വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

​പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോഗ​പ്പെടു​ത്താൻ മറ്റു​ള്ള​വരെ സഹാ​യി​ക്കുക

​പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോഗ​പ്പെടു​ത്താൻ മറ്റു​ള്ള​വരെ സഹാ​യി​ക്കുക

“ഞാൻ നിന്‍റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറ​ഞ്ഞുത​രും.” —സങ്കീ. 32:8.

1, 2. ഭൂ​മിയി​ലുള്ള തന്‍റെ ദാസരെ യഹോവ വീ​ക്ഷിക്കു​ന്നത്‌ എങ്ങനെ?

കുട്ടികൾ കളി​ക്കു​ന്നത്‌ നി​രീക്ഷി​ക്കുന്ന മാതാ​പി​താക്കൾ അവർക്കുള്ള നൈസർഗി​കപ്രാപ്‌തികൾ കണ്ട് മി​ക്കപ്പോ​ഴും അതി​ശയി​ക്കാറുണ്ട്. അത്തരം അനുഭവം നി​ങ്ങൾക്കും ഉണ്ടാ​യി​ട്ടില്ലേ? ഒരു കുട്ടിക്ക് നല്ല ചുറു​ചു​റു​ക്കും കായി​കപ്രാപ്‌തി​യും ഉണ്ടാ​യിരി​ക്കാം. അ​തേസ​മയം, അവന്‍റെ കൂ​ടെപ്പി​റപ്പിന്‌ കലകളോ കര​കൗ​ശലവി​ദ്യ​കളോ ഒരിടത്ത്‌ ഇരു​ന്നു​കൊ​ണ്ടുള്ള കളി​ക​ളോ ഒക്കെ ആയി​രി​ക്കാം പ്രിയം. കു​ട്ടിക​ളുടെ സഹ​ജവാ​സനകൾ എന്തുതന്നെ ആയി​രുന്നാ​ലും അവരുടെ ഉള്ളിൽ ഒളി​ഞ്ഞു​കിട​ക്കുന്ന പ്രാ​പ്‌തികൾ തിരി​ച്ചറി​യു​മ്പോൾ മാതാ​പി​താക്കൾ അതി​യാ​യി സന്തോ​ഷി​ക്കുന്നു.

2 യഹോ​വയ്‌ക്കും തന്‍റെ ഭൗമി​കമ​ക്കളിൽ ആഴമായ താത്‌പ​ര്യമുണ്ട്. തന്‍റെ ആധു​നി​കകാല ദാസരെ “സകല ജാതി​കളു​ടെ​യും മനോ​ഹ​രവസ്‌തു”ക്കളായി യഹോവ വീ​ക്ഷിക്കു​ന്നു. (ഹഗ്ഗാ. 2:7) വി​ശ്വാ​സവും ദൈ​വഭക്തി​യും ആണ്‌ ദൈ​വ​ത്തിന്‌ അവരെ വി​ശേ​ഷാൽ വി​ല​പ്പെട്ടവ​രാക്കു​ന്നത്‌. ഇന്ന് നമ്മുടെ സഹാ​രാ​ധകർക്കി​ടയിൽ വി​വിധ​തരം കഴി​വു​കളും പ്രാപ്‌തിക​ളും നിങ്ങൾ നിരീ​ക്ഷിച്ചി​ട്ടുണ്ടാ​കും. ചിലർക്ക് നല്ല പ്രസം​ഗചാ​തു​ര്യം കണ്ടേക്കാം; മറ്റു ചി​ലരാ​കട്ടെ നല്ല സംഘാ​ട​നപാ​ടവം പ്രദർശി​പ്പിക്കു​ന്നു. മറ്റു ഭാഷകൾ പഠി​ക്കു​ന്നതിൽ പല സഹോ​ദരി​മാർക്കും ഒരു പ്രത്യേക വി​രുതുണ്ട്; അവർ അത്‌ ശു​ശ്രൂ​ഷയിൽ നന്നായി പ്ര​യോ​ജന​പ്പെടു​ത്തു​കയും ചെയ്യുന്നു. മറ്റനേകം സ​ഹോ​ദരി​മാരാ​കട്ടെ, പ്രോത്സാ​ഹനം ആവശ്യ​മു​ള്ളവരെ പിന്തു​ണയ്‌ക്കുന്നതി​ലും രോ​ഗി​കളെ ശു​ശ്രൂഷി​ക്കുന്നതി​ലും മികവുറ്റ മാതൃകകളാണ്‌. (റോമ. 16:1, 12) ഇങ്ങനെ നാ​നാ​തരം കഴി​വു​കളുള്ള ക്രിസ്‌ത്യാ​നി​കൾ നിറഞ്ഞ സഭയി​ലായി​രിക്കു​ന്നത്‌ നിങ്ങൾ വില​മതി​ക്കുന്നി​ല്ലേ?

3. ഈ ലേ​ഖന​ത്തിൽ നാം ഏതെല്ലാം ചോ​ദ്യ​ങ്ങൾ പരി​ചിന്തി​ക്കും?

 3 എന്നി​രുന്നാ​ലും, യു​വാക്ക​ളും പു​തുതാ​യി സ്‌നാ​ന​മേറ്റവ​രും ഉൾപ്പെടെ നമ്മുടെ ചില സഹവി​ശ്വാ​സി​കൾ സഭയിൽ തങ്ങളുടെ ഭാ​ഗ​ധേയം ഇതുവരെ തിരി​ച്ചറി​ഞ്ഞി​ട്ടുണ്ടാ​വില്ല. തങ്ങൾക്കുള്ള കഴി​വു​കളും പ്രാപ്‌തിക​ളും മു​ഴുവ​നായി ഉപ​യോഗ​പ്പെടു​ത്താൻ മറ്റു​ള്ള​വരെ നമുക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും? യഹോവ വീ​ക്ഷി​ക്കുന്ന​തു​പോലെ അവരെ വീക്ഷി​ച്ചു​കൊണ്ട് അവരിലെ നന്മ കണ്ടെത്താൻ നാം ശ്ര​മി​ക്കേണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

യഹോവ തന്‍റെ ദാ​സർക്കുള്ള നന്മ കാണുന്നു

4, 5. യഹോവ തന്‍റെ ദാ​സരു​ടെ ഭാവി​സാ​ധ്യ​തകൾ വില​യി​രുത്തു​ന്നു എന്ന് ന്യാ​യാ​ധിപ​ന്മാർ 6:11-16-ലെ വിവരണം കാ​ണിക്കു​ന്നത്‌ എങ്ങനെ?

4 യഹോവ തന്‍റെ ദാ​സരി​ലുള്ള നന്മ​യോ​ടൊപ്പം അവർക്കുള്ള സാമർഥ്യ​ങ്ങളും കാ​ണുന്നുണ്ട് എന്ന് അനേകം ബൈബിൾ വൃത്താന്തങ്ങൾ വ്യ​ക്തമാ​ക്കുന്നു. ദൃഷ്ടാന്തത്തിന്‌, ദൈവജ​നത്തെ മി​ദ്യാ​ന്യ മർദ​നത്തിൽനിന്ന് വിടു​വി​ക്കാനാ​യി യഹോവ ഗി​ദെ​യോനെ തി​രഞ്ഞെ​ടുത്ത സന്ദർഭം പരി​ഗണി​ക്കുക. “അല്ലയോ പരാ​ക്രമ​ശാലി​യേ, യഹോവ നി​ന്നോ​ടുകൂ​ടെ ഉണ്ട്” എന്നു പറ​ഞ്ഞു​കൊണ്ട് ദൂതൻ അവനെ അഭി​വാ​ദ്യം ചെയ്‌ത​പ്പോൾ ഗി​ദെ​യോൻ അമ്പ​രന്നു​പോ​യി​ട്ടുണ്ടാ​കണം. താൻ ഒരു “പരാ​ക്രമ​ശാലി”യാണെന്ന് അവൻ സ്വ​പ്‌നേപി വിചാ​രിച്ചി​ട്ടുണ്ടാ​കില്ല! സ്വയം നി​സ്സാര​നെന്ന് ചി​ന്തിച്ചി​രുന്ന അവൻ തന്‍റെ കഴിവിൽ സംശയം പ്ര​കടി​പ്പിച്ചു. എന്നാൽ അവർ തമ്മിൽ തു​ടർന്നു​ണ്ടായ സം​ഭാ​ഷണം വ്യക്ത​മാക്കു​ന്നതു​പോലെ, ഗി​ദെ​യോൻ സ്വയം വി​ലയി​രുത്തി​യതിൽനി​ന്നും വളരെ വ്യത്യസ്‌തമാ​യിട്ടാ​യി​രുന്നു യഹോവ അവനെ കണ്ടത്‌. യ​ഹോവയ്‌ക്ക് തന്‍റെ ദാസന്‍റെ കഴി​വു​കളിൽ പൂർണ​വിശ്വാ​സ​മുണ്ടാ​യി​രുന്നു.—ന്യായാധിപന്മാർ 6:11-16 വായിക്കുക.

5 ഗിദെയോന്‍റെ പ്രാ​പ്‌തികൾ അടുത്തു നി​രീക്ഷി​ച്ചി​രുന്ന​തു​കൊണ്ട് അവന്‌ ഇസ്രാ​യേ​ല്യരെ വിടു​വിക്കാ​നാകു​മെന്ന കാ​ര്യ​ത്തിൽ യ​ഹോവയ്‌ക്ക് സം​ശയ​മേതു​മില്ലാ​യി​രുന്നു. ഉദാ​ഹരണ​ത്തിന്‌, തന്‍റെ മുഴു​ശക്തി​യും ഉപ​യോ​ഗിച്ച് ഗി​ദെ​യോൻ ഗോതമ്പ് മെ​തിക്കു​ന്നത്‌ യ​ഹോവ​യുടെ ദൂതൻ ശ്രദ്ധി​ച്ചി​രുന്നു. മറ്റൊരു സം​ഗതി​യും ദൂതന്‍റെ ക​ണ്ണിൽപ്പെട്ടു. ബൈ​ബിൾക്കാല​ങ്ങളിൽ കർഷകർ മി​ക്കപ്പോ​ഴും തുറസ്സായ സ്ഥല​ങ്ങളി​ലാണ്‌ ധാന്യം മെതി​ച്ചി​രു​ന്നത്‌. കാറ്റിന്‍റെ ആനു​കൂ​ല്യം പ്ര​യോജ​നപ്പെ​ടുത്തി പതിർ പാറ്റി​ക്കള​യാനാ​യി​രുന്നു അത്‌. എന്നാൽ അ​തിൽനിന്ന് വ്യത്യസ്‌തമാ​യി, തനിക്ക് ആകെ ലഭിച്ച അല്‌പം വിളവ്‌ മിദ്യാ​ന്യരു​ടെ കണ്ണിൽപ്പെടാ​തിരി​ക്കാൻ ഒരു മുന്തി​രിച്ച​ക്കിനരി​കിൽ രഹസ്യ​മാ​യിട്ടാ​യി​രുന്നു ഗി​ദെ​യോൻ മെ​തി​ച്ചത്‌. എത്ര വി​വേ​കത്തോ​ടെ​യാണ്‌ അവൻ പ്ര​വർത്തി​ച്ചത്‌! അതു​കൊ​ണ്ടു​തന്നെ, യഹോവ ഗി​ദെ​യോനെ ജാ​ഗരൂ​കനായ ഒരു കർഷകൻ എന്ന​തിലു​പരി കൂർമബു​ദ്ധി​യായ ഒരു വ്യ​ക്തി​യെന്ന നിലയിൽ കണ്ടതിൽ തെല്ലും അതി​ശയ​മില്ല. അതെ, യഹോവ അവന്‍റെ ഭാവി​സാ​ധ്യ​തകൾ തി​രിച്ച​റിഞ്ഞ് അവനെ തി​രഞ്ഞെ​ടുത്തു, അവ​നോ​ടൊപ്പം പ്ര​വർത്തി​ച്ചു.

6, 7. (എ) പ്ര​വാച​കനായ ആ​മോസി​നെ യഹോവ വീ​ക്ഷിച്ച​വിധം ചില ഇസ്രാ​യേ​ല്യരു​ടേ​തിൽനിന്ന് വ്യത്യസ്‌തമാ​യിരു​ന്നത്‌ എങ്ങനെ? (ബി) ആമോസ്‌ വിദ്യാ​വിഹീ​നൻ ആയി​രു​ന്നി​ല്ലെന്ന് എന്തു സൂചി​പ്പി​ക്കുന്നു?

6 സമാ​നമാ​യി, ഒരു പ്രവാ​ചക​നായി യഹോവ തി​രഞ്ഞെ​ടുത്ത ആ​മോ​സി​നെക്കു​റിച്ചു ചി​ന്തി​ക്കുക. അനേ​കരു​ടെ​യും ദൃഷ്ടിയിൽ അവൻ നി​സ്സാര​നും സാധാ​രണ​ക്കാര​നും ആയി​രു​ന്നെങ്കി​ലും യഹോവ തന്‍റെ ദാസന്‍റെ കഴി​വു​കളും പ്രാപ്‌തിക​ളും നി​രീക്ഷി​ച്ചു. ഇടയനും കാ​ട്ടത്തി​പ്പഴം വര​യുന്ന​വനും എന്നാണ്‌ ആമോസ്‌ സ്വയം വി​ശേഷി​പ്പി​ച്ചത്‌. സാധു​ജ​നങ്ങളു​ടെ ഭക്ഷണ​മാ​യിരു​ന്നു കാ​ട്ടത്തി​പ്പഴം. വി​ഗ്രഹാ​രാധ​കരായ പത്തു​ഗോ​ത്ര ഇ​സ്രാ​യേൽ രാജ്യത്തെ കുറ്റം​വി​ധി​ക്കാൻ യഹോവ ആ​മോസി​നെ പ്രവാ​ചക​നായി തിര​ഞ്ഞെടു​ത്തത്‌ തെറ്റായ ഒരു തീ​രുമാ​നമാ​യി​പ്പോ​യെന്ന് ഇസ്രാ​യേല്യ​രിൽ ചിലർ ചിന്തി​ച്ചി​ട്ടുണ്ടാ​കണം.—ആമോ. 7:14, 15.

7 ആമോസ്‌ ഒരു ഉൾനാടൻ ഗ്രാ​മത്തിൽനി​ന്നു​ള്ളവനാ​യി​രുന്നു. എങ്കിലും അക്കാലത്തെ ഭരണാ​ധി​കാരി​ക​ളെയും നില​വിലി​രുന്ന ആചാ​ര​രീതി​ക​ളെയും സം​ബന്ധിച്ച് അവനു​ണ്ടാ​യി​രുന്ന അറിവ്‌ അവൻ വിദ്യാ​വി​ഹീ​നനായ വ്യക്തി​യാ​യിരു​ന്നില്ല എന്ന് വ്യ​ക്തമാ​ക്കുന്നു. ഇ​സ്രാ​യേലിൽ നിലനിന്ന സാമൂ​ഹ്യ​സാഹ​ചര്യം അവന്‌ നന്നായി അറി​യാമാ​യി​രുന്നു. കൂടാതെ, സഞ്ചാ​രവ്യാ​പാ​രി​കളു​മായി അവനു​ണ്ടാ​യി​രുന്ന ബന്ധ​ത്തിലൂ​ടെ അയൽരാ​ജ്യ​ങ്ങളെ​ക്കുറി​ച്ചും അവന്‌ സാമാ​ന്യ​ധാരണ ലഭി​ച്ചിട്ടു​ണ്ടാ​യിരി​ക്കണം. (ആമോ. 1:6, 9, 11, 13; 2:8; 6:4-6) ആമോസിന്‍റെ രചനാ​പാ​ടവത്തെ ഇന്ന് ചില ബൈബിൾ പണ്ഡി​ത​ന്മാർ ശ്ലാ​ഘിക്കു​ന്നു. പ്ര​വാ​ചകൻ ഉൾക്കന​മുള്ള ലളി​തസു​ന്ദരപ​ദങ്ങൾ ശ്ര​ദ്ധാപൂർവം തി​രഞ്ഞെ​ടുത്തു എന്നു മാത്രമല്ല, മ​നോഹ​രമായ സമാ​ന്തരവർണന​കളും നാ​നാർഥം ധ്വ​നിപ്പി​ക്കുന്ന രസ​കര​മായ വാക്‌പ്ര​യോഗ​ങ്ങളും തന്‍റെ പുസ്‌ത​കത്തിൽ യഥേഷ്ടം ഉപ​യോഗി​ക്കു​കയും ചെയ്‌തി​ട്ടുണ്ട്. നീചനായ അമസ്യാ​പു​രോ​ഹി​തനോ​ടുള്ള ആമോസിന്‍റെ സു​ധീര​മായ വാക്കുകൾ യഹോവ ശരിയായ വ്യക്തി​യെ​ത്തന്നെ​യാണ്‌ തിര​ഞ്ഞെടു​ത്തത്‌ എന്ന് അസന്ദിഗ്‌ധമാ​യി തെ​ളിയി​ച്ചു. അതെ, ആർക്കും ഒറ്റ​നോ​ട്ടത്തിൽ പ്ര​കടമ​ല്ലാഞ്ഞ അവന്‍റെ അന്തർലീ​നമായ കഴി​വു​കൾ യ​ഹോവയ്‌ക്ക് ഉപ​യോഗ​പ്പെടു​ത്താ​നായി.—ആമോ. 7:12, 13, 16, 17.

8. (എ) യഹോവ ദാ​വീദിന്‌ എന്ത് ഉറപ്പ് കൊ​ടു​ത്തു? (ബി) ആ​ത്മ​വി​ശ്വാ​സ​മോ വൈ​ദഗ്‌ധ്യങ്ങ​ളോ കുറ​വുള്ള​തായി തോ​ന്നു​ന്നെങ്കിൽ സ​ങ്കീർത്തനം 32:8-ലെ വാക്കുകൾ പ്രോത്സാ​ഹനം പക​രു​ന്നത്‌ എന്തു​കൊണ്ട്?

8 അതെ, യഹോവ തന്‍റെ ദാസരിൽ ഓ​രോരു​ത്തരു​ടെയും ഭാവി​സാ​ധ്യ​തകൾ നിരീ​ക്ഷി​ക്കുന്നു. ദാവീദ്‌ രാജാവിന്‍റെ മേൽ “ദൃഷ്ടിവെച്ച്” അവനെ എല്ലായ്‌പോ​ഴും വഴി​നയി​ക്കു​മെന്ന് യഹോവ അവന്‌ ഉറപ്പു നൽകി. (ങ്കീർത്തനം 32:8 വായിക്കുക.) ആ ആശയം നമുക്കു പ്രോത്സാ​ഹനം പക​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു  നിങ്ങൾക്ക് മന​സ്സിലാ​യോ? നമുക്ക് ആത്മ​വിശ്വാ​സം കുറ​വാ​ണെങ്കിൽപ്പോ​ലും, പ്രാപ്‌തി​കളോ​ടുള്ള ബന്ധത്തിൽ നമു​ക്കു​ണ്ടെന്നു നാം ചി​ന്തി​ക്കുന്ന പരി​ധി​കളെ​യും പരി​മിതി​ക​ളെയും ഒക്കെ പി​ന്നിലാ​ക്കി മു​ന്നേറാ​നും ഒരി​ക്ക​ലും സങ്കല്‌പിച്ചി​ട്ടു​പോ​ലുമി​ല്ലാത്ത ലക്ഷ്യ​ങ്ങളി​ലേക്ക് ചി​റക​ടിച്ചു​യരാ​നും യ​ഹോവയ്‌ക്ക് നമ്മെ സഹാ​യി​ക്കാൻ കഴിയും. ഒരു നൃത്താധ്യാപിക തന്‍റെ ശി​ഷ്യയു​ടെ ഓരോ ചുവടും അം​ഗചല​നവും നയന​വി​ക്ഷേപ​വും സു​സൂക്ഷ്മം നി​രീക്ഷിച്ച് ആവ​ശ്യ​മായ നിർദേ​ശങ്ങൾ നൽകി അവളെ മികച്ച ഒരു നർത്തകി​യായി രൂ​പ​പ്പെടു​ത്തുന്ന​തു​പോലെ, നമ്മൾ ആത്മീ​യ​മായ പു​രോ​ഗതി പ്രാ​പി​ക്കവെ ഓരോ ചു​വടി​ലും നമ്മെ നയിക്കാൻ യഹോവ ഒരു​ക്കമു​ള്ളവനാണ്‌. നമ്മുടെ ഉള്ളിൽ മറഞ്ഞു​കി​ടക്കുന്ന സഹ​ജവാ​സനകൾ മു​ഴുവ​നായി പ്ര​യോ​ജന​പ്പെടു​ത്താൻ നമ്മെ സഹാ​യിക്കു​ന്നതിന്‌ സഹവി​ശ്വാ​സിക​ളെയും യഹോവ ഉപ​യോഗി​ച്ചേ​ക്കാം. അത്‌ എങ്ങ​നെയാണ്‌?

മ​റ്റു​ള്ള​വ​രിലെ നന്മ കണ്ടെത്തുക

9. മറ്റു​ള്ളവ​രുടെ താത്‌പ​ര്യം “നോക്കണം” എന്ന പൗലോസിന്‍റെ ഉദ്‌ബോ​ധനം നമുക്ക് എങ്ങനെ പ്രാ​വർത്തി​കമാ​ക്കാനാ​കും?

9 നാം സഹ​വി​ശ്വാ​സിക​ളുടെ താത്‌പ​ര്യം “നോക്കണം” എന്ന് പൗ​ലോസ്‌ സകല ക്രിസ്‌ത്യാ​നി​ക​ളെയും ഉദ്‌ബോ​ധിപ്പി​ച്ചു. (ഫിലിപ്പിയർ 2:3, 4 വായിക്കുക.) എന്താ​യി​രുന്നു അവൻ അർഥ​മാക്കി​യത്‌? മറ്റു​ള്ളവർക്കുള്ള പ്രാ​പ്‌തികൾ നി​രീക്ഷിച്ച് അവ​യെ​പ്രതി നാം അവരെ അനു​മോ​ദി​ക്കണം എന്നാണ്‌ പൗ​ലോസ്‌ നൽകിയ ബുദ്ധിയുപദേശത്തിന്‍റെ കാതൽ. ഒന്നു ചിന്തി​ച്ചു​നോ​ക്കുക, നാം വരുത്തിയ പു​രോ​ഗതി​യിൽ മ​റ്റൊ​രാൾ താത്‌പ​ര്യം കാണി​ക്കു​മ്പോൾ നമുക്ക് എന്തു തോന്നും? കൂ​ടുത​ലായ പു​രോ​ഗതി വരുത്താൻ അതു നമ്മിൽ ശക്തമായ പ്ര​ചോ​ദനം ചെ​ലു​ത്തും, നമുക്കുള്ള ഏറ്റവും മികച്ചത്‌ അത്‌ പു​റത്തു​കൊ​ണ്ടു​വരു​കയും ചെയ്യും. സമാ​നമാ​യി, നാം സഹ​വി​ശ്വാ​സിക​ളുടെ യഥാർഥമൂ​ല്യം തി​രിച്ച​റിഞ്ഞ് അംഗീ​കരി​ക്കു​മ്പോൾ, അവരെ അഭി​നന്ദി​ക്കു​മ്പോൾ, അഭിവൃദ്ധി പ്രാ​പിക്കാ​നും ആത്മീ​യമാ​യി തഴയ്‌ക്കാ​നും നാം അവരെ സഹാ​യിക്കു​കയാണ്‌.

10. നമ്മുടെ ശ്രദ്ധ വി​ശേ​ഷാൽ ആവശ്യ​മാ​യിരു​ന്നേ​ക്കാവു​ന്നത്‌ ആർക്കാണ്‌?

10 നമ്മുടെ ശ്രദ്ധ വി​ശേ​ഷാൽ ആവശ്യ​മാ​യിരു​ന്നേ​ക്കാവു​ന്നത്‌ ആർക്കാണ്‌? നമു​ക്കെ​ല്ലാം ഇ​ട​യ്‌ക്കൊക്കെ പ്ര​ത്യേ​കശ്രദ്ധ ആവശ്യ​മാ​ണെ​ന്നത്‌ ശരി​യാണ്‌. എങ്കിൽത്ത​ന്നെയും, യു​വാക്കൾക്കും പു​തുതാ​യി സ്‌നാന​മേറ്റ സഹോ​ദര​ന്മാർക്കും, സഭാ​പ്രവർത്തന​ങ്ങളിൽ തങ്ങൾക്കും ഒരു ഭാ​ഗ​ധേയം നിർവഹിക്കാ​നു​ണ്ടെന്നുള്ള വസ്‌തുത ശരിക്കും അനു​ഭവ​വേദ്യ​മാ​കേണ്ട​തുണ്ട്. നമു​ക്കി​ടയിൽ തീർച്ചയാ​യും അവർക്ക് ഒരു സ്ഥാ​നമു​ണ്ടെന്നു തിരി​ച്ചറി​യാൻ ഇത്‌ അവരെ സഹാ​യി​ക്കും. നേ​രെമ​റിച്ച്, അങ്ങ​നെ​യുള്ള സഹോ​ദര​ങ്ങൾക്ക് അർഹമായ അം​ഗീകാ​രം നൽകാത്ത​പക്ഷം കൂടുതൽ ഉത്തര​വാ​ദിത്വ​ങ്ങൾ എത്തി​പ്പിടി​ക്കാ​നുള്ള അവരുടെ ആഗ്രഹം മുര​ടിച്ചു​പോ​യേക്കാം. ഓർക്കുക: ദിവ്യാ​ധി​പത്യ​പദ​വികൾ ലക്ഷ്യം​വെ​ക്കാൻതന്നെ​യാണ്‌ ദൈവവ​ചനം അവരെ പ്രോ​ത്സാഹി​പ്പിക്കു​ന്നത്‌.—1 തിമൊ. 3:1.

11. (എ) ലജ്ജാ​ശീ​ലം തര​ണം​ചെയ്യാൻ ഒരു യു​വാവി​നെ ഒരു മൂപ്പൻ സഹാ​യി​ച്ചത്‌ എങ്ങനെ? (ബി) ജൂലിയന്‍റെ അനുഭവം നമ്മെ എന്താണു പഠി​പ്പിക്കു​ന്നത്‌?

11 ഇങ്ങനെ മറ്റു സ​ഹോദ​രങ്ങൾ ആ​ത്മാർഥ​താ​ത്‌പര്യം കാണി​ച്ചതിൽനിന്ന് ചെ​റുപ്പ​ത്തിൽ പ്ര​യോ​ജനം നേടിയ ഒരു വ്യ​ക്തിയാണ്‌ ലൂ​ഡോ​വിക്‌. ഇപ്പോൾ ഒരു മൂ​പ്പനാ​യി സേ​വി​ക്കുന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: “ഏ​തെങ്കി​ലും ഒരു സ​ഹോദ​രനിൽ ഞാൻ ആ​ത്മാർഥ​താ​ത്‌പര്യം കാണി​ക്കു​മ്പോൾ അദ്ദേഹം പെട്ടെന്ന് പു​രോ​ഗമി​ക്കാ​റുണ്ട്.” ജൂലിയൻ എന്നു പേരുള്ള ലജ്ജാ​ലുവാ​യി​രുന്ന ഒരു ചെറു​പ്പക്കാ​ര​നെക്കു​റിച്ച് ലൂ​ഡോ​വിക്‌ പറയുന്നു: “പരി​ഭ്രമം​നി​മിത്തം ജൂലിയന്‍റെ എടുപ്പും നടപ്പും പല​പ്പോ​ഴും വി​കല​മായി​പ്പോ​യി​രുന്ന​തു​കൊണ്ട് അവന്‍റെ പെ​രുമാ​റ്റം അസ്വാ​ഭാ​വിക​മായി തോ​ന്നി​യിരു​ന്നു. എന്നാൽ അവൻ വളരെ ദയ​യുള്ള​വനും സഭയിൽ മറ്റു​ള്ള​വരെ സഹാ​യി​ക്കാൻ ആത്മാർഥ​മായി ആ​ഗ്രഹി​ച്ചി​രുന്ന​വനും ആണെന്ന് ഞാൻ മന​സ്സിലാ​ക്കി. അതു​കൊണ്ട് അവന്‍റെ ആന്തരത്തെ ചോദ്യം ചെ​യ്യുന്ന​തിനു പകരം അവനെ പ്രോ​ത്സാ​ഹിപ്പി​ക്കാൻ ശ്രമി​ച്ചു​കൊണ്ട് ഞാൻ അവന്‍റെ സദ്‌ഗുണ​ങ്ങളിൽ ശ്രദ്ധ കേ​ന്ദ്രീക​രിച്ചു.” കാ​ലക്ര​മേണ, ജൂലിയൻ ഒരു ശൂ​ശ്രൂ​ഷാ​ദാസ​നായി യോഗ്യത പ്രാ​പി​ച്ചു. ഇപ്പോൾ അവൻ ഒരു സാധാരണ പയ​നിയ​റാണ്‌.

തങ്ങളുടെ പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോഗി​ക്കാൻ അവരെ സഹായിക്കുക

12. തന്‍റെ പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോ​ഗി​ക്കുന്ന​തിന്‌ ഒരു വ്യക്തിയെ സഹാ​യി​ക്കാൻ എന്തു നല്ല ഗു​ണമാണ്‌ ആവശ്യ​മായി​രിക്കു​ന്നത്‌? ഒരു ദൃഷ്ടാന്തം നൽകുക.

12 തങ്ങളുടെ പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോഗി​ക്കാൻ മറ്റു​ള്ള​വരെ സഹാ​യിക്കാ​നാ​കണ​മെങ്കിൽ നാം ഉൾക്കാഴ്‌ചയു​ള്ളവർ ആയി​രി​ക്കേണ്ടതുണ്ട്. ജൂലിയന്‍റെ അനു​ഭവ​ത്തിൽ കണ്ട​തു​പോലെ, ഒരു വ്യക്തിക്ക് തു​ടർന്നും കൂടുതൽ മെ​ച്ചമാ​യി വളർത്തി​ക്കൊ​ണ്ടുവ​രാനാ​കുന്ന നല്ല ഗു​ണങ്ങ​ളും പ്രാപ്‌തിക​ളും വി​വേചി​ക്കാൻ നമ്മൾ ആ വ്യ​ക്തിയു​ടെ ന്യൂ​നതകൾക്കും അപ്പു​റ​ത്തേക്ക് നോ​ക്കേണ്ടതു​ണ്ടാ​യിരി​ക്കാം. യേശു അപ്പൊസ്‌തല​നായ പ​ത്രോ​സിനെ നോ​ക്കി​ക്കണ്ടത്‌ അങ്ങ​നെയാണ്‌. പ​ത്രോസ്‌ പല​പ്പോ​ഴും അസ്ഥി​രനാ​യി കാണ​പ്പെ​ട്ടെങ്കി​ലും, യേശു അവന്‌ പാറ എന്ന് അർഥമുള്ള കേഫാ എന്ന് പേരു വിളിച്ചു. അവൻ ഒരു പാ​റപോ​ലെ സ്ഥിരത പ്രാ​പി​ക്കു​മെന്ന് യേശു അതുവഴി മുൻകൂ​ട്ടി​പ്പറയു​കയാ​യി​രുന്നു.—യോഹ. 1:42.

13, 14. (എ) യു​വാ​വായ മർക്കോസിന്‍റെ കാ​ര്യ​ത്തിൽ ബർന്ന​ബാസ്‌ ഉൾക്കാ​ഴ്‌ചയും വി​വേക​വും കാ​ണി​ച്ചത്‌ എങ്ങനെ? (ബി) മർക്കോ​സിന്‌ ലഭി​ച്ചതു​പോ​ലുള്ള സഹാ​യത്തിൽനിന്ന് ഒരു യുവ​സഹോ​ദരൻ എങ്ങ​നെയാണ്‌ പ്ര​യോ​ജനം നേ​ടി​യത്‌? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

13 മർക്കോസ്‌ എന്ന് റോമൻ പേരു​ണ്ടാ​യി​രുന്ന  യോഹന്നാന്‍റെ കാ​ര്യ​ത്തിൽ ബർന്ന​ബാസ്‌ സമാ​ന​മായ ഉൾക്കാഴ്‌ചയോ​ടെ പെ​രുമാ​റി. (പ്രവൃ. 12:25) ബർന്ന​ബാസു​മൊ​ത്തുള്ള പൗലോസിന്‍റെ ആദ്യ മിഷ​നറി​യാ​ത്രയിൽ മർക്കോസ്‌ അവ​രോ​ടൊപ്പം, ഒരുപക്ഷേ അവരുടെ ഭൗതി​കാവ​ശ്യങ്ങൾക്കായി കരു​തി​ക്കൊണ്ട്, ഒരു “സഹാ​യി​യായി” പ്രവർത്തി​ച്ചിരു​ന്നു. പക്ഷേ അവർ പം​ഫു​ല്യയി​ലെ​ത്തിയ​പ്പോൾ മർക്കോസ്‌ തന്‍റെ സഹ​കാരി​കളെ പൊ​ടു​ന്നനെ ഉ​പേക്ഷിച്ച് പൊ​യ്‌ക്കളഞ്ഞു. തന്നി​മി​ത്തം, വട​ക്കോട്ട് സഞ്ച​രി​ക്കവെ കൊ​ള്ളക്കാർക്ക് കു​പ്രസി​ദ്ധമായ ഒരു പ്ര​ദേശ​ത്തുകൂ​ടെ അവ​നെക്കൂ​ടാതെ അവർക്ക് യാത്ര ചെ​യ്യേണ്ടി​വന്നു. (പ്രവൃ. 13:5, 13) എന്നി​രുന്നാ​ലും മർക്കോസിന്‍റെ അസ്ഥി​ര​മായ ആ പെ​രുമാ​റ്റം ബർന്ന​ബാസ്‌ ഗണ്യ​മാക്കി​യില്ല. പകരം അവന്‍റെ പരി​ശീ​ലനം പൂർത്തിയാ​ക്കാ​നുള്ള അവസരം അവൻ പിന്നീട്‌ ഉപ​യോ​ഗ​പ്പെടു​ത്തിയ​തായി തോ​ന്നു​ന്നു. (പ്രവൃ. 15:37-39) യ​ഹോവ​യുടെ പക്വ​ത​യുള്ള ഒരു ദാ​സനാ​യി വളരാൻ ഇത്‌ യു​വാ​വായ മർക്കോ​സിനെ സഹാ​യി​ച്ചു. പിന്നീട്‌ പൗ​ലോസ്‌ റോമിൽ തടവി​ലാ​യി​രുന്ന സമയത്ത്‌ മർക്കോസ്‌ അവ​നോ​ടൊപ്പം ഉണ്ടാ​യി​രുന്നു. പൗ​ലോസി​നോ​ടൊപ്പം കൊ​ലോസ്യ​സഭയി​ലുള്ള ക്രിസ്‌ത്യാ​നി​കൾക്ക് അവനും ആശംസകൾ അയച്ചു. ലേ​ഖന​ത്തിൽ അ​പ്പൊസ്‌തലൻ അവ​നെക്കു​റിച്ച് അനു​കൂല​മായി സംസാ​രി​ക്കുക​യും ചെ​യ്യുന്നുണ്ട്. (കൊലോ. 4:10) പൗ​ലോസ്‌ മർക്കോസിന്‍റെ പിന്തുണ ആവശ്യ​പ്പെട്ട​പ്പോൾ ബർന്ന​ബാസി​നു​ണ്ടായ ചാരി​താർഥ്യം ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!—2 തിമൊ. 4:11.

14 ഒരു സഹോദരന്‍റെ ഉൾക്കാഴ്‌ച​യോ​ടെയുള്ള പെ​രു​മാറ്റ​ത്തിൽനിന്ന് പ്ര​യോ​ജനം നേടിയ ആളാണ്‌ അലക്‌സാ​ണ്ടർ. അടു​ത്തി​ടെ ഒരു മൂ​പ്പനാ​യി നി​യമി​തനായ അദ്ദേഹം ഇങ്ങനെ പറയുന്നു: “ചെറു​പ്പമാ​യി​രുന്ന​പ്പോൾ പരസ്യ​പ്രാർഥ​നകൾ നട​ത്തു​ന്നത്‌ എനിക്ക് ശരിക്കും ഒരു വെല്ലു​വി​ളിയാ​യി​രുന്നു. നന്നായി തയ്യാ​റായി​ക്കൊണ്ട് എങ്ങനെ ഉ​ത്‌കണ്‌ഠ കുറയ്‌ക്കാ​നാകു​മെന്ന് ഒരു മൂപ്പൻ എനിക്ക് കാ​ണിച്ചു​തന്നു. പ്രാർഥന​യിൽനിന്ന് എന്നെ ഒഴി​വാക്കു​ന്നതി​നു പകരം വയൽസേവന​യോഗ​ങ്ങളിൽ പ്രാർഥി​ക്കാൻ മിക്ക​പ്പോ​ഴും​തന്നെ ക്ഷണി​ച്ചു​കൊണ്ട് അദ്ദേഹം എനിക്ക് അവസരങ്ങൾ നൽകി. കാ​ലക്ര​മേണ എനിക്ക് കൂടുതൽ ആത്മ​വിശ്വാ​സം കൈവന്നു.”

15. പൗ​ലോസ്‌ തന്‍റെ സഹോ​ദര​ങ്ങളോ​ടുള്ള വി​ലമതിപ്പ് എങ്ങ​നെയാ​ണു വ്യക്ത​മാക്കി​യത്‌?

15 ഒരു സഹ​ക്രിസ്‌ത്യാനി​യിൽ നല്ല ഒരു ഗുണം നിരീ​ക്ഷി​ക്കു​മ്പോൾ ആ സ്വഭാ​വവി​ശേ​ഷത്തെ നാം എ​ത്രയധി​കം വില​മതി​ക്കു​ന്നെന്ന് നാം ആ സഹോ​ദര​നോ​ടോ സഹോ​ദരി​യോ​ടോ പറ​യാറു​ണ്ടോ? റോമർ 16-‍ാ‍ം അധ്യാ​യ​ത്തിൽ, 20-ലധികം സഹ​വി​ശ്വാ​സിക​ളുടെ പ്രി​യങ്ക​രമായ സവി​ശേ​ഷതകൾ എടു​ത്തു​പറഞ്ഞ് പൗ​ലോസ്‌ അവരെ അഭി​നന്ദിക്കു​കയു​ണ്ടായി. (റോമ. 16:3-7, 13) ദൃഷ്ടാന്തത്തിന്‌, അ​ന്ത്രൊനി​ക്കൊ​സും യൂ​നിയാ​വും തനിക്കു മുമ്പേ ക്രിസ്‌തുശിഷ്യ​രായി​ത്തീർന്നവരാ​ണെന്ന് ഓർത്തു​കൊണ്ട് പൗ​ലോസ്‌ അവരുടെ ക്രിസ്‌തീ​യസ​ഹിഷ്‌ണുത ഊ​ന്നിപ്പ​റഞ്ഞു. രൂഫൊസിന്‍റെ അമ്മ​യെക്കു​റി​ച്ചും പൗ​ലോസ്‌ വില​മതി​പ്പോ​ടെ സംസാ​രി​ക്കുന്നുണ്ട്, ഒരുപക്ഷേ അവർ കാണിച്ച മാതൃതുല്യമായ കരുതൽ അവൻ അനുസ്‌മരി​ക്കുക​യായി​രു​ന്നിരി​ക്കാം.

യ​ഹോ​വയെ സേവി​ക്കു​ന്നതിൽ നി​ശ്ചയ​ദാർഢ്യ​ത്തോടെ തുടരാൻ ഫ്രെ​ഡ​റിക്‌ (ഇടത്ത്‌) റീ​കോ​യെ പ്രോ​ത്സാ​ഹിപ്പി​ച്ചു (16-‍ാ‍ം ഖണ്ഡിക കാണുക)

16. ഒരു കുട്ടിക്ക് നൽകുന്ന അഭി​ന​ന്ദനം എന്തു ഫലം ചെ​യ്‌തേക്കാം?

16 ആത്മാർഥ​മായ അഭി​ന​ന്ദനം നല്ല ഫലങ്ങൾ കൈ​വരു​ത്തി​യേക്കാം. ഫ്രാൻസി​ലെ റീകോ എന്ന കു​ട്ടിയു​ടെ കാര്യ​മെടു​ക്കുക. റീകോ സ്‌നാ​നമേൽക്കുന്ന​തിനെ അവി​ശ്വാ​സി​യായ പിതാവ്‌ എതിർത്തതി​നാൽ അവൻ നി​രു​ത്സാഹി​തനാ​യി​രുന്നു. യ​ഹോ​വയെ പൂർണമാ​യി സേവി​ക്കു​ന്നതിന്‌ നിയമാനുസൃതമായി പ്രാ​യപൂർത്തി​യാകു​ന്നതു​വരെ കാ​ത്തി​രി​ക്കേണ്ടി​വരു​മെന്ന് റീകോ ചിന്തിച്ചു. സ്‌കൂ​ളിൽ നേരിട്ട പരി​ഹാ​സവും അവനെ ദുഃ​ഖിപ്പി​ച്ചി​രുന്നു. അവന്‌ അധ്യയനം നടത്തി​യി​രു​ന്നത്‌ സഭയിലെ ഒരു മൂപ്പനായ ഫ്രെ​ഡ​റിക്‌ ആയി​രു​ന്നു. അദ്ദേഹം ഇങ്ങനെ ഓർമി​ക്കുന്നു: “സ്വന്തം വി​ശ്വാ​സ​ത്തെക്കു​റിച്ച് തുറ​ന്നുപ​റയാൻതക്ക ധൈര്യം അവ​നുണ്ടാ​യി​രുന്നു​വെ​ന്നാണ്‌ ആ എതിർപ്പു​കളെ​ല്ലാം സൂചി​പ്പി​ക്കുന്ന​തെന്ന് പറ​ഞ്ഞു​കൊണ്ട് ഞാൻ അവനെ അഭി​നന്ദി​ച്ചു.” മാതൃകായോഗ്യനായി തു​ടർന്നും നില​നിൽക്കാ​നുള്ള അവന്‍റെ നിശ്ച​യദാർഢ്യ​ത്തെ ഈ അനു​മോദ​നവാ​ക്കുകൾ ബല​പ്പെടു​ത്തി. തന്‍റെ പിതാ​വി​നോട്‌ കൂടുതൽ അടു​ക്കാ​നും അത്‌ അവനെ സഹാ​യി​ച്ചു. പിന്നീട്‌ 12 വയ​സ്സായ​പ്പോൾ റീകോ സ്‌നാന​മേറ്റു.

മിഷ​നറി​യായി യോഗ്യത പ്രാ​പി​ക്കാൻ ഷേറോം (വലത്ത്‌) റയാനെ സഹാ​യി​ച്ചു (17-‍ാ‍ം ഖണ്ഡിക കാണുക)

17. (എ) പു​രോ​ഗതി പ്രാ​പി​ക്കാൻ നമ്മുടെ സഹോ​ദര​ന്മാരെ നമുക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും? (ബി) യു​വ​സ​ഹോ​ദ​ര​ന്മാ​രിൽ ഒരു മിഷനറി താത്‌പ​ര്യം എടുത്തത്‌ എങ്ങനെ, അതിന്‌ എന്തു ഫല​മുണ്ടാ​യി?

 17 നി​യമ​നങ്ങൾ നന്നായി നിർവഹിച്ച​തിനെ​പ്രതി, അല്ലെങ്കിൽ നല്ല ശ്രമം ചെയ്‌തതി​നെ​പ്രതി നാം സഹവി​ശ്വാ​സി​കളെ അഭി​നന്ദി​ക്കുന്ന ഓരോ സന്ദർഭത്തി​ലും യ​ഹോ​വയെ കൂടുതൽ തി​കവോ​ടെ സേ​വി​ക്കാൻ നാം അവർക്ക് ഊർജം പക​രുക​യാണ്‌. സഹോ​ദര​ന്മാരെ അഭി​നന്ദി​ക്കുന്ന​തിൽ സഹോ​ദരി​മാർക്ക് നല്ലൊരു പങ്കു​ണ്ടായി​രി​ക്കാനാ​കു​മെന്ന് വർഷങ്ങളാ​യി ഫ്രാൻസി​ലെ ബെ​ഥേ​ലിൽ സേവി​ച്ചു​കൊ​ണ്ടിരി​ക്കുന്ന സിൽവി * അഭി​പ്രാ​യ​പ്പെട്ടു. പു​രുഷ​ന്മാർ പൊ​തു​വേ ശ്ര​ദ്ധി​ക്കാത്ത ചില വി​ശദാം​ശങ്ങൾ സ്‌ത്രീ​കൾ നിരീ​ക്ഷി​ച്ചേ​ക്കാം എന്ന് അവൾ പറയുന്നു. അതു​കൊണ്ട് സഹോ​ദരി​മാ​രുടെ “​പ്രോ​ത്സാഹ​നവാ​ക്കുകൾ അനു​ഭവപ​രിച​യമുള്ള സ​ഹോദ​രന്മാർ നൽകുന്ന അഭി​പ്രാ​യങ്ങൾക്ക് മേ​മ്പൊ​ടി തൂകും!” അവൾ ഇങ്ങനെ കൂ​ട്ടി​ച്ചേർത്തു: “അഭി​നന്ദി​ക്കുക എന്നത്‌ ഒരു കടമ​യാ​യിട്ടാണ്‌ ഞാൻ കാ​ണു​ന്നത്‌.” (സദൃ. 3:27) ഫ്രഞ്ച് ഗയാ​നയി​ലെ ഒരു മി​ഷനറി​യായ ഷേറോം മിഷനറി സേ​വനത്തിന്‌ യോഗ്യത പ്രാ​പി​ക്കാൻ പല യുവാ​ക്ക​ളെയും സഹാ​യി​ച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: “ശു​ശ്രൂഷ​യിലെ ഏ​തെങ്കി​ലും നല്ല വശ​ത്തെ​യോ അവരുടെ സുചി​ന്തി​തമായ അഭി​പ്രാ​യങ്ങ​ളെയോ പ്രതി ഞാൻ യു​വാ​ക്കളെ അഭി​നന്ദി​ക്കു​മ്പോൾ അവരുടെ ആത്മ​വിശ്വാ​സം വർധി​ക്കു​ന്നതാ​യി ഞാൻ നിരീ​ക്ഷി​ച്ചിട്ടുണ്ട്. അതിന്‍റെ ഫലമായി തങ്ങളുടെ കഴി​വു​കൾ അവർ കൂ​ടുത​ലായി വിക​സി​പ്പിക്കു​ന്നു.”

18. യുവ​സഹോ​ദര​ന്മാ​രോ​ടൊപ്പം പ്രവർത്തി​ക്കു​ന്നത്‌ പ്ര​യോ​ജന​കരമാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

18 സഹ​വിശ്വാ​സി​ക​ളോ​ടൊപ്പം പ്ര​വർത്തിച്ചു​കൊ​ണ്ടും ആത്മീയാഭിവൃദ്ധി പ്രാ​പി​ക്കാൻ നമുക്ക് അവരെ പ്ര​ചോദി​പ്പി​ക്കാനാ​കും. ഉദാ​ഹരണ​ത്തിന്‌ കമ്പ്യൂട്ടർ നന്നായി ഉപ​യോഗി​ക്കാൻ അറി​യാ​വുന്ന ഒരു യു​വസ​ഹോ​ദര​നോട്‌ കമ്പ്യൂ​ട്ടറി​ല്ലാത്ത പ്രാ​യമാ​യവർക്കായി jw.org വെബ്‌സൈ​റ്റിൽനിന്ന് ചില വിവരങ്ങൾ പ്രിന്‍റെടുക്കാൻ ഒരു മൂപ്പൻ ആവശ്യ​പ്പെട്ടേ​ക്കാം. അല്ലെങ്കിൽ രാജ്യ​ഹാ​ളിനു വെ​ളി​യിൽ നിങ്ങൾ എ​ന്തെങ്കി​ലും ജോ​ലി​യിൽ ഏർപ്പെട്ടി​രി​ക്കുക​യാ​ണെങ്കിൽ ഒപ്പം​കൂ​ടാൻ നിങ്ങൾക്ക് ഒരു യുവ​സ​ഹോദ​രനെ ക്ഷണി​ക്കരു​തോ? ഇത്തരത്തിൽ മുൻകൈ​യെടുത്ത്‌ പ്രവർത്തി​ക്കു​ന്നത്‌ യു​വജന​ങ്ങളെ നിരീ​ക്ഷി​ക്കാ​നും അഭി​നന്ദി​ക്കാ​നും അതു​ളവാ​ക്കുന്ന സത്‌ഫ​ലങ്ങൾ കാ​ണാ​നും നിങ്ങൾക്ക് അവ​സര​മേകും.—സദൃ. 15:23.

ഭാവിയെ മുൻനി​റുത്തി പണിതുയർത്തുക

19, 20. പു​രോ​ഗമി​ക്കാൻ മറ്റു​ള്ള​വരെ നാം സഹാ​യി​ക്കേണ്ടത്‌ എന്തു​കൊണ്ട്?

19 ഇസ്രാ​യേ​ല്യരെ നയി​ക്കാ​നായി യോ​ശു​വയെ നിയ​മിച്ച​പ്പോൾ അവനെ “ധൈ​ര്യ​പ്പെടു​ത്തി ഉറപ്പി”ക്കാൻ യഹോവ മോ​ശ​യോട്‌ ആവ​ശ്യ​പ്പെട്ടു. (വർത്തപുസ്‌തകം 3:28 വായിക്കുക.) നമ്മുടെ ലോ​ക​വ്യാ​പകസ​ഭയി​ലേക്ക് അധി​കമ​ധികം ആളുകൾ ഒഴു​കി​യെ​ത്തുക​യാണ്‌. പുതി​യ​വരെ​യും യുവാ​ക്ക​ളെയും തങ്ങളുടെ മുഴു​പ്രാപ്‌തി​കളും ഉപ​യോഗ​പ്പെടു​ത്താൻ സഹാ​യി​ക്കാ​നാകു​ന്നത്‌ മൂ​പ്പന്മാർക്കു മാത്രമല്ല. അനു​ഭവപ​രിച​യമുള്ള സകല ക്രിസ്‌ത്യാ​നികൾക്കും അതിനു കഴിയും. അങ്ങ​നെയാ​കു​മ്പോൾ അധി​കമ​ധികം പേർ മു​ഴു​സമയ ശു​ശ്രൂഷ​യി​ലേക്ക് കട​ന്നുവ​രും. അതെ, അധി​കമ​ധികം പേർ “മറ്റു​ള്ള​വരെ പഠി​പ്പി​ക്കാൻ സജ്ജരാ​യി​ത്തീ​രും.”—2 തിമൊ. 2:2.

20 നാം സഹവ​സിക്കു​ന്നത്‌ സുസ്ഥാ​പി​തമായ ഒരു സഭ​യോ​ടോ സഭയായി വളർന്നുകൊ​ണ്ടിരി​ക്കുന്ന ഒരു ചെറിയ കൂ​ട്ടത്തോ​ടോ ഒപ്പമാ​യി​ക്കൊ​ള്ളട്ടെ, ഭാവി മുൻനി​റുത്തി പണി​യു​ന്നതിൽ നമുക്ക് തുടരാം. എല്ലായ്‌പോ​ഴും തന്‍റെ ദാ​സരി​ലെ നന്മ തിരയുന്ന യ​ഹോ​വയെ അനു​കരി​ക്കുക എന്നതാണ്‌ അതിനുള്ള മു​ഖ്യമാർഗം.

^ ഖ. 17 പേര്‌ മാറ്റി​യി​ട്ടുണ്ട്.