വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

തേനീ​ച്ച​ക്കൂട്‌

തേനീ​ച്ച​ക്കൂട്‌

തേനീ​ച്ചകൾ (അപിസ്‌ മെല്ലാ ഫെറ) കൂടു​ണ്ടാ​ക്കു​ന്നത്‌ അവയുടെ വയറിനു താഴെ​യുള്ള ഗ്രന്ഥി​യിൽനിന്ന് വരുന്ന മെഴുക്‌ ഉപയോ​ഗി​ച്ചാണ്‌. വിസ്‌മ​യാ​വ​ഹ​മായ ഒരു നിർമി​തി​യാണ്‌ തേനീ​ച്ച​ക്കൂട്‌. എന്തു​കൊണ്ട്?

സവിശേഷത: ഒരു പ്രതല​ത്തി​ന്‍റെ വിസ്‌തീർണം ഷഡ്‌ഭു​ജാ​കൃ​തി​യിൽ (hexagon) വിഭജി​ക്കു​മ്പോൾ ലഭിക്കുന്ന സ്ഥലസൗ​ക​ര്യം സമഭു​ജ​തൃ​കോ​ണാ​കൃ​തി​യി​ലോ (equilateral triangle) സമചതു​രാ​കൃ​തി​യി​ലോ (square) മറ്റേ​തെ​ങ്കി​ലും ആകൃതി​യി​ലോ വിഭജി​ക്കു​മ്പോൾ ലഭിക്കു​ന്ന​തി​ലും കൂടു​ത​ലാ​യി​രി​ക്കും. മാത്രമല്ല, ഈ ആകൃതി​യിൽ വിഭജി​ക്കു​മ്പോൾ ഏറ്റവും കുറഞ്ഞ അളവി​ലുള്ള നിർമാ​ണ​വ​സ്‌തു​ക്കൾ മതിയാ​കും. ഈ വസ്‌തുത നൂറ്റാ​ണ്ടു​ക​ളാ​യി ഗണിത​ശാ​സ്‌ത്ര​ജ്ഞർക്ക് അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അതിന്‍റെ കാരണം വിശദീ​ക​രി​ക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നില്ല. എന്നാൽ, 1999-ൽ പ്രൊ​ഫസർ തോമസ്‌ സി. ഹെയ്‌ൽസ്‌ തന്‍റെ ഒരു ഗണിത​ശാ​സ്‌ത്ര​സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ (honeycomb conjecture) ഈ ആകൃതി​യു​ടെ മേന്മ തെളി​യി​ച്ചു. ഒരു പ്രതലത്തെ ഏറ്റവും കുറഞ്ഞ നിർമാ​ണ​വ​സ്‌തു​ക്കൾ ഉപയോ​ഗിച്ച് തുല്യ​മായ അളവിൽ വിഭജി​ക്കാൻ കഴിയു​ന്നത്‌ സമഷഡ്‌ഭു​ജാ​കൃ​തി​ക്കാ​ണെന്ന് അദ്ദേഹം അവതരി​പ്പി​ച്ചു.

ഷഡ്‌ഭു​ജാ​കൃ​തി​യി​ലുള്ള അറകൾ നിർമി​ക്കു​ന്ന​തി​ലൂ​ടെ, ലഭ്യമാ​യി​രി​ക്കുന്ന സ്ഥലം പരമാ​വധി ഉപയോ​ഗി​ക്കാ​നും ഏറ്റവും കുറഞ്ഞ അളവിൽ മെഴുക്‌ ഉപയോ​ഗി​ച്ചു​കൊണ്ട് ഭാരം കുറഞ്ഞ​തും അതേസ​മയം ബലമു​ള്ള​തും ആയ അറകൾ നിർമി​ക്കാ​നും അങ്ങനെ, ഉള്ള സ്ഥലത്ത്‌ പരമാ​വധി തേൻ ശേഖരി​ച്ചു​വെ​ക്കാ​നും തേനീ​ച്ച​കൾക്കു കഴിയു​ന്നു. “ഏറ്റവും ശ്രേഷ്‌ഠ​മായ നിർമാ​ണ​ചാ​തു​ര്യം” എന്ന് തേനീ​ച്ച​ക്കൂ​ടി​നെ വിശേ​ഷി​പ്പി​ക്കു​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

ബലമുള്ള, പരമാ​വധി സ്ഥലസൗ​ക​ര്യം നൽകുന്ന നിർമാ​ണങ്ങൾ നടത്തു​ന്ന​തിന്‌ ഇന്ന് ശാസ്‌ത്ര​ജ്ഞ​ന്മാർ തേനീ​ച്ച​ക്കൂ​ടി​ന്‍റെ ഘടന അനുക​രി​ക്കു​ന്നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌ നല്ല ബലമു​ള്ള​തും അതേസ​മയം ഭാരം കുറഞ്ഞ​തും ആയ വിമാ​ന​ഭാ​ഗങ്ങൾ നിർമി​ക്കാ​നും അങ്ങനെ ഇന്ധന​ച്ചെ​ലവ്‌ കുറയ്‌ക്കാ​നും വിമാ​ന​നിർമാ​താ​ക്കൾ ഈ ഘടന പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? തേനീ​ച്ച​ക്കൂ​ടി​ന്‍റെ അതി​ശ്രേ​ഷ്‌ഠ​മായ ഈ ഘടന പരിണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ വന്നതാ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​തോ? ▪ (g15-E 01)