വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാവി എന്തായിത്തീരും?

ഭാവി എന്തായിത്തീരും?

ഭാവി എന്തായിത്തീരും?

എന്തുകൊണ്ടാണ്‌ ഈ ചോദ്യം പ്രസക്തമായിരിക്കുന്നത്‌? നാളെയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്‌ചപ്പാട്‌ അദ്ദേഹത്തിന്റെ ഇന്നത്തെ ജീവിതരീതിയെ സ്വാധീനിക്കും. ഉദാഹരണത്തിന്‌, ഭാവി സംബന്ധിച്ചു പ്രതീക്ഷകളൊന്നുമില്ലാത്തവർ, “തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ” എന്ന ചിന്താഗതി വെച്ചുപുലർത്തിയേക്കാം. (1 കൊരിന്ത്യർ 15:32) അത്തരം മനോഭാവം യഥാർഥ മനശ്ശാന്തി നേടിത്തരുന്നതിനു പകരം അതിഭക്ഷണം, മുഴുക്കുടി, ആകുലതകൾ എന്നിവയിലേക്കു നയിക്കാനാണ്‌ ഏറെ സാധ്യത.

ലോകത്തിന്റെ ഭാവി പൂർണമായും മനുഷ്യന്റെ കൈകളിലാണെങ്കിൽ ഇനിയുള്ള കാലം ഇരുളടഞ്ഞതായിരിക്കുമെന്നതിനു സംശയമില്ല. സമാനതകളില്ലാത്ത അളവിൽ കരയും ജലവും വായുവും മലിനീകരിക്കപ്പെടുകയാണ്‌. ആണവയുദ്ധവും ഭീകരാക്രമണവും മനുഷ്യവർഗത്തിന്മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നു. രോഗവും ദാരിദ്ര്യവും ജനകോടികളെ വലയ്‌ക്കുന്നു. അപ്പോഴും പക്ഷേ, ശുഭാപ്‌തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ നമുക്ക്‌ എല്ലാ കാരണങ്ങളുമുണ്ട്‌.

ഭാവി കൃത്യമായി മുൻകൂട്ടിപ്പറയാൻ മനുഷ്യന്‌ അസാധ്യമാണെങ്കിലും, “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും” പ്രസ്‌താവിക്കാൻ യഹോവയാം ദൈവത്തിനു കഴിയും. (യെശയ്യാവു 46:10) മനുഷ്യന്റെ ഭാവി എന്തായിത്തീരുമെന്നാണ്‌ അവൻ പറയുന്നത്‌?

ബൈബിൾ എന്തു പറയുന്നു?

കേടുപോക്കാനാകാത്ത അളവിൽ ഭൂമിക്കോ ജീവജാലങ്ങൾക്കോ തകരാറു സംഭവിക്കാൻ യഹോവ അനുവദിക്കില്ല. എന്തിന്‌, ‘ഭൂമിയെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും’ എന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു. (വെളിപ്പാടു 11:18) തന്റെ സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യത്തിലൂടെ യഹോവ ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കുകയും തന്റെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിലുള്ള ആദർശഭദ്രമായ അവസ്ഥകൾ ആനയിക്കുകയും ചെയ്യും. (ഉല്‌പത്തി 1:26-31; 2:8, 9; മത്തായി 6:9, 10) താഴെക്കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ ആസന്നമായ ആ ശുഭകാലത്തിലേക്കു വെളിച്ചംവീശുകയും ഭൂമിയിലുള്ള ഓരോ വ്യക്തിയുടെയും ജീവിതത്തെ സ്‌പർശിക്കുന്ന സംഭവവികാസങ്ങൾ വരച്ചുകാട്ടുകയും ചെയ്യുന്നു.

സങ്കീർത്തനം 46:8, 9. “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”

യെശയ്യാവു 35:5, 6. “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.”

യെശയ്യാവു 65:21, 22. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല.”

ദാനീയേൽ 2:44. “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”

യോഹന്നാൻ 5:28, 29. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.”

വെളിപ്പാടു 21:3-5. “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”

ബൈബിളിന്റെ വിശദീകരണം യഥാർഥ മനശ്ശാന്തി കൈവരുത്തുന്ന വിധം

അത്രമേൽ അഭികാമ്യമായതിനാൽ ഇക്കാര്യങ്ങളൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന്‌ ആദ്യം നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌ മനുഷ്യനല്ല, യഹോവയാം ദൈവമാണ്‌, അവനാകട്ടെ “ഭോഷ്‌കില്ലാത്ത ദൈവ”മാണുതാനും.—തീത്തൊസ്‌ 1:2.

ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ ആശ്രയിക്കാൻ പഠിക്കുകയും അവന്റെ നിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ എത്ര കടുത്ത പ്രതിസന്ധിയിലും മനശ്ശാന്തി നിലനിറുത്താൻ നിങ്ങൾക്കാകും. യുദ്ധമോ ദാരിദ്ര്യമോ രോഗമോ വാർധക്യമോ മരണഭീതിയോ യാതൊന്നും നിങ്ങളുടെ ആന്തരിക സമാധാനം എന്നേക്കുമായി കവർന്നുകളയില്ല. കാരണം, അത്തരം തിന്മകളുടെയെല്ലാം ഫലങ്ങളെ ദൈവരാജ്യം അഴിക്കുമെന്ന ബോധ്യം നിങ്ങൾക്കുണ്ടായിരിക്കും.

അത്തരമൊരു ഭാവിപ്രത്യാശ സ്വന്തമാക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? അതിനായി മനസ്സു പുതുക്കുകയും “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം” എന്തെന്നു തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്‌. (റോമർ 12:2, NW) ബൈബിളിന്റെ വാഗ്‌ദാനങ്ങൾ ആശ്രയയോഗ്യമാണെന്നു വിശ്വസിക്കാൻ കൂടുതലായ തെളിവുകൾ നിങ്ങൾക്ക്‌ ആവശ്യമായിരുന്നേക്കാം. അതിനായുള്ള അന്വേഷണം തക്ക മൂല്യമുള്ളതാണ്‌; കൂടുതൽ മനശ്ശാന്തി പ്രദാനംചെയ്യുന്ന മറ്റൊന്നുംതന്നെയില്ല.

[8, 9 പേജിലെ ചിത്രങ്ങൾ]

ഭാവിയെക്കുറിച്ച്‌ ദൈവവചനം എന്തു പറയുന്നു?

യെശയ്യാവു 35:5

യെശയ്യാവു 35:6

യോഹന്നാൻ 5:28, 29