വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തർക്കങ്ങൾ എങ്ങനെ പരിഹരിക്കാം?

തർക്കങ്ങൾ എങ്ങനെ പരിഹരിക്കാം?

 കുടുംബസന്തുഷ്ടിയുടെ രഹസ്യം

തർക്കങ്ങൾ എങ്ങനെ പരിഹരിക്കാം?

ഫെർണാൻഡോ: “വിവാഹശേഷം ഞാനും സാറയും * എന്റെ മാതാപിതാക്കളോടൊപ്പമാണു താമസിച്ചിരുന്നത്‌. ഒരു ദിവസം എന്റെ അനുജന്റെ കാമുകി അവളെ വീട്ടിൽകൊണ്ടുവിടാമോ എന്ന്‌ എന്നോടു ചോദിച്ചു. ഞാൻ എന്റെ മകനേയും കൂട്ടി കാറിൽ അവളെ വീട്ടിൽ കൊണ്ടാക്കി. എന്നാൽ തിരിച്ചെത്തിയപ്പോൾ കണ്ടത്‌ കലിതുള്ളിനിൽക്കുന്ന സാറയെയാണ്‌. അപ്പോൾ തുടങ്ങി വഴക്ക്‌, ഒടുവിൽ എല്ലാവരുടെയും മുമ്പിൽവെച്ച്‌ അവൾ എന്നെ സ്‌ത്രീലമ്പടൻ എന്നു വിളിച്ചു. എനിക്ക്‌ എന്റെ നിയന്ത്രണം വിട്ടു. അവളെ ദേഷ്യം പിടിപ്പിക്കുന്ന പലതും ഞാനും പറഞ്ഞു.”

സാറ: “ഞങ്ങളുടെ മകന്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടായിരുന്നു. തന്നെയുമല്ല ആ സമയത്ത്‌ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശവുമായിരുന്നു. അതുകൊണ്ട്‌ മകനെയുംകൂട്ടി അദ്ദേഹം അനുജന്റെ കാമുകിയെ വീട്ടിൽവിടാൻ പോയത്‌ പല കാരണങ്ങൾകൊണ്ടും എന്നെ വല്ലാതെ വേദനിപ്പിച്ചു. തിരിച്ചെത്തിയപ്പോൾ മനസ്സിലുള്ളതെല്ലാം ഞാൻ അദ്ദേഹത്തോടു തുറന്നു പറഞ്ഞു. പരസ്‌പരം ചീത്തവിളിയും മറ്റുമായി അത്‌ ഒടുവിൽ വലിയ വാക്കുതർക്കമായി. പിന്നീട്‌ എനിക്കു വല്ലാത്ത ഖേദം തോന്നി.”

ദമ്പതികൾ തമ്മിൽ വഴക്കുണ്ടായാൽ അതിനർഥം അവർ പരസ്‌പരം സ്‌നേഹിക്കുന്നില്ല എന്നാണോ? അല്ല! മേൽപ്പറഞ്ഞ ഫെർണാൻഡോയും സാറയും പരസ്‌പരം അങ്ങേയറ്റം സ്‌നേഹിക്കുന്നുണ്ട്‌. എന്നാൽ ഏറ്റവും നല്ല വിവാഹബന്ധങ്ങളിൽപ്പോലും തർക്കങ്ങൾ ഇടയ്‌ക്കിടെ തലപൊക്കിയേക്കാം.

തർക്കങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌, അതു നിങ്ങളുടെ വിവാഹത്തിന്‌ ഒരു ഭീഷണിയാകാതിരിക്കാൻ എന്തു ചെയ്യാനാകും? വിവാഹം ദൈവത്തിന്റെ ഒരു ക്രമീകരണം ആയതിനാൽ അവന്റെ വചനമായ ബൈബിൾ ഇക്കാര്യത്തിൽ എന്തു പറയുന്നു എന്നു പരിശോധിക്കുന്നത്‌ ബുദ്ധിയായിരിക്കും.—ഉല്‌പത്തി 2:21, 22; 2 തിമൊഥെയൊസ്‌ 3:16, 17.

പ്രശ്‌നങ്ങളുടെ കാതൽ കണ്ടെത്തുക

സ്‌നേഹത്തോടും പരിഗണനയോടും കൂടെ ഇടപെടാനാണു മിക്ക ദമ്പതികളും ആഗ്രഹിക്കുന്നത്‌. എന്നിരുന്നാലും യാഥാർഥ്യത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ടു ബൈബിൾ പറയുന്നു “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) അതുകൊണ്ട്‌ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ വികാരങ്ങൾക്കു കടിഞ്ഞാണിടുക പ്രയാസമായിരുന്നേക്കാം. തർക്കങ്ങൾ തുടങ്ങിക്കഴിഞ്ഞാലോ? ചീത്ത പറയുന്നതും ആക്രോശിക്കുന്നതും പോലുള്ള മോശം സ്വഭാവങ്ങൾ ചെറുക്കാൻ ചിലർ ശരിക്കും ബുദ്ധിമുട്ടുന്നു. (റോമർ 7:21; എഫെസ്യർ 4:31) പ്രശ്‌നങ്ങൾക്കു തിരികൊളുത്തുന്ന മറ്റു ഘടകങ്ങൾ ഏതൊക്കെയാണ്‌?

ഭാര്യയുടെയും ഭർത്താവിന്റെയും ആശയവിനിമയ രീതികൾ പലപ്പോഴും വ്യത്യസ്‌തമായിരിക്കും. മിക്കിക്കോ പറയുന്നു: “ഞങ്ങളുടെ വിവാഹജീവിതത്തിന്റെ ആദ്യനാളുകളിൽത്തന്നെ ഞങ്ങൾ രണ്ടു പേരുടെയും ആശയവിനിമയ രീതികൾ വ്യത്യസ്‌തമാണെന്ന്‌ ഞാൻ മനസ്സിലാക്കി. എന്തു സംഭവിച്ചു എന്നു മാത്രമല്ല, എപ്പോൾ, എങ്ങനെ സംഭവിച്ചു എന്നുകൂടി പറയുന്ന രീതിയായിരുന്നു എന്റേത്‌, എന്നാൽ എന്റെ ഭർത്താവിന്‌ ഒടുവിൽ എന്തുണ്ടായി എന്നുമാത്രം അറിഞ്ഞാൽ മതിയായിരുന്നു.”

മിക്കിക്കോയുടേത്‌ ഒറ്റപ്പെട്ട അനുഭവമല്ല. മിക്ക വിവാഹങ്ങളിലും ഒരാൾക്ക്‌ ഒരു പ്രശ്‌നം സവിസ്‌തരം ചർച്ചചെയ്യാനായിരിക്കാം താത്‌പര്യം. തർക്കങ്ങളിലൊന്നും താത്‌പര്യമില്ലാത്തതിനാൽ മറ്റേയാൾക്ക്‌ ആ വിഷയം സംസാരിക്കാനേ ഇഷ്ടമില്ലായിരിക്കാം. ചിലപ്പോൾ ഒരു പ്രശ്‌നത്തെക്കുറിച്ചു ചർച്ചചെയ്യാൻ ഒരു ഇണ എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രത്തോളം അത്‌  ഒഴിവാക്കാൻ മറ്റെയാൾ ശ്രമിച്ചെന്നു വരും. ഇങ്ങനെയൊരു പ്രവണത നിങ്ങളുടെ ദാമ്പത്യത്തിലുണ്ടോ? നിങ്ങളിലൊരാൾ ചർച്ച ഇഷ്ടപ്പെടുന്ന ആളും മറ്റെയാൾ അത്‌ ഒഴിവാക്കുന്ന ആളും ആണോ?

മറ്റൊരു ഘടകം, കുടുംബ പശ്ചാത്തലമായിരിക്കാം. ഇത്‌ ആശയവിനിമയത്തെക്കുറിച്ചുള്ള ദമ്പതികളുടെ കാഴ്‌ചപ്പാടിനെ സ്വാധീനിക്കാനിടയുണ്ട്‌. വിവാഹിതനായിട്ട്‌ അഞ്ചു വർഷമായ ജസ്റ്റിൻ പറയുന്നു: “അധികമൊന്നും സംസാരിക്കാത്ത പ്രകൃതക്കാരാണ്‌ എന്റെ വീട്ടുകാർ, അതുകൊണ്ടുതന്നെ എന്റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ എനിക്കു ബുദ്ധിമുട്ടാണ്‌. ഇത്‌ എന്റെ ഭാര്യക്കു തീർത്തും ഉൾക്കൊള്ളാനാകാത്ത കാര്യമാണ്‌. എല്ലാം തുറന്നു സംസാരിക്കുന്നവരാണ്‌ അവളുടെ വീട്ടുകാർ, മനസ്സിലുള്ളത്‌ എന്നോടു തുറന്നു പറയുന്നതിന്‌ അവൾക്കു യാതൊരു പ്രശ്‌നവുമില്ല.”

പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ കാരണം

ഗവേഷകരുടെ അഭിപ്രായത്തിൽ, സംതൃപ്‌തമായ ലൈംഗിക ജീവിതമോ സാമ്പത്തിക ഭദ്രതയോ ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നു പരസ്‌പരം പറയുന്നതോ അല്ല ഒരു ദാമ്പത്യം എത്ര സന്തോഷകരമാണെന്നു നിർണയിക്കുന്ന മുഖ്യഘടകങ്ങൾ. പകരം ദാമ്പത്യവിജയം ആശ്രയിച്ചിരിക്കുന്നത്‌ ഭാര്യാഭർത്താക്കന്മാർ പ്രശ്‌നങ്ങളെ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതിനെയാണ്‌.

രണ്ടുപേർ വിവാഹിതരാകുമ്പോൾ, മനുഷ്യനല്ല ദൈവമാണ്‌ അവരെ കൂട്ടിച്ചേർക്കുന്നത്‌ എന്ന്‌ യേശു പറഞ്ഞു. (മത്തായി 19:4-6) അതുകൊണ്ട്‌ ഒരു നല്ല ദാമ്പത്യം യഹോവയ്‌ക്കു മഹത്ത്വം കരേറ്റും. ഭാര്യയോട്‌ സ്‌നേഹവും പരിഗണനയും കാണിക്കാത്ത ഒരു ഭർത്താവിന്റെ പ്രാർഥന യഹോവ കേൾക്കുകയില്ല. (1 പത്രൊസ്‌ 3:7) ഭർത്താവിനെ ആദരിക്കാത്ത ഭാര്യ യഥാർഥത്തിൽ യഹോവയോടാണ്‌ അനാദരവ്‌ കാണിക്കുന്നത്‌, കാരണം യഹോവയാണ്‌ അദ്ദേഹത്തെ കുടുംബത്തിന്റെ ശിരസ്സായി നിയമിച്ചത്‌.—1 കൊരിന്ത്യർ 11:3.

വിജയരഹസ്യങ്ങൾ—വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കുക

ആശയവിനിമയരീതിയും കുടുംബപശ്ചാത്തലവും എന്തുതന്നെ ആയാലും ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ ചില സംസാര രീതികൾ ഒഴിവാക്കിയേ മതിയാകൂ. പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക:

‘ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ മറുപടി പറയാനുള്ള പ്രവണതയെ ഞാൻ ചെറുക്കുന്നുണ്ടോ?’ “മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 30:33) എന്താണ്‌ അതിന്റെ അർഥം? ഒരു ഉദാഹരണം എടുക്കാം. കുടുംബ ബഡ്‌ജറ്റ്‌ തയ്യാറാക്കുമ്പോൾ ചെലവുകൾ എങ്ങനെ ചുരുക്കണം എന്നതിനെ ചൊല്ലി ഉടലെടുക്കുന്ന ഒരു അഭിപ്രായവ്യത്യാസം പെട്ടന്നുതന്നെ ‘നിനക്കു/നിങ്ങൾക്കു യാതൊരു ഉത്തരവാദിത്വവുമില്ല’ എന്നതുപോലുള്ള കുറ്റപ്പെടുത്തലുകളിൽ ചെന്നെത്തിയേക്കാം. ഇങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഇണ നിങ്ങളുടെ “മൂക്കു ഞെക്കിയാൽ,” അതേ നാണയത്തിൽ തിരിച്ചടിക്കാനായിരിക്കും നിങ്ങളുടെ ചായ്‌വ്‌. ഇങ്ങനെ തിരിച്ചടിക്കുന്നത്‌ കോപം ആളിക്കത്തുന്നതിനും അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനും മാത്രമേ ഉപകരിക്കൂ.

ബൈബിൾ എഴുത്തുകാരനായ യാക്കോബ്‌ മുന്നറിയിപ്പു നൽകി: “കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ.” (യാക്കോബ്‌ 3:5, 6) ദമ്പതികൾ തങ്ങളുടെ നാവു നിയന്ത്രിക്കാൻ പരാജയപ്പെടുമ്പോൾ ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങൾപോലും വലിയ തർക്കങ്ങളായി ആളിപ്പടർന്നേക്കാം. ഇത്തരം വൈകാരികക്ഷോഭങ്ങൾ തുടർസംഭവങ്ങളാകുന്ന ഒരു ദാമ്പത്യത്തിൽ സ്‌നേഹത്തിനു വളരാൻ പറ്റിയ അന്തരീക്ഷം അല്ല ഉള്ളത്‌.

ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ മറുപടി പറയുന്നതിനുപകരം ‘തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയിരുന്ന’ യേശുവിനെ അനുകരിക്കാൻ ശ്രമിക്കുക. (1 പത്രൊസ്‌ 2:23) ചൂടുപിടിച്ച വാഗ്വാദങ്ങൾ തണുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇണയുടെ അഭിപ്രായം മാനിക്കുന്നതും തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയ്‌ക്കു ക്ഷമ ചോദിക്കുന്നതുമാണ്‌.

ശ്രമിച്ചുനോക്കൂ: അടുത്തതവണ ഒരു തർക്കം ഉണ്ടാകുമ്പോൾ സ്വയം ചോദിക്കുക: ‘എന്റെ ഭാര്യയുടെ/ഭർത്താവിന്റെ അഭിപ്രായങ്ങൾ മാനിക്കുന്നതുകൊണ്ട്‌ എനിക്ക്‌ എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ? ഈ പ്രശ്‌നം വഷളായതിൽ എന്റെ പങ്കെന്താണ്‌? തെറ്റുകൾക്കു ക്ഷമ ചോദിക്കുന്നതിൽനിന്ന്‌ എന്നെ തടയുന്നത്‌ എന്താണ്‌?’

‘ഞാൻ എന്റെ ഇണയുടെ വികാരങ്ങളെ നിസ്സാരമായിട്ടാണോ എടുക്കുന്നത്‌?’ “നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും . . . ഉള്ളവരായിരിക്കുവിൻഎന്ന്‌ ദൈവവചനം നമ്മോട്‌ ആവശ്യപ്പെടുന്നു. (1 പത്രൊസ്‌ 3:8, പി.ഒ.സി. ബൈബിൾ) ഈ ഉപദേശം ബാധകമാക്കാൻ പരാജയപ്പെടുന്നതിന്റെ രണ്ടു കാരണങ്ങൾ ഇപ്പോൾ പരിചിന്തിക്കാം. നിങ്ങളുടെ ഇണയുടെ വികാരവിചാരങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാനായിട്ടില്ല എന്നതായിരിക്കാം ഒരു കാരണം. ഉദാഹരണത്തിന്‌, ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങളെക്കാൾ ഉത്‌കണ്‌ഠ നിങ്ങളുടെ ഇണയ്‌ക്കുണ്ടെങ്കിൽ “ഇങ്ങനെ ഉത്‌കണ്‌ഠപ്പെടേണ്ട ഒരു കാര്യവുമില്ല” എന്ന്‌ ഒരുപക്ഷേ നിങ്ങൾ പറഞ്ഞേക്കാം. ഒരു പ്രശ്‌നത്തിന്‌ അത്‌ അർഹിക്കുന്ന ഗൗരവംമാത്രം കൊടുക്കാൻ ഇണയെ സഹായിക്കുക  എന്നതായിരിക്കും നിങ്ങളുടെ ഉദ്ദേശ്യം. എന്നാൽ ഇത്തരം വാക്കുകളിൽനിന്ന്‌ അധികമാർക്കും ആശ്വാസം ലഭിക്കില്ല. അതുകൊണ്ട്‌ ഭാര്യാഭർത്താക്കന്മാർ അന്യോന്യം മനസ്സിലാക്കുകയും സമാനുഭാവം കാണിക്കുകയും വേണം.

അഹങ്കാരമായിരിക്കാം മറ്റൊരു കാരണം. മറ്റുള്ളവരെ എപ്പോഴും താഴ്‌ത്തിക്കെട്ടി സ്വയം ഉയർത്താൻ അഹങ്കാരിയായ ഒരു വ്യക്തി ശ്രമിക്കും. അധിക്ഷേപവാക്കുകൾ ഉപയോഗിച്ചുകൊണ്ടോ അനുചിതമായ താരതമ്യങ്ങൾ നടത്തിക്കൊണ്ടോ ആയിരിക്കാം അയാൾ അതു ചെയ്യുന്നത്‌. യേശുവിന്റെ നാളിലെ അഹങ്കാരികളായ ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും കാര്യമെടുക്കുക. ആരെങ്കിലും—അതൊരു പരീശനായാൽപോലും—വ്യത്യസ്‌ത അഭിപ്രായം പറഞ്ഞാൽ അവർ അയാളെ പരിഹസിക്കുകയും ഇടിച്ചുതാഴ്‌ത്താൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. (യോഹന്നാൻ 7:45-52) എന്നാൽ യേശു വ്യത്യസ്‌തനായിരുന്നു. ആളുകൾ അവനോടു വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ചപ്പോൾ അവൻ അവരോടു സഹാനുഭൂതി കാണിച്ചു.—മത്തായി 20:29-34; മർക്കൊസ്‌ 5:25-34.

നിങ്ങളുടെ ഇണ അഭിപ്രായങ്ങളോ വികാരങ്ങളോ പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്‌. സമാനുഭാവം സ്‌ഫുരിക്കുന്നതാണോ നിങ്ങളുടെ വാക്കുകളും സ്വരവും മുഖഭാവവും? അതോ ഇണയുടെ അഭിപ്രായങ്ങൾ പാടെ തള്ളിക്കളയാനാണോ നിങ്ങൾ വെമ്പൽകൊള്ളുന്നത്‌?

ശ്രമിച്ചുനോക്കൂ: വരും ആഴ്‌ചകളിൽ നിങ്ങൾ എങ്ങനെയാണു ഇണയോടു സംസാരിക്കുന്നത്‌ എന്നതിന്‌ ശ്രദ്ധനൽകുക. ഇണയെ തരംതാഴ്‌ത്തുന്ന രീതിയിലോ അലക്ഷ്യമായോ സംസാരിച്ചാൽ ഉടനടി ക്ഷമ ചോദിക്കുക.

‘ഇണയുടെ ആന്തരത്തെ ഞാൻ മിക്കപ്പോഴും സംശയിക്കാറുണ്ടോ?’ “വെറുതെയോ ഇയ്യോബ്‌ ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ?” (ഇയ്യോബ്‌ 1:9, 10) ഇങ്ങനെ പറയുകവഴി സാത്താൻ വിശ്വസ്‌തനായ ഇയ്യോബിന്റെ ആന്തരം സ്വാർഥമാണെന്ന്‌ ആരോപിക്കുകയായിരുന്നു.

സൂക്ഷിച്ചില്ലെങ്കിൽ ദമ്പതികളും ഈ ചിന്താഗതിക്ക്‌ അടിമപ്പെടാം. ഉദാഹരണത്തിന്‌, നിങ്ങളുടെ ഇണ നിങ്ങൾക്ക്‌ എന്തെങ്കിലും നല്ലതു ചെയ്‌താൽ, എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടിയാണെന്നോ എന്തെങ്കിലും മറച്ചുവെക്കാൻ ആണെന്നോ നിങ്ങൾ സംശയിക്കാറുണ്ടോ? നിങ്ങളുടെ ഇണ എന്തെങ്കിലും വീഴ്‌ചകൾ വരുത്തിയാൽ അത്‌ സ്വാർഥതയുടെയും പരിഗണനയില്ലായ്‌മയുടെയും തെളിവായി നിങ്ങൾ വീക്ഷിക്കുമോ? മുൻകാലങ്ങളിലെ വീഴ്‌ചകൾ ചികഞ്ഞെടുത്ത്‌ ആ പട്ടികയിൽ ഇതുംകൂടെ ചേർക്കുമോ?

ശ്രമിച്ചുനോക്കൂ: നിങ്ങളുടെ ഇണ നിങ്ങൾക്കു ചെയ്‌തുതന്നിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചും അതിന്‌ അവരെ പ്രേരിപ്പിച്ചത്‌ എന്താണെന്നതിനെക്കുറിച്ചും ഒരു ലിസ്റ്റ്‌ ഉണ്ടാക്കുക.

അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “സ്‌നേഹം . . . ദോഷം കണക്കിടുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) മനുഷ്യർ അപൂർണരാണെന്നും തെറ്റുകൾ വരുത്തുമെന്നുമുള്ള വസ്‌തുത യഥാർഥ സ്‌നേഹം കണക്കിലെടുക്കുന്നു. എന്നാൽ അത്‌ “ദോഷം കണക്കിടുന്നില്ല.” സ്‌നേഹം “എല്ലാം വിശ്വസിക്കുന്നു” എന്നും പൗലൊസ്‌ പറയുന്നു. (1 കൊരിന്ത്യർ 13:7) ആര്‌ എന്തു പറഞ്ഞാലും അത്‌ അപ്പാടെ അങ്ങ്‌ വിശ്വസിക്കും എന്നല്ല ഇതിനർഥം. എന്നുവെച്ച്‌ എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെയേ നോക്കൂ എന്നുമില്ല. അത്‌ ആളുകളെ വിശ്വസിക്കാൻ തയ്യാറാണ്‌. ഈ സ്‌നേഹം, ക്ഷമിക്കാനും മറ്റുള്ളവരുടെ ആന്തരം നല്ലതാണെന്നു ചിന്തിക്കാനും സന്നദ്ധമാണ്‌. (സങ്കീർത്തനം 86:5; എഫെസ്യർ 4:32) ദമ്പതികൾക്കിടയിൽ ഇത്തരം സ്‌നേഹമുണ്ടെങ്കിൽ ഒരു സന്തുഷ്ട ദാമ്പത്യം അവർക്ക്‌ ആസ്വദിക്കാനാകും.

നിങ്ങളോടുതന്നെ ചോദിക്കുക . . .

▪ തുടക്കത്തിൽ പരാമർശിച്ച ദമ്പതികൾക്ക്‌ എവിടെയാണു തെറ്റു പറ്റിയത്‌?

▪ എന്റെ വിവാഹജീവിതത്തിൽ ഇത്തരം തെറ്റുകൾ എങ്ങനെ ഒഴിവാക്കാം?

▪ ഈ ലേഖനത്തിൽ പരാമർശിച്ച ഏതൊക്കെ കാര്യങ്ങളിലാണു പുരോഗതിവരുത്താൻ ഞാൻ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌?

[അടിക്കുറിപ്പ്‌]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.