വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാൻ’ എന്തിനെങ്കിലുമാകുമോ?

‘ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാൻ’ എന്തിനെങ്കിലുമാകുമോ?

 ദൈവത്തോട്‌ അടുത്തുചെല്ലുക

‘ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാൻ’ എന്തിനെങ്കിലുമാകുമോ?

റോമർ 8:38, 39

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? കുടുംബാംഗങ്ങളും സുഹൃത്തുക്കളും നമ്മെ സ്‌നേഹിക്കുമ്പോൾ എന്തൊരു സന്തോഷവും സംതൃപ്‌തിയുമാണ്‌ നമുക്ക്‌ അനുഭവപ്പെടുന്നത്‌! മനുഷ്യബന്ധങ്ങൾ പലപ്പോഴും ഒരു പളുങ്കുപാത്രംപോലെയാണ്‌; എപ്പോൾവേണമെങ്കിലും അതു പൊട്ടിത്തകരാം. പ്രിയപ്പെട്ടവർ നമ്മെ വ്രണപ്പെടുത്തിയേക്കാം, തള്ളിപ്പറഞ്ഞേക്കാം, ഉപേക്ഷിക്കുകപോലും ചെയ്‌തേക്കാം. എങ്കിലും, നിലയ്‌ക്കാത്ത സ്‌നേഹവുമായി എന്നും നമ്മോടൊപ്പം നിൽക്കുന്ന ഒരുവനുണ്ട്‌. തന്റെ ആരാധകരോടുള്ള യഹോവയാം ദൈവത്തിന്റെ സ്‌നേഹത്തെ റോമർ 8:38, 39 അതിമനോഹരമായി വരച്ചുകാട്ടുന്നു.

യാതൊന്നിനും “ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. പൗലൊസ്‌ തന്നെമാത്രമല്ല, ദൈവത്തെ സവിശ്വസ്‌തം സേവിക്കുന്ന നമ്മെയെല്ലാം ഇതിൽ ഉൾപ്പെടുത്തുന്നു എന്നതു ശ്രദ്ധിക്കുക. നമ്മോടുള്ള യഹോവയുടെ സ്‌നേഹത്തെ തടുക്കാൻ കഴിയാത്ത പല കാര്യങ്ങളും പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ തന്റെ പ്രസ്‌താവനയ്‌ക്ക്‌ അടിവരയിടുന്നു.

“മരണത്തിന്നോ ജീവന്നോ.” തന്റെ ജനത്തോടുള്ള യഹോവയുടെ സ്‌നേഹം അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. ആ സ്‌നേഹത്തിന്റെ തെളിവെന്ന നിലയിൽ ദൈവം അവരെ തന്റെ ഓർമയിൽ സൂക്ഷിക്കുന്നു, നീതിവസിക്കുന്ന പുതിയ ഭൂമിയിൽ അവൻ അവരെ ജീവനിലേക്ക്‌ തിരികെ കൊണ്ടുവരുകയും ചെയ്യും. (യോഹന്നാൻ 5:28, 29; വെളിപ്പാടു 21:3-5) അതുപോലെ, തന്റെ വിശ്വസ്‌താരാധകർക്ക്‌ ഈ വ്യവസ്ഥിതിയിൽ എന്തൊക്കെ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നാലും അവരോടുള്ള ദൈവസ്‌നേഹത്തിന്‌ ഒരു കുറവും സംഭവിക്കില്ല.

“ദൂതന്മാർക്കോ വാഴ്‌ചകൾക്കോ.” പ്രബലരായ വ്യക്തികളാലും അധികാരവൃന്ദങ്ങളാലും മനുഷ്യൻ എളുപ്പം സ്വാധീനിക്കപ്പെട്ടേക്കാമെങ്കിലും യഹോവ അങ്ങനെയല്ല. തന്റെ ആരാധകരെ സ്‌നേഹിക്കുന്നതിൽനിന്ന്‌ ദൈവത്തെ പിന്തിരിപ്പിക്കാൻ സാത്താനെപ്പോലുള്ള ശക്തരായ ആത്മവ്യക്തികൾക്കുപോലും കഴിയില്ല. (വെളിപ്പാടു 12:10) സത്യക്രിസ്‌ത്യാനികളെ എതിർക്കുന്ന ഭരണകൂടങ്ങൾക്കും തന്റെ ദാസരെ സംബന്ധിച്ച അവന്റെ വീക്ഷണത്തിനു മാറ്റംവരുത്താനാവില്ല.—1 കൊരിന്ത്യർ 4:13.

“ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ.” കാലം ദൈവസ്‌നേഹത്തിനു മങ്ങലേൽപ്പിക്കുന്നില്ല. തന്റെ ദാസന്മാരെ സ്‌നേഹിക്കാതിരിക്കാൻ ദൈവത്തെ നിർബന്ധിതനാക്കുന്ന യാതൊന്നും ഇപ്പോഴോ ഭാവിയിലോ അവർക്കു സംഭവിക്കുകയില്ല.

“അധികാരങ്ങൾക്കോ.” സ്വർഗീയവും ഭൗമികവുമായ ശക്തികളെക്കുറിച്ച്‌—‘ദൂതന്മാരെയും’ ‘വാഴ്‌ചകളെയും’ കുറിച്ച്‌—പറഞ്ഞശേഷം പൗലൊസ്‌ ‘അധികാരങ്ങളെ’ പരാമർശിക്കുന്നു. ഇതിന്റെ മൂല ഗ്രീക്ക്‌ പദത്തിന്‌ വിശാലമായ ഒരർഥമുണ്ട്‌. കൃത്യമായ അർഥം എന്തുതന്നെയായാലും ഒന്നു നിശ്ചയം: യഹോവയുടെ സ്‌നേഹം അവന്റെ ജനത്തിനു ലഭിക്കുന്നതു തടയാൻ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള യാതൊരു ശക്തിക്കുമാവില്ല.

“ഉയരത്തിന്നോ ആഴത്തിന്നോ.” തന്റെ ജനത്തിന്റെ സാഹചര്യങ്ങൾ ഗണ്യമാക്കാതെ, ഉയർച്ചയിലും താഴ്‌ചയിലും യഹോവ അവരെ സ്‌നേഹിക്കുന്നു.

“മറ്റു യാതൊരു സൃഷ്ടിക്കോ.” സമസ്‌തവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വാക്കുകളോടെ, യാതൊന്നിനും യഹോവയുടെ വിശ്വസ്‌താരാധകരെ അവന്റെ സ്‌നേഹത്തിൽനിന്നു വേർപിരിക്കാനാവില്ലെന്നു പറയുകയാണ്‌ പൗലൊസ്‌.

മങ്ങിപ്പോകുകയോ അസ്‌തമിക്കുകയോ ചെയ്‌തേക്കാവുന്ന മനുഷ്യസ്‌നേഹംപോലെയല്ല ദൈവസ്‌നേഹം. വിശ്വാസത്തോടെ തന്നെ ആശ്രയിക്കുന്നവരോടുള്ള അവന്റെ സ്‌നേഹം അചഞ്ചലമാണ്‌, അനശ്വരമാണ്‌. ഈ അറിവ്‌, യഹോവയോട്‌ പൂർവാധികം അടുത്തുചെല്ലാനും അവനോടുള്ള സ്‌നേഹത്തിന്റെ തെളിവായി സാധ്യമായതെല്ലാം ചെയ്യാനും നമുക്കു പ്രചോദനമാകട്ടെ!