വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകം

ലോകാരോഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച് സ്‌ത്രീകൾക്കെതിരെയുള്ള അക്രമം, “ലോക​വ്യാ​പ​ക​മാ​യി വൻതോ​തിൽ പടർന്നു​പി​ടി​ച്ചി​രി​ക്കുന്ന ഒരു പൊതു ആരോ​ഗ്യ​പ്ര​ശ്‌ന”മായി​ത്തീർന്നി​രി​ക്കു​ന്നു. ‘35 ശതമാ​ന​ത്തോ​ളം സ്‌ത്രീ​കൾ ഉറ്റ പങ്കാളി​യിൽനി​ന്നോ മറ്റുള്ള​വ​രിൽനി​ന്നോ ഉള്ള അക്രമം നേരി​ടു​ന്നു. ഇവയിൽ സാധാ​ര​ണ​മാ​യി ലോക​ത്തി​ലെ 30 ശതമാ​ന​ത്തോ​ളം സ്‌ത്രീ​ക​ളെ​യും ബാധി​ക്കു​ന്ന അക്രമം ഉറ്റ പങ്കാളി​യിൽനി​ന്നു​ള്ള​താണ്‌’ എന്നും അത്‌ കൂട്ടി​ച്ചേർക്കു​ന്നു.

ബ്രിട്ടൻ

64,303 പേർ പങ്കെടുത്ത ഒരു വോ​ട്ടെ​ടു​പ്പിൽ 79 ശതമാനം ആളുക​ളും അഭി​പ്രാ​യ​പ്പെ​ട്ടത്‌, “ലോക​ത്തു​ണ്ടാ​കു​ന്ന മിക്ക ദുരി​ത​ങ്ങൾക്കും സംഘർഷ​ങ്ങൾക്കും ഉള്ള ഒരു കാരണം മതം ആണ്‌” എന്നാണ്‌. കൂടാതെ, 2011-ൽ ഇംഗ്ലണ്ടി​ലും വെയിൽസി​ലും ആയി നടന്ന ഒരു കണക്കെ​ടു​പ്പു​പ്ര​കാ​രം ജനസം​ഖ്യ​യു​ടെ 59 ശതമാനം മാത്രമേ തങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന് അവകാ​ശ​പ്പെ​ടു​ന്നു​ള്ളൂ. 2001-ൽ 72 ശതമാനം ആയിരു​ന്ന​താണ്‌ ഇത്രയും കുറഞ്ഞത്‌. ഇതേ കാലയ​ള​വിൽ, തങ്ങൾ ഒരു മതത്തി​ലേ​യും അംഗങ്ങളല്ല എന്ന് അവകാ​ശ​പ്പെ​ട്ട​വർ 15-ൽനിന്ന് 25 ശതമാ​ന​മാ​യി ഉയർന്നു.

ചൈന

അടുത്തകാലത്ത്‌ ഭേദഗതി വരുത്തിയ നിയമം അനുസ​രിച്ച് പ്രായ​പൂർത്തി​യാ​യ കുട്ടികൾ തങ്ങളുടെ വാർധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ഇടയ്‌ക്കി​ടെ സന്ദർശി​ക്ക​ണ​മെ​ന്നു മാത്രമല്ല അവരുടെ “വൈകാ​രി​ക ആവശ്യ​ങ്ങൾക്കാ​യി” കരുത​ണ​മെ​ന്നും മാധ്യ​മ​ങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ വീഴ്‌ച്ച വരുത്തു​ന്ന​വർക്കു​ള്ള “ശിക്ഷ​യെ​ക്കു​റിച്ച് ആ നിയമം യാതൊ​ന്നും നിഷ്‌കർഷി​ക്കു​ന്നി​ല്ല.” (g14-E 09)

യൂറോപ്പ്

നിത്യോപയോഗ വസ്‌തു​ക്ക​ളാ​യ സൗന്ദര്യ​വർധക ഉത്‌പ​ന്ന​ങ്ങൾ, സോപ്പ് പൊടി​കൾ, എന്തിന്‌ ഭക്ഷണം പോലും സാമൂ​ഹ്യ​വി​രു​ദ്ധർ വ്യാജമായി ഉത്‌പാദിപ്പിക്കുന്നു. “താരത​മ്യേ​ന ഇടത്തരം മൂല്യ​മു​ള്ള ഏതൊരു ഉത്‌പ​ന്ന​വും വ്യാജ​മാ​യി ഉത്‌പാ​ദി​പ്പി​ക്കാൻ സാധി​ക്കും എന്നതാണ്‌ വസ്‌തുത” എന്ന് ഒരു ഭക്ഷ്യസു​ര​ക്ഷാ നിർദേ​ശക സ്ഥാപന​ത്തി​ന്‍റെ പ്രസി​ഡന്‍റ് പറയുന്നു. വികസി​ത​രാ​ജ്യ​ങ്ങ​ളിൽ ലഭ്യമാ​കു​ന്ന 10 ശതമാനം ഭക്ഷ്യ വിഭവ​ങ്ങ​ളും മായം കലർന്ന​താ​ണെന്ന് ഒരു വിദഗ്‌ധൻ അനുമാ​നി​ക്കു​ന്നു.