വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവനാമത്തിന്റെ ഉച്ചാരണം നിശ്ചയമില്ലാത്തസ്ഥിതിക്ക്‌ അത്‌ ഉപയോഗിക്കേണ്ടതുണ്ടോ?

ദൈവനാമത്തിന്റെ ഉച്ചാരണം നിശ്ചയമില്ലാത്തസ്ഥിതിക്ക്‌ അത്‌ ഉപയോഗിക്കേണ്ടതുണ്ടോ?

 വായനക്കാർ ചോദിക്കുന്നു

ദൈവനാമത്തിന്റെ ഉച്ചാരണം നിശ്ചയമില്ലാത്തസ്ഥിതിക്ക്‌ അത്‌ ഉപയോഗിക്കേണ്ടതുണ്ടോ?

പുരാതന ഹീബ്രൂഭാഷയിൽ ദൈവനാമം എങ്ങനെയാണ്‌ ഉച്ചരിച്ചിരുന്നതെന്ന്‌ ഇന്ന്‌ ആർക്കും കൃത്യമായി അറിയില്ല. എങ്കിലും ദൈവത്തിന്റെ വ്യക്തിപരമായ നാമം ബൈബിളിന്റെ മൂലഭാഷകളിൽ 7,000-ത്തോളം പ്രാവശ്യമുണ്ട്‌. ഭൂമിയിലായിരിക്കെ യേശു ദൈവനാമം ഉപയോഗിക്കുകയും ആ നാമത്തിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കാൻ ശിഷ്യന്മാരെ ഉദ്‌ബാധിപ്പിക്കുകയും ചെയ്‌തു. (മത്തായി 6:9; യോഹന്നാൻ 17:6) അതുകൊണ്ട്‌ ഒരു കാര്യം ഉറപ്പാണ്‌: ദൈവനാമത്തിന്റെ ഉപയോഗം ക്രിസ്‌തീയവിശ്വാസത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ്‌. ആ സ്ഥിതിക്ക്‌, ദിവ്യനാമത്തിന്റെ യഥാർഥ ഉച്ചാരണം ഇന്ന്‌ കൃത്യമായി അറിയില്ലാത്തത്‌ എന്തുകൊണ്ടാണ്‌? മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത്‌.

ദൈവനാമം ഉച്ചരിക്കുന്നത്‌ തെറ്റാണെന്ന അന്ധവിശ്വാസം ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ യഹൂദന്മാർക്കിടയിൽ കടന്നുവന്നു. ബൈബിൾ വായിക്കുന്ന ഒരാൾ ദിവ്യനാമം കാണുമ്പോഴെല്ലാം അതിനുപകരം “കർത്താവ്‌” എന്ന്‌ വായിക്കുമായിരുന്നു. അങ്ങനെ നൂറ്റാണ്ടുകളോളം ഉപയോഗിക്കപ്പെടാതിരുന്നതിനാൽ ആ നാമത്തിന്റെ ഉച്ചാരണം ആളുകളുടെ സ്‌മരണയിൽനിന്നു മാഞ്ഞുപോയി.

പുരാതന ഹീബ്രൂഭാഷ, ഇംഗ്ലീഷിലും മറ്റുമുള്ള ചുരുക്കെഴുത്തുകളെപ്പോലെ, സ്വരാക്ഷരങ്ങൾ കൂടാതെയാണ്‌ എഴുതിയിരുന്നത്‌ എന്നതാണ്‌ മറ്റൊരു കാരണം. അനുവാചകൻ ഓർമയിൽനിന്ന്‌ സ്വരാക്ഷരങ്ങൾ ചേർത്തുവായിക്കുകയായിരുന്നു. എന്നാൽ പിൽക്കാലത്ത്‌, ഹീബ്രൂവാക്കുകളുടെ ഉച്ചാരണം പാടേ മറന്നുപോകാതിരിക്കാൻ ഒരു സ്വരവ്യവസ്ഥ ആവിഷ്‌കരിക്കപ്പെട്ടു. അങ്ങനെ, ഹീബ്രൂബൈബിളിലെ ഓരോ പദത്തിനും ഉചിതമായ സ്ഥാനങ്ങളിൽ സ്വരസൂചകചിഹ്നങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ദൈവനാമത്തിന്റെ കാര്യത്തിൽ ഒരു ചിഹ്നവും ചേർക്കാതെയിരുന്നു, അല്ലെങ്കിൽ വായനക്കാരൻ “കർത്താവ്‌” എന്ന്‌ ഉച്ചരിക്കാൻ ഓർക്കേണ്ടതിന്‌ ആ വാക്കിന്റെ സ്വരചിഹ്നങ്ങൾ ചേർത്തു.

ഒടുവിൽ ദൈവനാമത്തിന്റെ സ്ഥാനത്ത്‌, ചതുരക്ഷരി എന്നു വിളിക്കപ്പെടുന്ന നാല്‌ വ്യഞ്‌ജനങ്ങൾ മാത്രമാണ്‌ അവശേഷിച്ചത്‌. “സാധാരണയായി YHWH എന്നോ JHVH എന്നോ ലിപ്യന്തരം ചെയ്യപ്പെടുന്നതും ദൈവത്തിന്റെ സംജ്ഞാനാമമായി ബൈബിൾ വരച്ചുകാട്ടുന്നതുമായ നാല്‌ എബ്രായ അക്ഷരങ്ങൾ” എന്നാണ്‌ ഒരു നിഘണ്ടു അതിനെ നിർവചിക്കുന്നത്‌. യഥാസ്ഥാനങ്ങളിൽ സ്വരാക്ഷരങ്ങൾ ചേർക്കുമ്പോൾ JHVH എന്ന അക്ഷരങ്ങൾ, ഇംഗ്ലീഷിലെ സുപരിചിതവും ജനസമ്മിതിയുള്ളതുമായ “ജെഹോവ” (Jehovah) എന്ന പദമായിത്തീരുന്നുവെന്നത്‌ എളുപ്പം മനസ്സിലാക്കാം.

ചില പണ്ഡിതർക്ക്‌ പക്ഷേ യാഹ്‌വെ (Yahweh) എന്ന ഉച്ചാരണത്തോടാണു പ്രിയം. അത്‌ യഥാർഥ ഉച്ചാരണത്തോടു കൂടുതൽ അടുത്തുവരുന്നുണ്ടോ? അത്‌ ആർക്കും തറപ്പിച്ചുപറയാനാവില്ല. സത്യത്തിൽ, ഈ ഉച്ചാരണം ഉപയോഗിക്കാത്തതിനുള്ള ചില കാരണങ്ങൾ മറ്റു ചില പണ്ഡിതന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഒരു ആധുനികഭാഷയിൽ ഉച്ചരിക്കുമ്പോൾ ബൈബിളിലെ പേരുകൾ മൂല ഹീബ്രൂഭാഷയിൽനിന്നു വളരെ വ്യത്യസ്‌തമായിരുന്നേക്കാം, ആർക്കും അതിൽ എതിർപ്പുമില്ല. ആ പേരുകൾ ആധുനിക ഭാഷയുടെ ഭാഗവും എളുപ്പം തിരിച്ചറിയാൻ കഴിയുന്നതും ആയിത്തീർന്നിരിക്കുന്നു എന്നതാണ്‌ കാരണം. “ജെഹോവ” എന്ന ഇംഗ്ലീഷ്‌ നാമത്തിന്റെ കാര്യവും അതുതന്നെയാണ്‌.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ നാമത്തിനായി വിളിക്കപ്പെട്ട ഒരു ജനമായിരുന്നു. അവർ ആ നാമത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറഞ്ഞു, അതു വിളിച്ചപേക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. (പ്രവൃത്തികൾ 2:21; 15:14; റോമർ 10:13-15) ഏതു ഭാഷ സംസാരിക്കുന്നവരായാലും, നാം ദൈവനാമം ഉപയോഗിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നത്‌ ദൈവമുമ്പാകെ അതിപ്രധാനമാണ്‌.