വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ മരണത്തിലൂടെ നിങ്ങൾക്ക്‌ രക്ഷ

യേശുവിന്റെ മരണത്തിലൂടെ നിങ്ങൾക്ക്‌ രക്ഷ

യേശുവിന്റെ മരണത്തിലൂടെ നിങ്ങൾക്ക്‌ രക്ഷ

ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പ്‌ നടന്ന കാര്യമാണ്‌. മറ്റുള്ളവരെ രക്ഷിക്കേണ്ടതിന്‌ എ.ഡി. 33-ലെ പെസഹാദിനത്തിൽ നിരപരാധിയായ ഒരു മനുഷ്യൻ സ്വജീവൻ വെടിയുന്നു. ആരായിരുന്നു അത്‌? നസറെത്തിലെ യേശു. ഇനി, അതിൽനിന്നു പ്രയോജനം നേടാനാകുന്നതോ? മാനവകുടുംബത്തിലെ എല്ലാവർക്കും. ബൈബിളിലെ പ്രശസ്‌തമായ ഒരു വാക്യം ജീവദായകമായ ആ മരണത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”—യോഹന്നാൻ 3:16.

ആ തിരുവെഴുത്ത്‌ പരിചയമുള്ള പലർക്കും അതിന്റെ അർഥമറിയില്ല എന്നതാണ്‌ സത്യം. അവർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ക്രിസ്‌തുവിന്റെ ബലിമരണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഒരാളുടെ മരണം മാനവരാശിയെ നിത്യനാശത്തിൽനിന്നു രക്ഷിക്കുന്നത്‌ എങ്ങനെ?’ ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം ബൈബിളിലുണ്ട്‌.

മരണം മാനവരാശിയെ കീഴ്‌പെടുത്തിയ വിധം

അൽപ്പകാലം ഭൂമിയിൽ ജീവിച്ച്‌ കഷ്ടപ്പാടുകൾ സഹിച്ച്‌ കുറച്ചൊക്കെ സന്തോഷമാസ്വദിച്ച്‌ മരിക്കാനും തുടർന്ന്‌ മറ്റൊരു നല്ല ലോകത്തേക്ക്‌ പോകാനുമാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന്‌ ചിലർ വിശ്വസിക്കുന്നു. ആ വാദം ശരിയാണെങ്കിൽ, മരണം മനുഷ്യനെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ ഭാഗമാണെന്നു വരും. പക്ഷേ മാനവരാശി മരണത്തിന്റെ പിടിയിലായതിന്‌ മറ്റൊരു കാരണമാണ്‌ ബൈബിൾ നൽകുന്നത്‌. അതു പറയുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) മരണത്തിന്റെ കാരണം പാപമാണെന്ന്‌ ഈ തിരുവെഴുത്തു വ്യക്തമാക്കുന്നു. പാപത്തിന്റെ മാരകഫലങ്ങൾ മാനവരാശിയിലേക്ക്‌ കടത്തിവിട്ട ആ ‘ഏകനുഷ്യൻ’ ആരാണ്‌?

സകലമനുഷ്യരും ഒരു ഉറവിൽനിന്നു വന്നതാണെന്ന്‌ മിക്ക ശാസ്‌ത്രജ്ഞന്മാരും വിശ്വസിക്കുന്നതായി ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പ്രസ്‌താവിക്കുന്നുണ്ട്‌. ‘ഏകമനുഷ്യൻ’ എന്നു പറഞ്ഞുകൊണ്ട്‌ ബൈബിൾ ആ ഉറവ്‌ വ്യക്തമാക്കുന്നു. ഉല്‌പത്തി 1:27-ൽ നാം ഇങ്ങനെ വായിക്കുന്നു: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” അങ്ങനെ, ദൈവത്തിന്റെ ഭൗമിക സൃഷ്ടിക്രിയകൾക്ക്‌ മകുടംചാർത്തിയത്‌ ആദ്യമനുഷ്യജോഡിയാണെന്നു ബൈബിൾ പ്രസ്‌താവിക്കുന്നു.

യഹോവ ആദ്യമനുഷ്യനെ സൃഷ്ടിച്ചതിനെത്തുടർന്ന്‌ മനുഷ്യന്റെ ജീവിതം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച വിശദാംശങ്ങൾ ഉല്‌പത്തിപ്പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, അനുസരണക്കേടിനോട്‌ ബന്ധപ്പെട്ടല്ലാതെ മരണത്തെക്കുറിച്ച്‌ യാതൊരു പരാമർശവും ആ വിവരണത്തിൽ ഇല്ല. (ഉല്‌പത്തി 2:16, 17) മനുഷ്യർ ഭൂമിയിലെ പറുദീസയിൽ സന്തോഷത്തോടും ആരോഗ്യത്തോടുംകൂടെ എന്നെന്നും ജീവിക്കണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. ജരാനരകൾ ബാധിച്ച്‌ മരിക്കാനല്ല ദൈവം അവരെ സൃഷ്ടിച്ചത്‌. അങ്ങനെയെങ്കിൽപ്പിന്നെ മരണം എങ്ങനെയാണ്‌ മാനവകുടുംബത്തിലേക്കു കടന്നുവന്നത്‌?

ജീവദാതാവായ യഹോവയാം ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ ആദ്യമനുഷ്യജോഡികൾ മനഃപൂർവം തീരുമാനിക്കുകയായിരുന്നു എന്ന്‌ ഉല്‌പത്തി 3-ാം അധ്യായം പറയുന്നു. ഒടുവിൽ, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ ദൈവം അവരുടെ ശിക്ഷ നടപ്പാക്കി. അവൻ ആദാമിനോടു പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ദൈവം പറഞ്ഞതുതന്നെ സംഭവിച്ചു; അനുസരണംകെട്ട ആ മനുഷ്യർ മരണത്തിന്‌ ഇരയായി.

ഭവിഷ്യത്തുകൾ പക്ഷേ ആ രണ്ടു മനുഷ്യരിൽ മാത്രമായി ഒതുങ്ങിനിന്നില്ല. അവരുടെ സന്തതിപരമ്പരകൾക്ക്‌ ലഭിക്കുമായിരുന്ന ഒരു മഹത്തായ ജീവിതമാണ്‌ ആ അനുസരണക്കേടിൽ പൊലിഞ്ഞ്‌ ഇല്ലാതായത്‌. ആദാമിനോടും ഹവ്വായോടും പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ജനിക്കാനിരുന്ന അവരുടെ മക്കളെയും ദൈവം തന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുത്തി: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്‌പത്തി 1:28) അതേ, മാനവകുടുംബം ഭൂമിയുടെ അതിരുകളോളം വ്യാപിച്ച്‌ മരണമില്ലാത്ത, സന്തുഷ്ടമായ ജീവിതം ആസ്വദിക്കുമായിരുന്നു. എന്നാൽ അവരുടെ പൂർവികനായ ആദാം—അതേ, ആ ‘ഏകമനുഷ്യൻ’—പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്ക്‌ അവരെ വിറ്റുകളഞ്ഞു. ആദ്യമനുഷ്യനിൽനിന്ന്‌ ഉത്ഭവിച്ച പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വില്‌ക്കപ്പെട്ടവൻ തന്നേ.”—റോമർ 7:14.

സാമൂഹികദ്രോഹികൾ അടുത്തകാലത്ത്‌ വില മതിക്കാനാകാത്ത കലാസൃഷ്ടികൾ നശിപ്പിച്ചത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ. അതുപോലെ, പാപം ചെയ്‌തപ്പോൾ ദൈവത്തിന്റെ ഉത്‌കൃഷ്ടമായ സൃഷ്ടിയെയാണ്‌ ആദാം താറുമാറാക്കിയത്‌. ആദാമിന്റെ മക്കൾക്ക്‌ മക്കളും പേരക്കുട്ടികളുമുണ്ടായി. അങ്ങനെ തലമുറകൾ ഒന്നൊന്നായി രംഗപ്രവേശം ചെയ്‌തു, കുറച്ചുകാലം ജീവിച്ച്‌ രംഗമൊഴിയുകയും ചെയ്‌തു. എന്നാൽ എന്തുകൊണ്ടാണ്‌ അവരെല്ലാം മരണത്തിന്റെ പിടിയിലമർന്നത്‌? ആദാമിൽനിന്ന്‌ ഉത്ഭവിച്ചു എന്നതുകൊണ്ടുതന്നെ. “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു” എന്നു ബൈബിൾ പറയുന്നു. (റോമർ 5:15) രോഗം, വാർധക്യം, പാപത്തിലേക്കുള്ള ചായ്‌വ്‌, മരണം—എല്ലാം സ്വന്തകുടുംബത്തോട്‌ ആദാം കാണിച്ച വഞ്ചനയുടെ അനന്തരഫലങ്ങളാണ്‌. ആ കുടുംബത്തിലെ അംഗങ്ങളാണ്‌ നമ്മളെല്ലാം.

താൻ ഉൾപ്പെടെയുള്ള അപൂർണ മനുഷ്യന്റെ ദയനീയ സ്ഥിതിയെയും പാപത്തിന്റെ ഫലങ്ങൾക്കെതിരെയുള്ള വിഫലമായ പോരാട്ടത്തെയും കുറിച്ച്‌ റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” നല്ല ചോദ്യം, അല്ലേ? പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ പൗലൊസിനെയും അതാഗ്രഹിക്കുന്ന മറ്റുള്ളവരെയും ആർ വിടുവിക്കും? “നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം” എന്നു പറഞ്ഞുകൊണ്ട്‌ പൗലൊസുതന്നെ ഉത്തരം നൽകുന്നു. (റോമർ 7:14-25) അതേ, തന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം നമ്മെ രക്ഷിക്കാനുള്ള ക്രമീകരണം സ്രഷ്ടാവ്‌ ചെയ്‌തിട്ടുണ്ട്‌.

മനുഷ്യവർഗത്തെ രക്ഷിക്കുന്നതിലുള്ള യേശുവിന്റെ പങ്ക്‌

പാപത്തിന്റെ മരണകരമായ അടിമത്തത്തിൽനിന്ന്‌ മാനവകുടുംബത്തെ വിടുവിക്കുന്നതിനായി താൻ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ യേശുതന്നെ പറയുകയുണ്ടായി: ‘മനുഷ്യപുത്രൻ . . . അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ വന്നു.’ (മത്തായി 20:28) യേശുവിന്റെ ജീവൻ എങ്ങനെയാണ്‌ ഒരു മറുവിലയായിരിക്കുന്നത്‌? അവന്റെ മരണം എങ്ങനെയാണ്‌ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌?

‘പാപം ഇല്ലാത്തവൻ’ “പാപികളോടു വേറുവിട്ടവൻ” എന്നൊക്കെയാണ്‌ ബൈബിൾ യേശുവിനെ വർണിക്കുന്നത്‌. തന്റെ ജീവിതകാലത്തുടനീളം യേശു ദൈവത്തിന്റെ നിയമങ്ങൾ അണുവിടതെറ്റാതെ അനുസരിച്ചു. (എബ്രായർ 4:15; 7:26) അതുകൊണ്ട്‌ ആദാമിനെപ്പോലെ പാപത്തിന്റെയോ അനുസരണക്കേടിന്റെയോ ഫലമായിട്ടല്ല യേശു മരിച്ചത്‌. (യെഹെസ്‌കേൽ 18:4) പകരം താൻ അർഹിക്കാത്ത ഒരു മരണം ഏറ്റുവാങ്ങുകയായിരുന്നു യേശു. മനുഷ്യകുടുംബത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുകയെന്ന ദൈവേഷ്ടം നിവർത്തിക്കാനായിരുന്നു അത്‌. നേരത്തെ പറഞ്ഞതുപോലെ, ‘തന്റെ ജീവനെ മറുവിലയായി കൊടുക്കുന്നതിനുവേണ്ടി’ മനസ്സോടെയാണ്‌ യേശു വന്നത്‌. അതേ, “എല്ലാവർക്കും വേണ്ടി മരിക്കാൻ” അവൻ മനസ്സോടെ തയ്യാറായി. ചരിത്രത്തിലെതന്നെ ഏറ്റവും മഹത്തായ സ്‌നേഹപ്രകടനമായിരുന്നു അത്‌.—എബ്രായർ 2:9, ഓശാന ബൈബിൾ.

പാപം ചെയ്‌തുകൊണ്ട്‌ ആദാം നഷ്ടപ്പെടുത്തിയ ജീവനു തുല്യമായിരുന്നു യേശു അർപ്പിച്ച ജീവൻ. യേശുവിന്റെ മരണം എന്താണ്‌ നേടിയത്‌? ‘എല്ലാവർക്കും വേണ്ടിയുള്ള മറുവിലയായി’ യഹോവ ആ ബലി സ്വീകരിച്ചു. (1 തിമൊഥെയൊസ്‌ 2:6) മറ്റുവാക്കുകളിൽ പറഞ്ഞാൽ, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ അഥവാ തിരികെവാങ്ങാൻ യേശുവിന്റെ ജീവന്റെ മൂല്യം യഹോവ ഉപയോഗിച്ചു.

സൃഷ്ടികർത്താവ്‌ കാണിച്ച മഹത്തായ ഈ സ്‌നേഹത്തെക്കുറിച്ച്‌ ബൈബിളിലുടനീളം കാണാം. ക്രിസ്‌ത്യാനികളെ ദൈവം “വിലെക്കു വാങ്ങിയിരിക്കു”കയാണെന്ന്‌ പൗലൊസ്‌ അവരെ ഓർമിപ്പിച്ചു. (1 കൊരിന്ത്യർ 6:20; 7:23) പൊന്ന്‌, വെള്ളി എന്നിവകൊണ്ടല്ല, തന്റെ പുത്രന്റെ രക്തംകൊണ്ടാണ്‌ ദൈവം ക്രിസ്‌ത്യാനികളെ വീണ്ടെടുത്തിരിക്കുന്നതെന്ന്‌ പത്രൊസും പറയുകയുണ്ടായി. (1 പത്രൊസ്‌ 1:18, 19) നിത്യനാശത്തിൽനിന്ന്‌ മാനവരാശിയെ രക്ഷിക്കാനുള്ള മാർഗമാണ്‌ ക്രിസ്‌തുവിന്റെ മറുവിലയാഗത്തിലൂടെ യഹോവ തുറന്നത്‌.

ക്രിസ്‌തുവിന്റെ മറുവിലയിൽനിന്ന്‌ നിങ്ങൾ പ്രയോജനം നേടുമോ?

ക്രിസ്‌തുവിന്റെ മറുവിലയുടെ പ്രയോജനം എത്ര വലുതാണ്‌ എന്നതു സംബന്ധിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “[യേശുക്രിസ്‌തു] നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:2) അതേ, ക്രിസ്‌തുവിന്റെ മറുവിലയിൽനിന്ന്‌ മുഴു മാനവരാശിക്കും പ്രയോജനം നേടാനാകും. വിലയേറിയ ഈ കരുതലിൽനിന്ന്‌ യാതൊരു ശ്രമവും കൂടാതെ പ്രയോജനം നേടാമെന്ന്‌ അർഥമുണ്ടോ? ഇല്ല. ക്രിസ്‌തുവിന്റെ മറുവിലയിൽനിന്ന്‌ പ്രയോജനം നേടണമെന്നുണ്ടെങ്കിൽ ദൈവം അനുഗ്രഹിക്കുമെന്നു പറഞ്ഞുകൊണ്ട്‌ വെറുതെയിരുന്നിട്ടു കാര്യമില്ല. നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

നാം എന്തു ചെയ്യാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌? യോഹന്നാൻ 3:36-ൽ ഉത്തരം കാണാം: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” ക്രിസ്‌തുവിന്റെ ബലിയിൽ നാം വിശ്വാസമർപ്പിക്കാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌. അതു മാത്രംപോരാ. “[ക്രിസ്‌തുവിന്റെ] കല്‌പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.” (1 യോഹന്നാൻ 2:3) അതുകൊണ്ട്‌ ഒരു കാര്യം വ്യക്തം: മറുവിലയിൽ വിശ്വാസമർപ്പിക്കുകയും ക്രിസ്‌തുവിന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നതാണ്‌ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു രക്ഷനേടാനുള്ള മാർഗം.

മറുവിലയിൽ വിശ്വാസമുണ്ടെന്നു തെളിയിക്കാനാകുന്ന ഒരു സുപ്രധാന വിധം, ക്രിസ്‌തുവിന്റെ മരണം അനുസ്‌മരിച്ചുകൊണ്ട്‌ അതിനോടുള്ള വിലമതിപ്പു കാണിക്കുന്നതാണ്‌. മരിക്കുന്നതിനുമുമ്പ്‌, വിശ്വസ്‌ത അപ്പൊസ്‌തലന്മാരോടൊപ്പം ഏർപ്പെടുത്തിയ, അപ്പവും വീഞ്ഞും പ്രതീകങ്ങളായി ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണവേളയിൽ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.” (ലൂക്കൊസ്‌ 22:19) ദൈവപുത്രനുമായുള്ള ബന്ധത്തെ അങ്ങേയറ്റം വിലമതിക്കുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. അതുകൊണ്ടുതന്നെ അവർ ആ കൽപ്പന അനുസരിക്കുന്നു. ഈ വർഷം യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത്‌ മാർച്ച്‌ 22 ശനിയാഴ്‌ച സൂര്യാസ്‌തമയശേഷമാണ്‌. യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ ഈ പ്രത്യേക പരിപാടിയിൽ സംബന്ധിക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഇത്‌ നടക്കുന്ന സമയവും സ്ഥലവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളിൽനിന്ന്‌ അറിയാനാകും. ആദാമ്യപാപത്തിന്റെ വിനാശകഫലങ്ങളിൽനിന്ന്‌ ക്രിസ്‌തുവിന്റെ മറുവില നിങ്ങളെ മോചിപ്പിക്കണമെങ്കിൽ നിങ്ങൾ എന്തു ചെയ്യണം എന്നതിനെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സ്‌മാരക പരിപാടി നിങ്ങളെ സഹായിക്കും.

തങ്ങളെ നാശത്തിൽനിന്നു വിടുവിക്കാനായി സ്രഷ്ടാവായ യഹോവയും പുത്രനായ യേശുക്രിസ്‌തുവും ചെയ്‌തിരിക്കുന്ന ആ ക്രമീകരണത്തെക്കുറിച്ച്‌ അറിയാവുന്നവർ ചുരുക്കം. അതിൽ വിശ്വാസമർപ്പിക്കുന്നവർ സന്തോഷത്തിന്റെ മറ്റൊരു തലം അനുഭവിച്ചറിയുകയാണ്‌. അപ്പൊസ്‌തലനായ പത്രൊസ്‌ ഇതേക്കുറിച്ച്‌ സഹവിശ്വാസികൾക്ക്‌ എഴുതി: “[യേശുവിനെ] വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.” (1 പത്രൊസ്‌ 1:8, 9) യേശുക്രിസ്‌തുവിനോടുള്ള സ്‌നേഹം വളർത്തിയെടുക്കുകയും മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുകുയും ചെയ്യുന്നെങ്കിൽ ഇപ്പോൾത്തന്നെ സന്തോഷകരമായ ജീവിതം ആസ്വദിക്കാമെന്നു മാത്രമല്ല, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ വിടുതൽ ലഭിക്കുന്ന ആ സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാനും കഴിയും.