വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

വായനക്കാർ ചോദിക്കുന്നു

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

മനുഷ്യന്റെ കഷ്ടങ്ങൾക്കു കാരണം ദൈവമല്ല. “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്‌കയില്ല” എന്നു ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 34:10) അപ്പോൾപ്പിന്നെ കഷ്ടപ്പാടുകളുടെ മുഖ്യ ഉത്തരവാദി ആരാണ്‌?

സാത്താനെ “ലോകത്തിന്റെ പ്രഭു” എന്ന്‌ യേശു വിളിച്ചു. (യോഹന്നാൻ 14:30) അഖിലാണ്ഡ പരമാധികാരി യഹോവയാണെന്ന കാര്യത്തിൽ തർക്കമില്ല. ആ സ്ഥാനം അവൻ ഒരിക്കലും വെച്ചൊഴിയുകയുമില്ല. എങ്കിലും ബഹുഭൂരിപക്ഷം മനുഷ്യരെയും ഭരിക്കാൻ കുറച്ചുകാലത്തേക്കു ദൈവം സാത്താനെ അനുവദിച്ചിരിക്കുന്നു.—1 യോഹന്നാൻ 5:19.

എങ്ങനെയുള്ള ഒരു ഭരണമാണ്‌ സാത്താൻ ഇന്നോളം കാഴ്‌ചവെച്ചിരിക്കുന്നത്‌? മനുഷ്യനുമായുള്ള ആദിസംഗമത്തിന്റെ നാൾമുതൽക്കേ അവൻ ഒരു കൊലപാതകിയും വഞ്ചകനും ആയിരുന്നിട്ടുണ്ട്‌. അവൻ മനുഷ്യസമുദായത്തെ കടുത്ത അരാജകത്വത്തിലേക്കു തള്ളിവിടുകയാണ്‌. അവനെക്കുറിച്ച്‌ യേശു പറയുന്നതു ശ്രദ്ധിക്കുക: “അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്‌കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) തന്നെക്കൊല്ലാൻ ശ്രമിക്കുന്നവർ ആ ആദികൊലപാതകന്റെ മക്കളാണെന്നും യേശു പറഞ്ഞു. സാത്താനെപ്പോലെ പ്രവർത്തിച്ചുകൊണ്ട്‌ അവർ തങ്ങളെത്തന്നെ അവന്റെ മക്കളെന്നു തെളിയിച്ചു. ‘അപ്പനെപ്പോലെതന്നെ മക്കളും!’

മനുഷ്യഹൃദയങ്ങളിൽ സാത്താൻ ഇന്നും ഹിംസാത്മകചിന്തകൾ ഊട്ടിവളർത്തുകയാണ്‌. ഉദാഹരണത്തിന്‌, രാഷ്‌ട്രീയ പകപോക്കലിന്റെയും വംശഹത്യയുടെയും അന്ധമായ അക്രമത്തിന്റെയും ഭാഗമായി 1900-ത്തിനും 1987-നും ഇടയ്‌ക്ക്‌ വിവിധ ഭരണകൂടങ്ങൾ 16,91,98,000 മനുഷ്യരെ കശാപ്പുചെയ്‌തുവെന്ന്‌ യു.എസ്‌.എ.-യിലുള്ള ഹവായ്‌ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസറായ ആർ. ജെ. റമ്മൽ കണക്കുകൂട്ടുന്നു. രണഭൂമിയിൽ മരിച്ചുവീണ ദശലക്ഷങ്ങൾക്കു പുറമെയാണിത്‌.

കഷ്ടപ്പാടിനു കാരണം ദൈവമല്ലെങ്കിൽ, പിന്നെന്തിനാണ്‌ അവനത്‌ അനുവദിക്കുന്നത്‌? ദീർഘകാലംമുമ്പ്‌ അഖിലാണ്ഡത്തിൽ ഉയർന്നുവന്ന ചില വിവാദവിഷയങ്ങൾക്ക്‌ ഇനിയും തീർപ്പുകൽപ്പിക്കപ്പെടേണ്ടതുണ്ട്‌. അവയിലൊന്ന്‌ ഇപ്പോൾ നമുക്കു പരിചിന്തിക്കാം.

മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ ആദാമും ഹവ്വായും സാത്താന്റെ പക്ഷം ചേർന്നു. ദൈവഭരണം തള്ളിക്കളഞ്ഞുകൊണ്ട്‌ സ്വയംഭരണം തിരഞ്ഞെടുത്ത അവർ ഫലത്തിൽ പിശാചിന്റെ ഭരണത്തിൻകീഴിൽ വരുകയായിരുന്നു.—ഉല്‌പത്തി 3:1-6; വെളിപ്പാടു 12:9.

സത്യം തെളിയിക്കപ്പെടാൻ ആവശ്യത്തിനു സമയം അനുവദിക്കാതെ നടപടി സ്വീകരിക്കുകയെന്നത്‌ യഹോവയുടെ നീതിക്കു നിരക്കുന്നതായിരുന്നില്ല. കാലം എന്തു തെളിയിച്ചിരിക്കുന്നു? സാത്താന്റെ കീഴിലുള്ള മനുഷ്യഭരണം കഷ്ടപ്പാടിലേക്കു മാത്രമേ നയിക്കൂ. സമയം കടന്നുപോകാൻ ദൈവം അനുവദിച്ചത്‌ ആത്യന്തികമായി മനുഷ്യന്റെ പ്രയോജനത്തിൽ കലാശിച്ചിരിക്കുന്നു എന്നതാണു സത്യം. എങ്ങനെ? തെളിവുകൾ പരിശോധിച്ചു ബോധ്യപ്പെടുന്നവർക്ക്‌ തങ്ങൾ ദൈവഭരണത്തിനു കീഴ്‌പെടാൻ മനസ്സൊരുക്കമുള്ളവരാണെന്നു പ്രകടമാക്കാൻ അവസരം ലഭിക്കുന്നു. ദൈവത്തിന്റെ നിലവാരങ്ങൾ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന അവർക്ക്‌ അനന്തകാലം ജീവിക്കാനുള്ള പ്രത്യാശയുമുണ്ട്‌.—യോഹന്നാൻ 17:3; 1 യോഹന്നാൻ 2:17.

ലോകം ഇന്നു സാത്താന്റെ കരാളഹസ്‌തങ്ങളിലാണെന്നതു സത്യംതന്നെ. എന്നാൽ അതു താത്‌കാലികം മാത്രമാണ്‌. യഹോവ പെട്ടെന്നുതന്നെ തന്റെ പുത്രനെ ഉപയോഗിച്ച്‌ ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കും.’ (1 യോഹന്നാൻ 3:8) ദൈവിക മാർഗനിർദേശത്തിനു ചേർച്ചയിൽ യേശു വ്രണിതഹൃദയങ്ങളെ മുറികെട്ടുകയും തകർന്ന ജീവിതങ്ങളെ കൈപിടിച്ചുയർത്തുകയും ചെയ്യും. കണ്ണീരുംകയ്യുമായി ജീവിതം കഴിച്ചുകൂട്ടിയവരുൾപ്പെടെ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞ കോടിക്കണക്കിനാളുകളെ അവൻ ഈ ഭൂമിയിലേക്കു തിരികെക്കൊണ്ടുവരും.—യോഹന്നാൻ 11:25.

യേശുവിന്റെ പുനരുത്ഥാനം പിശാചിന്റെ പ്രവൃത്തികളുടെമേലുള്ള ദൈവത്തിന്റെ വിജയം വിളിച്ചോതുന്നു—തങ്ങളുടെ ജീവകാലത്തു ദൈവഭരണത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവർക്ക്‌ എന്തു സംഭവിക്കാനിരിക്കുന്നുവെന്നതിന്റെ കുറിയടയാളമാണത്‌. (പ്രവൃത്തികൾ 17:31) പിൻവരുന്ന ആശ്വാസവചസ്സുകളോടെ ആ നല്ല നാളെയിലേക്കു ബൈബിൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു: “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.