വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവമക്കളാകാൻ . . .

ദൈവമക്കളാകാൻ . . .

ദൈവമക്കളാകാൻ . . .

കൊറിയൻ യുദ്ധം നടന്ന്‌ 30 വർഷത്തിനുശേഷം കൊറിയൻ ബ്രോഡ്‌കാസ്റ്റിങ്‌ സിസ്റ്റം ഒരു പരിപാടി അവതരിപ്പിക്കുകയുണ്ടായി. യുദ്ധം വേർപെടുത്തിയ കുടുംബാംഗങ്ങളെ ഒരു മേൽക്കൂരയ്‌ക്കു കീഴെ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അത്‌. അതു ഫലംകണ്ടോ? 11,000-ത്തിലധികം പേർക്കാണ്‌ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെക്കിട്ടിയത്‌—കണ്ണീരിൽ കുതിർന്ന ഗദ്‌ഗദങ്ങളും ആശ്ലേഷവും ആർദ്രമാക്കിയ ഒരു പുനഃസംഗമം. കൊറിയ ടൈംസ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “കൊറിയൻ ജനത ഒന്നടങ്കം ഇത്രത്തോളം സന്തോഷാശ്രുക്കൾ പൊഴിച്ച ഒരു സന്ദർഭം അവരുടെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല.”

ബ്രസീലിലെ സെയ്‌സാറിന്റെ കാര്യമെടുക്കുക. ഒരു കടം വീട്ടാനായി കുഞ്ഞായിരിക്കുമ്പോൾ വിറ്റതായിരുന്നു അവനെ. പത്തു വർഷത്തിനുശേഷം സ്വന്തം അമ്മയെ നേരിൽക്കണ്ടപ്പോൾ അവന്‌ എന്തു സന്തോഷമായിരുന്നെന്നോ! എന്തിന്‌, അമ്മയോടൊപ്പം കഴിയാനായി, തന്നെ വളർത്തിയ ധനികരായ മാതാപിതാക്കളെ ഉപേക്ഷിക്കാൻപോലും അവൻ തയ്യാറായി.

ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്നു കരുതിയിരുന്ന ഒരു കുടുംബാംഗത്തെ വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത്‌ അനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാകൂ. ദൈവത്തിന്റെ കുടുംബത്തിൽ ഉണ്ടായ അത്തരമൊരു ദുരന്തത്തെക്കുറിച്ച്‌—അതേ, മനുഷ്യർ വേർപെട്ടുപോയതിനെക്കുറിച്ച്‌—ബൈബിൾ വ്യക്തമാക്കുന്നുണ്ട്‌. ഇപ്പോൾ സ്വന്തകുടുംബവുമായുള്ള അവരുടെ സന്തോഷകരമായ പുനഃസംഗമത്തെക്കുറിച്ചും അതു വിശദമാക്കുന്നു. ദൈവത്തിന്റെ കുടുംബം ശിഥിലമായത്‌ എങ്ങനെയാണ്‌? പുനഃസംഗമത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നിങ്ങൾ എന്തു ചെയ്യണം?

ദൈവത്തിന്റെ കുടുംബം ശിഥിലമാകുന്നു

സ്രഷ്ടാവായ യഹോവയെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ പറഞ്ഞു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) ബുദ്ധിശക്തിയുള്ള സൃഷ്ടികൾ അടങ്ങുന്ന ഒരു സാർവത്രിക കുടുംബത്തിന്റെ നാഥനാണ്‌ യഹോവ. ഈ കുടുംബത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. ദൈവത്തിന്റെ ആത്മപുത്രന്മാരായ ദൂതന്മാർ ഉൾപ്പെടുന്ന സ്വർഗീയ ഭാഗവും ദൈവത്തിന്റെ മക്കളായിത്തീരുന്ന മനുഷ്യർ അടങ്ങുന്ന ഭൗമിക ഭാഗവും.

ദൈവത്തിന്റെ മകനായ ആദാം അനുസരണക്കേടു കാണിച്ചതിനെക്കുറിച്ച്‌ മുൻലേഖനത്തിൽ നാം കണ്ടല്ലോ. അപ്പോഴാണ്‌ മനുഷ്യകുടുംബത്തെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയ ആ ദുരന്തം സംഭവിച്ചത്‌. അതേ, അവർ സ്‌നേഹവാനായ തങ്ങളുടെ പിതാവിൽനിന്ന്‌ ഒറ്റപ്പെട്ടുപോയി. (ലൂക്കൊസ്‌ 3:38) അങ്ങനെ, ദൈവത്തിന്റെ മകൻ എന്ന സ്ഥാനം ആദാമിന്‌ നഷ്ടമായി, ജനിക്കാനിരുന്ന തന്റെ മക്കൾക്കും അവൻ അതു നഷ്ടപ്പെടുത്തി. ആദാമിന്റെ അനുസരണക്കേടിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്‌ തന്റെ ദാസനായ മോശെയിലൂടെ യഹോവ വ്യക്തമാക്കി: “അവർ അവനോടു വഷളത്വം കാണിച്ചു: അവർ [ദൈവത്തിന്റെ] മക്കളല്ല, സ്വയകളങ്കമത്രേ.” ആ ‘കളങ്കം’ അതായത്‌ പാപപ്രകൃതമാണ്‌ പരിശുദ്ധനും തന്റെ എല്ലാ വഴികളിലും പൂർണനുമായ ദൈവത്തിൽനിന്ന്‌ മനുഷ്യനെ അകറ്റിയത്‌. (ആവർത്തനപുസ്‌തകം 32:4, 5; യെശയ്യാവു 6:3) അങ്ങനെ മാനവരാശിക്ക്‌ അവരുടെ പിതാവിനെ നഷ്ടപ്പെട്ടു. അതേ, അവർ അനാഥരായി.—എഫെസ്യർ 2:12.

ദൈവത്തിന്റെ കുടുംബത്തിന്‌ പുറത്തുള്ളവരെ ‘ശത്രുക്കൾ’ എന്നാണു ബൈബിൾ വിളിക്കുന്നത്‌. മനുഷ്യൻ അവന്റെ സ്രഷ്ടാവിൽനിന്ന്‌ എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന്‌ അത്‌ കാണിക്കുന്നു. (റോമർ 5:8, 10) ദൈവത്തെ ഉപേക്ഷിച്ച മനുഷ്യനെ കാത്തിരുന്നത്‌, സാത്താന്റെ ക്രൂരഭരണവും കൈമാറിക്കിട്ടിയ പാപത്തിന്റെയും അപൂർണതയുടെയും വിനാശകഫലങ്ങളും ആയിരുന്നു. (റോമർ 5:12; 1 യോഹന്നാൻ 5:19) പാപികളായ മനുഷ്യർക്ക്‌ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനാകുമോ? അപൂർണ മനുഷ്യന്‌ എല്ലാ അർഥത്തിലും ദൈവത്തിന്റെ മക്കളാകാൻ സാധിക്കുമോ, പാപം ചെയ്‌തതിനുമുമ്പ്‌ ആദാമും ഹവ്വായും ആയിരുന്ന അതേ അവസ്ഥയിൽ?

ചിതറിപ്പോയവരെ കണ്ടെത്തുന്നു

തന്നെ സ്‌നേഹിക്കുന്ന അപൂർണ മനുഷ്യർക്കുവേണ്ടി ദൈവം സ്‌നേഹനിർഭരമായ കരുതൽ ചെയ്‌തു. (1 കൊരിന്ത്യർ 2:9) “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്‌തുവിൽ തന്നോടു നിരപ്പിച്ചുപോന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു. (2 കൊരിന്ത്യർ 5:19) കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, നമ്മുടെ പാപങ്ങൾക്ക്‌ പ്രായശ്ചിത്തമായി യഹോവ യേശുക്രിസ്‌തുവിനെ ഒരു മറുവിലയായി നൽകുകയായിരുന്നു. (മത്തായി 20:28; യോഹന്നാൻ 3:16) നന്ദിനിറഞ്ഞ ഹൃദയത്തോടെ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്‌നേഹം നല്‌കിയിരിക്കുന്നു.” (1 യോഹന്നാൻ 3:1) അങ്ങനെ അനുസരണമുള്ള മനുഷ്യവർഗത്തിന്‌ ഒരിക്കൽക്കൂടെ യഹോവയുടെ സാർവത്രിക കുടുംബത്തിന്റെ ഭാഗമായിത്തീരാനുള്ള അവസരം ലഭിച്ചു.

ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുന്ന സകലമനുഷ്യരും ഒരിക്കൽക്കൂടെ തങ്ങളുടെ സ്‌നേഹവാനായ പിതാവിന്റെ സ്‌നേഹവും പരിചരണവും അനുഭവിച്ചറിയും. എന്നാൽ അവർ രണ്ടു കൂട്ടമായിത്തീരുന്നത്‌ എങ്ങനെയെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക. “അവനിൽ താൻ [ദൈവം] മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്‌തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.” (എഫെസ്യർ 1:9, 10) ദൈവം അങ്ങനെ ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌?

ദൈവം തന്റെ മക്കളെ രണ്ടു വിഭാഗങ്ങളായി തിരിക്കുന്നത്‌ കുടുംബത്തിന്റെ ഐക്യത്തിന്‌ ഉതകുന്നു. അതു മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ദൈവത്തിന്റെ കുടുംബത്തെ ഒരു രാഷ്‌ട്രത്തോട്‌ ഉപമിക്കാനാകും. അത്രയ്‌ക്കു വലുതാണ്‌ അത്‌. ഏതൊരു രാഷ്‌ട്രത്തിനും ഭരണം നടത്താനായി തിരഞ്ഞെടുക്കപ്പെടുന്ന ചിലരുണ്ടായിരിക്കും. നിയമവാഴ്‌ചയുടെ പ്രയോജനം മറ്റെല്ലാവർക്കും ലഭിക്കേണ്ടതിനാണത്‌. യാതൊരു മനുഷ്യഗവൺമെന്റിനും യഥാർഥ സമാധാനം കൊണ്ടുവരാനാകില്ല എന്നിരിക്കെ, പ്രജകളുടെ സകല ആവശ്യങ്ങളും നിറവേറ്റുന്ന പിഴവറ്റ ഒരു ഗവൺമെന്റാണ്‌ തന്റെ കുടുംബത്തിനുവേണ്ടി ദൈവം പടുത്തുയർത്തുന്നത്‌. സ്വർഗത്തിലൊരു ഗവൺമെന്റ്‌ രൂപീകരിക്കുന്നതിനായി ഭൂമിയിൽനിന്നു ദൈവം തിരഞ്ഞെടുക്കുന്ന അവന്റെ മക്കളെയാണ്‌ ‘സ്വർഗത്തിലുള്ളത്‌’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അവരാണ്‌ ഒന്നാമത്തെ വിഭാഗം. അവിടെനിന്ന്‌ അവർ ഭൂമിയെ ഭരിക്കും.—വെളിപ്പാടു 5:10.

ഭൂമിയിലെ ദൈവമക്കൾ

‘ഭൂമിയിലുള്ളതിനെ’ അതായത്‌ ഭൂമിയുടെ സകല കോണിൽനിന്നുമായി മറ്റു ദശലക്ഷങ്ങളെയും യഹോവ കൂട്ടിച്ചേർത്തുകൊണ്ടാണിരിക്കുന്നത്‌. അവരാണ്‌ ഒടുവിൽ ദൈവത്തിന്റെ ഭൗമികമക്കളായിത്തീരുന്നത്‌. സകല ജനതകളിലുംപെട്ട അവരെ സ്‌നേഹമാർഗം പഠിപ്പിച്ചുകൊണ്ട്‌ കരുണാമയനായ സ്വർഗീയ പിതാവ്‌ തന്റെ ഭൗമികമക്കളെ ഒരു കുടക്കീഴിലാക്കുകയാണ്‌. അക്രമാസക്തരും സ്വാർഥരും അസാന്മാർഗികളും അനുസരണംകെട്ടവരുമായ ആളുകളെ തന്നോട്‌ ‘നിരന്നുകൊള്ളാൻ’ ക്ഷണിക്കുകയാണ്‌ ദൈവം.—2 കൊരിന്ത്യർ 5:20.

ആ ക്ഷണം നിരസിക്കുന്നവരുടെ കാര്യമോ? തന്റെ കുടുംബത്തിന്റെ സമാധാനവും ഐക്യവും ഉറപ്പാക്കുന്നതിനുവേണ്ടി അവർക്കെതിരെ യഹോവ ശക്തമായ നടപടി സ്വീകരിക്കും. ‘ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസം’ വിദൂരത്തല്ല. (2 പത്രൊസ്‌ 3:7) മറുത്തുനിൽക്കുന്നവരെ യഹോവ നീക്കംചെയ്യും. ദൈവത്തെ അനുസരിക്കുന്നവർക്ക്‌ അത്‌ എന്തൊരു ആശ്വാസമായിരിക്കും!—സങ്കീർത്തനം 37:10, 11.

തുടർന്ന്‌ സമാധാനം കളിയാടുന്ന ആയിരം വർഷം. ആ സമയത്ത്‌, ദൈവസ്‌നേഹത്തോടു പ്രതികരിക്കുന്നവർ ആദാം നഷ്ടപ്പെടുത്തിയ പൂർണതയുള്ള ജീവിതത്തിലേക്ക്‌ പടിപടിയായി തിരിച്ചുവരും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും. (യോഹന്നാൻ 5:28, 29; വെളിപ്പാടു 20:6; 21:3-5) അങ്ങനെ, “[മനുഷ്യ] സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” എന്ന വാഗ്‌ദാനം ദൈവം നിവർത്തിക്കും.—റോമർ 8:20.

സ്വർഗീയ പിതാവുമായി ഒന്നിക്കാൻ

ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച സെയ്‌സാറിനും ആയിരക്കണക്കിന്‌ കൊറിയക്കാർക്കും അവരുടെ കുടുംബവുമായി ഒന്നിക്കുന്നതിനുവേണ്ടി ചില നടപടികൾ സ്വീകരിക്കേണ്ടിവന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള പരിപാടിയിൽ പങ്കെടുക്കണമായിരുന്നു ആ കൊറിയക്കാർക്ക്‌. സെയ്‌സാറിനാകട്ടെ, തന്നെ വളർത്തിയ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കേണ്ടിവന്നു. സമാനമായി സ്വർഗീയ പിതാവുമായി ഒന്നിക്കാനും ആ കുടുംബത്തിന്റെ ഭാഗമായിത്തീരാനുമായി നിങ്ങളും ചില നിർണായക നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരിക്കാം. നിങ്ങളുടെ ഭാഗത്ത്‌ എന്താണാവശ്യം?

നിങ്ങളുടെ പിതാവായ ദൈവത്തോട്‌ അടുക്കുന്നതിന്‌ ദൈവവചനമായ ബൈബിൾ പഠിക്കേണ്ടത്‌ അനിവാര്യമാണ്‌. അത്‌ ദൈവത്തിലും അവന്റെ വാഗ്‌ദാനങ്ങളിലും ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും. ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നത്‌ സ്വന്തം പ്രയോജനത്തിനാണെന്ന ബോധ്യം നിങ്ങളിൽ വളർന്നുവരും. ദൈവത്തിന്റെ ഉപദേശങ്ങളും ശാസനകളും നിങ്ങൾ സ്വീകരിക്കേണ്ടതുമുണ്ട്‌. കാരണം ബൈബിൾ പറയുന്നു: “ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?”—എബ്രായർ 12:7.

മേൽപ്പറഞ്ഞ നടപടികൾ സ്വീകരിക്കുന്നത്‌ നിങ്ങളുടെ ജീവിതംതന്നെ മാറ്റിമറിക്കും. ബൈബിൾ പറയുന്നന്നതുപോലെ, ‘നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കുക.’ (എഫെസ്യർ 4:23, 24) തുടർന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകൾക്ക്‌ ചെവിചായ്‌ക്കുക: “അനുസരണയുള്ള മക്കളാകയാൽ, നിങ്ങളുടെ പഴയ അജ്ഞതയുടെ വ്യാമോഹങ്ങൾക്കു നിങ്ങൾ വിധേയരാകരുത്‌.”—1 പത്രൊസ്‌ 1:14, ഓശാന ബൈബിൾ.

സ്വന്തകുടുംബത്തിലേക്ക്‌

അമ്മയോടൊപ്പം സെയ്‌സാറിന്‌ തിരികെക്കിട്ടിയത്‌ ഒരു ചേട്ടനെയും ചേച്ചിയെയുമാണ്‌. അത്‌ അവന്റെ സന്തോഷത്തിന്റെ മാറ്റുകൂട്ടി. അതുപോലെ നിങ്ങളുടെ സ്വർഗീയ പിതാവിലേക്ക്‌ അടുക്കുമ്പോൾ, ക്രിസ്‌തീയ സഭയിൽ നിങ്ങൾക്ക്‌ സഹോദരന്മാരും സഹോദരിമാരും ഉണ്ടെന്ന്‌ നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളെക്കാൾ അടുപ്പം അവർ നിങ്ങളോടു കാണിച്ചേക്കാം.—പ്രവൃത്തികൾ 28:14, 15; എബ്രായർ 10:24, 25.

നിങ്ങളുടെ പിതാവുമായും സഹോദരീസഹോദരന്മാരുമായും ഒന്നിക്കാനുള്ള മഹത്തായ അവസരം നിങ്ങൾക്കു മുമ്പാകെയുണ്ട്‌. കുടുംബാംഗങ്ങളെ തിരികെക്കിട്ടിയപ്പോൾ സെയ്‌സാറിനും ആയിരക്കണക്കിനുവരുന്ന ആ കൊറിയക്കാർക്കും ഉണ്ടായ അതേ സന്തോഷം നിങ്ങളും അനുഭവിച്ചറിയും.

[26-ാം പേജിലെ ചിത്രം]

സെയ്‌സാർ അമ്മയോടൊപ്പം, 19 വയസ്സുള്ളപ്പോൾ

[28-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തോട്‌ അടുക്കാൻ നടപടികൾ സ്വീകരിക്കുക