യക്തി യേശുക്രിസ്‌തുവിന്റെ മാതൃക അനുകരിക്കുകയാണ്‌ ചെയ്യുന്നത്‌; മറ്റുള്ളവരുടെ സത്‌പ്രവൃത്തികളെ അവൻ എല്ലായ്‌പോഴും വിലമതിച്ചിരുന്നു.—മർക്കൊസ്‌ 14:3-9; ലൂക്കൊസ്‌ 21:1-4.

സങ്കടകരമെന്നു പറയട്ടെ, വാക്കിലൂടെയോ എഴുത്തിലൂടെയോ നന്ദി അറിയിക്കാൻ പലരും ഇന്നു മിനക്കെടാറില്ല. “അന്ത്യകാലത്ത്‌” മനുഷ്യർ ‘നന്ദികെട്ടവരാ’യിരിക്കുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 3:1, 2) ശ്രദ്ധയുള്ളവരല്ലെങ്കിൽ ഇന്നു വ്യാപകമായിരിക്കുന്ന നന്ദികേടിന്റെ ആത്മാവ്‌, നമ്മിൽ നാമ്പെടുത്തേക്കാവുന്ന കൃതജ്ഞതയുടെ വികാരങ്ങളെ ഞെരുക്കിക്കളഞ്ഞേക്കാം.

വിലമതിപ്പു കാണിക്കാൻ മക്കളെ സഹായിക്കുന്നതിന്‌ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും? ആരോടെല്ലാമാണ്‌ നാം നന്ദി കാണിക്കേണ്ടത്‌? നമുക്കു ചുറ്റുമുള്ളവർ നന്ദിയില്ലാത്തവരാണെങ്കിലും നാം അങ്ങനെ ആയിരിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

കുടുംബത്തിൽ

മക്കൾക്കുവേണ്ടി മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നു. അതൊന്നും പക്ഷേ മക്കൾ വിലമതിക്കുന്നില്ലെന്നു ചിലപ്പോഴൊക്കെ അവർക്കു തോന്നിയേക്കാം. ഈ സാഹചര്യത്തിൽ എന്തു ചെയ്യാനാകും? മൂന്നു കാര്യങ്ങൾ അനിവാര്യമാണ്‌.

(1) മാതൃക. കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഒരു ഉത്തമ മാർഗമാണ്‌ മാതാപിതാക്കളുടെ നല്ല മാതൃക. കഠിനാധ്വാനിയായ ഒരു പുരാതന ഇസ്രായേല്യ മാതാവിനെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്‌ത്തുന്നു.” കൃതജ്ഞത കാണിക്കാൻ ഈ കുട്ടികൾ പഠിച്ചത്‌ എവിടെനിന്നാണ്‌? ആ വാക്യത്തിന്റെ ശേഷംഭാഗം സൂചന നൽകുന്നു: ‘അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നു.’ (സദൃശവാക്യങ്ങൾ 31:28) പരസ്‌പരം വിലമതിപ്പു പ്രകടമാക്കുകവഴി, അത്തരം നന്ദിപ്രകടനങ്ങൾ പക്വതയുടെ ലക്ഷണമാണെന്ന്‌ മാതാപിതാക്കൾക്ക്‌ മക്കളെ പഠിപ്പിക്കാനാകും. സ്വീകർത്താവിന്‌ അതു സന്തോഷം പകരുകയും കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അതിലൂടെ അവർ മനസ്സിലാക്കും.

ഒരു പിതാവായ സ്റ്റീഫൻ പറയുന്നു: “ഭക്ഷണമുണ്ടാക്കിത്തരുമ്പോഴെല്ലാം ഭാര്യയോടു നന്ദിപറഞ്ഞുകൊണ്ട്‌ മക്കൾക്കു നല്ല മാതൃകവെക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌.” എന്തായിരുന്നു ഫലം? “എന്റെ രണ്ടു പെൺമക്കളും അതു ശ്രദ്ധിച്ചിരുന്നു; നന്ദികാണിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അതവരെ സഹായിച്ചു,” അദ്ദേഹം പറയുന്നു. നിസ്സാരമെന്നു തോന്നിയേക്കാവുന്ന വീട്ടുജോലികൾക്കായിപ്പോലും വിവാഹപങ്കാളിയോടു നന്ദിപറയാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പറയുന്ന കാര്യങ്ങൾ അനുസരണയോടെ ചെയ്യുമ്പോൾ മക്കളോടു നിങ്ങൾ നന്ദിപറയാറുണ്ടോ?

(2) പരിശീലനം. കൃതജ്ഞതയുടെ വികാരങ്ങൾ പൂച്ചെടിയെപ്പോലെയാണ്‌. നന്നായി പുഷ്‌പിക്കാൻ  അതു നന്നായി പരിപാലിക്കേണ്ടതുണ്ട്‌. വിലമതിപ്പു വളർത്താനും നന്ദി പ്രകാശിപ്പിക്കാനും മാതാപിതാക്കൾക്ക്‌ മക്കളെ എങ്ങനെ സഹായിക്കാം? ഒരു മുഖ്യ സംഗതിയിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ ശലോമോൻ രാജാവ്‌ ഇങ്ങനെയെഴുതി: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.”—സദൃശവാക്യങ്ങൾ 15:28.

എന്തെങ്കിലും സമ്മാനം ലഭിക്കുമ്പോൾ, അതു നൽകുന്നവരുടെ ഉദാരമനസ്‌കതയെയും പരിശ്രമത്തെയും കുറിച്ചു ചിന്തിക്കുന്നതിന്‌ മക്കളെ പരിശീലിപ്പിക്കാൻ മാതാപിതാക്കളായ നിങ്ങൾക്കു കഴിയുമോ? അത്തരം വിചാരമുണ്ടായിരിക്കുന്നത്‌ വിലമതിപ്പാകുന്ന പൂച്ചെടിക്കു വളരാൻപറ്റിയ സാഹചര്യമൊരുക്കും. മൂന്നു കുട്ടികളുടെ അമ്മയായ മരിയ പറയുന്നു: “ആരെങ്കിലും ഒരു സമ്മാനം നൽകുമ്പോൾ, അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നു കുട്ടികളോടൊപ്പമിരുന്നു പറഞ്ഞുകൊടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു—സമ്മാനം നൽകിയ ആൾക്ക്‌ അവരെക്കുറിച്ച്‌ എത്ര ചിന്തയുണ്ടായിരുന്നു, അവരെ എന്തുമാത്രം സ്‌നേഹിച്ചിരുന്നു എന്നെല്ലാം. അതു നിഷ്‌ഫലമായില്ല.” വിലമതിപ്പു കാണിക്കുമ്പോൾ എന്തു പറയണം എന്നുമാത്രമല്ല എന്തുകൊണ്ട്‌ അങ്ങനെ പറയണം എന്നും മനസ്സിലാക്കാൻ അത്തരം സംഭാഷണം മക്കളെ സഹായിക്കും.

ലഭിക്കുന്ന നല്ല കാര്യങ്ങളെല്ലാം ഏതോ വിധത്തിൽ തങ്ങൾക്ക്‌ അർഹതപ്പെട്ടതാണെന്ന ചിന്ത ഒഴിവാക്കാൻ ജ്ഞാനമുള്ള മാതാപിതാക്കൾ മക്കളെ സഹായിക്കും. * ദാസന്മാരോട്‌ ഇടപെടുന്നതു സംബന്ധിച്ച്‌ സദൃശവാക്യങ്ങൾ 29:21-ലുള്ള മുന്നറിയിപ്പ്‌ കുട്ടികളുടെ കാര്യത്തിലും ബാധകമാണ്‌: “ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.”

വിലമതിപ്പു കാണിക്കാൻ കൊച്ചുകുട്ടികളെപ്പോലും എങ്ങനെ സഹായിക്കാം? മൂന്നു മക്കളുടെ അമ്മയായ ലിൻഡ പറയുന്നു: “നന്ദി പ്രകാശിപ്പിക്കാനായി ഞങ്ങൾ തയ്യാറാക്കുന്ന കാർഡുകളിൽ ചിത്രം വരയ്‌ക്കാനോ പേരെഴുതി ഒപ്പിടാനോ ഞാനും ഭർത്താവും മക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു.” അവരുടെ ചിത്രങ്ങളോ കയ്യക്ഷരമോ ഒന്നും അത്ര ഭംഗിയുള്ളതായിരുന്നില്ലെങ്കിലും അതിലൂടെ അവർ പഠിച്ച പാഠം വലുതായിരുന്നു.

(3) സ്ഥിരോത്സാഹം. ജന്മനാ മനുഷ്യർക്കുള്ള ഒരു പ്രവണതയാണ്‌ സ്വാർഥത. ഇത്‌ നന്ദി പ്രകടിപ്പിക്കുന്നതിന്‌ തടസ്സമായേക്കാം. (ഉല്‌പത്തി 8:21; മത്തായി 15:19) എങ്കിലും ദൈവത്തിന്റെ ദാസന്മാരോടായി ബൈബിൾ പറയുന്നു: “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.”—എഫെസ്യർ 4:23, 24.

‘പുതുമനുഷ്യനെ ധരിക്കാൻ’ മക്കളെ പഠിപ്പിക്കുന്നത്‌ പറയുന്നത്ര എളുപ്പമല്ലെന്ന്‌ അനുഭവസ്ഥരായ മാതാപിതാക്കൾക്കറിയാം. മുമ്പു പരാമർശിച്ച സ്റ്റീഫൻ പറയുന്നു: “ഓർമിപ്പിക്കൽ കൂടാതെതന്നെ നന്ദി പറയാൻ ഞങ്ങളുടെ പെൺമക്കളെ പഠിപ്പിക്കാൻ ഉടനെയെങ്ങും കഴിയില്ലെന്ന്‌ ഞങ്ങൾക്കു തോന്നി!” എന്നാൽ സ്റ്റീഫനും ഭാര്യയും ശ്രമം ഉപേക്ഷിച്ചില്ല. “ഏറെക്കാലത്തെ പരിശ്രമത്തിലൂടെ മക്കൾ ആ പാഠം പഠിച്ചു. ഇപ്പോൾ അവർ മറ്റുള്ളവരോടു നന്ദി പ്രകടിപ്പിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക്‌ അഭിമാനം തോന്നുന്നു,” സ്റ്റീഫൻ പറയുന്നു.

കൂട്ടുകാരുടെയും അയൽക്കാരുടെയും കാര്യമോ?

നന്ദി പറയാതിരുന്നാൽ നാം നന്ദിയില്ലാത്തവരാണെന്ന്‌ അവശ്യം അർഥമില്ല, മറവിയായിരിക്കാം അതിനു കാരണം. വിലമതിപ്പു തോന്നുന്നതോടൊപ്പം അതു പ്രകടിപ്പിക്കുന്നതും അത്രയ്‌ക്കു പ്രധാനമാണോ? യേശുവും ഏതാനും കുഷ്‌ഠരോഗികളും ഉൾപ്പെട്ട ഒരു സംഭവം നോക്കുക.

യെരൂശലേമിലേക്കു യാത്രചെയ്യവെ യേശു പത്തു കുഷ്‌ഠരോഗികളെ കണ്ടുമുട്ടി. അതു സംബന്ധിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു [അവർ] ഉറക്കെ പറഞ്ഞു. അവൻ അവരെ കണ്ടിട്ടു: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നേ അവർ ശുദ്ധരായ്‌തീർന്നു. അവരിൽ ഒരുത്തൻ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്‌ക്കൽ കവിണ്ണുവീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു.”—ലൂക്കൊസ്‌ 17:11-16.

ശേഷം കുഷ്‌ഠരോഗികളുടെ നന്ദികേടിനെ യേശു നിസ്സാരമായി തള്ളിക്കളഞ്ഞോ? വിവരണം തുടരുന്നു: ‘പത്തുപേർ ശുദ്ധരായ്‌തീർന്നില്ലയോ? ഒമ്പതുപേർ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്ന്‌ യേശു പറഞ്ഞു.’—ലൂക്കൊസ്‌ 17:17, 18.

ആ ഒൻപതു പേർ ദുഷ്ടരല്ലായിരുന്നു. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും യെരൂശലേമിൽച്ചെന്ന്‌  പുരോഹിതന്മാരെ കാണാനുള്ള അവന്റെ നിർദേശം മനസ്സോടെ അനുസരിക്കുകയും ചെയ്‌തവരാണവർ. നിസ്സംശയമായും യേശുവിന്റെ ദയാപ്രവൃത്തി അവരിൽ ആഴമായ മതിപ്പുളവാക്കിയെങ്കിലും അതു പ്രകടമാക്കുന്നതിൽ അവർ പരാജയപ്പെട്ടു. ആ പെരുമാറ്റം യേശുവിനെ നിരാശപ്പെടുത്തി. നമ്മുടെ കാര്യമോ? ആരെങ്കിലും നമുക്കൊരു ഉപകാരം ചെയ്‌താൽ ഉടൻതന്നെ നന്ദി പറയാനും ഉചിതമെങ്കിൽ ഒരു കാർഡ്‌ അയയ്‌ക്കാനും നാം ശ്രദ്ധിക്കാറുണ്ടോ?

“സ്‌നേഹം . . . അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:5) അതുകൊണ്ട്‌ ആത്മാർഥമായ നന്ദിപ്രകടനങ്ങൾ നല്ല പെരുമാറ്റത്തിന്റെ ലക്ഷണമാണെന്നു മാത്രമല്ല, സ്‌നേഹത്തിന്റെ തെളിവുകൂടിയാണ്‌. കുഷ്‌ഠരോഗികൾ ഉൾപ്പെട്ട സംഭവം പ്രകടമാക്കുന്നതുപോലെ ക്രിസ്‌തുവിനെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നവർ ദേശവും വർഗവും മതവും ഗണ്യമാക്കാതെ എല്ലാവരോടും അത്തരം സ്‌നേഹവും വിലമതിപ്പും കാണിക്കാൻ കടപ്പെട്ടവരാണ്‌.

നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്നെ സഹായിച്ച ഒരു അയൽക്കാരനോടോ സഹപ്രവർത്തകനോടോ സഹപാഠിയോടോ ആശുപത്രിജീവനക്കാരനോടോ കച്ചവടക്കാരനോടോ മറ്റാരോടെങ്കിലുമോ അവസാനമായി ഞാൻ നന്ദി പറഞ്ഞത്‌ എപ്പോഴാണ്‌?’ നന്ദി പറയുകയോ എഴുതിയറിയിക്കുകയോ ചെയ്യുന്ന ഓരോ സന്ദർഭവും കുറിച്ചിട്ടുകൊണ്ട്‌ ഒന്നോ രണ്ടോ ദിവസത്തെ ഒരു രേഖ തയ്യാറാക്കരുതോ? നന്ദി പറയുന്നതിൽ പുരോഗമിക്കേണ്ട വശങ്ങൾ കാണാൻ അതു നിങ്ങളെ സഹായിക്കും.

നമ്മുടെ നന്ദി ഏറ്റവുമധികം അർഹിക്കുന്നത്‌ യഹോവയാം ദൈവമാണ്‌. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നത്‌ അവനാണ്‌. (യാക്കോബ്‌ 1:17) നിങ്ങൾക്കായി പ്രത്യേകം ചെയ്‌തുതന്ന കാര്യങ്ങളെപ്രതി അവസാനമായി നിങ്ങൾ അവനോട്‌ ആത്മാർഥമായി നന്ദിപറഞ്ഞത്‌ എപ്പോഴാണ്‌?—1 തെസ്സലൊനീക്യർ 5:17, 18.

നന്ദികെട്ട ഒരു ലോകത്ത്‌ നന്ദിയുള്ളവർ

നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക്‌ മറ്റുള്ളവർ നന്ദി പറഞ്ഞെന്നുവരില്ല. എങ്കിലും നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? ഒരു കാരണം നോക്കാം.

നന്ദി കാണിക്കാത്തവർക്കുപോലും നന്മ ചെയ്യുമ്പോൾ, ഉദാരമതിയും സ്രഷ്ടാവുമായ യഹോവയാം ദൈവത്തെ നാം അനുകരിക്കുകയാണു ചെയ്യുന്നത്‌. യഹോവയുടെ സ്‌നേഹത്തെ അനേകരും വിലമതിക്കുന്നില്ല എന്ന സത്യം നന്മ ചെയ്യുന്നതിൽനിന്ന്‌ അവനെ തടയുന്നില്ല. (റോമർ 5:8; 1 യോഹന്നാൻ 4:9, 10) “അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു.” നന്ദികെട്ട ഒരു ലോകത്താണു ജീവിക്കുന്നതെങ്കിലും വിലമതിപ്പുള്ളവരായിരുന്നുകൊണ്ട്‌, ‘സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന്റെ പുത്രന്മാരാണ്‌’ നാമെന്നു നമുക്കു തെളിയിക്കാം.—മത്തായി 5:45.

[അടിക്കുറിപ്പ്‌]

^ ഖ. 14 പല മാതാപിതാക്കളും, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വായിക്കുകയും മക്കളുമൊത്തു ചർച്ചചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. “നന്ദി പറയാൻ നിങ്ങൾ ഓർക്കാറുണ്ടോ?” എന്നതാണ്‌ 18-ാം അധ്യായത്തിന്റെ തലക്കെട്ട്‌.

[23-ാം പേജിലെ ആകർഷക വാക്യം]

നന്ദി പറയുന്ന ഓരോ സന്ദർഭവും കുറിച്ചിട്ടുകൊണ്ട്‌ ഒന്നോ രണ്ടോ ദിവസത്തെ ഒരു രേഖ തയ്യാറാക്കുക

[23-ാം പേജിലെ ചിത്രം]

നന്ദി പ്രകടിപ്പിക്കുന്ന കാര്യത്തിൽ മക്കൾക്കു മാതൃക വെക്കുക

[23-ാം പേജിലെ ചിത്രം]

വിലമതിപ്പു കാണിക്കാൻ കൊച്ചുകുട്ടികളെപ്പോലും പരിശീലിപ്പിക്കാനാകും