വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബവൃത്തത്തിൽ ആർദ്രസ്‌നേഹം പ്രകടിപ്പിക്കുക

കുടുംബവൃത്തത്തിൽ ആർദ്രസ്‌നേഹം പ്രകടിപ്പിക്കുക

കുടുംബവൃത്തത്തിൽ ആർദ്രസ്‌നേഹം പ്രകടിപ്പിക്കുക

“കത്തിക്ക്‌! നിനക്കു ധൈര്യമുണ്ടെങ്കിൽ കത്തിക്ക്‌!” ടോറു, ഭാര്യ യോക്കോയെ വെല്ലുവിളിച്ചു. * “ഞാൻ കത്തിക്കും,” അവൾ അതേ വീറോടെ തിരിച്ചടിച്ചു, എന്നിട്ട്‌ ഒരു തീപ്പെട്ടി ഉരച്ച്‌ അവർ രണ്ടുപേരും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കു തീ കൊളുത്തി. “ഞാനീ വീടും കത്തിക്കും” രോഷത്തോടെ അവളതു പറഞ്ഞപ്പോൾ ടോറു കൈ നിവർത്തി അവളുടെ ചെകിട്ടത്തടിച്ചു. അങ്ങനെ ആ വാക്കേറ്റം അക്രമത്തിൽ അവസാനിച്ചു.

മൂന്നു വർഷം മുമ്പ്‌, തങ്ങളുടെ വിവാഹജീവിതം ആരംഭിച്ചപ്പോൾ ടോറുവും യോക്കോയും തികച്ചും സന്തുഷ്ടരായിരുന്നു. പിന്നെ എവിടെയാണു കുഴപ്പം പറ്റിയത്‌? ടോറു പ്രത്യക്ഷത്തിൽ നല്ലൊരു വ്യക്തിയായിരുന്നു. എങ്കിലും തന്റെ വികാരങ്ങളെ മാനിക്കുകയോ തന്നെ സ്‌നേഹിക്കുകയോ ചെയ്യാത്ത ഒരാളാണ്‌ തന്റെ ഭർത്താവെന്ന്‌ യോക്കോയ്‌ക്കു തോന്നി. അവൾ സ്‌നേഹത്തോടെ ഇടപെടുമ്പോഴും അതേ സ്‌നേഹം തിരിച്ചു നൽകാൻ ടോറുവിനു കഴിഞ്ഞിരുന്നില്ല. യോക്കോയ്‌ക്ക്‌ ഇതെല്ലാം സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവളുടെ മനസ്സിൽ നീരസവും ദേഷ്യവും നീറിപ്പുകയാൻ തുടങ്ങി. അവൾക്ക്‌ ഉറക്കമില്ലാതെയായി. വിശപ്പില്ലായ്‌മയും ഉത്‌കണ്‌ഠയും അസ്വസ്ഥതയും വിഷാദവും അവളെ ബാധിച്ചു; ചിലപ്പോഴൊക്കെ വിഭ്രാന്തിയും. കുടുംബാന്തരീക്ഷത്തിലെ പിരിമുറുക്കങ്ങൾ ഒന്നും ടോറു അത്ര കാര്യമാക്കിയില്ല, ഇതൊക്കെ എല്ലാ കുടുംബത്തിലും ഉള്ളതല്ലേ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്‌.

“ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ”

ഇത്തരം പ്രശ്‌നങ്ങൾ ഇന്നു സർവസാധാരണമാണ്‌. നമ്മുടെ നാളുകളിൽ ആളുകൾ ‘സ്വാഭാവിക പ്രിയമില്ലാത്തവർ’ ആയിരിക്കും എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 3:​1-5, NW) ഇവിടെ ‘സ്വാഭാവിക പ്രിയമില്ലാത്ത’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്‌ കുടുംബാംഗങ്ങൾക്കിടയിലുള്ള സ്വാഭാവിക പ്രിയത്തെ അഥവാ ആർദ്രസ്‌നേഹത്തെ കുറിക്കുന്ന വാക്കുമായി അടുത്ത ബന്ധമുണ്ട്‌. നമ്മുടെ നാളുകളിൽ ഇത്തരം സ്വാഭാവിക പ്രിയം വിരളമാണ്‌. അഥവാ ഉണ്ടെങ്കിൽത്തന്നെ കുടുംബാംഗങ്ങൾ പരസ്‌പരം വളരെ ചുരുക്കമായേ അതു പ്രകടിപ്പിക്കാറുള്ളൂ.

മക്കളോടു സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഇന്നത്തെ മിക്ക മാതാപിതാക്കൾക്കും അറിയില്ല. സ്‌നേഹവും വാത്സല്യവും ലഭിക്കാതെ ആയിരിക്കാം ചിലർ വളർന്നുവന്നത്‌. ജീവിതം സന്തോഷപ്രദവും രസകരവും ആയിരിക്കണമെങ്കിൽ ആർദ്രസ്‌നേഹം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ ഇത്തരക്കാർ തിരിച്ചറിയാനിടയില്ല. ടോറുവിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. അദ്ദേഹത്തിന്റെ ബാല്യകാലത്ത്‌, പിതാവ്‌ ജോലി കാര്യങ്ങളുമായി സദാ തിരക്കിലായിരുന്നു, രാത്രി ഏറെ വൈകിയാണ്‌ അദ്ദേഹം വീട്ടിലെത്തിയിരുന്നത്‌. ടോറുവിനോട്‌ സംസാരിച്ചിരുന്നതുതന്നെ വിരളം, എങ്ങാനും വായ്‌ തുറന്നാൽ അത്‌ ചീത്ത പറയാനായിരിക്കും. മാതാവും ജോലിക്കാരി ആയിരുന്നു. അവരും ടോറുവിനോടൊത്തു സമയം ചെലവഴിച്ചിരുന്നില്ല. ചുരുക്കത്തിൽ ടെലിവിഷൻ ആയിരുന്നു ടോറുവിന്റെ ആയ. പരസ്‌പരം അഭിനന്ദിക്കുന്ന രീതിയോ തുറന്ന ആശയവിനിമയമോ ഒന്നും ആ വീട്ടിൽ ഇല്ലായിരുന്നു.

ഒരുവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഇക്കാര്യത്തിൽ ഒരു പങ്കുവഹിച്ചേക്കാം. ലാറ്റിൻ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ ഭർത്താവ്‌ ഭാര്യയോടു സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു രീതിയില്ല, അങ്ങനെ ചെയ്യണമെങ്കിൽ നാട്ടുനടപ്പ്‌ ലംഘിക്കണം. പല പൗരസ്‌ത്യ ദേശങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും വാത്സല്യ പ്രകടനങ്ങൾ (വാക്കാലുള്ളതും പ്രവൃത്തിയാലുള്ളതും) പാരമ്പര്യരീതിക്കു വിരുദ്ധമാണ്‌. ഭാര്യയോടോ മക്കളോടോ സ്‌നേഹപ്രകടനത്തിന്റേതായ വാക്കുകൾ പറയാൻ ഭർത്താവിനു ജാള്യം തോന്നിയേക്കാം. എന്നിരുന്നാലും, കാലത്തിന്റെ പരിശോധനയെ അതിജീവിച്ച ഏറ്റവും മികച്ച ഒരു കുടുംബ ബന്ധത്തിൽ നിന്ന്‌ നമുക്കൊരു പാഠം പഠിക്കാനുണ്ട്‌.

കുടുംബ ബന്ധത്തിന്‌ ഒരു മകുടോദാഹരണം

യഹോവയാം ദൈവവും അവന്റെ ഏകജാതനായ പുത്രനും തമ്മിലുള്ള ഉറ്റബന്ധമാണ്‌ കുടുംബ ബന്ധങ്ങൾക്കുള്ള ഉത്തമ മാതൃക. പരസ്‌പരമുള്ള ആർദ്രസ്‌നേഹം അവർ പൂർണമായ വിധത്തിൽ പ്രകടിപ്പിച്ചു. സ്വർഗത്തിൽ ആത്മജീവിയായിരുന്ന യേശുക്രിസ്‌തു അസംഖ്യം വർഷങ്ങൾ തന്റെ പിതാവുമായി സന്തുഷ്ടമായ ഒരു ഉറ്റബന്ധം ആസ്വദിച്ചു. അവൻ ആ ബന്ധത്തെ ഇങ്ങനെ വിവരിക്കുന്നു: “ഞാൻ ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചു കൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃശവാക്യങ്ങൾ 8:​30) പിതാവ്‌ തന്നെ സ്‌നേഹിക്കുന്നു എന്ന്‌ പുത്രനു പൂർണ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ദിനമ്പ്രതി താൻ യഹോവയുടെ പ്രമോദമായിരുന്നു എന്ന്‌ അവനു മറ്റുള്ളവരോടു പറയാൻ കഴിഞ്ഞത്‌. പിതാവിനോടു കൂടെ ആയിരിക്കുന്നതിൽ അവൻ സന്തുഷ്ടനായിരുന്നു.

ദൈവപുത്രനായ യേശു ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിലായിരുന്നപ്പോഴും പിതാവിന്റെ ആഴമായ സ്‌നേഹത്തിന്റെ ഉറപ്പ്‌ അവനു ലഭിച്ചിരുന്നു. യേശു സ്‌നാപനമേറ്റ ഉടനെ, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറയുന്ന പിതാവിന്റെ ശബ്ദം അവൻ സ്വർഗത്തിൽ നിന്നു കേട്ടു. (മത്തായി 3:​17) തന്റെ ഭൗമിക ശുശ്രൂഷ തുടങ്ങാനിരിക്കവേ പിതാവിൽ നിന്നുള്ള ഈ സ്‌നേഹപ്രകടനം യേശുവിനെ എത്ര പ്രോത്സാഹിപ്പിച്ചിരിക്കണം! തന്റെ സ്വർഗീയ അസ്‌തിത്വത്തിന്റെ മുഴു ഓർമകളും തിരികെ കിട്ടിയതോടൊപ്പം പിതാവിന്റെ അംഗീകാരത്തിന്റെ ശബ്ദവുംകൂടി കേട്ടപ്പോൾ അത്‌ അവന്‌ ഏറെ ഹൃദയസ്‌പർശിയായി തോന്നിയിരിക്കണം.

തന്റെ സാർവത്രിക കുടുംബത്തോടുള്ള സ്‌നേഹം പൂർണമായും പ്രകടിപ്പിച്ചുകൊണ്ട്‌ യഹോവതന്നെ ഉത്തമ മാതൃക വെച്ചിരിക്കുന്നു. നാം യേശുവിനെ അംഗീകരിക്കുന്നു എങ്കിൽ യഹോവയുടെ ‘ആർദ്രപ്രിയം’ (NW) അനുഭവിച്ചറിയാൻ നമുക്കു കഴിയും. (യോഹന്നാൻ 16:27) നാം ഇന്നു സ്വർഗത്തിൽ നിന്നു നേരിട്ടു ശബ്ദമൊന്നും കേൾക്കുന്നില്ല എന്നതു ശരിയാണ്‌. എങ്കിലും യഹോവയ്‌ക്കു നമ്മോടുള്ള സ്‌നേഹത്തിന്റെ നിരവധി തെളിവുകൾ നമുക്കു പ്രകൃതിയിൽത്തന്നെ ദർശിക്കാനാവും. കൂടാതെ അവൻ നമുക്കുവേണ്ടി യേശുവിലൂടെ മറുവില പ്രദാനം ചെയ്‌തിരിക്കുന്നു. മറ്റ്‌ അനേക വിധങ്ങളിലും നാം യഹോവയുടെ സ്‌നേഹപ്രകടനം കാണുന്നു. (1 യോഹന്നാൻ 4:​9, 10) യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നു. നമുക്ക്‌ ഏറ്റവും പ്രയോജനകരമായ വിധത്തിൽ അവൻ ആ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുകയും ചെയ്യുന്നു. (സങ്കീർത്തനം 145:18; യെശയ്യാവു 48:17) യഹോവയുമായി ഒരു ഉറ്റബന്ധം നട്ടുവളർത്തുമ്പോൾ, അവൻ നമുക്കായി ചെയ്‌തിരിക്കുന്ന സ്‌നേഹപൂർവമായ കരുതലുകളോടുള്ള ആഴമായ വിലമതിപ്പ്‌ പ്രകടമാക്കുകയായിരിക്കും നാം ചെയ്യുന്നത്‌.

മറ്റുള്ളവരിൽ ആഴമായ താത്‌പര്യം പ്രകടമാക്കാനും അവരോടു ദയയും പരിഗണനയും സമാനുഭാവവും ഉള്ളവനായിരിക്കാനും യേശു തന്റെ പിതാവിൽ നിന്നു പഠിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “[പിതാവ്‌] ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. പിതാവു പുത്രനെ സ്‌നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു.” (യോഹന്നാൻ 5:​19, 20) യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃകയിൽ നിന്നു പഠിച്ചുകൊണ്ട്‌ ആർദ്രത പ്രകടിപ്പിക്കുന്നതിൽ നമുക്കു വൈദഗ്‌ധ്യം നേടാൻ കഴിയും.—ഫിലിപ്പിയർ 1:⁠8.

കുടുംബത്തിൽ ആർദ്രസ്‌നേഹം പ്രകടമാക്കാനാകുന്ന വിധം

“ദൈവം സ്‌നേഹം ആകുന്നു,” നാം “അവന്റെ സ്വരൂപത്തി”ലാണു സൃഷ്ടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ സ്‌നേഹം അനുഭവിച്ചറിയാനും പ്രകടിപ്പിക്കാനും ഉള്ള പ്രാപ്‌തി നമുക്കുണ്ട്‌. (1 യോഹന്നാൻ 4:8; ഉല്‌പത്തി 1:​26, 27) എന്നിരുന്നാലും ആ പ്രാപ്‌തി താനേ ഉണ്ടാകുന്ന ഒന്നല്ല. നമ്മുടെ ഇണയോടും മക്കളോടും ആർദ്രസ്‌നേഹം തോന്നിയാലേ നമുക്കതു പ്രകടിപ്പിക്കാൻ കഴിയൂ. അതിന്‌ അവരിലെ പ്രിയങ്കരമായ ഗുണങ്ങൾ നിരീക്ഷിക്കുക. അതെത്ര നിസ്സാരമായാലും അതേപ്പറ്റി ചിന്തിക്കുക. ‘എന്റെ ഭർത്താവിൽ [ഭാര്യയിൽ അല്ലെങ്കിൽ മക്കളിൽ] ആകർഷകമായ യാതൊരു ഗുണവും ഇല്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. മാതാപിതാക്കൾ തിരഞ്ഞെടുത്ത വ്യക്തിയെ വിവാഹം ചെയ്‌തിരിക്കുന്ന ചിലർക്ക്‌ തങ്ങളുടെ ഇണയോട്‌ ആർദ്രസ്‌നേഹം തോന്നുന്നില്ലായിരിക്കാം. ഇനി, കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചിരുന്ന ചില ദമ്പതികൾക്കു കുട്ടികളുണ്ടാകുമ്പോൾ അവരോട്‌ ആർദ്രസ്‌നേഹം പ്രകടമാക്കാൻ ബുദ്ധിമുട്ടായിരിക്കാം. എന്നിരുന്നാലും, പൊ.യു.മു. പത്താം നൂറ്റാണ്ടിൽ യഹോവ തന്റെ ആലങ്കാരിക ഭാര്യയായ ഇസ്രായേൽ ജനതയോട്‌ ഇടപെട്ടത്‌ എങ്ങനെ എന്നു പരിചിന്തിക്കുക. പത്തുഗോത്ര രാജ്യമായ ഇസ്രായേലിൽ യഹോവയുടെ ആരാധകനായി താനല്ലാതെ മറ്റാരും ശേഷിച്ചിട്ടില്ലെന്ന്‌ പ്രവാചകനായ ഏലീയാവിനു തോന്നി. എന്നാൽ 7,000 പേർ അടങ്ങുന്ന ഒരു വലിയ കൂട്ടംതന്നെ വിശ്വസ്‌തരായി നിലകൊള്ളുന്നുണ്ടെന്ന്‌ യഹോവ കണ്ടെത്തി. അവരിലെ ആകർഷകമായ ഗുണങ്ങൾ അവൻ ശ്രദ്ധിച്ചു. കുടുംബാംഗങ്ങളുടെ നല്ല ഗുണങ്ങൾ കണ്ടെത്തിക്കൊണ്ടു നിങ്ങൾക്കു യഹോവയെ അനുകരിക്കരുതോ?​—1 രാജാക്കന്മാർ 19:14-​18.

കുടുംബത്തിലുള്ളവരോടു നിങ്ങൾക്കുള്ള സ്‌നേഹം അവർ അനുഭവിച്ചറിയണമെങ്കിൽ അതു പ്രകടിപ്പിക്കാൻ നിങ്ങൾ ബോധപൂർവകമായ ശ്രമം ചെയ്യേണ്ടതുണ്ട്‌. അഭിനന്ദനാർഹമായി എന്തെങ്കിലും കണ്ടാൽ വാക്കുകളിലൂടെ അതു പ്രകടിപ്പിക്കുക. കാര്യപ്രാപ്‌തിയുള്ള ഭാര്യയെ കുറിച്ചു വിവരിക്കവേ, അവളുടെ കുടുംബാംഗങ്ങളുടെ ഒരു സവിശേഷത കൂടെ ദൈവവചനം എടുത്തുകാട്ടുന്നു: “അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്‌ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നു.” (സദൃശവാക്യങ്ങൾ 31:28) കുടുംബാംഗങ്ങൾ, പരസ്‌പരമുള്ള തങ്ങളുടെ വിലമതിപ്പ്‌ എത്ര തുറന്നാണു പ്രകടിപ്പിച്ചത്‌ എന്നതു ശ്രദ്ധിക്കുക. ഭാര്യയെ അഭിനന്ദിച്ചു സംസാരിക്കുന്ന പിതാവ്‌ തന്റെ മകന്‌ ഒരു നല്ല മാതൃക വെക്കുന്നു. പിതാവിന്റെ മാതൃക കണ്ടു വളരുന്ന മകന്‌ വിവാഹിതനാകുമ്പോൾ ഇണയെ മടി കൂടാതെ അഭിനന്ദിക്കാൻ കഴിയും.

ഇനി, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെയും അനുമോദിക്കേണ്ടതുണ്ട്‌. കുട്ടികളിൽ ആത്മാഭിമാനം വളർന്നുവരാൻ അതു സഹായിക്കും. തന്നോടുതന്നെ ബഹുമാനമില്ലാത്ത ഒരാൾക്ക്‌ എങ്ങനെ ‘തന്നെപ്പോലെ തന്റെ അയല്‌ക്കാരനെ സ്‌നേഹിക്കാനാകും?’ (മത്തായി 22:39) മാതാപിതാക്കൾ എല്ലായ്‌പോഴും കുട്ടികളെ വിമർശിക്കുകയാണെങ്കിൽ, അവരെ ഒരു കാര്യത്തിനും അഭിനന്ദിക്കാറില്ലെങ്കിൽ കുട്ടികളുടെ ആത്മാഭിമാനം നഷ്ടമാകും. മറ്റുള്ളവരോട്‌ ആർദ്രസ്‌നേഹം കാണിക്കാൻ അവർക്കു കഴിയാതാവുകയും ചെയ്യും.​—എഫെസ്യർ 4:31, 32.

നിങ്ങൾക്കു സഹായം കണ്ടെത്താൻ കഴിയും

സ്‌നേഹനിർഭരമായ ഒരു കുടുംബാന്തരീക്ഷത്തിലല്ല നിങ്ങൾ വളർന്നു വന്നതെങ്കിലോ? എങ്കിൽപ്പോലും ആർദ്രസ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾക്കു പഠിക്കാവുന്നതേയുള്ളൂ. ആദ്യംതന്നെ നിങ്ങൾക്കുള്ള കുറവും പുരോഗമിക്കേണ്ടതിന്റെ ആവശ്യവും തിരിച്ചറിയേണ്ടതുണ്ട്‌. ദൈവവചനമായ ബൈബിൾ ഇക്കാര്യത്തിൽ നിങ്ങൾക്കു വലിയൊരു സഹായം ആയിരിക്കും. ദൈവവചനത്തെ ഒരു കണ്ണാടിയോട്‌ ഉപമിക്കാൻ കഴിയും. ബൈബിൾ പഠിപ്പിക്കലുകൾ ആകുന്ന കണ്ണാടിയിൽ നാം നമ്മെ പരിശോധിക്കുമ്പോൾ നമ്മുടെ ചിന്തകളിലെ കോട്ടങ്ങളും ന്യൂനതകളും നമുക്കു വ്യക്തമായിത്തീരും. (യാക്കോബ്‌ 1:​23) അനുചിതമായ ഏതു പ്രവണതകളെയും ദൈവവചനത്തിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ നമുക്കു മാറ്റിയെടുക്കാനാകും. (എഫെസ്യർ 4:​20-​24; ഫിലിപ്പിയർ 4:​8, 9) ‘നന്മ ചെയ്യുന്നതിൽ മടുത്തുപോകാതെ’ ക്രമമായി നാം അങ്ങനെ ചെയ്യേണ്ടതുണ്ട്‌.​—ഗലാത്യർ 6:9.

തങ്ങൾ വളർന്നുവന്ന സാഹചര്യമോ സംസ്‌കാരമോ നിമിത്തം ആർദ്രസ്‌നേഹം പ്രകടിപ്പിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നിരുന്നാലും അത്തരം തടസ്സങ്ങളെ തരണം ചെയ്യാനാകും എന്നാണ്‌ അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. ‘ബാല്യം മുതലേ ഹൃദയത്തിൽ ആഴമായി വേരൂന്നിയിരിക്കുന്ന ചില ശീലങ്ങൾ പോലും മാറ്റിയെടുക്കാനാകും’ എന്ന്‌ മാനസികാരോഗ്യ വിദഗ്‌ധനായ ഡോ. ഡാനിയൽ ഗോൾമൻ പറയുന്നു. ആഴത്തിൽ വേരുറച്ചുപോയ മനോഭാവങ്ങളെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാറ്റിയെടുക്കാൻ കഴിയും എന്ന്‌ 19 നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ബൈബിൾ വ്യക്തമാക്കിയിരുന്നു. അത്‌ നമ്മോട്‌ ഇപ്രകാരം പറയുന്നു. ‘പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, പുതിയ മനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചു കൊൾവിൻ.’​—കൊലൊസ്സ്യർ 3:​9, 10.

തങ്ങളുടെ പ്രശ്‌നം തിരിച്ചറിഞ്ഞാൽ അതു മനസ്സിൽപ്പിടിച്ചുകൊണ്ട്‌ കുടുംബത്തിനു തങ്ങളുടെ ബൈബിൾ പഠനം നടത്താൻ കഴിയും. ഉദാഹരണത്തിന്‌, ‘ആർദ്രസ്‌നേഹ’ത്തെക്കുറിച്ചു (affection) ബൈബിളിന്‌ എന്താണു പറയാനുള്ളതെന്ന്‌ ഒരന്വേഷണം നടത്തരുതോ? ചിലപ്പോൾ നിങ്ങൾ പിൻവരുന്ന പ്രകാരമുള്ള ഒരു വാക്യം കണ്ടെത്തിയേക്കാം: “നിങ്ങൾ ഇയ്യോബിന്റെ സഹിഷ്‌ണുതയെക്കുറിച്ചു കേൾക്കുകയും യഹോവ നൽകിയ ഫലം കാണുകയും ചെയ്‌തിരിക്കുന്നു. യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്‌.” (യാക്കോബ്‌ 5:​11, NW) യഹോവ ഇയ്യോബിനോട്‌ ആർദ്രസ്‌നേഹവും കരുണയും പ്രകടമാക്കിയത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ നിങ്ങൾക്ക്‌ ഇയ്യോബിനെ കുറിച്ചുള്ള ബൈബിൾ വിവരണം പരിചിന്തിക്കാൻ കഴിയും. യഹോവയെ അനുകരിച്ചുകൊണ്ട്‌ കുടുംബാംഗങ്ങളോടു കരുണയും ആർദ്രസ്‌നേഹവും പ്രകടിപ്പിക്കാൻ നിശ്ചയമായും നിങ്ങൾ ആഗ്രഹിക്കും.

അപൂർണരായതിനാൽ “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോബ്‌ 3:2) മറ്റുള്ളവരോടുള്ള സംസാരത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ അവർക്കു പ്രോത്സാഹനമേകുന്ന വിധത്തിൽ സംസാരിക്കാൻ നാം പലപ്പോഴും പരാജയപ്പെട്ടേക്കാം. ഇത്തരം സന്ദർഭങ്ങളിലാണ്‌ പ്രാർഥനയും യഹോവയിലുള്ള ആശ്രയവും അനിവാര്യമായി വരുന്നത്‌. മടുത്തു പിന്മാറാതെ “ഇടവിടാതെ പ്രാർത്ഥിക്കുക.” (1 തെസ്സലൊനീക്യർ 5:​17) ആർദ്രസ്‌നേഹത്തിനായി വാഞ്‌ഛിക്കുന്നവരെ യഹോവ കാണുന്നുണ്ട്‌. ആഗ്രഹമുണ്ടായിട്ടും അതു പ്രകടിപ്പിക്കാൻ കഴിയാത്തവരെയും അവൻ സഹായിക്കുന്നു.

കൂടാതെ, ക്രിസ്‌തീയ സഭയിലൂടെയും യഹോവ ദയാപൂർവം സഹായം ലഭ്യമാക്കിയിട്ടുണ്ട്‌. യേശുവിന്റെ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ [ആത്മീയ] ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.”(യാക്കോബ്‌ 5:​14) അതേ, യഹോവയുടെ സാക്ഷികളുടെ സഭയിലെ മൂപ്പന്മാർ ഒരു വലിയ സഹായം ആണ്‌. കുടുംബത്തിൽ പരസ്‌പരം ആർദ്രസ്‌നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ അവരിൽനിന്നു സഹായം തേടാവുന്നതാണ്‌. മൂപ്പന്മാർ ചികിത്സകരൊന്നുമല്ല. കുടുംബാംഗങ്ങൾക്കുവേണ്ടി അവർ തീരുമാനമെടുക്കുന്നുമില്ല. പക്ഷേ അവർക്കു തങ്ങളുടെ സഹവിശ്വാസികളെ ക്ഷമാപൂർവം സഹായിക്കാനാകും. യഹോവ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്ന്‌ മൂപ്പന്മാർ അവർക്കു മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ, അവരോടൊപ്പം ഇരുന്ന്‌ അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യും.​—സങ്കീർത്തനം 119:105; ഗലാത്യർ 6:⁠1.

ടോറുവിന്റെയും യോക്കോയുടെയും കാര്യമെടുക്കുക. അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിച്ചു കേൾക്കാനും അവരെ ആശ്വസിപ്പിക്കാനും ക്രിസ്‌തീയ മൂപ്പന്മാർ എല്ലായ്‌പോഴും മനസ്സൊരുക്കമുള്ളവരായിരുന്നു. (1 പത്രൊസ്‌ 5:​2, 3) ഒരു മൂപ്പൻ സഹോദരനും ഭാര്യയും ഇടയ്‌ക്കിടെ യോക്കോയെ സന്ദർശിച്ചിരുന്നു. അങ്ങനെ പക്വമതിയായ ഒരു ക്രിസ്‌തീയ സ്‌ത്രീയുടെ സഖിത്വം യോക്കോയ്‌ക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞു. ‘ഭർത്താവിനെ സ്‌നേഹിക്കേണ്ടതുണ്ട്‌’ എന്നു മനസ്സിലാക്കാൻ സഹോദരി യോക്കോയെ സഹായിച്ചു. (തീത്തൊസ്‌ 2:​3, 4 പി.ഒ.സി. ബൈബിൾ) സഹക്രിസ്‌ത്യാനികളുടെ സങ്കടങ്ങളിൽ മൂപ്പന്മാർ അവരെ മനസ്സിലാക്കുന്നു. ദുരിതങ്ങളിൽ അവരോടു സഹതാപം കാണിക്കുന്നു. അങ്ങനെ മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും” ആയി വർത്തിക്കുന്നു.​—യെശയ്യാവു 32:​1, 2.

മൂപ്പന്മാരിൽനിന്നുള്ള ദയാപുരസ്സരമായ സഹായം ടോറുവിനും ലഭിച്ചു. തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ പിശകുണ്ടായിരുന്നെന്ന്‌ അദ്ദേഹത്തിനു ബോധ്യപ്പെട്ടു. മാത്രമല്ല ഈ “അന്ത്യകാലത്തു” കുടുംബ ക്രമീകരണത്തിന്മേൽ സാത്താന്റെ ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം മനസ്സിലാക്കി. (2 തിമൊഥെയൊസ്‌ 3:1) തന്റെ പ്രശ്‌നത്തെ നേരിടാൻതന്നെ ടോറു തീരുമാനിച്ചു. സ്‌നേഹം പ്രകടിപ്പിക്കാത്ത ഒരു കുടുംബാന്തരീക്ഷത്തിൽ വളർന്നുവന്നതാണ്‌ തന്റെ പ്രശ്‌നത്തിനു കാരണമെന്ന്‌ അദ്ദേഹം തിരിച്ചറിയാൻ തുടങ്ങി. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്‌ ബൈബിൾ പഠനവും പ്രാർഥനയും അദ്ദേഹം ഗൗരവമായെടുത്തു. ക്രമേണ യോക്കോയുടെ വൈകാരികാവശ്യങ്ങളോട്‌ കൂടുതൽ മെച്ചമായി പ്രതികരിക്കാൻ ടോറുവിനു കഴിഞ്ഞു.

യോക്കോയും തന്റെ തെറ്റു മനസ്സിലാക്കി. മുമ്പു ടോറുവിനോട്‌ അമർഷം ഉണ്ടായിരുന്നെങ്കിലും തന്റെ ഭർത്താവിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചു മനസ്സിലാക്കിയപ്പോൾ മുതൽ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ ശ്രദ്ധിക്കാൻ അവൾ പ്രത്യേക ശ്രമം തന്നെ ചെയ്‌തു. (മത്തായി 7:​1-3; റോമർ 5:​12; കൊലൊസ്സ്യർ 3:​12-​14) തന്റെ ഭർത്താവിനെ തുടർന്നും സ്‌നേഹിക്കാൻ സഹായിക്കേണമേ എന്നു യഹോവയോട്‌ അവൾ കേണപേക്ഷിച്ചു. (ഫിലിപ്പിയർ 4:​6, 7) ടോറു ഇപ്പോൾ തന്റെ ഭാര്യയോട്‌ ആർദ്രസ്‌നേഹം പ്രകടമാക്കാൻ തുടങ്ങിയിരിക്കുന്നു. യോക്കോ ഇപ്പോൾ തികച്ചും ആഹ്ലാദവതിയാണ്‌.

കുടുംബത്തിൽ ആർദ്രസ്‌നേഹം അനുഭവിച്ചറിയാനോ പ്രകടിപ്പിക്കാനോ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ വിഷമിക്കേണ്ടതില്ല. നിങ്ങൾക്കതു തരണം ചെയ്യാവുന്നതേ ഉള്ളൂ. ദൈവവചനം ഫലപ്രദമായ ചില മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്‌. (സങ്കീർത്തനം 19:7) കാര്യത്തിന്റെ ഗൗരവം തിരിച്ചറിയുകയാണ്‌ ഒരു സംഗതി. കുടുംബാംഗങ്ങളിലെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക. ദൈവവചനത്തിന്റെ നല്ല ഒരു പഠിതാവായിരിക്കുക. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുക. ആത്മാർഥമായ പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. പക്വതയുള്ള ക്രിസ്‌തീയ മൂപ്പന്മാരിൽ നിന്നു സഹായം തേടുക. ഇങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ പ്രതിബന്ധമായി നിൽക്കുന്ന എന്തിനെയും മറികടക്കാൻ നിങ്ങൾക്കു കഴിയും. (1 പത്രൊസ്‌ 5:7) അങ്ങനെ നിങ്ങൾക്കും ആഹ്ലാദിക്കാനാകും. ഐക്യനാടുകളിലെ ഒരു ഭർത്താവിന്റെ അനുഭവം അതാണു കാണിക്കുന്നത്‌. ഭാര്യയോട്‌ ആർദ്രസ്‌നേഹം പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു പ്രോത്സാഹനം ലഭിച്ചു. ഒടുവിൽ അദ്ദേഹം ധൈര്യം സംഭരിച്ച്‌ ഭാര്യയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ സ്‌നേഹിക്കുന്നു.” ഭാര്യയുടെ പ്രതികരണം അദ്ദേഹത്തെ അതിശയിപ്പിക്കുന്നതായിരുന്നു. ആനന്ദാശ്രുക്കളോടെ അവൾ ഇങ്ങനെ പറഞ്ഞു: “ഞാനും എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നോ! പക്ഷേ കഴിഞ്ഞ 25 വർഷത്തിലാദ്യമായാണ്‌ ഞാൻ ഇതു കേൾക്കുന്നത്‌.” ഇണയോടും മക്കളോടുമുള്ള ആർദ്രസ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങളൊരിക്കലും ഇത്രയും കാലം കാത്തിരിക്കേണ്ടതില്ല!

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[28-ാം പേജിലെ ചിത്രം]

യഹോവ തന്റെ വചനമായ ബൈബിളിലൂടെ സഹായം ലഭ്യമാക്കുന്നു