വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സംബന്ധിച്ച സത്യം

ദൈവത്തെ സംബന്ധിച്ച സത്യം

യേശുവിൽനിന്നു പഠിക്കുക

ദൈവത്തെ സംബന്ധിച്ച സത്യം

ദൈവത്തിനു പേരുണ്ടോ?

ദൈവത്തിനൊരു പേരുണ്ടെന്ന്‌ യേശു പഠിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 83:18) പിതാവിനോടുള്ള പ്രാർഥനയിൽ തന്റെ ശിഷ്യന്മാരെ പരാമർശിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു:“ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.”—യോഹന്നാൻ 17:26.

ആരാണ്‌ യഹോവ?

യഹോവ സ്രഷ്ടാവായതിനാൽ യേശു അവനെ “ഏകസത്യദൈവ”മെന്നു വിളിച്ചു. (യോഹന്നാൻ 17:3) ‘ആദിയിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ,’ അവൻ ചോദിച്ചു. (മത്തായി 19:5) “ദൈവം ആത്മാവു ആകുന്നു” എന്നും യേശു പറഞ്ഞു. (യോഹന്നാൻ 4:24) അതുകൊണ്ട്‌ നമുക്കു ദൈവത്തെ കാണാനാകില്ല.—പുറപ്പാടു 33:17-20.

ദൈവം നമ്മിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നു?

ഏറ്റവും വലിയ കൽപ്പന എന്താണെന്ന ചോദ്യത്തിന്‌ ഇതായിരുന്നു യേശുവിന്റെ മറുപടി: “എല്ലാറ്റിലും മുഖ്യകല്‌പനയോ: ‘യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം’ എന്നു ആകുന്നു. രണ്ടാമത്തേതോ: ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം’ എന്നത്രേ.”—മർക്കൊസ്‌ 12:28-31.

ദൈവത്തോടു സ്‌നേഹമുണ്ടെന്ന്‌ നമുക്കെങ്ങനെ പ്രകടമാക്കാം?

“ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. അവൻ എങ്ങനെയാണ്‌ ആ സ്‌നേഹം പ്രകടമാക്കിയത്‌? “പിതാവു എന്നോടു കല്‌പിച്ചതുപോലെ ഞാൻ ചെയ്യുന്നു,” അവൻ പറഞ്ഞു. (യോഹന്നാൻ 14:31) “ഞാൻ എല്ലായ്‌പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നു”വെന്നും അവൻ പ്രസ്‌താവിച്ചു. (യോഹന്നാൻ 8:29) ദൈവത്തെക്കുറിച്ചു പഠിച്ചുകൊണ്ട്‌ നമുക്കും അവനെ പ്രസാദിപ്പിക്കാനാകും. ശിഷ്യന്മാർക്കായി പ്രാർഥിക്കവേ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെ . . . അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3; 1 തിമൊഥെയൊസ്‌ 2:4.

നമുക്കെങ്ങനെ ദൈവത്തെക്കുറിച്ചു പഠിക്കാം?

ദൈവത്തിന്റെ സൃഷ്ടികളെ നിരീക്ഷിക്കുകയെന്നതാണ്‌ അവനെ അറിയാനുള്ള ഒരു മാർഗം. ഉദാഹരണത്തിന്‌ യേശുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?” ഭൗതിക ആവശ്യങ്ങളെപ്രതിയുള്ള ഉത്‌കണ്‌ഠയാൽ നാം ദൈവസേവനം നിറുത്തിക്കളയരുതെന്നാണ്‌ യേശു അർഥമാക്കിയത്‌.—മത്തായി 6:26-33.

യഹോവയുടെ വചനമായ ബൈബിൾ പഠിക്കുകയെന്നതാണ്‌ അവനെ അറിയാനുള്ള ഏറ്റവും നല്ല മാർഗം. തിരുവെഴുത്തുകളെ യേശു “ദൈവവചനം” എന്നു വിളിച്ചു. (ലൂക്കൊസ്‌ 8:21) “നിന്റെ വചനം സത്യം ആകുന്നു” എന്നും അവൻ ദൈവത്തോടു പറഞ്ഞു.—യോഹന്നാൻ 17:17; 2 പത്രൊസ്‌ 1:20, 21.

യഹോവയെ സംബന്ധിച്ചുള്ള സത്യം പഠിക്കാൻ യേശു ആളുകളെ സഹായിച്ചു. യേശുവിനെക്കുറിച്ച്‌ അവന്റെയൊരു ശിഷ്യൻ ഇങ്ങനെ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ.” (ലൂക്കൊസ്‌ 24:32) ദൈവത്തെക്കുറിച്ചു പഠിക്കാൻ നാം താഴ്‌മയും മനസ്സൊരുക്കവും ഉള്ളവരായിരിക്കണം. “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല,” യേശു പറഞ്ഞു.—മത്തായി 18:3.

ദൈവപരിജ്ഞാനം നമ്മെ സന്തുഷ്ടരാക്കുന്നത്‌ എന്തുകൊണ്ട്‌?

ജീവിതോദ്ദേശ്യം കണ്ടെത്താനുള്ള നമ്മുടെ ആഗ്രഹത്തെ ദൈവം തൃപ്‌തിപ്പെടുത്തുന്നു. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 5:3, NW) ഏറ്റവും നല്ല ജീവിതരീതി യഹോവ നമുക്കു കാണിച്ചുതരുന്നു. യേശു പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ.”—ലൂക്കൊസ്‌ 11:28; യെശയ്യാവു 11:9.

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 1-ാം അധ്യായം കാണുക. *

[അടിക്കുറിപ്പ്‌]

^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[12-ാം പേജിലെ ചിത്രം]

“ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.”—യോഹന്നാൻ 17:26

[16, 17 പേജിലെ ചിത്രങ്ങൾ]

സൃഷ്ടിയിൽനിന്നും ബൈബിളിൽനിന്നും നമുക്കു യഹോവയെക്കുറിച്ചു പഠിക്കാനാകും