വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനീതിയുടെമേൽ നീതിയുടെ ജയം

അനീതിയുടെമേൽ നീതിയുടെ ജയം

അനീതിയുടെമേൽ നീതിയുടെ ജയം

ഫ്രാൻസിലെ സ്‌ട്രാസ്‌ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി 2007 മേയ്‌ 3-ന്‌ ജോർജിയ റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികൾക്ക്‌ അനുകൂലമായി ഒരു വിധിപ്രഖ്യാപിച്ചു. അവിടത്തെ സാക്ഷികൾ മനുഷ്യത്വഹീനമായ പെരുമാറ്റത്തിന്‌ വിധേയരായെന്നും അവർക്കു മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെന്നും കോടതി കണ്ടെത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്‌ചവരുത്തിയതിന്റെ പേരിൽ കോടതി ജോർജിയിലെ മുൻഗവൺമെന്റിനെ ശാസിക്കുകയുണ്ടായി. അങ്ങനെയൊരു വിധിപ്രഖ്യാപിക്കാൻ ഇടയാക്കിയ സാഹചര്യം?

1999 ഒക്ടോബർ 17. തലസ്ഥാനമായ റ്റ്‌ബിലിസിയിലുള്ള ഗ്ലഡാനി സഭയിലെ 120 പേർ ആരാധനയ്‌ക്കായി കൂടിവന്നിരിക്കുകയായിരുന്നു. പെട്ടെന്ന്‌, 200 പേരുടെ ഒരു സംഘം യോഗസ്ഥലത്തേക്ക്‌ ഇരച്ചുകയറി. ഔദ്യോഗിക സ്ഥാനത്തുനിന്നു നീക്കപ്പെട്ട ഓർത്തഡോക്‌സ്‌ പുരോഹിതൻ വാസിലി മ്‌കാലാവിഷ്‌വിലി ആയിരുന്നു നേതാവ്‌. മുട്ടൻവടികളും ഇരുമ്പു കുരിശുകളുമായെത്തിയ അവർ ഹാളിലുണ്ടായിരുന്നവരെ തല്ലിച്ചതച്ചു. ചിലരുടെ പരുക്ക്‌ ഗുരുതരമായിരുന്നു. അടിയേറ്റ്‌ ഒരു സ്‌ത്രീക്ക്‌ ഇടതുകണ്ണിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. 16 പേരെങ്കിലും ആശുപത്രിയിലായി. സഹായംതേടി പോലീസ്‌ സ്‌റ്റേഷനിൽ എത്തിയ ചില സാക്ഷികളോട്‌ പോലീസ്‌ മേധാവി പറഞ്ഞത്‌ എന്താണെന്നോ? അക്രമികളുടെ സ്ഥാനത്ത്‌ താനായിരുന്നെങ്കിൽ സാക്ഷികളുടെ അവസ്ഥ അതിനെക്കാൾ പരിതാപകരമാകുമായിരുന്നെന്ന്‌! അക്രമികളിലൊരാൾ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. അത്‌ ദേശീയ ടെലിവിഷൻ കേന്ദ്രങ്ങൾ സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. അക്രമികൾ ആരാണെന്ന്‌ വ്യക്തമായിരുന്നു. *

അക്രമത്തിനിരയായവർ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. താൻ ഓർത്തഡോക്‌സ്‌ സഭയിലെ അംഗമായതിനാൽ നിഷ്‌പക്ഷമായി ഈ കേസ്‌ അന്വേഷിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ അന്വേഷണച്ചുമതല ഉണ്ടായിരുന്ന ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. അധികാരികളുടെ മൗനം സമാനസ്വഭാവമുള്ള നൂറിലേറെ ആക്രമണങ്ങൾ നടത്താൻ കുറ്റവാളികൾക്കു കരുത്തേകി.

അങ്ങനെ 2001 ജൂൺ 29-ന്‌ യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യവാകാശ കോടതിക്ക്‌ ഒരു പരാതി സമർപ്പിച്ചു. * 2007 മേയ്‌ 3-ന്‌ കോടതി അന്തിമവിധി പ്രഖ്യാപിക്കവേ, നടന്നതെന്താണെന്ന്‌ വളരെ വ്യക്തമായി പ്രസ്‌താവിക്കുകയും ഗവൺമെന്റിന്റെ നിസ്സംഗതയെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്‌തു. “അധികാരികൾ . . . സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തണമായിരുന്നു. . . . അധികാരികൾ ഇത്തരം കൃത്യങ്ങൾക്കെതിരെ കണ്ണടച്ചത്‌ നീതിശാസ്‌ത്രത്തിലും രാജ്യത്തിന്റെ നീതിനിർവഹണത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന്‌ തുരങ്കംവെക്കാൻ മാത്രമേ ഇടയാക്കിയുള്ളൂ” എന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

“പരാതിക്കാർക്കെതിരെ 1999 ഒക്ടോബർ 17-ന്‌ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാരെ ശിക്ഷിക്കുന്നതിൽ അധികാരികൾ കാണിച്ച അനാസ്ഥയാണ്‌ ജോർജിയയിൽ അങ്ങോളമിങ്ങോളം ആക്രമണങ്ങൾ ആവർത്തിക്കാൻ അവർക്ക്‌ പ്രചോദനമായതെന്ന്‌” കോടതി കണ്ടെത്തി.

അങ്ങനെ, അക്രമത്തിന്‌ ഇരയായവർക്കു നീതി ലഭിച്ചു. ഗ്ലഡാനി സഭയിലെ അംഗങ്ങൾക്ക്‌ നഷ്ടപരിഹാരവും നിയമനടപടികൾക്ക്‌ വേണ്ടിവന്ന തുകയും നൽകണമെന്ന്‌ ജോർജിയ ഗവൺമെന്റിനോട്‌ കോടതി ആവശ്യപ്പെട്ടു. പൂർണമായിട്ടല്ലെങ്കിലും തങ്ങൾക്കെതിരിയുള്ള അക്രമം കെട്ടടങ്ങിയതിൽ സാക്ഷികൾ സന്തോഷിക്കുന്നു. എന്നാൽ കോടതിവിധി തങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിന്‌ ഉറപ്പുനൽകിയതാണ്‌ അവരെ ഏറെ സന്തോഷിപ്പിക്കുന്നത്‌. ഇക്കാലമത്രയും തങ്ങളെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത സ്വർഗീയ പിതാവായ യഹോവയാം ദൈവത്തോട്‌ അവർ അങ്ങേയറ്റം നന്ദിയുള്ളവരാണ്‌.—സങ്കീർത്തനം 23:4.

[അടിക്കുറിപ്പുകൾ]

^ ഖ. 3 കൂടുതൽ വിവരങ്ങൾക്ക്‌ 2002 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ 22-8 പേജുകൾ കാണുക.

^ ഖ. 5 യൂറോപ്യൻ കൗൺസിൽ എന്ന സംഘടനയുടെ ഒരു ഏജൻസിയാണ്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR). ‘മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പടി’യുടെ ലംഘനം ഉൾപ്പെട്ടിരിക്കുന്നിടത്ത്‌ തീർപ്പുകൽപ്പിക്കുന്നത്‌ ഈ കോടതിയാണ്‌. 1999 മേയ്‌ 20-ന്‌ പ്രസ്‌തുത ഉടമ്പടി അംഗീകരിച്ച ജോർജിയ, അതിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥമായിരുന്നു.