വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിരാശയിലും നിറചിരിയോടെ

നിരാശയിലും നിറചിരിയോടെ

നിരാശയിലും നിറചിരിയോടെ

ഒരിക്കലെങ്കിലും നിരാശ അനുഭവിക്കാത്തവരായി ആരാണുള്ളത്‌? എന്തിന്‌, നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവംപോലും നിരാശയുടെ നൊമ്പരം അറിഞ്ഞിട്ടുണ്ട്‌. ഒരു സന്ദർഭം നോക്കുക: ദൈവം ഇസ്രായേല്യരെ ഈജിപ്‌തിലെ അടിമത്തത്തിൽനിന്നു വിടുവിച്ച്‌ അവരുടെമേൽ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു. പക്ഷേ, “അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു [“വേദനിപ്പിച്ചു,” പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ]” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 78:41) ഇങ്ങനെയൊക്കെയാണെങ്കിലും, “ധന്യനായ” അതേ, സന്തുഷ്ടനായ ദൈവമാണ്‌ യഹോവ.—1 തിമൊഥെയൊസ്‌ 1:11.

നിരാശയ്‌ക്കു കാരണങ്ങൾ പലതാണ്‌. എന്നാൽ അത്‌ നമ്മുടെ സന്തോഷം കെടുത്തിക്കളയാതിരിക്കാൻ എന്തു ചെയ്യാനാകും? യഹോവ അത്തരം സാഹചര്യങ്ങൾ കൈകാര്യംചെയ്‌ത വിധത്തിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകും?

നിരാശയ്‌ക്കു വഴിവെക്കുന്ന ഘടകങ്ങൾ

“കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” ഏവർക്കും വന്നുഭവിക്കുന്നുവെന്നു ദൈവവചനം പറയുന്നു. (സഭാപ്രസംഗി 9:11, NW) അപ്രതീക്ഷിതമായിട്ടായിരിക്കാം ഒരു കുറ്റകൃത്യമോ അപകടമോ രോഗമോ നമ്മെ ദുരിതത്തിലാഴ്‌ത്തുന്നത്‌, നിരാശ നമ്മെ വരിഞ്ഞുമുറുക്കുന്നത്‌. “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:12) ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ നമ്മെ സന്തോഷഭരിതരാക്കുന്നു, എന്നാൽ അതു നടക്കാൻ വൈകുമ്പോൾ നാം നിരാശയുടെ പിടിയിലമരുന്നു. ഉദാഹരണത്തിന്‌, ഡംഗൻ എന്ന സഹോദരന്റെ കാര്യമെടുക്കുക. * ആജീവനാന്തം ഒരു മിഷനറിയായി തുടരണമെന്നതായിരുന്നു അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആഗ്രഹം. പക്ഷേ കുറെ വർഷം കഴിഞ്ഞപ്പോൾ മിഷനറി സേവനം നിറുത്തി വീട്ടിലേക്കു മടങ്ങേണ്ടിവന്നു അവർക്ക്‌. “വല്ലാത്ത നിരാശ തോന്നി എനിക്ക്‌. ജീവിതത്തിൽ ആദ്യമായി ദിശാബോധം നഷ്ടപ്പെട്ടത്‌ അന്നാണ്‌. എന്തു ചെയ്യണമെന്നോ എവിടേക്കു പോകണമെന്നോ അറിയാത്ത അവസ്ഥ. ജീവിതത്തിൽ ഒന്നിനും അർഥമില്ലെന്നു തോന്നിപ്പോയി,” അദ്ദേഹം പറയുന്നു. കാലംകഴിഞ്ഞാലും നിരാശയുടെ കണ്ണീർ വറ്റിയില്ലെന്നും വരാം. ക്ലാറിന്റെ കാര്യത്തിൽ അതാണ്‌ സംഭവിച്ചത്‌. അവൾ പറയുന്നു: “ഞാൻ ഏഴുമാസം ഗർഭിണി ആയിരുന്നപ്പോഴാണ്‌ ആ ദുരന്തം സംഭവിച്ചത്‌. എന്റെ കുഞ്ഞ്‌ പുറംലോകം കാണില്ലെന്ന സത്യം അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. വർഷങ്ങൾ എത്ര കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഏതെങ്കിലും ഒരു കുട്ടി സ്റ്റേജിൽ പ്രസംഗം നടത്തുന്നതു കാണുമ്പോൾ ഞാനോർക്കും: ‘എന്റെ മോൻ ജീവിച്ചിരുന്നെങ്കിൽ ഈ പ്രായം കാണുമായിരുന്നു.’”

മറ്റുള്ളവർ നമ്മുടെ നിരാശയ്‌ക്ക്‌ കാരണക്കാരാകുന്ന സാഹചര്യങ്ങളുമുണ്ട്‌. പ്രണയം തകരുമ്പോഴോ ദാമ്പത്യം പരാജയപ്പെടുമ്പോഴോ മകനോ മകളോ വഴിതെറ്റിപ്പോകുമ്പോഴോ ഉറ്റസൃഹൃത്ത്‌ വഞ്ചിക്കുമ്പോഴോ ആത്മമിത്രം നന്ദികേടുകാണിക്കുമ്പോഴോ ഒക്കെ ഹൃദയംപിളരുന്നതുപോലെ തോന്നിയേക്കാം. ദുർഘടനാളുകളിൽ, അപൂർണ മനുഷ്യർക്കിടയിൽ ജീവിക്കുമ്പോൾ നിരാശ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ.

സ്വന്തം വീഴ്‌ചകളും നിരാശയ്‌ക്കു വഴിവെച്ചേക്കാം. പരീക്ഷയിൽ തോൽക്കുകയോ ആഗ്രഹിച്ച ജോലി കിട്ടാതെ വരികയോ മനസ്സിൽ ഇഷ്ടംതോന്നിയ ഒരാളെ സ്വന്തമാക്കാൻ കഴിയാതെ വരികയോ മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചുപറ്റാൻ സാധിക്കാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ വിലകെട്ടവരാണെന്ന ചിന്തയായിരിക്കും മനസ്സുനിറയെ. പ്രിയപ്പെട്ട ഒരാൾ യഹോവയിൽനിന്ന്‌ അകന്നുപോകുന്നതും നമ്മെ തളർത്തിയേക്കാം. മേരിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ആത്മീയ കാര്യങ്ങളിൽ എന്റെ മോൾ അത്ര മോശമല്ലെന്നാണ്‌ ഞാൻ കരുതിയത്‌. ഞാൻ നല്ലൊരു മാതൃക വെച്ചെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, അവൾ യഹോവയാം ദൈവത്തിനും കുടുംബമൂല്യങ്ങൾക്കും പുറംതിരിഞ്ഞപ്പോൾ ഞാനൊരു പരാജയമാണെന്ന്‌ എനിക്കു തോന്നി. എന്റെ എല്ലാ നേട്ടങ്ങളും അതിന്‌ മുമ്പിൽ ഒന്നുമല്ലാതായതുപോലെ. ഞാൻ നിരാശയുടെ പടുകുഴിയിലായി.”

നിരാശാജനകമായ അത്തരം സാഹചര്യങ്ങൾ മറികടക്കാൻ എന്താണു മാർഗം? ഉത്തരമറിയാൻ, യഹോവ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്‌തത്‌ എങ്ങനെയെന്നു നോക്കിയാൽ മതി.

പരിഹാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക

ആദ്യമാനുഷ ജോഡിയുടെ കാര്യംതന്നെയെടുക്കുക. അവർക്കു വേണ്ടുന്നതെല്ലാം യഹോവ നൽകിയിരുന്നു. എന്നിട്ടും നന്ദികെട്ട അവർ യഹോവയോട്‌ അനുസരണക്കേടു കാണിച്ചു. (ഉല്‌പത്തി 2, 3 അധ്യായങ്ങൾ) അവരുടെ പുത്രനായ കയീനും അതേ പാത പിൻപറ്റി. യഹോവയുടെ മുന്നറിയിപ്പ്‌ കൂട്ടാക്കാതെ അവൻ സ്വന്തം അനുജനെ കൊലപ്പെടുത്തി. (ഉല്‌പത്തി 4:1-8) യഹോവയ്‌ക്ക്‌ എത്ര വേദന തോന്നിയിരിക്കണം!

പക്ഷേ, അതൊന്നും ദൈവത്തിന്റെ സന്തോഷത്തിന്‌ തെല്ലും മങ്ങലേൽപ്പിച്ചില്ല. കാരണം? പൂർണതയുള്ള മനുഷ്യരെക്കൊണ്ട്‌ ഭൂമി നിറയ്‌ക്കണമെന്ന തന്റെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ദൈവം. (യോഹന്നാൻ 5:17) മറുവിലയാഗത്തിനും തന്റെ രാജ്യത്തിനുംവേണ്ടി ദൈവം ക്രമീകരണം ചെയ്‌തതും അതിന്റെ ഭാഗമായിട്ടാണ്‌. (മത്തായി 6:9, 10; റോമർ 5:18, 19) പ്രശ്‌നത്തിലല്ല പ്രശ്‌നപരിഹാരത്തിലാണ്‌ യഹോവ ദൃഷ്ടി പതിപ്പിച്ചത്‌.

ചെയ്യാൻ കഴിയാതെപോയ കാര്യങ്ങളോർത്ത്‌ ദുഃഖിക്കാതെ ചെയ്യാനാകുന്ന കാര്യങ്ങളിൽ മനസ്സുവെക്കാൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. അതു പറയുന്നു: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.

ശരിയായ വീക്ഷണം പ്രധാനം

നിനച്ചിരിക്കാതെ സംഭവിക്കുന്ന ചില സംഗതികൾ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചേക്കാം. ഉദാഹരണത്തിന്‌, അപ്രതീക്ഷിതമായി നിങ്ങൾക്ക്‌ ജോലിയോ സഭയിലെ സേവനപദവികളോ നഷ്ടപ്പെട്ടെന്നുവരാം. അല്ലെങ്കിൽ ജീവിതപങ്കാളി എന്നേക്കുമായി നിങ്ങളെ വിട്ടുപിരിഞ്ഞേക്കാം. അതുമല്ലെങ്കിൽ ആരോഗ്യമോ വീടോ സുഹൃത്തുക്കളെയോ നഷ്ടപ്പെട്ടെന്നുംവരാം. ഇത്തരം സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാനാകും?

എന്തിനാണ്‌ മുൻതൂക്കംകൊടുക്കേണ്ടത്‌ എന്നു തിട്ടപ്പെടുത്തുന്നതു സഹായകമാണെന്ന്‌ ചിലർ മനസ്സിലാക്കിയിട്ടുണ്ട്‌. മുമ്പ്‌ പരാമർശിച്ച ഡംഗൻ പറയുന്നു: “മിഷനറി സേവനത്തിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ സാധ്യമല്ലെന്നറിഞ്ഞപ്പോൾ ഞാനും ഭാര്യയും ആകെ തകർന്നുപോയി. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. രണ്ടു കാര്യങ്ങളായിരുന്നു ഞങ്ങളുടെ ലിസ്റ്റിൽ: അമ്മയെ നോക്കുക, നിവൃത്തിയുണ്ടെങ്കിൽ മുഴുസമയസേവനം തുടരുക. ഇക്കാര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിക്കാതെ ഞങ്ങൾ ഒരു തീരുമാനവും എടുക്കാറില്ല. ഇപ്പോൾ കാര്യങ്ങൾ എളുപ്പമായി.”

നിരാശയുടെ പിടിയിലമരുമ്പോൾ സാഹചര്യത്തിന്റെ ഇരുണ്ടവശം ഊതിപ്പെരുപ്പിക്കാനുള്ള പ്രവണതയാണ്‌ പലർക്കും. കുട്ടികളെ വളർത്താനോ നല്ലൊരു ജോലി സമ്പാദിക്കാനോ ഒരു അന്യനാട്ടിൽ സുവാർത്ത പ്രസംഗിക്കാനോ ഉള്ള ശ്രമങ്ങൾക്ക്‌ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നു കരുതുക. ‘എന്നെ ഒന്നിനും കൊള്ളില്ല’ എന്നു നാം ചിന്തിച്ചേക്കാം. പക്ഷേ ഒന്നോർക്കുക. മാനവരാശിയുടെ തുടക്കത്തിൽ ഉണ്ടായ കാര്യങ്ങൾ ദൈവം ഒരു പരാജയമാണെന്നാണോ കാണിക്കുന്നത്‌? തീർച്ചയായും അല്ല. അങ്ങനെയെങ്കിൽ തുടക്കത്തിലെ തിരിച്ചടികൾ കണ്ട്‌ നാമൊരു പരാജയമാണെന്ന്‌ എന്തിനു വിധിയെഴുതണം?—ആവർത്തനപുസ്‌തകം 32:4, 5.

മറ്റുള്ളവർ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാതെവരുമ്പോൾ നമുക്ക്‌ നിരാശയും അമർഷവും തോന്നാറുണ്ട്‌. എന്നാൽ യഹോവ അങ്ങനെയല്ല. ദാവീദ്‌ രാജാവ്‌ വ്യഭിചാരം ചെയ്യുകയും ആ സ്‌ത്രീയുടെ ഭർത്താവിനെ കൊല്ലിക്കുകയും ചെയ്‌തപ്പോൾ യഹോവയ്‌ക്കും വേദന തോന്നി. എന്നിട്ടും അനുതാപത്തിന്റെ ആത്മാർഥതകണ്ട്‌ യഹോവ ദാവീദിനെ തന്റെ ദാസനായി തുടരാൻ അനുവദിച്ചു. ദൈവത്തിന്റെ എതിരാളികളുമായി സഖ്യം ചേർന്നുകൊണ്ട്‌ വിശ്വസ്‌ത രാജാവായ യെഹോശാഫാത്തും തെറ്റു ചെയ്‌തു. “യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു. എങ്കിലും . . . നന്മയും നിന്നിൽ കണ്ടിരിക്കുന്നു” എന്ന്‌ യഹോവയുടെ പ്രവാചകൻ പറഞ്ഞു. (2 ദിനവൃത്താന്തം 19:2, 3) ആ ഒരു പാപം ചെയ്‌തെങ്കിലും യെഹോശാഫാത്ത്‌ തന്നെ പാടേ ഉപേക്ഷിച്ചില്ല എന്ന്‌ യഹോവ തിരിച്ചറിഞ്ഞു. അതുപോലെ, കൂട്ടുകാർ വരുത്തുന്ന വീഴ്‌ചകളോട്‌ അമിതമായി പ്രതികരിക്കാതിരിക്കുമ്പോൾ നമുക്കും സുഹൃദ്‌ബന്ധം നഷ്ടമാകില്ല. അവരിൽ അപ്പോഴും പല നല്ല ഗുണങ്ങളും കണ്ടേക്കാം.—കൊലൊസ്സ്യർ 3:13.

തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണുക. നമ്മുടെതന്നെ പാപം നമ്മെ നിരാശയിലേക്കു തള്ളിവിട്ടേക്കാം. എന്നാൽ ആവശ്യമായിരിക്കുന്ന നടപടി സ്വീകരിച്ചുകൊണ്ടു മുന്നോട്ടുപോകുന്നപക്ഷം അതിൽനിന്നു പുറത്തുവരാൻ നമുക്കാകും. താൻ ചെയ്‌ത പാപത്തെക്കുറിച്ച്‌ മനസ്സുരുകി ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; . . . ഞാൻ എന്റെ പാപം [യഹോവേ] നിന്നോടറിയിച്ചു; . . . നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീർത്തനം 32:3-5) ദൈവത്തിന്റെ വ്യവസ്ഥകളിൽ എത്തിച്ചേർന്നിട്ടില്ലെന്നു തിരിച്ചറിയുമ്പോൾ നാം എന്തു ചെയ്യണം? ദൈവത്തോടു ക്ഷമ ചോദിച്ച്‌ മാറ്റംവരുത്തണം. പിന്നീടങ്ങോട്ട്‌ ദൈവത്തിന്റെ നിലവാരങ്ങൾ അടുത്തു പിന്തുടരാൻ ദൃഢനിശ്ചയം ചെയ്യുകയും വേണം.—1 യോഹന്നാൻ 2:1, 2.

ഒരുങ്ങിയിരിക്കുക

ഇന്നല്ലെങ്കിൽ നാളെ നാമെല്ലാവരും നിരാശാജനകമായ ഏതെങ്കിലും സാഹചര്യത്തിൽ എത്തിപ്പെടുമെന്നു തീർച്ച. ഇപ്പോൾ നമുക്ക്‌ അതിനായി ഒരുങ്ങാനാകുമോ? ജീവിതം കീഴ്‌മേൽമറിച്ച ഒരു സാഹചര്യം നേരിടേണ്ടിവന്ന ബ്രൂണോ എന്ന പ്രായമായ ക്രിസ്‌ത്യാനിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവവുമായുള്ള ബന്ധം ബലിഷ്‌ഠമാക്കാൻ ഞാൻ എന്തൊക്കെ ചെയ്യുമായിരുന്നോ അതു ഞാൻ നിറുത്തിക്കളഞ്ഞില്ല. നിരാശയെ മറിടകടക്കാൻ അതെന്നെ വളരെയധികം സഹായിച്ചു. ഈ ദുഷ്ടലോകം നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നതിന്റെ കാരണം ഞാൻ മനസ്സിലാക്കിയിരുന്നു. ദൈവവുമായുള്ള ബന്ധം ശക്തമാക്കാൻ ഞാൻ വർഷങ്ങൾ ചെലവിട്ടു. അങ്ങനെ ചെയ്‌തതിൽ എനിക്കു വളരെ സന്തോഷം തോന്നി. ദൈവം കൂടെയുണ്ടെന്ന അറിവ്‌ എനിക്ക്‌ ആശ്വാസം പകർന്നു. വിഷാദത്തിന്റെ നാളുകളിലും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌ അതാണ്‌.”

നാളെയിലേക്കു നോക്കുമ്പോൾ ഒന്നുറപ്പാണ്‌: നമ്മുടെതന്നെയോ മറ്റുള്ളവരുടെയോ പിഴവുകൾ നമ്മെ നിരാശപ്പെടുത്തിയേക്കാമെങ്കിലും ദൈവം ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല. തന്റെ പേരിന്റെ അർഥം, “ഞാൻ ആരായിത്തീരണമോ അതായിത്തീരും” എന്നാണെന്നു യഹോവതന്നെ പറയുകയുണ്ടായി. (പുറപ്പാടു 3:14, NW) തന്റെ വാഗ്‌ദാനം നിവർത്തിക്കാനായി യഹോവ, എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരും എന്ന ഉറപ്പാണ്‌ ഈ വാക്കുകളിൽ നാം കാണുന്നത്‌. രാജ്യം മുഖേന തന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” കൊണ്ടുവരുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടാണ്‌, “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്‌ചകൾക്കോ . . . മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതിയത്‌.—മത്തായി 6:10; റോമർ 8:38, 39.

യെശയ്യാപ്രവാചകനിലൂടെ ദൈവം നൽകിയ വാഗ്‌ദാനത്തിന്റെ സാക്ഷാത്‌കാരത്തിനായി നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാം: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) എല്ലാ നിരാശകളും പഴങ്കഥയായി മാറുന്ന ആ നല്ല നാളെയിലേക്ക്‌ ഇനി അധികദൂരമില്ല എന്നത്‌ ആശ്വാസകരമല്ലേ?

[അടിക്കുറിപ്പ്‌]

^ ഖ. 5 ചില പേരുകൾ യഥാർഥമല്ല.

[29-ാം പേജിലെ ആകർഷക വാക്യം]

തുടക്കത്തിലെ തിരിച്ചടികൾ കണ്ട്‌ നാമൊരു പരാജയമാണെന്ന്‌ എന്തിനു വിധിയെഴുതണം?

[30-ാം പേജിലെ ആകർഷക വാക്യം]

ചെയ്യാൻ കഴിയാതെപോയ കാര്യങ്ങളോർത്ത്‌ ദുഃഖിക്കാതെ ചെയ്യാനാകുന്ന കാര്യങ്ങളിൽ മനസ്സുവെക്കാൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു

[31-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യരുടെ വീഴ്‌ചകൾ ദൈവത്തിന്റെ സന്തോഷം കവർന്നെടുക്കുന്നില്ല; കാരണം, അവന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുകതന്നെ ചെയ്യും

[32-ാം പേജിലെ ചിത്രം]

ആത്മീയലക്ഷ്യങ്ങൾ വെക്കുന്നത്‌ നിരാശ തരണംചെയ്യാൻ സഹായിക്കും