വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാ​യന​ക്കാരിൽനി​ന്നുള്ള ചോദ്യങ്ങൾ

വാ​യന​ക്കാരിൽനി​ന്നുള്ള ചോദ്യങ്ങൾ

മൃതദേഹം ദഹി​പ്പിക്കു​ന്നത്‌ ക്രി​സ്‌ത്യാ​നി​കൾക്ക് ഉചി​തമാ​ണോ?

മൃതശരീരം ദഹി​പ്പി​ക്കുന്ന നട​പടി​യെ വിലക്കുന്ന യാ​തൊ​ന്നും തിരു​വെ​ഴുത്തു​കളി​ലില്ല.

മരിച്ചുപോയവരുടെ ശരീ​രങ്ങ​ളോ അസ്ഥി​ക​ളോ ദഹി​പ്പി​ച്ചതി​നെ​ക്കുറി​ച്ചുള്ള വി​വര​ണങ്ങൾ ബൈ​ബി​ളിലുണ്ട്. (യോശു. 7:25; 2 ദിന. 34:4, 5) മാ​ന്യ​മായ ഒരു ശവസംസ്‌കാര​ത്തിന്‌ അവർ യോ​ഗ്യ​രാ​യിരു​ന്നി​ല്ലെന്ന് അത്‌ സൂചി​പ്പിച്ചി​ട്ടുണ്ടാ​കാം. പക്ഷേ മൃതശരീരങ്ങൾ ദഹിപ്പിച്ച എല്ലാ സാഹ​ചര്യ​ങ്ങളി​ലും അതാ​യിരു​ന്നില്ല അതിന്‍റെ അർഥം.

ശൗൽ രാജാവിന്‍റെയും മൂന്നു പു​ത്രന്മാ​രു​ടെയും മരണ​ത്തെക്കു​റി​ച്ചുള്ള വിവ​രണത്തിൽനിന്ന് നമുക്ക് ഇത്‌ മന​സ്സിലാ​ക്കാൻ കഴിയും. നാ​ലു​പേരും ഫെലിസ്‌ത്യ​രുമാ​യുള്ള യു​ദ്ധത്തി​ലാണ്‌ മര​ണമട​ഞ്ഞത്‌. പു​ത്രന്മാ​രിൽ ഒരാൾ ദാവീദിന്‍റെ ഉറ്റസുഹൃത്തും വിശ്വസ്‌ത​സഹായി​യും ആയിരുന്ന യോ​നാ​ഥാനാണ്‌. സംഭ​വിച്ച​തി​നെക്കു​റിച്ച് ഗി​ലെയാ​ദിലെ യാ​ബേ​ശിൽ പാർത്തി​രുന്ന ഇ​സ്രാ​യേല്യ​വീ​രന്മാർ അറി​ഞ്ഞ​പ്പോൾ അവർ ആ നാല്‌ മൃതശരീരങ്ങളും വീ​ണ്ടെടുത്ത്‌ ദഹി​പ്പിച്ച് അസ്ഥികൾ കു​ഴിച്ചി​ട്ടു. ഈ നടപ​ടി​യെ​പ്രതി പിന്നീട്‌ ദാവീദ്‌ ആ ഇസ്രാ​യേ​ല്യരെ അഭി​നന്ദിക്കു​കയു​ണ്ടായി.—1 ശമൂ. 31:2, 8-13; 2 ശമൂ. 2:4-6.

മരിച്ചവർക്കുള്ള തിരു​വെ​ഴുത്തു​പ്ര​ത്യാശ പുന​രുത്ഥാ​നമാണ്‌. അതായത്‌ ദൈവം ആ വ്യക്തിയെ ജീ​വനി​ലേക്ക് തിരി​കെ​ക്കൊണ്ടു​വരും. മരി​ച്ചയാ​ളെ ദഹി​പ്പിച്ച​തായാ​ലും അ​ല്ലെങ്കി​ലും ഒരു പുതിയ ശരീരം നൽകി അയാളെ ജീ​വനി​ലേക്ക് കൊ​ണ്ടു​വരാൻ യ​ഹോവയ്‌ക്ക് നിഷ്‌പ്ര​യാസം സാ​ധി​ക്കും. നെബൂ​ഖദ്‌നേസർ രാജാവിന്‍റെ കല്‌പന പ്രകാരം തീ​ച്ചൂള​യിൽ എറി​യ​പ്പെട്ട് മരണത്തെ മു​ഖാമു​ഖം കണ്ട വിശ്വസ്‌തരായ മൂന്ന് എബ്രാ​യയു​വാ​ക്കൾക്ക്, തീ​ച്ചൂള​യിൽ നശി​പ്പിക്ക​പ്പെട്ടാൽപ്പിന്നെ ദൈവത്തിന്‌ തങ്ങളെ പുന​രുത്ഥാ​നപ്പെടു​ത്താൻ കഴി​യി​ല്ലെന്ന് ചിന്തിച്ച് ഭയ​പ്പെ​ടേണ്ട ആവ​ശ്യ​മില്ലാ​യി​രുന്നു. (ദാനീ. 3:16-18) നാസി തടങ്കൽപ്പാ​ളയങ്ങ​ളിൽ കഴിഞ്ഞ യ​ഹോവ​യുടെ വി​ശ്വസ്‌ത​ദാസ​രുടെ കാ​ര്യ​വും അങ്ങ​നെത​ന്നെയാണ്‌. മരണവും തു​ടർന്നുള്ള ദഹി​പ്പി​ക്കലും ആയി​രു​ന്നു അവരുടെ മു​ന്നി​ലും ഉണ്ടാ​യിരു​ന്നതെങ്കി​ലും അവരും പു​നരു​ത്ഥാനം അസാ​ധ്യമാ​കു​മോ എന്ന് ഭയന്നില്ല. ശരീരത്തിന്‍റെ യാ​തൊ​ന്നും അവ​ശേഷി​ക്കാതെ സ്‌ഫോട​നങ്ങളി​ലും മറ്റും ചില വി​ശ്വസ്‌ത ദൈവദാ​സർ പൂർണമാ​യി നശി​ച്ചു​പോ​യി​ട്ടുണ്ട്. എങ്കിൽപ്പോ​ലും അവരുടെ പുന​രു​ത്ഥാന​വും സുനി​ശ്ചി​തമാണ്‌.—വെളി. 20:13.

മരിച്ചയാളെ പുന​രുത്ഥാ​ന​പ്പെടു​ത്തുന്ന​തിന്‌ യ​ഹോവയ്‌ക്ക് അയാ​ളു​ടെ പഴയ ശരീ​രഭാ​ഗങ്ങൾ തിര​ഞ്ഞു​പിടിച്ച് വീണ്ടും കൂട്ടി​യി​ണക്കേണ്ട ആവ​ശ്യ​മില്ല. ദൈവം അഭി​ഷിക്ത​ക്രിസ്‌ത്യാ​നി​കളെ സ്വർഗീയജീ​വനി​ലേക്ക് പുന​രുത്ഥാ​ന​പ്പെടു​ത്തുന്ന​തിൽനിന്ന് ഇതു വ്യ​ക്തമാണ്‌. “ആത്മാവിൽ ജീവി​പ്പി​ക്കപ്പെട്ട” യേശു​വി​നെ​പ്പോലെ അഭി​ഷി​ക്ത​ക്രിസ്‌ത്യാ​നി​കളും അതേ വ്യക്തി​കളാ​യി​ത്തന്നെ​യാണ്‌ പുന​രുത്ഥാ​നപ്പെടു​ന്നത്‌, എന്നാൽ ആത്മീ​യശരീ​രത്തി​ലാ​ണെന്നു മാത്രം. അവർക്ക് മുമ്പു​ണ്ടാ​യി​രുന്ന ഭൗതികശരീരത്തിന്‍റെ യാ​തൊ​രു ഭാഗവും അവ​രോ​ടൊപ്പം സ്വർഗത്തി​ലേക്ക് പോ​കു​ന്നില്ല.—1 പത്രോ. 3:18; 1 കൊരി. 15:42-53; 1 യോഹ. 3:2.

മൃതശരീരത്തെ എങ്ങനെ കൈകാ​ര്യം ചെയ്യും എന്നതിലല്ല, പ്രത്യുത വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കാ​നുള്ള ദൈവത്തിന്‍റെ പ്രാപ്‌തി​യി​ലും ആ​ഗ്രഹത്തി​ലും നമുക്കുള്ള വിശ്വാ​സ​ത്തിലാണ്‌ നമ്മുടെ പു​നരു​ത്ഥാ​നപ്ര​ത്യാശ അധിഷ്‌ഠി​തമാ​യി​രിക്കു​ന്നത്‌. (പ്രവൃ. 24:15) പു​നരു​ത്ഥാനം എന്ന അത്ഭുതം ദൈവം കഴി​ഞ്ഞകാ​ലങ്ങ​ളിൽ എങ്ങ​നെയാണ്‌ ചെയ്‌തത്‌, ഭാ​വി​യിൽ അവൻ അത്‌ എങ്ങ​നെയാണ്‌ ചെയ്യാൻപോകു​ന്നത്‌ എ​ന്നൊ​ന്നും പൂർണമാ​യി ഗ്ര​ഹി​ക്കാൻ നമുക്ക് കഴി​ഞ്ഞെ​ന്നുവ​രില്ല. എങ്കിലും യ​ഹോവ​യിൽ നാം സമ്പൂർണവി​ശ്വാ​സം അർപ്പിക്കു​ന്നു. യേ​ശുവി​നെ ഉയിർപ്പി​ച്ചതി​ലൂടെ അവൻ നമുക്ക് ഒരു “ഉറപ്പ്” നൽകുക​യും ചെയ്‌തി​രിക്കു​ന്നു.—പ്രവൃ. 17:31; ലൂക്കോ. 24:2, 3

മൃതശരീരങ്ങൾ എങ്ങനെ മറവ്‌ ചെയ്യണം എന്ന് തീ​രു​മാനി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ നാട്ടു​രീ​തിക​ളും പ്രാ​ദേശി​കവി​കാര​ങ്ങളും നി​യമങ്ങ​ളും കണക്കി​ലെ​ടുക്കു​ന്നത്‌ ഉചി​തമാണ്‌. (2 കൊരി. 6:3, 4) തുടർന്ന്, മൃതദേഹം ദഹി​പ്പിക്ക​ണമോ വേണ്ടയോ എന്നത്‌ വ്യക്തി​പ​രമാ​യോ കുടും​ബ​പരമാ​യോ എടുക്കേണ്ട തീരു​മാ​നമാണ്‌.