വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക്‌ എന്തു പഠിക്കാനാവും?

യേശുവിന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക്‌ എന്തു പഠിക്കാനാവും?

യേശുവിന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക്‌ എന്തു പഠിക്കാനാവും?

യേശുവിന്റെ ഭൂമിയിലെ ജീവിതം സംബന്ധിച്ചുള്ള ബൈബിൾ വിവരണങ്ങളിൽ ഒരിടത്തും “അത്ഭുതം” [miracle] എന്നതിനുള്ള മൂലഭാഷാ പദം ഉപയോഗിക്കുന്നില്ല എന്ന്‌ അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. “അത്ഭുതം” എന്നു ചിലപ്പോഴൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ (തീനാമിസ്‌) അക്ഷരാർഥം “ശക്തി” എന്നാണ്‌. (ലൂക്കൊസ്‌ 8:⁠46) അതിനെ “പ്രാപ്‌തി” അല്ലെങ്കിൽ “വീര്യപ്രവൃത്തികൾ” എന്നും തർജമ ചെയ്യാം. (മത്തായി 11:⁠20; 25:⁠15) ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്‌ ഈ ഗ്രീക്കു പദപ്രയോഗം, “ചെയ്യപ്പെട്ടിരിക്കുന്ന വീര്യപ്രവൃത്തിക്ക്‌ വിശേഷാൽ അതു നിർവഹിക്കുക സാധ്യമാക്കിയ ശക്തിക്ക്‌ ഊന്നൽ നൽകുന്നു. പ്രവർത്തനത്തിലിരിക്കുന്ന ദൈവശക്തിക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ സംഭവം വർണിക്കപ്പെടുന്നു.”

മറ്റൊരു ഗ്രീക്ക്‌ പ്രയോഗം (ടേറാസ്‌) സാധാരണഗതിയിൽ “അത്ഭുതം” [wonder] എന്നു മൊഴിമാറ്റം ചെയ്യപ്പെടുന്നു. (യോഹന്നാൻ 4:⁠48; പ്രവൃത്തികൾ 2:⁠19) കാഴ്‌ചക്കാരുടെമേലുള്ള ഫലത്തെയാണ്‌ ഇത്‌ എടുത്തുകാണിക്കുന്നത്‌. യേശുവിന്റെ വീര്യപ്രവൃത്തികൾ കണ്ട്‌ ജനക്കൂട്ടവും ശിഷ്യന്മാരും മിക്കപ്പോഴും ആശ്ചര്യപ്പെടുകയും വിസ്‌മയിക്കുകയും ചെയ്‌തു.​—⁠മർക്കൊസ്‌ 2:⁠12; 4:⁠41; 6:⁠51; ലൂക്കൊസ്‌ 9:⁠43.

യേശുവിന്റെ അത്ഭുതങ്ങളെ പരാമർശിച്ചുകൊണ്ട്‌ ഉപയോഗിച്ചിരിക്കുന്ന മൂന്നാമത്തെ ഗ്രീക്കു പദം (സിമിയോൻ) ഒരു ‘അടയാളത്തെ’ കുറിക്കുന്നു. ഇത്‌ “അത്ഭുതത്തിന്റെ ആഴമേറിയ അർഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എന്ന്‌ പണ്ഡിതനായ റോബർട്ട്‌ ഡെഫിൻബൗ പറയുന്നു. അദ്ദേഹം ഇങ്ങനെ തുടർന്നു: “നമ്മുടെ കർത്താവായ യേശുവിനെ കുറിച്ചുള്ള ഒരു സത്യം പകർന്നുനൽകുന്ന അത്ഭുതത്തെയാണ്‌ ഒരു അടയാളം എന്നു പറയുന്നത്‌.”

ഇന്ദ്രജാലമോ ദൈവദത്ത ശക്തിയോ?

ബൈബിൾ യേശുവിന്റെ അത്ഭുതങ്ങളെ ജനങ്ങളെ രസിപ്പിക്കാനുള്ള ചെപ്പടിവിദ്യകളോ ഇന്ദ്രജാലമോ ആയി വിശദീകരിക്കുന്നില്ല. യേശു ഭൂതത്തെ പുറത്താക്കിയ ബാലന്റെ കാര്യത്തിൽ എന്നപോലെ അവയെല്ലാം ‘ദൈവത്തിന്റെ മഹിമയുടെ’ അഥവാ മഹത്തായ ശക്തിയുടെ പ്രകടനങ്ങളായിരുന്നു. (ലൂക്കൊസ്‌ 9:⁠37-43) “വീര്യമാഹാത്മ്യം” ഉള്ളവനായി വർണിക്കപ്പെട്ടിരിക്കുന്ന സർവശക്തനായ ദൈവത്തിന്‌ അത്തരം വീര്യപ്രവൃത്തികൾ അസാധ്യമായിരിക്കുമായിരുന്നോ? (യെശയ്യാവു 40:⁠26) തീർച്ചയായുമില്ല!

സുവിശേഷ വിവരണങ്ങൾ യേശുവിന്റെ 35-ഓളം അത്ഭുതങ്ങളെ പരാമർശിക്കുന്നു. എങ്കിലും അവൻ ചെയ്‌ത അത്ഭുതങ്ങളുടെ മൊത്തം എണ്ണം വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ദൃഷ്ടാന്തത്തിന്‌, മത്തായി 14:⁠14 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അവൻ [യേശു] വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.” ആ സന്ദർഭത്തിൽ എത്ര രോഗികളെ അവൻ സൗഖ്യമാക്കി എന്നു പറഞ്ഞിട്ടില്ല.

അത്തരം വീര്യപ്രവൃത്തികൾ, താൻ വാഗ്‌ദത്ത മിശിഹായായ ദൈവപുത്രൻ ആണെന്നുള്ള യേശുവിന്റെ അവകാശവാദത്തിന്റെ അടിസ്ഥാനമായിരുന്നു. ദൈവദത്തമായ ശക്തിയാണ്‌ അത്ഭുതങ്ങൾ ചെയ്യാൻ യേശുവിനെ പ്രാപ്‌തനാക്കിയത്‌ എന്ന്‌ തിരുവെഴുത്തുകൾ ഉറപ്പുനൽകുന്നു. ‘നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷൻ’ എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ യേശുവിനെ കുറിച്ചു പറയുകയുണ്ടായി. (പ്രവൃത്തികൾ 2:⁠22) ‘നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്‌തു, ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്‌തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു’ എന്ന്‌ മറ്റൊരു സന്ദർഭത്തിൽ പത്രൊസ്‌ ചൂണ്ടിക്കാട്ടി.​—⁠പ്രവൃത്തികൾ 10:⁠37, 38.

യേശുവിന്റെ അത്ഭുതങ്ങൾ അവന്റെ സന്ദേശവുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരുന്നു. മർക്കൊസ്‌ 1:⁠21-27, യേശുവിന്റെ ഉപദേശത്തോടും അവന്റെ ഒരു അത്ഭുതത്തോടും ജനങ്ങൾ പ്രതികരിച്ച വിധം വെളിപ്പെടുത്തുന്നു. “അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്‌മയിച്ചു” എന്ന്‌ മർക്കൊസ്‌ 1:⁠22 പറയുന്നു. അവൻ ഒരു ഭൂതത്തെ പുറത്താക്കിയപ്പോൾ ആളുകൾ “ആശ്ചര്യപ്പെട്ടു” എന്ന്‌ 27-ാം വാക്യം ചൂണ്ടിക്കാട്ടുന്നു. യേശുവിന്റെ വീര്യപ്രവൃത്തികളും അവന്റെ സന്ദേശവും അവൻതന്നെയാണ്‌ വാഗ്‌ദത്ത മിശിഹാ എന്നതിനു തെളിവു നൽകി.

താൻ മിശിഹായാണെന്നു യേശു കേവലം അവകാശപ്പെടുക മാത്രമല്ല ചെയ്‌തത്‌; അവന്റെ വാക്കുകളോടും മറ്റു പ്രവൃത്തികളോടുമൊപ്പം അവൻ ചെയ്‌ത അത്ഭുതങ്ങളിൽ പ്രകടമായ ദൈവദത്ത ശക്തി അവൻതന്നെയാണു മിശിഹാ എന്ന്‌ സംശയലേശമെന്യേ ഉറപ്പു നൽകി. തന്റെ അധികാരത്തെയും നിയോഗത്തെയും കുറിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോൾ, യേശു സധൈര്യം ഇങ്ങനെ മറുപടി പറഞ്ഞു: “എനിക്കോ യോഹന്നാന്റെ [യോഹന്നാൻ സ്‌നാപകന്റെ] സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്‌ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.”​—⁠യോഹന്നാൻ 5:⁠36.

പ്രാമാണികതയുടെ തെളിവുകൾ

യേശുവിന്റെ അത്ഭുതങ്ങൾ യഥാർഥവും പ്രാമാണികവും ആണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? പ്രാമാണികതയുടെ ചില തെളിവുകൾ നമുക്കു പരിശോധിക്കാം.

വീര്യപ്രവൃത്തികൾ ചെയ്യവേ, യേശു ഒരിക്കലും തന്നിലേക്കുതന്നെ ശ്രദ്ധ ആകർഷിച്ചില്ല. ഓരോ അത്ഭുതത്തിന്റെയും ഒടുവിൽ അതിന്റെ ബഹുമതിയും മഹത്ത്വവും ദൈവത്തിനു ലഭിക്കുന്നുവെന്ന്‌ അവൻ ഉറപ്പാക്കി. ദൃഷ്ടാന്തത്തിന്‌, ഒരു അന്ധനെ സൗഖ്യമാക്കുന്നതിനുമുമ്പ്‌, “ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതി”നാണ്‌ അതു സംഭവിക്കാൻ പോകുന്നത്‌ എന്ന്‌ യേശു ഊന്നിപ്പറഞ്ഞു.​—⁠യോഹന്നാൻ 9:⁠1-3; 11:⁠1-4.

ഇന്ദ്രജാലക്കാർ, മാന്ത്രികർ, വിശ്വാസ രോഗശാന്തി ശുശ്രൂഷക്കാർ എന്നിവരെപ്പോലെ യേശു ഒരിക്കലും ഹിപ്‌നോട്ടിസമോ ചെപ്പടിവിദ്യകളോ കണ്ണഞ്ചിക്കുന്ന പ്രകടനങ്ങളോ മന്ത്രോച്ചാരണങ്ങളോ വികാരോദ്ദീപകമായ കർമങ്ങളോ ഉപയോഗിച്ചില്ല. അന്ധവിശ്വാസങ്ങളുടെയും വിശുദ്ധമെന്നു കരുതപ്പെടുന്ന വസ്‌തുക്കളുടെയും പിൻബലം അവന്‌ ആവശ്യമില്ലായിരുന്നു. അന്ധരായ രണ്ടുപേരെ യേശു സൗഖ്യമാക്കിയ എളിയ വിധം ശ്രദ്ധിക്കുക. “യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു: ഉടനെ അവർ കാഴ്‌ചപ്രാപിച്ചു, അവനെ അനുഗമിച്ചു” എന്ന്‌ വിവരണം പറയുന്നു. (മത്തായി 20:⁠29-34) ആചാരാനുഷ്‌ഠാനങ്ങളോ കർമങ്ങളോ കണ്ണഞ്ചിക്കുന്ന പ്രകടനങ്ങളോ ഇല്ലായിരുന്നു. യേശു തന്റെ അത്ഭുതപ്രവൃത്തികൾ മിക്കപ്പോഴും അനേകം ദൃക്‌സാക്ഷികൾക്കു മുമ്പാകെ പരസ്യമായിട്ടാണു ചെയ്‌തത്‌. പ്രത്യേക വെളിച്ച സംവിധാനമോ സ്റ്റേജോ സ്റ്റേജുപകരണങ്ങളോ അവൻ ഉപയോഗിച്ചില്ല. ഇതിൽനിന്നു വ്യത്യസ്‌തമായി, ആധുനികകാല അത്ഭുതങ്ങൾ എന്ന്‌ അവകാശപ്പെടുന്നവ പലപ്പോഴും വസ്‌തുനിഷ്‌ഠമായി രേഖപ്പെടുത്താനാവില്ല.​—⁠മർക്കൊസ്‌ 5:⁠24-29; ലൂക്കൊസ്‌ 7:⁠11-15.

തന്റെ അത്ഭുതങ്ങളിൽനിന്നു പ്രയോജനം നേടിയവരുടെ വിശ്വാസത്തെ യേശു ചില സന്ദർഭങ്ങളിൽ ശ്ലാഘിക്കുകയുണ്ടായി. എന്നാൽ വ്യക്തിയുടെ വിശ്വാസക്കുറവ്‌ ഒരു അത്ഭുതം ചെയ്യുന്നതിൽനിന്ന്‌ യേശുവിനെ തടഞ്ഞില്ല. അവൻ ഗലീലയിലെ കഫർന്നഹൂമിൽ ആയിരുന്നപ്പോൾ, ആളുകൾ “പല ഭൂതഗ്രസ്‌തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠മത്തായി 8:⁠16.

യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്‌ ആളുകളുടെ യഥാർഥ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാനായിരുന്നു, ആരുടെയെങ്കിലും ജിജ്ഞാസയെ തൃപ്‌തിപ്പെടുത്താൻ ആയിരുന്നില്ല. (മർക്കൊസ്‌ 10:⁠46-52; ലൂക്കൊസ്‌ 23:⁠8) മാത്രമല്ല സ്വന്തമായ ഏതെങ്കിലും നേട്ടങ്ങൾക്കായി യേശു ഒരിക്കലും അത്ഭുതങ്ങൾ ചെയ്‌തില്ല.​—⁠മത്തായി 4:⁠2-4; 10:⁠8.

സുവിശേഷ വിവരണങ്ങൾ സംബന്ധിച്ചെന്ത്‌?

യേശുവിന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള വസ്‌തുതകൾ നാലു സുവിശേഷങ്ങളുടെ ഏടുകളിലൂടെ നമുക്കു കൈമാറപ്പെട്ടിരിക്കുന്നു. യേശു ചെയ്‌തതായി പറഞ്ഞിട്ടുള്ള അത്ഭുതങ്ങളുടെ പ്രാമാണികത പരിശോധിക്കുമ്പോൾ ഈ വിവരണങ്ങളെ ആശ്രയയോഗ്യമായി വീക്ഷിക്കാൻ കാരണങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്‌.

മുമ്പു പറഞ്ഞതുപോലെ, യേശുവിന്റെ അത്ഭുതങ്ങൾ അനേകം ദൃക്‌സാക്ഷികൾക്കു മുമ്പാകെ പരസ്യമായി ചെയ്‌തവയാണ്‌. ഈ ദൃക്‌സാക്ഷികളിൽ ഭൂരിഭാഗവും ജീവിച്ചിരുന്ന കാലത്താണ്‌ സുവിശേഷങ്ങളിൽ ഏറ്റവും പഴയവ എഴുതപ്പെട്ടത്‌. സുവിശേഷ എഴുത്തുകാരുടെ സത്യസന്ധതയെ കുറിച്ച്‌ അത്ഭുതങ്ങളും പുനരുത്ഥാനവും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം പറയുന്നു: “മതവിശ്വാസം ഉന്നമിപ്പിക്കാനുള്ള ലക്ഷ്യത്തിൽ ചരിത്രവസ്‌തുതകളെ അത്ഭുത കഥകളുടെ പ്രളയത്തിൽ തത്ത്വദീക്ഷയില്ലാതെ മുക്കിക്കളയുന്നതായി സുവിശേഷ രചയിതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്‌ കടുത്ത അനീതിയായിരിക്കും. . . . കാര്യങ്ങൾ സത്യസന്ധമായി രേഖപ്പെടുത്താനാണ്‌ അവർ ആഗ്രഹിച്ചത്‌.”

ക്രിസ്‌ത്യാനിത്വത്തിന്റെ യഹൂദ എതിരാളികൾ ഒരിക്കലും സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന വീര്യപ്രവൃത്തികളെ വെല്ലുവിളിച്ചില്ല. ഇവ നിർവഹിക്കുക സാധ്യമാക്കിയ ശക്തിയെ മാത്രമാണ്‌ അവർ ചോദ്യംചെയ്‌തത്‌. (മർക്കൊസ്‌ 3:22-26) പിന്നീടുള്ള വിമർശകർക്കും യേശുവിന്റെ അത്ഭുതങ്ങളെ വിജയകരമായി നിഷേധിക്കാൻ സാധിച്ചില്ല. നേരെ മറിച്ച്‌, യേശു ചെയ്‌ത അത്ഭുതങ്ങളെ കുറിച്ച്‌ പൊ.യു. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ പരാമർശങ്ങളുണ്ട്‌. അതുകൊണ്ട്‌, അവന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങളെ പ്രാമാണികത ഉള്ളതായി വീക്ഷിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌.

ആ അത്ഭുതങ്ങൾക്കു പിന്നിലെ മനുഷ്യൻ

പ്രാമാണികതയെ കുറിച്ചുള്ള യുക്തിനിഷ്‌ഠമായ വാദങ്ങളിൽ മാത്രമായി ഒതുക്കിയാൽ യേശുവിന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള ഒരു പരിശോധന അപൂർണമായിരിക്കും. യേശുവിന്റെ വീര്യപ്രവൃത്തികളെ കുറിച്ചു വർണിക്കവേ, സുവിശേഷങ്ങൾ ആഴമായ വികാരങ്ങളും അതുല്യമായ അനുകമ്പയും സഹമനുഷ്യരുടെ ക്ഷേമത്തിൽ അതീവ താത്‌പര്യവുമുള്ള ഒരു മനുഷ്യനെ വെളിച്ചത്തു കൊണ്ടുവരുന്നു.

“നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്ന്‌ ദയനീയമായി അപേക്ഷിച്ചുകൊണ്ട്‌ യേശുവിനെ സമീപിച്ച കുഷ്‌ഠരോഗിയുടെ കാര്യമെടുക്കുക. യേശു “മനസ്സലിഞ്ഞു” കൈ നീട്ടി അവനെ തൊട്ടു. “മനസ്സുണ്ടു, ശുദ്ധമാക” എന്നു പറഞ്ഞു. ആ ക്ഷണത്തിൽ കുഷ്‌ഠം അവനെ വിട്ടുമാറി. (മർക്കൊസ്‌ 1:⁠40-42) അത്ഭുതങ്ങൾ ചെയ്യാനായി ദൈവദത്ത ശക്തി ഉപയോഗിക്കാൻ തന്നെ പ്രചോദിപ്പിച്ച സമാനുഭാവം യേശു ആ വിധത്തിൽ പ്രകടിപ്പിച്ചു.

ശവമഞ്ചം ചുമന്നുകൊണ്ട്‌ നയിൻ പട്ടണത്തിൽനിന്നുവന്ന വിലാപയാത്ര യേശു കാണാനിടയായപ്പോൾ എന്താണു സംഭവിച്ചത്‌? മരിച്ച യുവാവ്‌ ഒരു വിധവയുടെ ഏകപുത്രൻ ആയിരുന്നു. അവളെ കണ്ടിട്ട്‌ യേശു “മനസ്സലിഞ്ഞ്‌” അവളുടെ അടുത്തുചെന്ന്‌ “കരയേണ്ടാ” എന്നു പറഞ്ഞു. എന്നിട്ട്‌ അവൻ അവളുടെ മകനെ ജീവനിലേക്കു തിരികെ വരുത്തി.​—⁠ലൂക്കൊസ്‌ 7:⁠11-15.

യേശുവിന്റെ അത്ഭുതങ്ങളിൽനിന്നു പഠിക്കാൻ കഴിയുന്ന ആശ്വാസദായകമായ ഒരു പാഠം അവൻ “മനസ്സലിഞ്ഞ്‌” മറ്റുള്ളവരെ സഹായിക്കാനായി പ്രവർത്തിച്ചു എന്നുള്ളതാണ്‌. എന്നാൽ അത്തരം അത്ഭുതങ്ങൾ കേവലം ചരിത്രമല്ല. “യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ” അതായത്‌ ഒരേ ആൾതന്നെ ആണെന്ന്‌ എബ്രായർ 13:⁠8 പ്രസ്‌താവിക്കുന്നു. ഇപ്പോൾ അവൻ സ്വർഗീയ രാജാവായി ഭരിക്കുന്നു, ഭൂമിയിൽ ഒരു മനുഷ്യൻ ആയിരുന്നപ്പോൾ ചെയ്‌തതിനെക്കാൾ വളരെ വിപുലമായ തോതിൽ, അത്ഭുതങ്ങൾ ചെയ്യാനുള്ള തന്റെ ദൈവദത്തമായ ശക്തി ഉപയോഗിക്കാൻ അവൻ ഇപ്പോൾ സജ്ജനും പ്രാപ്‌തനുമാണ്‌. അനുസരണമുള്ള മനുഷ്യവർഗത്തെ സുഖപ്പെടുത്താനായി യേശു പെട്ടെന്നുതന്നെ ആ ശക്തി ഉപയോഗിക്കും. ഈ ഉജ്ജ്വല ഭാവിപ്രത്യാശയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.

[4, 5 പേജുകളിലെ ചിത്രങ്ങൾ]

യേശുവിന്റെ അത്ഭുതങ്ങൾ ‘ദൈവത്തിന്റെ മഹിമയുടെ’ അഥവാ മഹത്തായ ശക്തിയുടെ പ്രകടനങ്ങളായിരുന്നു

[7-ാം പേജിലെ ചിത്രം]

യേശു ആഴമായ വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു