വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം എങ്ങനെയുണ്ടായി?

നാം എങ്ങനെയുണ്ടായി?

നാം എങ്ങനെയുണ്ടായി?

എന്തുകൊണ്ടാണ്‌ ഈ ചോദ്യം പ്രസക്തമായിരിക്കുന്നത്‌? ജീവൻ യാദൃച്ഛികമായി ഉണ്ടായി എന്നു പലരും വിശ്വസിക്കുന്നു. വൈകാരികവും ബൗദ്ധികവും ആത്മീയവുമായ കഴിവുകളുള്ള മനുഷ്യൻ അസാധാരണവും ആകസ്‌മികവുമായ ഒരു സംഭവപരമ്പരയിലൂടെ പരിണമിച്ചുണ്ടായി എന്നാണ്‌ അവർ പഠിക്കുന്നത്‌.

ഒരു നിമിഷം ചിന്തിക്കുക: നാം യഥാർഥത്തിൽ പരിണാമത്തിലൂടെ ഉണ്ടായതാണെങ്കിൽ, നമുക്കൊരു സ്രഷ്ടാവില്ലെങ്കിൽ, ഒരർഥത്തിൽ നാം അനാഥരാണെന്നുവരില്ലേ? മാർഗനിർദേശത്തിനായി സമീപിക്കാനോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നമ്മെ സഹായിക്കാനോ കഴിയുന്ന ശ്രേഷ്‌ഠമായ ജ്ഞാനത്തിന്റെ ഒരു ഉറവ്‌ ഇല്ലെന്നുവരില്ലേ? പാരിസ്ഥിതിക വിപത്തുകൾ ഒഴിവാക്കാനും രാഷ്‌ട്രീയ സമസ്യകൾ പരിഹരിക്കാനും ജീവിത പ്രശ്‌നങ്ങൾ നേരിടാനും നമ്മെ സഹായിക്കാൻ മാനുഷിക ജ്ഞാനത്തിലും കവിഞ്ഞ ഒന്നില്ലെന്നുവരില്ലേ?

ഈ സ്ഥിതിവിശേഷം നിങ്ങൾക്കു മനശ്ശാന്തി നൽകുന്നുണ്ടോ? ഇല്ലെങ്കിൽ മറ്റൊരു സാധ്യത പരിചിന്തിക്കുക. അത്‌ എത്രയും ആശാവഹമാണെന്നു മാത്രമല്ല, കൂടുതൽ യുക്തിസഹവുമാണ്‌.

ബൈബിൾ എന്തു പറയുന്നു?

മനുഷ്യനെ ദൈവം നേരിട്ടു സൃഷ്ടിക്കുകയായിരുന്നെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. നിശ്ചിന്തവും വികാരശൂന്യവുമായ പരിണാമത്തിന്റെ പരിണതഫലമല്ല നാം. മറിച്ച്‌ സ്‌നേഹവാനും സർവജ്ഞനുമായ ഒരു പിതാവിന്റെ മക്കളാണു നാമോരോരുത്തരും. ബൈബിളിലെ വ്യക്തമായ ഈ പ്രസ്‌താവനകൾ ശ്രദ്ധിക്കുക:

ഉല്‌പത്തി 1:27. “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”

സങ്കീർത്തനം 139:14. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”

മത്തായി 19:4-6. “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്‌തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.”

പ്രവൃത്തികൾ 17:24, 25. “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശൂശ്രൂഷ ആവശ്യപ്പെടുന്നില്ല.”

വെളിപ്പാട്‌ 4:11, NW. “ഞങ്ങളുടെ ദൈവമായ യഹോവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടപ്രകാരം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളാൻ നീ യോഗ്യൻ.”

ബൈബിളിന്റെ വിശദീകരണം യഥാർഥ മനശ്ശാന്തി കൈവരുത്തുന്ന വിധം

ഭൂമിയിലുള്ള സകല കുടുംബത്തിനും പേരു ലഭിക്കാൻ കാരണം ദൈവമാണെന്നറിയുമ്പോൾ മറ്റുള്ളവരോടുള്ള നമ്മുടെ വീക്ഷണത്തിനു മാറ്റംവരും. (എഫെസ്യർ 3:14, 15) നമ്മെത്തന്നെയും നമ്മുടെ പ്രശ്‌നങ്ങളെയും നാം വീക്ഷിക്കുന്ന വിധത്തെയും ആ അറിവ്‌ സ്വാധീനിക്കും. നമ്മുടെ ചിന്തപോലും പിൻവരുന്ന വിധങ്ങളിൽ ഒരു പരിവർത്തനത്തിനു വിധേയമാകും.

നിർണായക തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ മനുഷ്യന്റെ പരസ്‌പര വിരുദ്ധമായ അഭിപ്രായങ്ങൾക്കിടയിൽപ്പെട്ട്‌ നട്ടംതിരിയുന്നതിനു പകരം ഉറച്ച ബോധ്യത്തോടെ നാം ബൈബിളിന്റെ മാർഗനിർദേശം തേടും. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്നതാണ്‌ അതിനു കാരണം.—2 തിമൊഥെയൊസ്‌ 3:16, 17.

ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റാൻ ശ്രമവും ആത്മശിക്ഷണവും ആവശ്യമാണെന്നതു ശരിതന്നെ. അതിനു ചേർച്ചയിൽ ജീവിക്കാൻ, മനോധർമത്തിനു വിരുദ്ധമായിപ്പോലും പ്രവർത്തിക്കേണ്ടിവന്നേക്കാം. (ഉല്‌പത്തി 8:21) എന്നാൽ സ്‌നേഹവാനായ ഒരു സ്വർഗീയ പിതാവാണു നമ്മെ സൃഷ്ടിച്ചതെന്ന സത്യം നാം അംഗീകരിക്കുമ്പോൾ നമുക്ക്‌ അത്യുത്തമമായത്‌ എന്താണെന്ന്‌ അവനറിയാമെന്നു നിഗമനം ചെയ്യുന്നതു തികച്ചും യുക്തിയായിരിക്കും. (യെശയ്യാവു 55:9) അവന്റെ വചനം ഈ ഉറപ്പു നൽകുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ആ ബുദ്ധിയുപദേശം ബാധകമാക്കുന്നപക്ഷം, വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോഴുണ്ടാകുന്ന ആകുലതകളിലേറെയും അകറ്റിനിറുത്താൻ നമുക്കാകും.

പക്ഷാഭേദത്തിനു പാത്രമാകുമ്പോൾ മറ്റൊരു വംശത്തിലോ സംസ്‌കാരത്തിലോ ഉള്ളവരെക്കാൾ ഏതോ വിധത്തിൽ വിലകുറഞ്ഞവരാണു നാമെന്നു ചിന്തിച്ചുകൊണ്ട്‌ അപകർഷബോധത്താൽ നാം ഭാരപ്പെടില്ല. പകരം ഉചിതമായ ആത്മാഭിമാനം നമ്മുടെ ജീവിതത്തെ ചൂഴ്‌ന്നുനിൽക്കും. കാരണം, നമ്മുടെ പിതാവായ യഹോവയാം ദൈവത്തിനു “മുഖപക്ഷമില്ല.” യഥാർഥത്തിൽ “ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.

മറ്റുള്ളവരെ മുൻവിധിയോടെ വീക്ഷിക്കാതിരിക്കാനും ഈ തിരിച്ചറിവ്‌ നമ്മെ സഹായിക്കും. ‘ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കിയതിനാൽ’ മറ്റൊരു വംശത്തിൽപ്പെട്ടവരെക്കാൾ ശ്രേഷ്‌ഠരാണു നാമെന്നു ചിന്തിക്കാൻ ന്യായമായ യാതൊരു അടിസ്ഥാനവുമില്ലെന്നു നാം മനസ്സിലാക്കും.—പ്രവൃത്തികൾ 17:26.

നാം സൃഷ്ടിക്കപ്പെട്ടവരാണെന്നും സ്രഷ്ടാവിനു നമ്മെക്കുറിച്ചു ചിന്തയുണ്ടെന്നുമുള്ള അറിവ്‌ മനശ്ശാന്തി തേടിയുള്ള യാത്രയിൽ സുപ്രധാനമായ ഒരു കാൽവെപ്പാണ്‌. എന്നാൽ ആ ആന്തരിക സമാധാനം നിലനിറുത്താൻ മറ്റു ചിലതുംകൂടി അവശ്യമാണ്‌.

[4-ാം പേജിലെ ആകർഷക വാക്യം]

മനുഷ്യനുണ്ടായത്‌ പരിണാമത്തിലൂടെയോ?

[5-ാം പേജിലെ ചിത്രം]

സ്രഷ്ടാവിനു നമ്മെക്കുറിച്ചു ചിന്തയുണ്ടെന്ന അറിവ്‌ യഥാർഥ മനശ്ശാന്തി കൈവരുത്തുന്നു